ADVERTISEMENT

പഠനം എന്നാലെന്ത് എന്ന ചോദ്യത്തിനു പല മറുപടികളുമുണ്ട്. പുസ്തകത്തിലെ വിവരണങ്ങളത്രയും, ഒരക്ഷരവും വിടാതെ, മനഃപാഠമാക്കുന്നതാണ് പഠനമെന്നു പണ്ട് ചിലർ കരുതിയിരുന്നു. ആ രീതിയിൽ ചിന്തിക്കുന്ന ചുരുക്കം ചിലർ ഇപ്പോഴും പാഠപുസ്തകത്തിലെ അധ്യായങ്ങൾ മുഴുവൻ കാണാപ്പാഠമാക്കാറുണ്ട്. ഇത് നേരം പാഴാക്കുന്ന വ്യായാമമാണ്. ഈ രീതി ആവശ്യമില്ല.

 

പുസ്തകത്തിലെ ആശയം വ്യക്തമായി ഗ്രഹിക്കുക, അത് ആവശ്യമുള്ളയിടത്ത് പ്രയോഗിക്കാൻ കഴിയുക എന്നിവയാണ് നാം ലക്ഷ്യമാക്കേണ്ടത്. ഇതിന് പുസ്തകത്തിലെ വാക്കുകളെല്ലാം അതേപടി കാണാതെ പറയേണ്ടതില്ല. ആശയം മനസ്സിലാക്കി, സ്വന്തം വാക്കുകകളിൽ അത് പറയാൻ കഴിയുമോയെന്ന് പരിശോധിക്കുകയാണ്  വേണ്ടത്.

കാണാതെ പഠിക്കുന്നതിന്റെ മറ്റൊരു  ദോഷം പഠിച്ചിട്ടില്ലാത്ത കാര്യം പഠിച്ചിട്ടുണ്ടെന്നു നാം തെറ്റിദ്ധരിക്കുന്നതാണ്. 

‘പാഠപുസ്തകത്തിലെ വരികൾ മുഴുവനും ഇവൻ വെള്ളംപോലെ പറയും’ എന്ന് വീമ്പു പറയുന്ന അമ്മ ഓർക്കുന്നില്ല മകൻ അതിലെ ആശയങ്ങൾ മനസ്സിലാക്കിയിട്ടില്ലെന്ന്.

 

 

പഠിക്കുക എന്നത് സങ്കീർണമായ മാനസികപ്രക്രിയയാണ്. വാക്കുകളിൽ സൂചിപ്പിച്ചിട്ടുള്ള ആശയം സ്വന്തം മുന്നറിവുമായി ബന്ധിപ്പിച്ച് ചിന്തിച്ച് നാം അറിവ് വർധിപ്പിക്കുന്നു.  ഓരോ വാക്കിനും നാം മനസ്സിലാക്കിയിട്ടുള്ള അർഥം അനുസരിച്ചാണ് നാം പുതിയ ആശയം എന്തെന്നു മനസ്സിലാക്കുന്നത്. അതുകാരണം പുസ്തകത്തിലെ ഓരോ വാക്യവും എല്ലാവരിലും ജനിപ്പിക്കുന്ന ആശയം ഒന്നു തന്നെയാകണമെന്നില്ല. കാണാതെ പഠിക്കുന്നയാൾ ഇത്തരം കാര്യങ്ങളിേലക്കു കടക്കുന്നതേയില്ല. അപകടം വരുത്താവുന്ന പൂച്ച വരുമ്പോൾ ‘തത്തമ്മേ, പൂച്ച, പൂച്ച’ എന്നു  നാം മുന്നറിയിപ്പു കൊടുക്കുന്നു. നാം പറയുന്നതിലെ   ആശയം മനസ്സിലാകാതെ, ‘തത്തമ്മേ, പൂച്ച, പൂച്ച’ എന്ന് ആവർത്തിക്കുന്നു. നാം ഈ തത്തയെപ്പോലെയാകരുത്.

 

ചുരുക്കമിതാണ്. സാധാരണഗതിയിൽ ഉപന്യാസവും മറ്റും കാണാതെ പഠിച്ചു നേരം കളയേണ്ട. പക്ഷേ കൃത്യമായ ഫോർമുലകൾ, കാച്ചിക്കുറുക്കിയ നിർവചനങ്ങൾ, മനോഹരമായ കാവ്യഭാഗങ്ങൾ, അർത്ഥസമ്പുഷ്‌ടമായ മഹദ്‌വചനങ്ങൾ, ആകർഷകമായ ഭാഷാപ്രയോഗങ്ങൾ എന്നിവ കാണാതെ പഠിക്കുന്നത് നമുക്കു സഹായകമാണ്. 

 

ചില ഉദാഹരണങ്ങൾ കാണുക

 

1.അടിസ്ഥാന ഡൈനമിക്സ് പഠിക്കുമ്പോൾ s = ut + ½ at­2  എന്ന ഫോർമുല നാം കാണും. ഇതു കാണാതെ പഠിച്ചുവച്ചാൽ, ഈ വിഷയഭാഗത്തെ കണക്കുകൾ ചെയ്യുമ്പോൾ അതേപോലെ പ്രയോഗിച്ച് പെട്ടെന്ന് ഉത്തരത്തിലെത്താം. ഈ ഫോർമുല കാണാതെ പഠിക്കാതെ, അടിസ്ഥാനവിവരങ്ങളിൽ നിന്നു ഡിറൈവ് ചെയ്യാനും സാധിക്കും എന്നതു ശരി. അങ്ങനെ ഡിറൈവ് ചെയ്യാനുദ്ദേശിക്കുന്ന കുട്ടി ഓരോ തവണയും അതിനായി സമയം ചെലവാക്കേണ്ടതുണ്ട്. നിശ്ചിത സമയത്തിനകം  ഉത്തരങ്ങൾ നല്കേണ്ട പരീക്ഷകളിൽ ഇത് അസൗകര്യം സൃഷ്ടിക്കും. എൻട്രൻസ് പരീക്ഷയിലാണെങ്കിൽ, റാങ്ക് കുറയാൻവരെ വഴിവയ്ക്കാനും മതി. ഫോർമുലകളെല്ലാം  അപ്പപ്പോൾ ഡിറൈവ് ചെയ്തുകളയാം എന്നു വിചാരിക്കുന്നയാൾ നഷ്ടക്കച്ചവടത്തിനു പുറപ്പെടുകയാണ്. അതു വേണ്ട. പ്രധാന ഫോർമുലകളെല്ലാം കാണാെത തന്നെ പഠിക്കാം.

 

2.ഫിസിക്സിൽ പ്രകാശം എന്ന അധ്യായത്തിൽ നാം ലെൻസിന്റെ ഫോക്കസ് എന്താണെന്നു പഠിക്കും. അതിന്റെ നിർവചനം നോക്കുക: When a narrow pencil of light parallel to the principal axis is incident centrally on a thin convex lens, it converges to a point on the principal axis on the opposite side of the lens, and appears to diverge from a point on the principal axis the same side of a thin concave lens. That point is called the principal focus of the lens. കൃത്യതയാർന്ന നിരവധി കാര്യങ്ങൾ ഈ നിർവചനത്തിലൊതുക്കിയിട്ടുണ്ട്. ഇവയെല്ലാം നാം സ്വന്തം വാക്യത്തിൽ പറയാനൊരുങ്ങിയാൽ അത് വലിയ ഖണ്ഡികയാകും. അതു വേണ്ട. ഫോർമുല അതേപടി കാണാതെ പഠിച്ചേക്കുക.

 

3. ‘കനകം മൂലം കാമിനി മൂലം

കലഹം പലവിധമുലകിൽ സുലഭം’

ഈ വരികളിലെ എല്ലാ വാക്കുകളും, അവ ചേർന്നുണ്ടാകുന്ന ആശയവും പലർക്കും നന്നായി  അറിയാമായിരിക്കാം. പക്ഷേ അവയെ ഇത്ര മനോഹരമായി കൂട്ടിച്ചേർക്കാൻ കുഞ്ചൻ നമ്പ്യാർക്കു മാത്രമാണ് കഴിഞ്ഞത്. ഇതിനെക്കാൾ ഹൃദ്യമായി ഇക്കാര്യം ആർക്കെങ്കിലും അവതരിപ്പിക്കാനാവുമെന്നു തോന്നുന്നില്ല. അതുകൊണ്ട് നമുക്കതു മനഃപാഠമാക്കാം.

 

Brevity is the soul of wit എന്നു ഷേക്സ്പിയറും, ‘ശരീരമാദ്യം ഖലു ധർമസാധനം’ എന്നു കാളിദാസനും എഴുതിയതും ഇതുപോലെ തന്നെ. ഇത്തരത്തിൽ, നാം ഹൃദിസ്ഥമാക്കേണ്ട എത്രയോ വരികളുണ്ട്. അവ ഓർത്തുവച്ചാൽ ആവശ്യമായ സന്ദർഭങ്ങളിൽ ആകർഷകമായി പ്രയോഗിക്കാൻ നമുക്കു കഴിയും.

 

4. Never, never, never give up എന്ന് ചർച്ചിൽ പറഞ്ഞതിനു പകരം വയ്ക്കാൻ ഏത് വാക്യമാണുള്ളത് !

5.‘മഴവില്ലു പിഴിഞ്ഞെടുത്ത സത്തേ’ എന്ന്  അരിപ്രാവിനോട് വള്ളത്തോൾ.

സാധാരണഗതിയിൽ പാഠങ്ങൾ കാണാതെ പഠിക്കേണ്ടതില്ല. പക്ഷേ മേൽക്കാണിച്ചതുപോലുള്ള കാര്യങ്ങൾ മനഃപാഠമാക്കുന്നതിൽ മടി കാണിക്കരുത്.

 

Content Summary : 4 tips to memorize faster and retain information for a longer time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com