80 ൽ 58 മുതൽ 63 മാർക്ക് വരെ ലഭിക്കാൻ ഇങ്ങനെ പഠിക്കാം; ജൂനിയർ ക്ലാർക്കായി വേഗം നിയമനം ലഭിക്കാൻ അപേക്ഷയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
  • നാൽപതിലേറെ ബാങ്കുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതില്ല.
  • 80 മാർക്കിന്റേതാണു പരീക്ഷ.
how-to-prepare-for-the-recruitment-of-kerala-cooperative-bank-junior-clerk
Representative Image. Photo Credit : Mila Supinskaya Glashchenko/Shutterstock
SHARE

ജൂനിയർ ക്ലാർക്ക് പരീക്ഷ വീണ്ടും വരുമ്പോൾ സഹകരണ ബാങ്ക് പരീക്ഷകൾക്കു ചിട്ടയോടെ തയാറെടുക്കാൻ നിർദേശങ്ങൾ നൽകുന്നു, പ്രശസ്ത പരിശീലകൻ അനിൽ രാജ്

സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും ഒഴിവുകളിലേക്കു സഹകരണ പരീക്ഷാ ബോർഡ് ക്ഷണിച്ച വിജ്ഞാപനപ്രകാരം അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 6 ആണ്. ഈ പരീക്ഷയ്ക്കു തയാറെടുക്കുന്നതിൽ, അപേക്ഷ അയയ്ക്കുന്നതു മുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. 

അപേക്ഷയും പരീക്ഷയും 

വിജ്ഞാപനത്തിൽ പറയുന്ന സഹകരണ സംഘം/ബാങ്കിലെ ഒഴിവുകളിൽ ഓരോ സംഘം/ബാങ്കിലേക്കു പ്രത്യേകം റാങ്ക് ലിസ്റ്റാണു തയാറാക്കുക. അതുകൊണ്ടുതന്നെ ഏതു സംഘം/ബാങ്കിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് അപേക്ഷാഫോമിൽ വ്യക്തമാക്കണം. അതിന് അനുസൃതമായ ഫീസും അടയ്ക്കണം. 

ഒരു ഉദ്യോഗാർഥി 35 മുതൽ 40 വരെ ബാങ്കുകളിലേക്ക് അപേക്ഷ സമർപ്പിച്ചാലേ ഷോർട് ലിസ്റ്റിൽ ഉൾപ്പെടാനുള്ള സാധ്യത വർധിക്കൂ. വേഗത്തിൽ നിയമനം കിട്ടാനും ഇതു സഹായിക്കും. നാൽപതിലേറെ ബാങ്കുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതില്ല. കാരണം, അതിലേറെ ബാങ്കുകളിൽ അഭിമുഖത്തിൽ പങ്കെടുക്കുക വളരെ ശ്രമകരമാണ്. 

80 മാർക്കിന്റേതാണു പരീക്ഷ. നിലവിലെ സാഹചര്യത്തിൽ 58–63 മാർക്കിനു മുകളിൽ സ്കോർ ചെയ്യുന്നവർ ഷോർട് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കു സഹകരണ സംഘം/ബാങ്ക് ഭരണസമിതി നടത്തുന്ന ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെകൂടി അടിസ്ഥാനത്തിലാണു റാങ്ക് ലിസ്റ്റ് തയാറാക്കുക. ഇന്റർവ്യൂവിൽ പരമാവധി 15 മാർക്കാണ്. 

പഠിക്കേണ്ട പാഠങ്ങൾ 

സഹകരണ നിയമം, ചട്ടം (KCS Act & Rules), അക്കൗണ്ടൻസി, ഇംഗ്ലിഷ്‌, ഗണിതം, പൊതുവിജ്ഞാനം എന്നിവയാണു സാധാരണ സഹകരണ പരീക്ഷയിൽ ചോദിക്കാറുള്ള വിഷയങ്ങൾ. 

∙സഹകരണ നിയമവും ചട്ടവും: ഏറ്റവും കൂടുതൽ ചോദ്യങ്ങൾ വരാറുള്ള മേഖലയിലൊന്നാണിത്. കേരള സഹകരണ നിയമത്തിലെ 110 സെക്‌ഷനും 201 റൂൾസും ആഴത്തിൽ പഠിച്ചാലേ ഈ മേഖലയിൽ നല്ല മാർക്ക് നേടാനാവൂ. 

∙അക്കൗണ്ടൻസി: പരീക്ഷയിലെ Rank Making Facts ആകുന്ന ചോദ്യങ്ങൾ വരുന്ന ഭാഗമാണിത്. ഇത് ഒരിക്കലും കാണാതെ പഠിക്കാൻ ശ്രമിക്കരുത്. അടിസ്ഥാനകാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി ചിട്ടയോടെ പഠിച്ചാൽ ഈ മേഖലയിൽ മുഴുവൻ മാർക്കും നേടാൻ വലിയ ബുദ്ധിമുട്ടില്ല. 

Financial, Management, Cost Accountancy ഭാഗങ്ങളിൽനിന്നാണു സാധാരണ ചോദ്യങ്ങൾ കൂടുതൽ വരാറുള്ളത്. 

∙സഹകരണചരിത്രം: Indian Co-operative Movement, World Co-operative Movement, International Co-operative Alliance, വിവിധ സഹകരണ സ്ഥാപനങ്ങളായ NCUI, NCCT, NCDC തുടങ്ങിയവ, സഹകരണവിദ്യാഭ്യാസം എന്നീ മേഖലകളിൽനിന്നെല്ലാം ചോദ്യങ്ങൾ സ്ഥിരമായി വരാറുണ്ട്. 

∙ബാങ്കിങ്: റാങ്ക് നിർണയത്തിൽ ഏറെ പ്രാധാന്യമുള്ള വിഭാഗം. Negotiable Instrument Act, Banking Regulation Act, RBI Act, History of Banking, Traditional Banking, Modern Banking എന്നീ ഭാഗങ്ങളിൽനിന്നു ധാരാളം ചോദ്യങ്ങൾ വരാറുണ്ട്. 

സഹകരണ മേഖലയുമായി ബന്ധപ്പെട്ട ബാങ്കിങ് ചോദ്യങ്ങളും മനസ്സിലാക്കണം. 

ഇംഗ്ലിഷ്, ഗണിതം, ജികെ 

പൊതുവേ പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് ഈ മൂന്നു മേഖലകളിലും വരാറുള്ളത്. ഓരോ വിഷയത്തിനും 10 മാർക്കിന്റെ ചോദ്യങ്ങളുണ്ടാവും. ഇംഗ്ലിഷിൽ Parts of Speech, Vocabulary, Usage എന്നീ ഭാഗങ്ങളിൽനിന്നാണു സാധാരണ ചോദ്യങ്ങൾ വരുന്നത്. വ്യക്തമായ ധാരണയോടെ പഠിച്ചാൽ നല്ല മാർക്ക് നേടാൻ ഒട്ടും പ്രയാസമില്ല. ദിവസേന 30 ഗണിതം, മെന്റൽ എബിലിറ്റി ചോദ്യങ്ങളെങ്കിലും ചെയ്തു പരിചയിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കും. ജനറൽ നോളജ് വലിയൊരു മേഖലയായതിനാൽ, അടിസ്ഥാനകാര്യങ്ങൾക്കും കറന്റ് അഫയേഴ്സിനും ഊന്നൽ നൽകുക. 

മുൻകാല ചോദ്യങ്ങൾ 

സഹകരണ പരീക്ഷയിലെ വിജയത്തിൽ ഏറ്റവുമധികം പ്രാധാന്യം കൊടുത്തു പരിശീലിക്കേണ്ടതാണ്, മുൻവർഷ ചോദ്യ പേപ്പറുകൾ. നിശ്ചിത സിലബസിൽനിന്നായതിനാൽ, സ്വാഭാവികമായി ചോദ്യങ്ങൾ ആവർത്തിക്കാറുണ്ട്. പഴയകാല പരീക്ഷകൾ പിന്തുടർന്നുള്ള പഠനം ഏറെ പ്രയോജനപ്പെടും. 

സമയക്രമീകരണം 

ഒരു ചോദ്യത്തിന് അര മാർക്കാണ് എന്നതുകൊണ്ട് 80 മാർക്ക് നേടാൻ 160 ചോദ്യങ്ങളാണുണ്ടാവുക. നെഗറ്റീവ് മാർക്കില്ല. 160 ചോദ്യങ്ങളും കൃത്യമായി വായിച്ച് ഉത്തരമെഴുതാൻ പരീക്ഷാഹാളിലെ സമയക്രമീകരണം സുപ്രധാനമാണ്. നന്നായി തയാറെടുത്തിട്ടും, പലരും പരാജയപ്പെടുന്നത് ഈ മേഖലയിൽ പിന്നാക്കമാകുന്നത് ഇതു കൊണ്ടാണ്. 160 ചോദ്യങ്ങളും ഉൾപ്പെട്ട മാതൃകാപരീക്ഷകൾ പതിവായി എഴുതി പരിശീലിക്കുക മാത്രമാണ് ഇതിനുള്ള പ്രതിവിധി. ദിവസേന പഠനത്തിനു കൃത്യമായി സമയം മാറ്റിവയ്ക്കുക, ഓരോ ദിവസവും രണ്ടു ടോപിക് എങ്കിലും പഠിക്കുക, റിവിഷന് സമയം മാറ്റിവയ്ക്കുന്നുവെന്ന് ഉറപ്പാക്കുക, ഗണിതവും ഇംഗ്ലിഷും എഴുതിപ്പരിശീലിക്കുക... ഇവയൊക്കെ പരീക്ഷയിലെ മികച്ച റാങ്കിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

‘ഇത്തവണ ഞാൻ വിജയിക്കും’ എന്ന വാശിയോടെ ഒരു ദിവസവും മുടക്കാതെ പഠനം ശക്തിപ്പെടുത്തുക. ഉറങ്ങുംമുൻപ് അന്നത്തെ പഠനം എത്രമാത്രം ഫലപ്രദമായിരുന്നു എന്നു സ്വയം വിലയിരുത്തുക. നെഗറ്റീവ് ചിന്തകളും മറ്റുള്ളവരുടെ നെഗറ്റീവ് അഭിപ്രായങ്ങളും പൂർണമായി ഒഴിവാക്കുക. ലക്ഷ്യബോധവും ആത്മവിശ്വാസവുമുണ്ടെങ്കിൽ വിജയം കൂടെപ്പോരും. 

Content Summary : How to Prepare for the Recruitment of Kerala Cooperative Bank Junior Clerk

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA