ADVERTISEMENT

പിഎസ്‍സി പരീക്ഷകളിൽ വിവരണാത്മകരീതി വന്നാൽ എങ്ങനെ നേരിടണം?  സൂപ്പർ ട്രെയിനർ മൻസൂർ അലി കാപ്പുങ്ങൽ നിർദേശങ്ങൾ നൽകുന്നു. 

 

വിവരണാത്മക പരീക്ഷ വരുമെന്ന മുൻ പിഎസ്‌‍സി ചെയർമാന്റെ പ്രഖ്യാപനമാണ്, പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്ന ഉദ്യോഗാർഥികളെ ഇപ്പോൾ ആശങ്കയിലാക്കിയിരിക്കുന്ന പ്രധാന കാര്യം. വിവരണാത്മകരീതിയെ ഇപ്പോഴേ പേടിക്കണോ എന്നതാണ് അതിന്റെ മറുവശം. ഏതായാലും, ഉടനെ നടപ്പാകാൻ സാധ്യതയില്ലാത്ത കാര്യമാണ് വിവരണാത്മകരീതിയെന്നാണ് എന്റെ അഭിപ്രായം. അത്ര എളുപ്പത്തിൽ നടപ്പാക്കാൻ സാധിക്കാത്തതാണ് വിവരണാത്മകരീതിയിലെ പരീക്ഷ എന്നതുതന്നെ പ്രധാന കാരണം. 

 

ഒഎംആർ രീതിയിലുള്ള പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിനുപോലും മാസങ്ങളോ വർഷങ്ങളോ എടുക്കുമ്പോൾ, വിവരണാത്മക ശൈലിയിലെ ഉത്തരങ്ങളുടെ മൂല്യനിർണയത്തിലേക്കു കടന്നാൽ സമയമെത്ര വേണ്ടിവരുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. എന്നുവച്ച്, ഇപ്പോൾ പ്രഖ്യാപിച്ച വിവരണാത്മകരീതിയിലെ പിഎസ്‌സി പരീക്ഷാപരിഷ്കാരം ഒരിക്കലും നടപ്പാവില്ലെന്നു വിശ്വസിക്കാനും വയ്യ. കാരണം, ഒറ്റ ഘട്ടത്തിലെ പിഎസ്‌സി പരീക്ഷകൾ മാറുമെന്നു 2017ൽത്തന്നെ അധികൃതർ പ്രഖ്യാപിച്ചിരുന്നു. 

 

രണ്ടു ഘട്ട പരീക്ഷയും ചോദ്യ ബാങ്കുമൊക്കെ തൊട്ടടുത്ത വർഷംതന്നെ നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ടായി. പക്ഷേ, നടപ്പാകാൻ പിന്നെയും 4 വർഷമെടുത്തു. അതിനേക്കാൾ സങ്കീർണമാണ് വിവരണാത്മകരീതിയിലെ പരിഷ്കാരം എന്നതിനാൽ, കുറേക്കൂടി ആഴത്തിലുള്ള തയാറെടുപ്പുകൾ ഇക്കാര്യത്തിൽ വേണ്ടിവരും. 

ഉയർന്ന യോഗ്യതയുള്ള എല്ലാ പരീക്ഷകളിലും ഒഎംആർ രീതിയിലെ പ്രാഥമികപരീക്ഷയും വിവരണാത്മകരീതിയിലെ മെയിൻസ് പരീക്ഷയും നടത്തുമെന്നു 2018ലേ കേട്ടുതുടങ്ങിയതാണ്. ബിരുദയോഗ്യതയുള്ള തസ്തികകളിലെ പരീക്ഷയ്ക്കു രണ്ടാം ഘട്ടത്തിൽ വിവരണാത്മകരീതി നടപ്പാക്കുമെന്നു 2019ൽ പറഞ്ഞിരുന്നു. പക്ഷേ, വിവരണാത്മകരീതിയിലെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന്റെ ബുദ്ധിമുട്ടിൽ തട്ടി ആ ആലോചനയും മുടങ്ങി.

 

2013ലെ എസ്ഐ പരീക്ഷയിൽത്തന്നെ രണ്ടു ഘട്ട പരീക്ഷാരീതി പരീക്ഷിച്ചിരുന്നു. അന്നു മെയിൻസ് എഴുതിവരെ പൂർണമായും ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് തയാറാക്കേണ്ടിവന്നു. വിവരണാത്മകരീതിയിലെ പരീക്ഷ അന്നു പരാജയപ്പെടുകയാണുണ്ടായത് എന്നു ചുരുക്കം. അതായത്, ഇനി വിവരണാത്മകപരീക്ഷ നടപ്പാക്കണമെങ്കിൽ ആഴത്തിലും വിശദമായതുമായ പഠനം അനിവാര്യമാണ്. 

 

രണ്ടു ഘട്ട പരീക്ഷ വരുമെന്നു 2017ൽത്തന്നെ പ്രഖ്യാപിച്ചെങ്കിൽ, അതു നടപ്പാക്കാനുള്ള തീരുമാനമുണ്ടായതു 2020ൽ ഓഗസ്റ്റിൽ മാത്രമാണ്. അങ്ങനെയൊരു തീരുമാനം ഇപ്പോൾ വന്നിട്ടില്ലാത്ത സാഹചര്യത്തിൽ, ഉടനെ വരാനിരിക്കുന്ന പരീക്ഷകൾക്കു വിവരണാത്മകരീതിയിൽ തയാറെടുക്കണമെന്നില്ല. കോളജുകളിലെ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് ഇപ്പോൾത്തന്നെ വിവരണാത്മകപരീക്ഷ നടക്കുന്നുണ്ട്. അപേക്ഷകർ കുറവുള്ള പരീക്ഷകളിലാണ് ഇപ്പോൾ ഈ രീതി നടപ്പാക്കിവരുന്നത്. ആ കണക്കിൽ വിലയിരുത്തിയാൽ, ഹയർ സെക്കൻഡറി, ഹൈസ്കൂൾ അധ്യാപകപരീക്ഷകൾ കഴിഞ്ഞേ എൽപി–യുപി അധ്യാപകപരീക്ഷകളിൽ വിവരണാത്മകരീതി നടപ്പാക്കാനിടയുള്ളൂ. 

 

ഭാവിയിൽ വരാനിരിക്കുന്ന വിവരണാത്മകരീതിയെക്കുറിച്ചു തല പുകച്ച് ഇപ്പോഴത്തെ തയാറെടുപ്പ് കുഴപ്പത്തിലാക്കേണ്ട. അതു വരുമ്പോൾ മതി, ആ രീതിയിൽ തയാറെടുക്കാൻ. അതേ സമയം, വിശദമായ പാഠങ്ങൾ ആഴത്തിൽ വായിച്ചു പോയിന്റുകൾ തയാറാക്കി പഠിക്കുന്ന കാര്യത്തിൽ പിശുക്കു കാണിക്കേണ്ട. കാരണം, ഏത് അറിവിന്റെയും ഏതു മൂലയിൽനിന്നും പിഎസ്‍സി പരീക്ഷയിൽ ചോദ്യം വരാം. സ്റ്റേറ്റ്മെന്റ് രൂപത്തിലെ ചോദ്യങ്ങൾ വ്യാപകമായ സാഹചര്യത്തിൽ, അങ്ങനെ മുക്കും മൂലയും തപ്പിപ്പെറുക്കി പഠിക്കാതെ വയ്യെന്നും എല്ലാവർക്കും അറിവുള്ളതാണല്ലോ. 

 

വിവരണാത്മകം വരും. പക്ഷേ, അതു പടിപാടിയായേ നടപ്പാക്കാൻ പറ്റൂ. അല്ലാതെ, നേരെ അടുത്ത പരീക്ഷയ്ക്കുതന്നെ വിവരണാത്മകരീതി വരുമെന്ന രീതിയിലല്ല പിഎസ്‍‌സി പോലും തയാറെടുത്തിട്ടുള്ളത്. 

പത്താം ക്ലാസ് വരെയും പ്ലസ് ടുവിനും ബിരുദത്തിനുമൊക്കെ വിവരണാത്മകരീതിയിൽ പരീക്ഷ എഴുതി കടന്നുവന്നവരല്ലേ നിങ്ങൾ? അതുകൊണ്ട് വിവരണാത്മകം എന്നു കേട്ടാലുടൻ അങ്കലാപ്പിലാവുകയൊന്നും വേണ്ട. ഒറ്റ വ്യത്യാസമേയുള്ളൂ. അവിടെ ഉത്തരക്കടലാസിൽ ‘ഗ്യാസ്’ അടിച്ചു വച്ചതുപോലെ എഴുതിയാൽ ഇവിടെ കരകയറില്ല. 

 

Content Summary : How to Prepare for the New Public Service Commission Exam Pattern

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT