ADVERTISEMENT

യാത്രയ്ക്കിടെ ക്ഷീണം തോന്നിയപ്പോൾ അയാൾ കാട്ടിലെ മരച്ചുവട്ടിൽ വിശ്രമിക്കാനിരുന്നു. ദാഹിച്ചപ്പോൾ അയാൾ മനസ്സിലോർത്തു, ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ. അദ്ഭുതം, ഉടൻ മൺപാത്രം നിറയെ വെള്ളം പ്രത്യക്ഷപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾക്കു വിശന്നു. ഭക്ഷണം ലഭിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചപ്പോഴേക്കും സ്വാദിഷ്ട വിഭവങ്ങൾ നിരന്നു. വയറുനിറഞ്ഞ് ഉറക്കം വന്ന അയാൾ ചുറ്റും നോക്കിയപ്പോൾ പാറക്കൂട്ടങ്ങൾ മാത്രം. ഒരു മെത്ത കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്ത പൂർത്തിയാകുന്നതിനു മുൻപേ പൂമെത്ത എത്തി. എല്ലാം താൻ വിശ്രമിക്കുന്ന മരത്തിന്റെ പ്രത്യേകതയാണെന്ന് അയാൾക്കു മനസ്സിലായി. വിശ്രമത്തിനിടെ അയാൾക്കൊരു ആശങ്ക. കാടല്ലേ, സിംഹമോ മറ്റോ വന്നാലോ. എവിടെ നിന്നോ വന്ന സിംഹം അയാളെ ആക്രമിച്ചു കൊലപ്പെടുത്തി.

 

 

മനസ്സാണ് മാർഗം, മനസ്സാണ് മാർഗതടസ്സവും. മനസ്സെത്തുന്നിടത്താണ് മെയ്യെത്തുന്നത്. മനസ്സൊരുമ്പെട്ടാൽ മറ്റൊന്നിനും തടയാനാകില്ല. മനസ്സില്ലാത്തവനെ മാറ്റാനോ മനസ്സിനപ്പുറത്തേക്കു നീങ്ങാനോ ഒരാൾക്കും കഴിയില്ല. അങ്ങനെങ്കിൽ മനസ്സിനെ നിയന്ത്രിക്കാനല്ലേ ആദ്യം പഠിക്കേണ്ടത്. ഒരാൾ പറയുന്നതും പ്രവർത്തിക്കുന്നതുമായ എല്ലാക്കാര്യങ്ങളിലും അയാളുടെ ബോധമനസ്സിന്റെയോ ഉപബോധ മനസ്സിന്റെയോ സ്വാധീനമുണ്ടാകും.

 

നിഷേധാത്മക ചിന്തകൾ വച്ചുപുലർത്തുന്നവരുടെ സൂര്യോദയം പോലും ഇരുണ്ടതാകും. പ്രസാദാത്മക ചിന്തകൾ പിന്തുടരുന്നവരുടെ അസ്തമയങ്ങളിലും ചില കെടാവിളക്കുകൾ തെളിഞ്ഞുനിൽപുണ്ടാകും. ഒരാൾ ചിന്തിക്കുന്ന തെന്തോ അതായിത്തീരും എന്നതല്ല, ചിന്തിക്കുന്നതേ ആയിത്തീരൂ എന്നതാണു ശരി. ദുരന്തങ്ങളിലകപ്പെട്ട എല്ലാവരും തകർന്നു വീണിട്ടില്ല. നിലത്തുവീണ ചിലതെങ്കിലും മുളച്ചു പൊങ്ങുന്നുണ്ട്. ഒരാളുടെ മനസ്സ് അയാളുടെ ചിന്തകൾക്കൊപ്പമാണു സഞ്ചരിക്കുന്നത്. 

 

ചിന്തകൾ വിശുദ്ധവും ക്രിയാത്മകവുമാകണമെങ്കിൽ പ്രവർത്തിക്കുന്ന ഇടങ്ങളും അങ്ങനെയാകണം. എത്ര ഐശ്വര്യാനുഭവങ്ങൾക്കിടയിലും അത്യാഹിതങ്ങളെ ഭയപ്പെടുന്നവരുണ്ട്. കാത്തിരിക്കുന്നയാൾ വരാനൽപം വൈകിയാൽ അപകടസാധ്യത മണക്കുന്നവരും കാലാവസ്ഥാ വ്യതിയാനങ്ങൾപോലും വരാനിരിക്കുന്ന കാര്യങ്ങളുടെ ലക്ഷണങ്ങളായി വ്യാഖ്യാനിക്കുന്നവരും അനാവശ്യ ഭയത്തിന്റെ ഉടമകളാണ്. സ്വയം സമ്മർദത്തിലാഴ്ത്തുന്ന ചിന്തകൾ വച്ചുപുലർത്തുന്ന ഒരാളും അവരർഹിക്കുന്ന പരിധി മറികടക്കില്ല.

 

Content Summary : Practical Tips to Achieve a Positive Mindset

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com