ADVERTISEMENT

തന്റെ വീട്ടിലെത്തിയ സന്യാസിയെ സ്വീകരിച്ചിരുത്തിയശേഷം ധനികൻ പുറത്തേക്കു പോയി. ഭക്ഷണം കഴിക്കുന്നതിനിടെ സന്യാസി ധനികന്റെ ഭാര്യയോടു ചില ചോദ്യങ്ങൾ ചോദിച്ചു: എത്ര മക്കളുണ്ട്? നാല്. എത്ര ധനമുണ്ട്? ഞങ്ങൾ കോടിപതികളാണ്. ധനികൻ തിരിച്ചെത്തിയപ്പോൾ സന്യാസി അതേ ചോദ്യങ്ങൾ ആവർത്തിച്ചു: പക്ഷേ ഉത്തരങ്ങൾ വ്യത്യസ്തമായിരുന്നു. ഒരു മകൻ, ഇരുപത്തയ്യായിരം രൂപ. അറുപത് വയസ്സ് തോന്നിക്കുന്ന അയാളോടു സന്യാസി ഒരു ചോദ്യംകൂടി ചോദിച്ചു: താങ്കൾക്ക് എത്ര വയസ്സായി? മറുപടി പെട്ടെന്നായിരുന്നു: ഇരുപത്. എന്തിനാണ് ഇങ്ങനെ നുണ പറയുന്നതെന്നു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: ഞാൻ പറഞ്ഞതു സത്യമാണ്. എന്റെ നാലു മക്കളിൽ ഒരാൾ മാത്രമാണു സന്മാർഗത്തിൽ ജീവിക്കുന്നത്. ഇരുപത്തയ്യായിരം രൂപ മാത്രമാണ് നന്മ പ്രവൃത്തികൾക്കുവേണ്ടി ചെലവഴിക്കുന്നത്. ഇരുപതു വർഷമേ ആയുള്ളൂ ഞാൻ ശരിയുടെ പാതയിൽ ജീവിക്കാനാരംഭിച്ചിട്ട്. അതുകൊണ്ടാണ് എന്റെ ഉത്തരങ്ങൾ വ്യത്യസ്തമായത്. 

 

അളവുകോലുകൾ മാറിയാൽ ഗുണനിലവാരത്തിലും വ്യത്യാസം വരും. താഴ്ന്ന മാനദണ്ഡങ്ങളെ മറികടന്ന് കയറിക്കൂടുന്നവയൊന്നും ഉത്കൃഷ്ടമാകില്ല. എത്ര എന്നതിനെക്കാൾ മികച്ച തോതാണ് എങ്ങനെ എന്നത്. 

പങ്കെടുത്ത ആളുകളുടെ എണ്ണം നോക്കി  പരിപാടിയുടെ വിജയം തീരുമാനിച്ചാൽ അതിൽ പങ്കെടുത്തവർക്ക് എന്തു കിട്ടി എന്ന ക്രിയാത്മക അളവ് അപ്രത്യക്ഷമാകും. എത്ര നാൾ സ്ഥാനത്തിരുന്നു എന്നതിനെ അടിസ്ഥാനമാക്കി നേതൃശേഷി പരിശോധിച്ചാൽ ആ സ്ഥാനത്തിരുന്ന് എന്തുചെയ്തു എന്ന ഫലാധിഷ്ഠിത വിശകലനം അസാധ്യമാകും.

 

മരണംവരെ ചെലവഴിച്ച ദിനങ്ങളുടെ എണ്ണത്തിനനുസരിച്ച് ജീവിതമികവ് അളന്നാൽ എണ്ണപ്പെട്ട ദിവസങ്ങൾ സാമൂഹികപ്രസക്തമായി പൂർത്തീകരിച്ച വിശുദ്ധ ജീവിതങ്ങൾ അവഹേളിക്കപ്പെടും. തൂക്കി നോക്കിയാൽ ഭാരം മാത്രമേ കിട്ടൂ. തുന്നിച്ചു നോക്കിയാൽ വൈശിഷ്ട്യം മനസ്സിലാകും. എല്ലാ വിചിന്തനപ്രക്രിയകളും സവിശേഷതകളെയും ന്യൂനതകളെയും വിലയിരുത്തുന്നതാകണം. അല്ലാത്ത വിശകലനങ്ങളെല്ലാം സ്വയാവഹേളനത്തിലേക്കു മാത്രമേ നയിക്കൂ.

 

Content Summary : How to Assess Quality of Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com