പഠനം : ചില നല്ല ശൈലികൾ

HIGHLIGHTS
  • ഉപന്യാസം പോയിന്റുകളായി പഠിച്ച് ഓർമസൂത്രമുണ്ടാക്കി പഠിക്കുക.
  • കണക്കുകൾ ചെയ്തുപഠിക്കുക.
quick-and-easy-ways-to-memorize-an-essay
Representative Image. Photo Credit: Vitalii Petrushenko/istock
SHARE

കൂടുതൽ നേരം പഠിക്കുന്നവർക്ക് കുറഞ്ഞ മാർക്ക്, കുറച്ചു നേരം പഠിക്കുന്നവർക്ക് കൂടുതൽ മാർക്ക് എന്ന വൈരുധ്യം പലപ്പോഴുമുണ്ടെന്നു മുൻപു പറഞ്ഞല്ലോ. ബുദ്ധിശക്തിയിലെ വ്യത്യാസത്തിനപ്പുറം ഇതിനു കാരണങ്ങളുണ്ട്. കുറച്ചു നേരം മാത്രം പഠിച്ച് മികവു കാട്ടുന്നയാൾ മെച്ചമായ പഠനശൈലികൾ സ്വീകരിക്കുന്നതാവാം ഒരു കാരണം. നല്ല പഠശൈലികളുടെ ചില ഉദാഹരണങ്ങൾ കാണുക.

ഉപന്യാസം

ഉപന്യാസം പഠിക്കാൻ പലരും ഏറെ നേരം പാഴാക്കാറുണ്ട്. അതു മുഴുവൻ കാണാതെ പഠിക്കാൻ ചിലർ ശ്രമിക്കും. പത്തും ഇരുപതും പ്രാവശ്യം അർഥം മനസ്സിലാക്കാതെ മനഃപാഠമാക്കാൻ വളരെ നേരം ചെലവിടും. എന്നു തന്നെയുമല്ല, അങ്ങനെ പഠിച്ച ഉപന്യാസമോ അതിന്റെ ഭാഗമോ അതേപോലെ പരീക്ഷയിൽ എഴുതിവയ്ക്കാമെന്നല്ലാതെ, അതിലെ ആശയം മറ്റൊരിടത്തു പ്രയോഗിക്കാൻ കഴിയില്ല. അതിെല ആശയത്തെ സംബന്ധിച്ച ചോദ്യങ്ങൾക്കു യുക്തിപൂർവം ഉത്തരം പറയാനും കഴിയില്ല. പിന്നെ എങ്ങനെയാണ് ഉപന്യാസം പഠിക്കേണ്ടത്? ഒറ്റപ്രാവശ്യം മാത്രം പഠിച്ചാൽ മതി. പക്ഷേ അതു ശരിയായ പഠനമായിരിക്കണം. അതിനുള്ള നല്ലൊരു രീതി ഇങ്ങനെ :

ഉപന്യാസം ഒരു പ്രാവശ്യം  ഓടിച്ചു വായിച്ച്, അതിന്റെ ഏകദേശരൂപം മനസ്സിലുറപ്പിക്കുക. ആദ്യ ഖണ്ഡിക വായിച്ച് അതിലെ ആശയത്തെപ്പറ്റി ചിന്തിച്ച് മനസ്സിൽ ഉറപ്പിക്കുക. അത് സ്വന്തം വാക്കുകളിൽ പറയാമെന്ന് ഉറപ്പാക്കുക. അതിലെ ആശയം മൂന്നോ നാലോ വാക്കുകളിലൊതുക്കി ഒരു പോയിന്റാക്കി എഴുതുക. തുടർന്നുള്ള ഓരോ ഖണ്ഡികയും വായിച്ച് ഇതേപോലെ പോയിന്റ് കുറിക്കുക. തുടർന്ന് എല്ലാ പോയിന്റുകളും ചേർത്ത് നല്ലൊരു ഓർമസൂത്രം (Mnemonic) ഉണ്ടാക്കി, അത് മനഃപാഠമാക്കുക (സൂര്യപ്രകാശത്തിലെ ഏഴു നിറങ്ങൾ Violet, Indigo, Blue, Green, Yellow, Orange, Red എന്നിങ്ങനെ ശരിയായ ക്രമത്തിൽ ഓർമ്മ വയ്ക്കാൻ നാം ഉപയോഗിക്കുന്ന VIBGYOR എന്ന കൃത്രിമവാക്ക് ഉദാഹരണം. ഇവിടെ ഒരു കാര്യം വിശേഷിച്ചു  ശ്രദ്ധിക്കുക. ഏഴു നിറങ്ങളോർക്കാനുള്ള സൂത്രവാക്യമാണ് VIBGYOR എന്ന് മിക്കവരും പറയും. പക്ഷേ അതിനപ്പുറം ഒന്നുകൂടിയുണ്ട്. പ്രകാശരശ്മികളുടെ അലനീളം (wave length) അനുസരിച്ചുള്ള ക്രമത്തിലാണ് ഏഴ് അക്ഷരങ്ങൾ ഈ  വാക്കിലുള്ളത്. ഇതുപോലെ നമ്മുടെ ഉപന്യാസത്തിലെ പോയിന്റുകൾ ശരിയായ ക്രമത്തിലോർക്കാൻ സഹായിക്കുന്ന വിധമാകണം നാം ഉണ്ടാക്കുന്ന ഓർമസൂത്രം).

ചിലപ്പോൾ ഓർമസൂത്രത്തിലെ സൂചന എന്തെന്നു മറന്നുപോകാം. അതിനാൽ വല്ലപ്പോഴും ഓർമസൂത്രങ്ങളെടുത്ത് സൂചനകൾ ഓർമയിൽ വരുന്നുണ്ടെന്ന് ഉറപ്പാക്കുക. (VIBGYOR എന്ന വാക്കും അതിന്റെ അർഥവും ആറുവയസ്സുകാരിയെ പഠിപ്പിച്ചെന്നു കരുതുക. G സൂചിപ്പിക്കുന്നത് എന്താണ് എന്ന് കുട്ടി പിറ്റേന്ന് ചോദിച്ചേക്കാം. അതുപോലെ നമുക്കും വരാം മറവി.)

നേരം കിട്ടുമ്പോൾ പരീക്ഷയിൽ കിട്ടിയേക്കാവുന്ന സമയക്രമം പാലിച്ച് ഉപന്യാസം എഴുതിനോക്കി, നമുക്കതു കഴിയുമെന്ന് ഉറപ്പിക്കുക. ഈ രീതിയാകുമ്പോൾ ഉപന്യാസം ഒറ്റപ്രാവശ്യം പഠിച്ചാൽ മതി. പക്ഷേ അത് ഒരു പഠനം തന്നെയായിരിക്കും.

കണക്ക്

പാഠപുസ്തകത്തിൽ കണക്കു ചെയ്തുകാട്ടിയിട്ടുള്ളത് വെറുതേ വായിച്ചുപോകുന്നത് വളരെ എളുപ്പമാണ്. പക്ഷേ അതുവഴി നാം പഠിക്കുന്നില്ല. പുസ്തകം അടച്ചുവച്ച് അതേ കണക്ക് സ്വയം ചെയ്യാൻ ശ്രമിച്ചാൽ, ഇടയ്ക്കുവച്ച് തടഞ്ഞു നിൽക്കാൻ സാധ്യതയേറെ.

പിന്നെയെങ്ങനെയാണ് കണക്കു പഠിക്കേണ്ടത്? ആദ്യം വായിക്കുക. തുടർന്ന് കടലാസും പേനയുമെടുത്ത് പുസ്തകത്തിൽ നോക്കാതെ, തനിയെ കണക്കു ചെയ്യാൻ ശ്രമിക്കുക. ഇടയ്ക്കു തടഞ്ഞുനിന്നാൽ പുസ്തകത്തിലേക്കു നോക്കി, വഴി മനസ്സിലാക്കി, കണക്കു ചെയ്തു പൂർത്തിയാക്കുക. തുടർന്ന് അതേ രീതിയിലോ, തെല്ലു വ്യത്യസ്തമായ രീതിയിലോ ഉള്ള രണ്ടോ മൂന്നോ കണക്കുകൾ പുസ്തകം നോക്കാതെ തനിയെ ചെയ്യുക. ഇത്രയും കഴിഞ്ഞാൽ ആ രീതിയിലുള്ള കണക്കുകൾ പുസ്തകത്തിന്റെ സഹായമില്ലാതെ  നമുക്ക് ചെയ്യാൻ കഴിയും. അതിനുള്ള ആത്മവിശ്വാസം ഉണ്ടാകും. പരീക്ഷയിൽ നല്ല പ്രകടനം സാധ്യമാകും. 

മാത്തമാറ്റിക്സിലെയും ഫിസിക്‌സിലെയും ഡെറിവേഷൻസും എഴുതി ശീലിക്കണം. മടിപിടിച്ച് കട്ടിലിൽക്കിടന്ന് കണക്കു വായിച്ചുപഠിക്കുന്ന കുട്ടി പരീക്ഷയിൽ ആ പാഠഭാഗത്തെ ചോദ്യങ്ങൾക്കു നല്ല മാർക്കു നേടാൻ സാധ്യത തീരെക്കുറവ്.

ചിത്രങ്ങൾ

ചിത്രങ്ങൾ പ്രധാനമാണ്, വിശേഷിച്ചും സയൻസ് വിഷയങ്ങളിൽ. ഓർമയിൽനിന്ന് ചിത്രം വരയ്ക്കേണ്ട രീതിയിലുള്ള ചോദ്യങ്ങൾ പരീക്ഷയിലുണ്ടാവും. ചിത്രത്തിൽ എത്ര നേരം നോക്കിയിരുന്നാലും, അത് മനസ്സിൽ പൂർണമായി പതിയണമെന്നില്ല. ചിത്രങ്ങൾ ഒപ്പിയെടുക്കാൻ നമ്മുടെ തലച്ചോറ് ക്യാമറയല്ലല്ലോ. അവ വരച്ചുതന്നെ നോക്കണം. പക്ഷേ ഓർമയിൽനിന്നു വരയ്ക്കുമ്പോൾ ഇടയ്ക്കു നിന്നുപോകും. അപ്പോൾ പുസ്തകത്തിലെ ചിത്രത്തിലേക്കു വീണ്ടും നോക്കി മനസ്സിലാക്കിയിട്ട് വരയ്ക്കുന്നതു തുടരാം. ക്രമേണ ചിത്രം പൂർത്തിയാക്കുകയുമാകാം. സങ്കീർണമായ ചിത്രമാണെങ്കിൽ ഇത്തരത്തിൽ ആവർത്തിച്ചുവരച്ച് മനസ്സിലുറപ്പിക്കേണ്ടതുണ്ട്.

സമീപനം

നാം മൂന്ന് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി. 

∙ ഉപന്യാസം പോയിന്റുകളായി പഠിച്ച് ഓർമസൂത്രമുണ്ടാക്കി പഠിക്കുക. 

·  കണക്കുകൾ ചെയ്തുപഠിക്കുക, 

·   ചിത്രങ്ങൾ വരച്ചുപഠിക്കുക. 

കാര്യം ഏതായാലും പഠിക്കുമ്പോൾ ഏകാഗ്രത പുലർത്തുക.

Content Summary : Quick and Easy Ways to Memorize an Essay

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS