ADVERTISEMENT

വിത്ത് ഔട്ട് മാത്തമാറ്റിക്സ്... ഭൂമി വെറുമൊരു വട്ടപ്പൂജ്യം’ എന്നു ‘സ്ഫടിക’ത്തിൽ ചാക്കോ മാഷ് പറഞ്ഞത് 28 കൊല്ലങ്ങൾക്കുശേഷം ആവർത്തിക്കപ്പെട്ടു; കേരളത്തിലല്ല, ബ്രിട്ടനിൽ. പറഞ്ഞത് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്.

ഡേറ്റാ പഠനത്തിനും സ്റ്റാറ്റിസ്റ്റിക്സിനും പ്രാധാന്യമേറുന്ന ഇക്കാലത്ത് അനലിറ്റിക്കൽ സ്കിൽസ് ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും വിദ്യാർഥികൾ 18 വയസ്സുവരെ നിർബന്ധമായും കണക്ക് പഠിക്കണമെന്നുമാണ് സുനകിന്റെ നിർദേശം. 

 

ബ്രിട്ടനിൽ 16 - 19 പ്രായക്കാരിൽ പകുതിപ്പേർ മാത്രമേ കണക്ക് പഠിക്കുന്നുള്ളു. നിത്യജീവിതത്തിലും ജോലിയിലും അടിസ്ഥാനപരമായി വേണ്ട ഗണിതാവബോധം കുറയുന്നതിനാൽ ഓരോ വർഷവും ബ്രിട്ടനിൽ 2000 കോടി പൗണ്ട് (ഏകദേശം 2 ലക്ഷം കോടി രൂപ) നഷ്ടമുണ്ടാകുന്നതായി കണക്കുകളുണ്ട്.

 

ലോകത്തെവിടെയും മാത്‌സിനു ഡിമാൻഡ് കൂടുകയാണ്. കണക്കറിയാവുന്നവർക്കുള്ള തൊഴിലവസരങ്ങൾ 2028 വരെയുള്ള കാലയളവിൽ 30% കൂടുമെന്നാണ് യുഎസ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്കാക്കുന്നത്. ഡേറ്റയും ആൽഗരിതവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും നിയന്ത്രിക്കുന്ന നാലാം വ്യവസായവിപ്ലവത്തിന്റെ (ഇൻഡസ്ട്രി 4.0) കാലത്ത് കണക്കു പഠിക്കുന്നവർക്കു കരിയർ സാധ്യതകൾ ഏറുന്നു. 

 

എന്നാൽ ചാക്കോ മാഷിന്റെ സമീപനത്തിൽ, കാണാപാഠം പഠിക്കുന്ന കണക്കുമാത്രമാണ് ശരി എന്ന മൗലികവാദം ഒളിഞ്ഞിരിക്കുന്നുണ്ടല്ലോ. അത്തരം ക്ലിഷ്ടപാതയിലാണ് നമ്മുടെ കണക്കു സിലബസ് എന്നും സഞ്ചരിച്ചത്. അതുകൊണ്ടുതന്നെ കണക്കു പഠനം ഒരിക്കലും പാൽപായസമാകുന്നുമില്ല. അതു പരിഹരിക്കാൻ എന്തെന്തു വഴികൾ ‌?

Britain Politics
Photo Credit : David Cliff/AP

 

∙ കുഴക്കുന്ന സിലബസ്

 

തിയററ്റിക്കൽ മാത്‌സ് പഠിക്കുന്നതിനൊപ്പം പ്രായോഗിക കണക്കു പാഠങ്ങളും സിലബസിൽ ഉൾപ്പെടുത്തണം. പഠിക്കുന്ന കഠിനമായ സൂത്രവാക്യങ്ങളൊന്നും വെറുതെയല്ലെന്നും അതിനൊക്കെ പ്രയോഗ സാധ്യതകളുണ്ടെന്നും കുട്ടികളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ സിലബസ് പുനഃക്രമീകരിച്ചാൽ പഠനം കൂടുതൽ എളുപ്പമാകും. സച്ചിൻ തെൻഡുൽക്കറിന്റെ ബാറ്റിങ് കണക്കുകൾ വച്ച് സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനപാഠങ്ങൾ പഠിച്ചാലെങ്ങനെ ? കണക്കിനോടുള്ള അകാരണ ഭയം കുറയ്ക്കുന്ന തരത്തിൽ ബോധനരീതികൾ മാറ്റണം.

 

കേരള സിലബസിലെ എസ്‌സിഇആ‍ർടി പുസ്തകങ്ങൾക്ക് ഇപ്പോൾ ഒരു പരിധിവരെ പ്രായോഗികത അവകാശപ്പെടാനാകുമെങ്കിലും ഇനിയും മാറാനുണ്ട്. 2021ലെ നാഷനൽ അച്ചീവ്മെന്റ് സർവേ പ്രകാരം ഇന്ത്യയിലെ പത്താം ക്ലാസ് വിദ്യാർഥികളിൽ 32% വിദ്യാർഥികൾ മാത്രമേ കണക്കിന്റെ കാര്യത്തിൽ പഠനലക്ഷ്യങ്ങൾ കൈവരിക്കുന്നുള്ളൂ.

 

പക്ഷേ മുൻകാലങ്ങളിലേതുപോലെ കണക്കിനെ അങ്ങനെയങ്ങു തള്ളിക്കളയാൻ ഇനി കഴിയില്ലെന്ന വസ്തുത കണക്കിലെടുത്തേ തീരൂ. പ്രോഗ്രാമിന്റെയും കോഡിങ്ങിന്റെയുമൊക്കെ അടിസ്ഥാനം കണക്കായതിനാൽ ഏതു പുതുതലമുറ കോഴ്സ് പഠിക്കാനും അടിസ്ഥാനഗണിതം അറിഞ്ഞേ തീരൂ എന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ ഗണിതശാസ്ത്ര വിഭാഗം പ്രഫസറായ ഡോ. എ. വിജയകുമാർ‌ ചൂണ്ടിക്കാട്ടുന്നു.

 

∙ സമീപനം മാറണം

 

ഉയർന്ന ക്ലാസുകളിൽ കണക്ക് പഠിച്ചാലുള്ള സാധ്യതകളും കരിയർ വഴികളും സംബന്ധിച്ച ഓറിയന്റേഷൻ പത്താംക്ലാസ് അവസാനിക്കുമ്പോഴേക്കും നൽകാൻ കഴിയണം. എൻജിനീയറിങ് പോലുള്ള പ്രഫഷനൽ കോഴ്സുകളിൽ രണ്ടോ മൂന്നോ സെമസ്റ്ററുകളിൽ അടിസ്ഥാന ഗണിതം (ഫണ്ടമെന്റൽ മാത്‌സ്) പഠിപ്പിച്ച ശേഷം അതതു ബ്രാഞ്ചിനു വേണ്ട കണക്കിന് ശ്രദ്ധ കൊടുക്കുകയാകും പ്രായോഗികം. ഉദാഹരണത്തിന് കംപ്യൂട്ടർ സയൻസ് പഠിക്കുന്നവർക്ക് നമ്പർ തിയറി കൂടി സിലബസിൽ ഉൾപ്പെടുത്തിയാൽ കോഡിങ് തിയറി, ക്രിപ്റ്റോളജി പോലുള്ള സാധ്യതകൾക്ക് ഉപകാരപ്പെടും.

 

ഇപ്പോഴാകട്ടെ 5,6 സെമസ്റ്ററുകൾ വരെ എല്ലാ ബ്രാഞ്ചുകാരും ഒരേ മാത്‌സ് പഠിക്കുന്നു. പ്രായോഗിക ഗണിതം അവഗണിക്കപ്പെടുന്നു. മാത്‌സ് ഉൾപ്പെടുന്ന കോംബിനേഷനുകൾ ( ഉദാ: മ്യൂസിക് ആൻഡ് മാത്‌സ്, എപ്പിഡെമിയോളജി ആൻഡ് മാത്‌സ്) അവതരിപ്പിക്കുന്നതും വിദ്യാർഥികളെ ആകർഷിക്കാൻ ഉപകാരപ്പെടും.

 

∙ ചില കരിയർ സാധ്യതകൾ

കണക്ക് പ്രധാന വിഷയമോ ഉപവിഷയമോ ആയി ഡിഗ്രി അല്ലെങ്കിൽ പിജി കഴിഞ്ഞിറങ്ങുന്നവർക്ക് അധ്യാപനമല്ലാതെ ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

 

1) ഡേറ്റാ സയന്റിസ്റ്റ്: അനുദിനം വളർന്നുകൊണ്ടിരിക്കുന്ന മേഖല. ഉപഭോക്തൃ ശീലങ്ങൾ കൃത്യമായി വിശകലനം ചെയ്ത് വിപണിതന്ത്രങ്ങൾ നടപ്പാക്കാൻ കമ്പനിയെ സഹായിക്കുകയാണ് പ്രധാന ജോലി.

2) മെഷീൻലേണിങ് എക്സ്പർട്ട്: 

കംപ്യൂട്ടർ ആൽഗരിതത്തെക്കുറിച്ചുള്ള പഠനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) മെഷീൻ ലാംഗ്വിജും റീട്ടെയ്ൽ, ലോജിസ്റ്റിക്സ്, ആരോഗ്യം, രാജ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ വലിയ അവസരങ്ങൾ നൽകുന്നു.

3) ബ്ലോക്ചെയിൻ ഡവലപ്പർ: ബ്ലോക്ചെയിൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയറുകൾ ഉണ്ടാക്കുകയാണ് ജോലി. 2030 ന് അകം തൊഴിലവസരങ്ങൾ 22 % വർധിക്കുമെന്നു യുഎസ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു.

4) ആക്ച്വറി (Actuary): പ്രോബബിലിറ്റി എന്ന ശാഖ ഉപയോഗപ്പെടുത്തി കമ്പനികളുടെ വെല്ലുവിളികൾ പരിഹരിക്കാൻ സഹായിക്കുന്ന ജോലി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ നടത്തുന്ന ആക്ച്വറീസ് കോമൺ എൻട്രൻസ് ടെസ്റ്റ് (ACET) വിജയിക്കുന്നവർക്ക് ഈ മേഖലയിൽ ഉപരിപഠനം നടത്താം. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത.

 

ഉപരിപഠനം: ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങൾ

1. ഐഎസ്ഐ കൊൽക്കത്ത

2. ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

3. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്

4. ഹരീഷ് ചന്ദ്ര റിസർച് ഇൻസ്റ്റിറ്റ്യൂട്ട് അലഹാബാദ്

5. ഐഐഎസ്‌സി ബെംഗളൂരു

 

Content Summary : UK's PM Rishi Sunak wants kids to study maths till age 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com