ADVERTISEMENT

ലേ ഓഫ്, മൂൺലൈറ്റിങ്, അട്രിഷൻ റേറ്റ്... 2022ൽ ഐടി രംഗത്ത് ഏറ്റവും കൂടുതൽ കേട്ട വാക്കുകളിൽ ചിലത് ഇവയായിരുന്നു. യുഎസ് ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടൽ സൃഷ്ടിച്ച അനിശ്ചിതത്വത്തിനു നടുവിലായിരുന്നു കഴിഞ്ഞവർഷം ഐടി ലോകം. കമ്പനികളിൽനിന്ന് ആളുകൾ കൊഴിഞ്ഞുപോകുന്നതിന്റെ നിരക്കും (അട്രിഷൻ റേറ്റ്) ഒരു ഘട്ടത്തിൽ കൂടി. ഒരു സ്ഥാപനത്തിൽ ഫുൾടൈം ജോലി ചെയ്യുന്നതിനിടെ മറ്റു ജോലികൾകൂടി ചെയ്യുന്ന മൂൺലൈറ്റിങ് രീതിയെച്ചൊല്ലി ഏറെ ഒച്ചപ്പാടുകളുമുണ്ടായി.

 

∙ പിരിച്ചുവിടൽ ഏശാതെ ഇന്ത്യ

 

ന്യൂജെൻ ടെക് കമ്പനികളെ മാറ്റിനിർത്തിയാൽ പ്രധാന ഇന്ത്യൻ ഐടി കമ്പനികളിലൊന്നിലും കഴിഞ്ഞവർഷം കൂട്ടപ്പിരിച്ചുവിടലുണ്ടായില്ല. യുഎസിലും മറ്റും പുതിയ റിക്രൂട്മെന്റ് ഏറക്കുറെ മരവിപ്പിച്ചപ്പോഴും ഇന്ത്യയിലെ ഐടി സർവീസസ് കമ്പനികൾ ഭേദപ്പെട്ട തോതിൽ ഹയറിങ് നടത്തി. മാന്ദ്യ കാലത്ത് മെഗാ പ്രതീക്ഷകൾക്കു സ്ഥാനമില്ലെങ്കിലും ഇന്ത്യൻ ഐടി രംഗത്തിന് ഇക്കൊല്ലവും കാര്യമായ പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

 

കോവിഡിനു മുൻപത്തെയത്ര തോതിലല്ലെങ്കിലും എല്ലാ പ്രധാന പോസ്റ്റുകളിലേക്കും കമ്പനികൾ റിക്രൂട്മെന്റ് നടത്തുന്നുണ്ടെന്നാണ് കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന്റെ വിലയിരുത്തൽ. യുഎസിലെ പ്രശ്നങ്ങളെക്കുറിച്ച് കേരളം അത്ര ആശങ്കപ്പെടാത്തതും അതുകൊണ്ടാണ്. ജാഗ്രതയോടെയാണ് ഇപ്പോൾ കമ്പനികളുടെ റിക്രൂട്മെന്റ്. വൻ റിക്രൂട്മെന്റുകളുടെ കാലം വരാൻ ഇനിയും കാത്തിരിക്കേണ്ടി വരും. മാന്ദ്യത്തിന്റെ വാർത്ത പരന്നതോടെ കൊഴിഞ്ഞുപോക്ക് കുറഞ്ഞെന്നു കമ്പനികൾ പറയുന്നു. മെച്ചപ്പെട്ട ഓപ്ഷൻ തേടി തുടർച്ചയായി കമ്പനികൾ മാറുന്നവർ രണ്ടുവട്ടമെങ്കിലും ആലോചിച്ചുതുടങ്ങി.

 

startup

∙ അടി പ്രോ‍ഡക്ട്  കമ്പനികൾക്ക്

 

ഐടി സേവന കമ്പനികൾ നിലവിൽ താരതമ്യേന സുരക്ഷിതമാണെങ്കിലും പ്രോ‍ഡക്ട് കമ്പനികൾക്കു പ്രതിസന്ധിയുണ്ട്. സാമ്പത്തികമാന്ദ്യം ആദ്യം ബാധിക്കുക വിപണിയിൽ നേരിട്ട് ഉൽപന്നം വിൽക്കുന്ന പ്രോഡക്ട് കമ്പനികളെയാണ്. മാന്ദ്യം കൂടുതൽ ശക്തിപ്രാപിക്കുമ്പോഴാണ് പ്രോ‍ഡക്ട് കമ്പനികൾക്കു സേവനം നൽകുന്ന സർവീസസ് കമ്പനികളെയും അതു സാരമായി ബാധിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐടി ജീവനക്കാർ ജോലി ചെയ്യുന്നത് സർവീസസ് കമ്പനികളിലാണ്.

work-from-home
Representative Image. Photo Credit : Creativa Images/Shutterstock

 

∙ സ്റ്റാർട്ടപ് ഫണ്ടിങ്  മന്ദഗതിയിൽ

 

v-sreekumar
വി.ശ്രീകുമാർ

2022ന്റെ ആദ്യ പകുതിയിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട് 19 നിക്ഷേപ ഡീലുകളാണ് നടന്നതെങ്കിൽ രണ്ടാം പകുതിയിൽ ഇത് 11 ആയി കുറഞ്ഞു. ആകെ ഫണ്ടായി എത്തിയ തുകയുടെ തോതിൽ രണ്ടാം പകുതിയിൽ 73% ഇടിവാണുണ്ടായത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ലോകമെങ്ങും നിക്ഷേപങ്ങളുടെ തോതിലുണ്ടായ കുറവ് കേരളത്തിലും പ്രതിഫലിക്കുന്നുവെന്നു ചുരുക്കം. 

 

നാൽപതിലധികം ഇന്ത്യൻ പ്രോ‍ഡക്ട് സ്റ്റാർട്ടപ്പുകൾ കഴിഞ്ഞവർഷം ഏകദേശം 15,000 ജീവനക്കാരെ പിരിച്ചുവിട്ട തായാണ് റിപ്പോർട്ടുകൾ. അധിക ഫണ്ടിങ് നേടാതെ നിലവിലുള്ള പണം ഉപയോഗപ്പെടുത്തി ഒരു കമ്പനിക്ക് എത്രനാൾ പ്രവർത്തിക്കാനാവുമെന്നതിനെ ‘കാഷ് റൺവേ’ എന്നാണു വിളിക്കുന്നത്. പുതിയ നിക്ഷേപങ്ങൾ ഉടൻ വരാത്തതിനാൽ ഈ സമയപരിധി ഉയർത്താനാണ് മിക്ക വെഞ്ച്വർ ക്യാപിറ്റൽ കമ്പനികളും സ്റ്റാർട്ടപ്പുകളെ ഉപദേശിക്കുന്നത്. ഇതു ചെലവുചുരുക്കലിലേക്കും പിരിച്ചുവിടലിലേക്കും നയിക്കുന്നുണ്ട്.

 

ഇപ്പോഴും ഹൈബ്രിഡ്

 

കോവിഡിനുശേഷവും വർക് ഫ്രം ഓഫിസ് പൂർണതോതിൽ നടപ്പാക്കാൻ മിക്ക കമ്പനികൾക്കുമായിട്ടില്ല. 2 വർഷത്തെ വർക് ഫ്രം ഹോം രീതി ജീവനക്കാരെ അത്രമേൽ മാറ്റിമറിച്ചു. ഉദാഹരണത്തിന് തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന പലരും അവിടുത്തെ വാടക വീട് ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്കു പോയി. ഒട്ടേറെപ്പേർ ജീവിത പങ്കാളിയുടെ ജോലിസ്ഥലത്തേക്കു റീ–ലൊക്കേറ്റ് ചെയ്തു. ഇവർക്കൊന്നും തിരിച്ചുവരവ് എളുപ്പമല്ല. വർക് ഫ്രം ഓഫിസ് നിർബന്ധമായി നടപ്പാക്കിയ ഓഫിസുകളിൽ കൂട്ടരാജിയുണ്ടായി. 

 

കോവിഡ് കാലത്ത് കൂടുതൽ ആളുകളെ ഹയർ ചെയ്ത പല കമ്പനികൾക്കും നിലവിൽ 100% വർക് ഫ്രം ഓഫിസ് നടപ്പാക്കാനും ബുദ്ധിമുട്ടുണ്ട്. എല്ലാവരുംകൂടി എത്തിയാൽ ഇരിക്കാനുള്ള സ്ഥലം പല ഓഫിസുകളിലുമില്ല. അതുകൊണ്ട് ഒരു സമയം 50–60% ജീവനക്കാരെ ഓഫിസിലിരുത്തുന്ന രീതിയാണ് പല കമ്പനികളും തിരഞ്ഞെടുക്കുന്നത്. 

 

സ്ഥലപരിമിതി മറികടക്കാൻ പല സ്ഥലങ്ങളിലായി കോ–വർക്കിങ് സ്പേസുകളും കാര്യമായെടുക്കുന്നു. പല സ്ഥലങ്ങളിൽ കഴിയുന്ന ജീവനക്കാർക്ക് ഓഫിസിലെത്തുന്നതിനു പകരം തൊട്ടടുത്തുള്ള കോ–വർക്കിങ് സ്പേസിൽ പോയാൽ മതിയാകും.

 

കഴിഞ്ഞ വർഷം ഒരു ലക്ഷത്തോളം കോ–വർക്കിങ് സീറ്റുകൾ ഇന്ത്യയിലെ കമ്പനികൾ വാടകയ്ക്കെടുത്തതായാണ് റിപ്പോർട്ട്. ഇത് 2021നെ അപേക്ഷിച്ച് 18% കൂടുതലാണ്.

 

ഇന്ത്യയിലെ ഐടി രംഗം, പ്രത്യേകിച്ച് കേരളത്തിലേത് ഈ സാമ്പത്തികവർഷം പ്രതീക്ഷകൾക്കൊത്തുള്ള മെച്ചപ്പെട്ട പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. ഒരു ഇടിവുമുണ്ടായിട്ടില്ല. മുൻകാലങ്ങളിലെ സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങൾ ഇത്തവണ അത്രതന്നെ പ്രകടമായി കാണുന്നില്ല. കേരളത്തിലെ ഐടി കമ്പനികളിലൊന്നിലും പിരിച്ചുവിടലുമുണ്ടായിട്ടില്ല.

 

വി.ശ്രീകുമാർ 

(ജി–ടെക് സെക്രട്ടറിയും തിരുവനന്തപുരം ടെക്നോപാർക്കിലെ ടാറ്റ എൽക്സി സെന്റർ ഹെഡും)

 

Content Summary : How Indian IT survived various crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com