ഇന്റർവ്യൂ പാനലിനെ ഇംപ്രസ് ചെയ്യാൻ ഇങ്ങനെ ഉത്തരം പറഞ്ഞു ശീലിക്കാം

HIGHLIGHTS
  • പുതിയ വെല്ലുവിളികളെ നേരിടാൻ ഞാൻ പഠിക്കുകയാണ്.
  • അവസരങ്ങൾക്കൊത്ത് ഉയരാനും ഞാൻ തയാറാണ്.
how-to-impress-interview-panel
Representative Image. Photo Credit: TZIDO SUN/shutterstock
SHARE

മികവു പുലർത്തുന്ന ഒരു സ്ഥാപനത്തിൽ ശ്രദ്ധേയ പോസ്റ്റിൽ എത്തിരപ്പെടാൻ അഭിമുഖത്തെ മറികടക്കാതെ മറ്റൊരു മാർഗവുമില്ല. നല്ല അനുഭവപരിചയവും വൈദഗ്ധ്യവുമുള്ളവരായിരിക്കും അഭിമുഖത്തിൽ ചോദ്യങ്ങൾ ചോദിക്കുക. പ്രത്യേകിച്ചും ജോലിയിലെ ലക്ഷ്യങ്ങളെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങൾ പല രൂപത്തിൽ ഉന്നയിക്കപ്പെടാം. ഒരൊറ്റ ഉത്തരം മാത്രം തയാറാക്കി പോകുന്ന ഒരാൾക്ക് ഈ ചോദ്യങ്ങളെയെല്ലാം നേരിടാനുള്ള കരുത്ത് ഉണ്ടാകണമെന്നില്ല. ഒന്നിലധികം ഉത്തരങ്ങളും തയാറാക്കിയിരിക്കണം. എങ്കിൽ മാത്രമേ പരീക്ഷിക്കാനുള്ള ചോദ്യങ്ങൾക്കു മുമ്പിൽ തളരാതെ പിടിച്ചുനിൽക്കാനും വിജയിക്കാനും കഴിയൂ.

ചോദ്യം സാധാരണം, ഉത്തരം അസാധാരണം

ഏറ്റവും സാധാരണവും , ഏറ്റവുമധികം തവണ ചോദിക്കപ്പെട്ടതുമായ ഒരു ചോദ്യമുണ്ട്. നിങ്ങളെക്കുറിച്ച് ഒന്നു ചുരുക്കിപ്പറയൂ. രണ്ടോ മൂന്നോ മിനിറ്റിൽ ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടതുണ്ട്. ജോലിയെക്കുറിച്ച് നിങ്ങൾക്കുള്ള ലക്ഷ്യങ്ങളും ഇവിടെ വ്യക്തമാക്കണം. കരിയർ വെബ്‌സൈറ്റായ ഇൻഡീഡ് പറയുന്നത് ചില ചോദ്യങ്ങൾ നേരത്തെ തന്നെ ചോദിച്ച് സ്വയം ഉത്തരങ്ങൾ പ്ലാൻ ചെയ്യണമെന്നാണ്.

∙എന്തിലാണ് നിങ്ങളുടെ യഥാർഥ കഴിവ്.

∙ഭാവിയിൽ എന്തുതരം ജോലി ചെയ്ത് മികവ് തെളിയിക്കാനാണ് ആഗ്രഹിക്കുന്നത്.

∙നിലവിൽ എന്തു ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്.

∙ഏറ്റവുമധികം അഭിമാനം തോന്നിയ ജോലിയിലെ നിമിഷമേതാണ്.

∙ഭാവിയിൽ എന്തൊക്കെ സാധ്യതകളായിരിക്കും നിങ്ങൾക്കു മുന്നിൽ അനാവരണം ചെയ്യപ്പെടാൻ പോകുന്നത്.

ദീർഘകാല ലക്ഷ്യങ്ങൾ

സാധാരണ ചോദിക്കപ്പെടുന്ന മറ്റൊരു ചോദ്യമാണ്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏതു പദവിയിൽ ആയിരിക്കും നിങ്ങൾ നിങ്ങളെത്തന്നെ കാണുന്നത് എന്നത്. ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് മനസ്സിലാക്കാനാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഏറ്റവുമധികം ആഗ്രഹിക്കുന്നതും ആരായിത്തീരാൻ കൊതിക്കുന്നു എന്നതുമാണ് ഇവിടെ നിങ്ങൾ വ്യക്തമാക്കേണ്ടത്. സ്ഥാപനത്തിൽ പഠിച്ചു മനസ്സിലാക്കേണ്ട കാര്യങ്ങൾ ഒന്നൊന്നായി സ്വായത്തമാക്കുമെന്ന് നിങ്ങൾ ഉറപ്പ് കൊടുക്കേണ്ടതുണ്ട്. ദൃഢനിശ്ചയവും ഇഛാശക്തിയും ഉണ്ടോ എന്നും ഈ ചോദ്യത്തിന്റെ ഉത്തരത്തിൽ നിന്നു വ്യക്തമാകും.

അഞ്ചു വർഷം കൊണ്ട് എന്റെ പദവിയെക്കുറിച്ചുള്ള എല്ലാ വസ്തുതകളും ഞാൻ മനസ്സിലാക്കും. ഞാൻ ജോലി ചെയ്യുന്ന വിഭാഗത്തിലെ മാനേജ്‌മെന്റ് റോളിലേക്ക് മാറി ജോലിക്കു നേതൃത്വം കൊടുക്കണം എന്നും ആഗ്രഹിക്കുന്നു. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ പറയുന്ന, വ്യക്തിധിഷ്ഠിതമായ പരിശീലന പരിപാടി എനിക്കു സഹായകരമാകുമെന്ന് ഞാൻ വിചാരിക്കുന്നു. അതെന്റെ വളർച്ചയ്ക്കു പ്രയോജനപ്പെടുമെന്നാണ് വിശ്വാസം. പുതിയ വെല്ലുവിളികളെ നേരിടാൻ ഞാൻ പഠിക്കുകയാണ്. അവസരങ്ങൾക്കൊത്ത് ഉയരാനും ഞാൻ തയാറാണ്.ഇത് ഒരു മാതൃകാ ഉത്തരമാണ്. ലക്ഷ്യങ്ങളും വളർച്ചയും സാധ്യതകളെക്കുറിച്ചുള്ള സൂചനയുമെല്ലാം ഇതിലുണ്ട്.

പെട്ടെന്നുള്ള ലക്ഷ്യങ്ങൾ

ദീർഘകാല ലക്ഷ്യങ്ങൾക്കൊപ്പം തൊട്ടടുത്ത ഭാവിയിലെ ലക്ഷ്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നേക്കാം. ഒരു ജോലി സമ്പാദിക്കുക എന്നതായിരിക്കും പുതിയൊരു ഉദ്യോഗാർഥിയെ സംബന്ധിച്ചിടത്തോളം ആദ്യത്തെ ലക്ഷ്യം. എന്നാൽ, നിങ്ങൾ തുറന്നടിച്ചു പറയേണ്ടതില്ല. പകരം മറ്റു ചില ഉത്തരങ്ങൾ തയാറാക്കാം. കുറച്ചു പുതിയ കഴിവുകൾ നേടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. പുതിയൊരു മേഖലയിലേക്ക് എത്താൻ ഈ ജോലി എനിക്ക് അവസരം തരും എന്നാണു പ്രതീക്ഷ. എന്റെ അറിവും ഈ മേഖലയിലുള്ള കഴിവും പുറത്തെടുക്കാൻ അവസരം ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. നേതൃപരമായ കഴിവുകൾ വളർത്തിയെടുക്കാനും ഒരു ടീമിനെ വാർത്തെടുക്കാനും ഈ അവസരം ഞാൻ വിനിയോഗിക്കും.

അനുഭവങ്ങളും ഭാവിയിലെ ലക്ഷ്യങ്ങളും

നേരത്തേയുള്ള ജോലിയിൽ നിങ്ങൾ ആത്മാർഥത കാണിച്ചിട്ടുണ്ടോ അതോ സ്ഥിരമായി ജോലികൾ മാറി മാറിച്ചെയ്ത് ജീവിക്കുന്ന വ്യക്തിയാണോ എന്നറിയാനും ചിലർ അഭിമുഖത്തിൽ ശ്രമിച്ചേക്കാം. എത്ര നാൾ ജോലിയിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനു മുന്നിൽ പലരും പതറിനിന്നേക്കാം. എത്ര നാൾ എന്നതിനേക്കാൾ, ജോലി ചെയ്യുന്ന അത്രയും കാലം ഗുണപരമായ മാറ്റം ഉണ്ടാക്കാൻ ആത്മാർഥമായി ശ്രമിക്കുമെന്നു പറഞ്ഞ് നിങ്ങൾക്ക് ഇംപാക്ട് ഉണ്ടാക്കാനാകും.

എന്തുകൊണ്ട് നേരത്തേയുള്ള ജോലി വിട്ടു എന്ന ചോദ്യത്തിനും സൂക്ഷിച്ചും ശ്രദ്ധിച്ചും ഉത്തരം പറയേണ്ടതുണ്ട്. ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുമ്പോൾ, അവ കരിയറിലെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാണെന്നും ആത്മാർഥതയും പ്രതിബദ്ധതയുമുള്ള വ്യക്തിയാണെന്നും ചോദ്യം ചോദിക്കുന്നവർക്കു തോന്നുന്ന രീതിയിൽ ഉത്തരം പറയേണ്ടതുണ്ട്. ജോലിക്കെടുക്കാൻ ആഗ്രഹിക്കുന്നില്ല എന്ന പ്രതികരണം ലഭിച്ചാൽപ്പോലും എന്റെ കഴിവുകൾക്കൊത്ത പുതിയൊരു ജോലി ലഭിക്കുമെന്നും അവിടെ ഞാൻ അവസരം പൂർണമായി വിനിയോഗിക്കും എന്നും ഉത്തരം പറയുന്നതാകും നല്ലത്. 

Content Summary : How to Prepare for a Panel Interview

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS