ADVERTISEMENT

പാലക്കാട്∙ അധ്യയന വർഷം പൂർത്തിയാകുമ്പോൾ പ്ലസ്​ വൺ വിദ്യാർഥികൾക്ക് ആകെ ലഭിക്കുന്നതു തൊണ്ണൂറിൽ താഴെ പഠനദിനങ്ങൾ മാത്രം. പ്ലസ്ടു വിദ്യാർഥികൾക്കാകട്ടെ 130ൽ താഴെയും. ഇതിൽത്തന്നെ പകുതിയോളം ദിവസങ്ങളിൽ ക്ലാസുകൾ നടത്താൻ കഴിയാറില്ലെന്ന് അധ്യാപകർ പറയുന്നു. ദേശീയ പ്രവേശന പരീക്ഷകൾ എഴുതേണ്ട വിദ്യാർഥികൾക്കാണു വേണ്ടതിന്റെ പകുതി ക്ലാസുകൾ പോലും ഹയർസെക്കൻഡറി പഠനത്തിനു ലഭിക്കാതെ പോകുന്നത്.

ഈ അധ്യയന വർഷം ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഉൾപ്പെടെ 4 പൊതു പരീക്ഷകളും അവയുടെ മൂല്യനിർണയവും നടന്നു. മൂല്യനിർണയ ക്യാംപുകൾ നടന്ന ദിവസങ്ങളിൽ ഭാഗികമായും ക്ലാസുകൾ നഷ്ടമായിട്ടുണ്ട്. തുല്യതാ പരീക്ഷ, സബ് ജില്ലാ, ജില്ലാ കലാ കായിക ശാസ്ത്രമേളകൾക്ക് എസ്കോർട്ടിങ് ടീച്ചേഴ്സായും അധ്യാപകർക്കു ചുമതല വന്നതോടെ അതും അധ്യയന ദിനങ്ങളെ ബാധിച്ചു. 220 അധ്യയന വർഷം ലഭിക്കേണ്ടിടത്താണ് ഇത്ര കുറഞ്ഞ ദിവസം കൊണ്ടു കുട്ടികൾ പാഠഭാഗങ്ങൾ പഠിക്കേണ്ടത്.  ഈ വർഷം ക്ലാസുകൾ തുടങ്ങുന്നതിനു മുൻപ് 200 പ്രവൃത്തി ദിവസങ്ങൾ ഉറപ്പാക്കുമെന്നു സർക്കാർ പറഞ്ഞിരുന്നു. എന്നാൽ, വേണ്ടതിന്റെ പകുതിപോലും പ്രവൃത്തിദിനങ്ങൾ വിദ്യാർഥികൾക്കു കിട്ടുന്നില്ലെന്നു മാത്രമല്ല ലഭിക്കുന്ന പ്രവൃത്തി ദിനങ്ങളിൽ മിക്ക ദിവസങ്ങളിലും ക്ലാസുകൾ നടത്താനും കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 25നാണു സംസ്ഥാനത്തു പ്ലസ്​ വൺ ക്ലാസുകൾ ആരംഭിച്ചത്. എന്നാൽ, ട്രാൻസ്ഫർ അലോട്മെന്റിനും ഓണാവധിക്കും ശേഷം സെപ്റ്റംബർ 12നാണു ക്ലാസുകൾ കൃത്യമായി തുടങ്ങിയത്. 

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 1ന് ആരംഭിക്കുന്നതിനാൽ  ജനുവരി 25നു മുൻപു തന്നെ പാഠഭാഗങ്ങൾ അധ്യാപകർക്കു തീർക്കേണ്ടി വരും. ഈ മാസം അർധവാർഷിക പരീക്ഷയും ക്രിസ്മസ് അവധിയും കൂടി വരുന്നതിനാൽ വിരലിൽ എണ്ണാവുന്ന ക്ലാസുകൾ മാത്രമേ വിദ്യാർഥികൾക്കു ലഭിക്കൂ.

കോവിഡ് കാരണം മുൻവർഷങ്ങളിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തതിനാൽ പല വിദ്യാർഥികളുടെയും പഠന നിലവാരം പിന്നിലാണെന്നും അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞിട്ടില്ലെന്നും അധ്യാപകർ പറയുന്നു. കുട്ടികളുടെ പഠനഭാരം കുറയ്ക്കാൻ എൻസിഇആർടി ചില പാഠഭാഗങ്ങൾ ഈ വർഷം തുടക്കത്തിലേ  ഒഴിവാക്കിയിരുന്നു. 

എന്നാൽ, സംസ്ഥാനത്തു ചില പാഠഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള സർക്കുലർ വന്നതാകട്ടെ കഴിഞ്ഞ മാസവും. ഒഴിവാക്കിയ ആദ്യഭാഗങ്ങളിലെ പല പാഠങ്ങളും ഇതിനകം പഠിപ്പിച്ചു കഴിഞ്ഞു. പ്ലസ്ടു ക്ലാസിന്റെ പകുതിയോടെ എത്തുന്ന പ്ലസ്​ വൺ ഇംപ്രൂവ്മെന്റ് പരീക്ഷയും പ്ലസ്ടു ക്ലാസുകളുടെ താളം തെറ്റിക്കാറുണ്ടെന്ന് അധ്യാപകർ പറയുന്നു. 

പൊതു അവധി ദിവസങ്ങളും പ്രാദേശിക അവധികളും ഇതിനു പുറമേയുണ്ടാവും. പ്ലസ്​ വൺ വിദ്യാർഥികൾക്കു പൊതു പരീക്ഷയ്ക്കു മുൻപ് ആകെ കിട്ടുന്നത് 6 മാസം മാത്രം. ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 10ന് ആരംഭിക്കുകയും ചെയ്യും.

Content Summary : Plus-One students may get less than 90 class days when academic year end

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com