ADVERTISEMENT

ചന്ദനത്തിൽ പ്രകൃതി കടഞ്ഞെടുത്ത കാടാണ് മറയൂർ. വേരു പോലും ബാക്കി വയ്ക്കാതെ കണ്ണിമ ചിമ്മും മുൻപേ ചന്ദനമരം മുറിച്ചുകടത്തുന്ന കൊള്ളക്കാർക്കും കൺമുന്നിൽ പെട്ടാൽ കൊമ്പിൽ കോർക്കുന്ന ഒറ്റയാ‍ൻമാർക്കുമിടയിൽ 5000 കോടി രൂപ വിലമതിക്കുന്ന ചന്ദനക്കാടുകൾക്കു രാപകൽ ഇമവെട്ടാതെ കാവൽ നിൽക്കുന്ന വാച്ചർമാരുടെ ജീവിതം അതിസാഹസികമാണ്. ആയിരത്തിലധികം പേരാണ് ചന്ദനക്കാടിനു കാവലിരിക്കുന്നത്. അവരിലെ ‘പിങ്ക് ഫോറസ്റ്റ് ഓഫിസർ’മാരെക്കുറിച്ചറിയാം.

 

കാട് ദൂരെ നിന്നു നോക്കാൻ സുന്ദരമാണ്. കാടകങ്ങളിലേക്കു ഒറ്റയ്ക്കുപോകുന്നത് ഓർത്തുനോക്കൂ. അതും രാത്രി. കാട്ടുകള്ളന്മാരും വന്യമൃഗങ്ങളും കൊടുംതണുപ്പും കോടമഞ്ഞും കാത്തിരിക്കുന്ന ആ കാട്ടിലേക്ക് ഉറച്ച കാൽവയ്പോടെയാണ് ലേഡി വാച്ചർമാർ ഓരോ രാത്രിയും കടന്നു ചെല്ലുന്നത്. 20000 ചന്ദനമരങ്ങളുണ്ട് ഇവരുടെ കാവൽ പ്രദേശത്ത്. വിലായത്ത് ബുദ്ധപോലുള്ള ചില മരങ്ങൾക്കു കോടിയിലേറെയാണു വില.  ഏതാണ്ടു 16 കിലോമീറ്റർദൂരം ഒരുദിവസം നടന്നു റോന്തുചുറ്റുന്നുണ്ട് ഇവർ. 

forest-officers
മുരുകേശി, പ്രശാന്തി.

 

വനം വാച്ചർ മുരുകേശ്വരി ജോലിയിൽ പ്രവേശിച്ചിട്ട് 22 വർഷമായി. അന്നു പ്രദേശത്തു ചന്ദന മോഷണം വ്യാപകമായിരുന്നുവെന്നും കാട്ടിലെ സാഹചര്യങ്ങളിൽ പേടിതോന്നുമെങ്കിലും ഇപ്പോൾ അതില്ലാതായെന്നും മുരുകേശ്വരി ആത്മവിശ്വാസത്തോടെ പറയുന്നു. എട്ടുവർഷമായി വനസംരക്ഷണമേഖലയിലുള്ള വാച്ചർ ശീത അതുശരിവയ്ക്കുന്നു.  

 

ബീറ്റ് ഫോറസ്റ്റ് ഓഫിസർ പ്രശാന്തി  2019ൽ ആണ് മറയൂരിൽ എത്തുന്നത്. വൈകിട്ട് 6 മുതൽ രാവിലെ 6 വരെ വിശ്രമമില്ലാതെ കാട്ടിലൂടെ നടന്നാണു ജോലിയെന്നു പ്രശാന്തി പറയുമ്പോൾ ജോലിയുടെ കാഠിന്യം ഊഹിക്കാവുന്നതേയുള്ളൂ. 15 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ ഇങ്ങനെ നടക്കും. ‘‘എത്ര കിലോമീറ്റർ നടന്നിട്ടുണ്ട് എന്നറിയാനുള്ള സംവിധാനമുണ്ട്. ഏതു സമയത്തും കാട്ടിൽ ഞങ്ങൾ എവിടെയുണ്ട് എന്നുള്ളതും കൺട്രോൾ റൂമിൽ അറിയാൻ സാധിക്കും’’– പ്രശാന്തി പറഞ്ഞു.  

 

പലപ്പോഴും വന്യമൃഗങ്ങളുടെ മണം പിടിച്ചാണു വനപാലകർ കാടുസഞ്ചാരത്തിന്റെ വഴി നിശ്ചയിക്കുന്നത്. തുടക്കകാലത്ത് ഇതു മനസ്സിലാക്കാൻ പ്രയാസമായിരുന്നെന്നും കാടിനെ നന്നായി പരിചയമുള്ള വാച്ചർമാരുടെ സഹായമായിരുന്നു അക്കാലത്തെ തുണയെന്നും ബീറ്റ് ഫോറസ്റ്റ് ഓഫിസർ ദിവ്യ പറഞ്ഞു. ‘‘ ഏതു മൃഗങ്ങൾ സമീപമുണ്ടെങ്കിലും അതിന്റെ മണം പിടിച്ചു പറയാൻ അവർക്കാകും. ഇപ്പോൾ എനിക്കും കിട്ടിത്തുടങ്ങി. രാത്രി കാട്ടിൽ നടന്നു രാവിലെ ഓഫിസിൽ എത്തുമ്പോൾ കിട്ടുന്ന ഉന്മേഷം ചെറുതല്ല’’ –ദിവ്യ കൂട്ടിച്ചേർത്തു. 

 

Content Summary :Challenges facing three female forest officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com