ഫുട്ബോൾ: നല്ല കളിയറിവുണ്ടോ?, ആരാധകരായി നോക്കിനിൽക്കാതെ കളിക്കാരെ താരങ്ങളാക്കാൻ പോയാലോ...

HIGHLIGHTS
  • കാൽപന്തും കരിയറും - ഭാഗം ഒന്ന്
  • സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വിദഗ്ധ ഡോ. ഇന്ദുലേഖ ആർ. എഴുതുന്നു
football-career-path
Representative Image. Photo Credit : matimix/istock
SHARE

ലോകം മുഴുവൻ ലോകകപ്പ് ഫുട്ബോളിന്റെ ലഹരിയിലാണ്. ലോകമെമ്പാടുമുള്ള കോടിക്കണക്കിനു മനുഷ്യരുടെ കണ്ണുകൾ ഒരു പന്തിനെ പിന്തുടരുന്ന അതിമനോഹരമായ കാഴ്ച. ആ പന്തു കൊണ്ട് കളിക്കളത്തിൽ നൃത്തം ചവിട്ടുന്ന കളിക്കാരെയും അവരെ പരിശീലിപ്പിക്കുന്ന കോച്ചുമാരെയും കളി നിയന്ത്രിക്കുന്ന റഫറിമാരെയും കളി പറയുന്ന കമന്റേറ്റർമാരെയുമൊക്കെക്കുറിച്ച് ആരാധകർക്കു നന്നായി അറിയാം. പക്ഷേ കളി നടക്കുന്ന 90 മിനിറ്റിൽ കളിക്കളത്തിനു പുറത്തും കളിയുടെ 90 മിനിറ്റിനപ്പുറത്തേക്കും നമുക്കു മികച്ച ഫുട്ബോൾ അനുഭവം നൽകാൻ അഹോരാത്രം പ്രവർത്തിക്കുന്ന ഒട്ടേറെ പ്രഫഷനലുകളുണ്ട്. ലോകം കാൽപന്തിനു ചുറ്റും കറങ്ങുന്ന നാളുകളിൽ അവരെക്കുറിച്ചും അവരുടെ ജോലികളുടെ പ്രത്യേകതകളെക്കുറിച്ചുമറിയാം.

ക്ലബുകളുടെ നടത്തിപ്പ്

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഫുട്‌ബോളൊരു പ്രധാന കായികവിനോദമായി വളരുന്ന കാലഘട്ടത്തില്‍ ഭൂരിഭാഗം ഫുട്‌ബോള്‍ കളിക്കാര്‍ക്കും യാതൊരു വരുമാനവും കളിക്കളത്തില്‍നിന്നു ലഭിച്ചിരുന്നില്ല. അന്നത്തെ കളിക്കാരെല്ലാം ഉപജീവനത്തിനായി മറ്റു തൊഴിലുകള്‍ നോക്കിയിരുന്നവരാണ്. എന്നാല്‍ 1885 ല്‍ ഇംഗ്ലിഷ് ഫുട്‌ബോളില്‍ പ്രഫഷനലിസം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതും, 1888 ല്‍ ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗ് ആരംഭിച്ചതും പ്രഫഷനല്‍ കളിക്കാരുടെയും ക്ലബുകളുടേയും വളര്‍ച്ചയ്ക്കു കാരണമായി.

marketing
Representative Image. Photo Credit :Cunaplus_M.Faba/istock

‘ക്ലബുകളില്ലെങ്കിൽ ഫുട്ബോളില്ല’– ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പ്രഫഷനൽ ഫുട്ബോൾ ക്ലബുകളും സെമിപ്രഫഷനൽ, അമച്വർ ക്ലബുകളും ചേർന്നാണ് ഫുട്ബോളിനെ ഇന്നത്തെ നിലയിലേക്കു വളർത്തിയെടുത്തത്. ക്ലബുകളുടെ സുഗമമായ ദൈനംദിന നടത്തിപ്പിനു നേതൃത്വം നൽകുന്നവരാണ് ക്ലബ് മാനേജർമാർ. സ്ഥാനങ്ങളനുസരിച്ച്, തുടക്കക്കാരനായ എക്സിക്യൂട്ടീവ് മുതൽ ചീഫ് എക്സിക്യൂട്ടീവ് വരെയും, ജോലിയുടെ സ്വഭാവമനുസരിച്ച് സ്പോൺസർഷിപ്പ്, ടിക്കറ്റിങ്, ടീം ഓപ്പറേഷൻസ്, മെർച്ചൻഡൈസ് സെയിൽസ്, അക്കാദമി ഓപ്പറേഷൻസ്, ഫിനാൻസ്, പീപ്പിൾ മാനേജ്മെന്റ്, മാർക്കറ്റിങ് എന്നിങ്ങനെ വിവിധ ജോലികൾ കൈകാര്യം ചെയ്യുന്ന നിരവധി സ്പോർട്സ് മാനേജ്മെന്റ് പ്രഫഷനലുകളും ഒരു ക്ലബിൽ ജോലി നോക്കുന്നു.

കളിക്കാരെ താരങ്ങളാക്കുന്നവർ

ഭാവിയിലെ റൊണാൾഡോയെയും മെസിയെയും ചെറുപ്പത്തിലേതന്നെ പ്രാദേശിക കളിക്കളങ്ങളിൽനിന്നു കണ്ടെത്തുകയും അവരെ താരങ്ങളായി വളർത്തി നിലനിർത്തുകയും ചെയ്യുന്നവരാണ് ഫുട്ബോൾ സ്കൗട്ടുകളും പരിശീലകരും സ്പോർട്സ് ഏജന്റുമാരും. ക്ലബിന്റെ പ്രാന്തപ്രദേശങ്ങളിലും ചില വിദേശ രാജ്യങ്ങളിലും (കൂടുതലും ലാറ്റിനമേരിക്ക) ചുറ്റി നടന്ന് നിരന്തരം പ്രാദേശിക ഫുട്ബോൾ മത്സരങ്ങൾ കണ്ട് നാളെയുടെ പ്രതിഭകളെ കണ്ടെത്തുകയും തുടർന്ന് ക്ലബിന്റെ അക്കാദമിയിൽ പ്രവേശനത്തിനായുള്ള ക്യാംപുകളിലേക്ക് ഇവരെ ക്ഷണിക്കുകയും ചെയ്യുന്നവരാണ് ഫുട്ബോൾ സ്കൗട്ടുകൾ. കളിയെക്കുറിച്ചും ഈ കളിയിൽ വിജയിക്കുവാൻ ഒരു കളിക്കാരനു വേണ്ട സവിശേഷതകളെക്കുറിച്ചും മികച്ച അറിവുള്ളവർക്കാണ് ഈ ജോലി. 

foot-ball-coach
Representative Image. Photocredit: Lorado/istock

അക്കാദമികളിലും ടീമുകളിലും കുട്ടികൾക്ക് കളിയുടെ ആദ്യപാഠങ്ങൾ മുതല്‍ വലിയ ടീമുകളെ തോൽപിക്കാനുള്ള തന്ത്രങ്ങൾ വരെ പകർന്നു നൽകുന്ന കോച്ചുകൾക്ക് അസോസിയേഷനുകളോ ഫെഡറേഷനുകളോ നൽകുന്ന ലൈസൻസ് അനിവാര്യമാണ്. കളിക്കാർക്കു വേണ്ടി ക്ലബുകളുമായി ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായി വിലപേശുകയും കളിക്കാർക്ക് പരസ്യങ്ങളിലൂടെയും മറ്റും അധിക വരുമാനം നേടിക്കൊടുക്കുകയും വിവിധ വിപണന തന്ത്രങ്ങളിലൂടെ അവരെ താരങ്ങളാക്കുകയും മാത്രമല്ല, അവരുടെ സമ്പത്തും സ്വകാര്യ– പൊതുജീവിതങ്ങളും ഒരു പരിധി വരെ നിയന്ത്രിക്കുക പോലും ചെയ്യുന്ന ഗോഡ്ഫാദർമാരാണ് സ്പോർട്സ് ഏജന്റുമാർ. സ്പോർട്സ് മാനേജ്മെന്റ്, നിയമം എന്നീ വിഷയങ്ങളിലെല്ലാം മികച്ച അവഗാഹമുള്ളവർക്കാണ് ഈ ജോലി നന്നായി ചേരുക. പിന്നെ ഗോഡ്ഫാദർ എന്ന പദം കേൾക്കുമ്പോൾ നമുക്കു തോന്നുന്ന ചില പൊതു ഗുണങ്ങളും ഇവർക്കാവശ്യമുണ്ട്. 

വിദേശത്തുനിന്ന് ഒരു കളിക്കാരൻ പുതുതായി ക്ലബിനായി കളിക്കാനെത്തുമ്പോൾ ആ കളിക്കാരനും കുടുംബത്തിനും പരമാവധി അവരുടെ നാട്ടിലെ ഭക്ഷണമടക്കമുള്ള കാര്യങ്ങൾ തയാറാക്കി കൊടുക്കുന്നവരാണ് പ്ലയർ ലെയ്സൺ ഓഫിസർമാർ. അതായത് പുതിയ രാജ്യത്തെ സാഹചര്യങ്ങളുമായി കളിക്കാരനെ എത്രയും പെട്ടന്ന് ഒരുക്കിയെടുക്കുക എന്നതാണ് ഇവരുടെ ദൗത്യം.കളിക്കാരന്റെ രാജ്യത്തെ ഭാഷ, സംസ്കാരം എന്നിവയില്‍ ഇവര്‍ക്ക് നല്ല അവഗാഹമുണ്ടായിരിക്കണം.

കളിക്കളത്തിന്റെ പരിപാലകർ

സ്റ്റേഡിയങ്ങളും പരിശീലന കളങ്ങളും ഫുട്‌ബോള്‍ മ്യൂസിയങ്ങളും മനോഹരമായി പരിപാലിക്കുന്നവരാണ് സ്പോർട്സ് ഫെസിലിറ്റി മാനേജർമാർ. ഒരു കളിസ്ഥലത്തെ ലാഭകരമായും കുറഞ്ഞ ചെലവിലും പരിപാലിക്കുകയെന്നത് ഇവരുടെ ദൗത്യമാണ്. സ്പോർട്സ് മാനേജ്മെന്റിൽ അറിവുകളുള്ള എൻജിനീയർമാരാണ് അതിന് ഏറ്റവും അനുയോജ്യർ. അവരുടെ കീഴിൽ സ്റ്റേഡിയത്തിന്റെ വെളിച്ച, ശബ്ദ സംവിധാനങ്ങളെ കൈകാര്യം ചെയ്യുന്ന വിദഗ്ധരും കളിക്കളം നിർമിച്ചു പരിപാലിക്കുന്ന പിച്ച് ക്യൂറേറ്റർമാരും ഉണ്ടാകും.

footbal--tournament-manager
Representative Image. Photo Credit: Pixfly/istock

മത്സരങ്ങളില്ലാത്ത ദിവസങ്ങളില്‍ പോലും ആയിരക്കണക്കിനു സന്ദര്‍ശകരെ ആ സ്‌പോര്‍ട്‌സ് ഫെസിലിറ്റിയിലേക്ക് ആകര്‍ഷിക്കാനുള്ള വിവിധ മാർഗങ്ങൾ (ഫുട്‌ബോള്‍ മ്യൂസിയം, സ്റ്റേഡിയം വിസിറ്റ് എന്നിങ്ങനെ) സൃഷ്ടിക്കാനും അത് നന്നായി വിപണനം ചെയ്യാനും സന്ദര്‍ശകരെ സംതൃപ്തരാക്കാനുമുള്ള കഴിവ് ഈ ജോലിയില്‍ വിജയിക്കാന്‍ പ്രധാനമാണ്.

കളിയുടെ നടത്തിപ്പുകാർ

നിരന്തരം നടക്കുന്ന ലീഗുകളും വിവിധ ഫുട്ബോൾ ടൂർണമെന്റുകളുമാണ് ക്ലബുകൾക്കും കളിക്കാർക്കും അവരുടെ കരുത്തു തെളിയിക്കാനും ആരാധകർക്ക് ആസ്വദിക്കാനും മികച്ച കളികൾ നൽകുന്നത്. ഈ ലീഗുകളുടെയും ടൂർണമെന്റുകളുടെയും പിന്നിൽ പ്രവർത്തിക്കുന്നവരാണ് ലീഗ് മാനേജർമാർ, ടൂർണമെന്റ് മാനേജർമാർ, സ്പോർട്സ് ഇവന്റ് മാനേജർമാർ എന്നിങ്ങനെയുള്ള പ്രഫഷനലുകൾ. ജോലിയുടെ സ്വഭാവമനുസരിച്ച് സ്പോൺസർഷിപ്പ്, ടിക്കറ്റിങ്, ഫിനാൻസ്, പീപ്പിൾ മാനേജ്മെന്റ്, മാർക്കറ്റിങ് എന്നിങ്ങനെ നേരത്തേ ക്ലബ് നടത്തിപ്പിൽ സൂചിച്ചിച്ച വിവിധ ജോലികൾ ഇവിടെയും ഉണ്ട്. സ്പോർട്സ് മാനേജ്മെന്റ് പ്രാഗത്ഭ്യവും വലിയ കളികളുടെ നടത്തിപ്പിന്റെ സമ്മർദ്ദം താങ്ങാനുള്ള ശേഷിയും ഇതിൽ പ്രധാനമാണ്. 

how-to-become-a-football-referee.jpg.image.845
Representative Image. Photo Credit: simonkr/istock

കളിക്കളത്തില്‍ കളി നിയന്ത്രിക്കുന്ന ജോലിയാണ് റഫറിമാരുടേത്. കളിനിയമങ്ങളിലുള്ള അവഗാഹം കൂടാതെ മികച്ച ശാരീരിക, മാനസികാരോഗ്യവും കാഴ്ചശക്തിയും റഫറിമാര്‍ക്കാവശ്യമാണ്. വിവിധ തലത്തിലുള്ള ഫുട്‌ബോള്‍ സംഘടനകള്‍ വിവിധ തലത്തിലുള്ള റഫറി  പരിശീലനവും സര്‍ട്ടിഫിക്കേഷനും നല്‍കുന്നു. ഒരു കളിയില്‍ കളിക്കാരെക്കാള്‍ കൂടുതല്‍ ഓടുന്നത് റഫറിയാണ്. കൂടാതെ ഏതു വലിയ സമ്മര്‍ദ്ദത്തെയും അതിജീവിക്കാനുള്ള കഴിവും ഇവര്‍ക്ക് ആവശ്യമാണ്.

സ്പോർട്സ് അനലിസ്റ്റുകളും, എഴുത്തുകാരും

കളിയെ വിലയിരുത്തി, കളിക്കാരന്റെ ശക്തി ദൗബർല്യങ്ങൾ കണ്ടെത്തി, ആ വിവരങ്ങൾ ടീമുകൾക്കും മാധ്യമങ്ങൾക്കും കമന്റേറ്റർമാർക്കും നൽകുന്നവരാണ് സ്പോർട്സ് അനലിസ്റ്റുകൾ. ഇവർ പല വിധമുണ്ട്. ഒന്ന്, സ്വന്തം ടീമിലെയും എതിർ ടീമുകളിലെയും കളിക്കാരുടെ പ്രകടനം വിലയിരുത്തി ശക്തിദൗർബല്യങ്ങളെക്കുറിച്ചു വിവരം നൽകുന്നവർ. അവർ ടീമുകൾക്കൊപ്പമാണ് പ്രവർത്തിക്കുന്നത്. രണ്ട്, കളികൾ കണ്ട് കളിയുടെയും കളിക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് വിലയിരുത്തിയും അല്ലാതെയും മാധ്യമങ്ങൾക്കും ടീമുകൾക്കും നൽകുന്നവർ. ഇവർ സ്പോർട്സ് അനലിറ്റിക്സ് സ്ഥാപനങ്ങളിലാണ് ജോലി നോക്കുന്നത്. 

football-commentators
Representative Image. Photo Credit: gremlin/istock

നല്ല ഭാഷാ പ്രാവീണ്യവും കളിയറിവും വിവിധ സ്റ്റാറ്റസ്റ്റിക്കൽ ടൂളുകള്‍ ഉപയോഗിക്കാനുള്ള അരിവും ഒരു മികച്ച സ്‌പോര്‍ട്‌സ് അനലിസ്റ്റാകാന്‍ അനിവാര്യമാണ്.

ഇതു കൂടാതെ, കളി ആസ്വാദ്യകരമായി ആരാധകരിലെത്തിക്കുന്നവരാണ് കമന്റേറ്റർമാർ. ഇവരെ കൂടാതെ മാധ്യമങ്ങൾക്കായി കളിയെഴുതുന്ന പത്രപവർത്തകരും കളിക്കാരുടെ പേരിൽ കളി എഴുതുന്ന ഗോസ്റ്റ് റൈറ്റർമാരുമുണ്ട്. നല്ല ഭാഷാ പ്രാവീണ്യവും കളിയറിവും ഇവർക്ക് ആവശ്യമാണ്.

ഫുട്‌ബോള്‍ / സ്പോര്‍ട്സ് മാനേജ്‌മെന്റില്‍ പരിശീലനം നേടാം

1. ഫിഫ, എഐഎഫ്എഫ് (ഫുട്ബോള്‍ മാനേജ്മെന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍)

2. സ്പോര്‍ട്സ് ആൻഡ് മാനേജ്മെന്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഫുട്ബോള്‍ മാനേജ്മെന്റ്, സ്പോര്‍ട്സ് മാനേജ്മെന്റ്, സ്‌പോര്‍ട്‌സ് ഫെസിലിറ്റി മാനേജ്മെന്റ് ഡിപ്ലോമാ പ്രോഗ്രാമുകള്‍)

3. ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് മാനേജ്മെന്റ് (സ്പോര്‍ട്സ് മാനേജ്മെന്റ് ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകള്‍)

4. തമിഴനാട് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആൻഡ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി (സ്പോര്‍ട്സ് മാനേജ്‌മെന്റ് എംബിഎ)

5. ഐഐഎം റോത്തക്ക്‌ (സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പി ജി ഡിപ്ലോമ)

6. സെന്റ് തോമസ് കോളജ്, പാലാ (സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഡിഗ്രി)

7. ലക്ഷ്മിഭായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ജേര്ണലിസം കോഴ്‌സുകള്‍)

കൊച്ചിയിലെ സ്‌പോര്‍ട്‌സ് ആൻഡ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഴുത്തും വായനയും അറിയുന്ന, ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ക്കായി ഫുട്‌ബോള്‍ മാനേജ്‌മെന്റ് പ്രോഗ്രാമുമുണ്ട്. 

(ആലപ്പുഴയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയുടെ ഡയറക്ടറാണ് ലേഖിക. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വിദഗ്ധയും മികച്ച കായിക പുസ്തകത്തിനുള്ള കേരള സ്‌പോര്‍ട്‌സ് കൗണ്‍സിൽ പുരസ്കാരം നേടിയ ‘ഒരു ഫുട്‌ബോള്‍ ഭ്രാന്തന്റെ ഡയറി’ എന്ന പുസ്തകത്തിന്റെ സഹരചയിതാവുമാണ്.)

(തുടരും)

Content Summary : Dr. Indulekha R, a sports management expert, discusses football career opportunities

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS