ADVERTISEMENT

‘‘ ആ കൊച്ചിനെ കണ്ടോ എന്തൊരു മേടാ അതിന്?’’

‘‘ അച്ഛന്റെ മരണശേഷം അവളിങ്ങനാ. ആരോടും മിണ്ടത്തില്ല’’.

‘‘ അയ്യോ ഇന്ന് സെമിനാറുണ്ട് ഞാൻ കോളജിൽ പോകത്തില്ല’’

‘‘ ആ ചേട്ടന് ഭാര്യയെ ഭയങ്കര സംശയമാണന്നേ. വല്ല കൗൺസിലിങ്ങിനും കൊണ്ടു പോകാൻ പറഞ്ഞാൽ വീട്ടുകാര് കേക്കത്തില്ല’’

മേൽ സൂചിപ്പിച്ച തരത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ പലരിലും കണ്ടിട്ടുണ്ടാകും. അല്ലെങ്കിൽ അത്തരം മാനസികാവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ടാകും. അത്തരം സാഹചര്യങ്ങളിൽ കൗൺസിലിങ്ങിനെപ്പറ്റി സൂചിപ്പിക്കുമ്പോൾ പലരും മുഖം കറുപ്പിച്ചിട്ടുണ്ടാകും. ‘ഭ്രാന്തിനു ചികിൽസിക്കുന്ന ഡോക്ടറെ കാണിക്കാൻ എന്റെ കൊച്ചിന് ഭ്രാന്തില്ല’ എന്ന് കടന്നു പറഞ്ഞവർ കൂടിയുണ്ടാകും. അത്തരം ആളുകൾക്കുവേണ്ടി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആരാണെന്നും അവരുടെ ജോലിയുടെ ശൈലിയെന്താണെന്നും വിശദമാക്കുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി. സൈലേഷ്യ. മാനസിക പ്രശ്നങ്ങൾ ആർക്കും എപ്പോഴും വരാവുന്ന ഒരു കാര്യമാണെന്ന് ഓർമിപ്പിച്ചുകൊണ്ട് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആകാൻ എന്തൊക്കെ പഠിക്കണമെന്നും എങ്ങനെ പഠിക്കണമെന്നും സൈലേഷ്യ വിശദീകരിക്കുന്നു.

 

∙ ആരാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്? 

 

മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രഫഷനലിനെയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നു പറയുന്നത്. ലക്ഷണങ്ങൾ രോഗസൂചനയാകുമ്പോൾ തെറപ്പി എന്ന ചികിൽസാ രീതിയാണ് ഇവർ സ്വീകരിക്കുന്നത്. മെഡിക്കൽ കോളജിൽ നിന്ന് പഠിക്കാവുന്ന എംഫിൽ മെഡിക്കൽ സൈക്കോളജിയെന്ന ഡിഗ്രിയാണ് ക്ലിനീഷ്യൻ ആകാനുള്ള മാനദണ്ഡം.

 

∙ തയാറെടുപ്പ് എപ്പോൾ തുടങ്ങണം?

 

പ്ലസ്ടു മുതൽ തയാറെടുപ്പ് തുടങ്ങണം. പ്ലസ്ടുവിന് സയൻസ് സ്ട്രീം എടുത്തു പഠിച്ച ശേഷം സൈക്കോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടണം. ബിരുദാനന്തര ബിരുദ ഘട്ടത്തിൽ ക്ലിനിക്കൽ സൈക്കോളജി, ന്യൂറോ സൈക്കോളജി, അപ്ലൈഡ് സൈക്കോളജി എന്നൊക്കെയുള്ള  വിഷയങ്ങൾ സ്പെഷലൈസ്ഡായി പഠിക്കാനുള്ള അവസരമുണ്ട്. അതിനു ശേഷം എൻട്രസ് എക്സാം എഴുതിയാണ് മെഡിക്കൽ കോളജിൽ പഠിപ്പിക്കുന്ന ദ്വിവത്സര ക്ലിനിക്കൽ സൈക്കോളജി എന്ന കോഴ്സിലേക്ക് അഡ്മിഷൻ നേടേണ്ടത്. ആ കോഴ്സ് പാസായാൽ ഇന്ത്യൻ ഗവൺമെന്റിന്റെ ആർസിഐ എന്ന സ്റ്റാറ്റ്യൂട്ടറി ബോഡി ഇഷ്യു ചെയ്യുന്ന, ക്ലിനിഷ്യനായി പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് ലഭിക്കും. 

 

∙ സൈക്കോളജിയിലെ വിവിധ സ്പെഷലൈസേഷനുകൾ ഏതൊക്കെയാണ്?

 

കൗമാരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന അഡോളസന്റ് ക്ലിനിക്, ചൈൽഡ് കൗൺസിലിങ് ക്ലിനിക് (പഠനവൈകല്യം, ശ്രദ്ധക്കുറവ്, പിരുപിരിപ്പ്, പെരുമാറ്റപരമായ പ്രശ്നങ്ങൾ ഇവ കൈകാര്യം ചെയ്യുന്ന ക്ലിനിക്), റിലേഷൻ ഷിപ് പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ക്ലിനിക് (ഫാമിലി തെറപ്പി), വിവാഹത്തിനു ശേഷം ലൈംഗിക ജീവിതത്തിലുള്ള തടസ്സങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗം (സെക്സ് തെറപ്പി), എന്നിങ്ങനെ സ്പെഷലൈസേഷ നുകളുണ്ട്. ഡെവലപ്മെന്റൽ ഡിസോർഡേഴ്സ് (ഓട്ടിസം പോലെയുള്ള പ്രശ്നങ്ങൾ) കൈകാര്യം ചെയ്യുന്ന ഏരിയയുണ്ട്. ഇതൊന്നുമല്ലാതെ ആധി, വിഷാദം, ഒബ്സഷൻ, സ്ട്രെസ് പോലെയുള്ള ക്ലിനിക്കൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നസ്പെഷലൈസേഷൻ ഏരിയാസും ഉണ്ട്.

 

∙ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനു വേണ്ട ഗുണങ്ങൾ?

 

വ്യക്തിത്വവും അഭിരുചിയും വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. വ്യക്തിത്വത്തിലെ പ്രത്യേകതകൾ, താൽപര്യം എന്നിവ നിർണായകമാണ്. നല്ല നിരീക്ഷണ പാടവം വേണം, മറ്റൊരാളെ നന്നായി കേൾക്കാനുള്ള മനസ്സും നല്ല വായനശീലവും ഈ ജോലി ചെയ്യുന്നവർക്ക് വേണ്ട ഒരു പ്രധാന ഗുണമാണ്. ഏറ്റവും പുതിയ കാര്യങ്ങൾ പഠിക്കുക എന്നതും പ്രധാനമാണ്.

 

∙ സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവർ തമ്മിലുള്ള വ്യത്യാസം?

 

എംബിബിഎസിനു ശേഷം എംഡി സൈക്യാട്രിയോ ഡിബിഎമോ പഠിച്ചതിനു ശേഷം മനോരോഗ ചികിൽസയ്ക്ക് ഫാർമക്കോ തെറാപ്പി (മരുന്നു ചികിൽസ) കൂടുതലായുപയോഗിക്കുന്നവരെയാണ് സൈക്യാട്രിസ്റ്റുകൾ എന്നു പറയുന്നത്. 

 

ക്ലിനിക്കൽ സൈക്കോളജിയിൽ അസസ്മെന്റും ചികിൽസയുമാണുള്ളത്. ചികിൽസ എന്നു പറയുമ്പോൾ തെറപ്പികളാണ് കൂടുതലും. ചിന്തിക്കുന്ന രീതിയിൽ, വ്യക്തിത്വത്തിൽ അനുകൂലമല്ലാത്ത കാര്യങ്ങളുണ്ടെങ്കിൽ അതിനെ ഉടച്ചുവാർത്ത് പുതിയ രീതികൾ പരിശീലിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. 

 

കൗൺസിലിങ് പോലെയുള്ള പ്രശ്ന പരിഹാര മാർഗങ്ങൾ നിർദേശിക്കുകയാണ് സൈക്കോളജിസ്റ്റ് ചെയ്യുന്നത്.

 

∙ ക്ലിനിക്കൽ സൈക്കോളജിയിൽ മരുന്നുകളേക്കാൾ കൂടുതൽ തെറപ്പികളാണോ?

 

ഒരാളുടെ പ്രശ്നങ്ങൾ കേട്ടാലുടനെ വേഗത്തിൽ ഒരു നിഗമനത്തിലെത്താതെ വിശദമായ പരിശോധനകൾ നടത്തുകയാണ് ആദ്യം ചെയ്യുക. അത്തരം പരിശോധനകളെ ഡയഗനോസ്റ്റിക് സൈക്കോ മെട്രി, സൈക്കോ മെട്രി എന്നൊക്കെയാണ് പറയുന്നത്. ചികിൽസ തേടിയെത്തുന്നവർ പറഞ്ഞ രോഗലക്ഷണങ്ങളുടെ എണ്ണം, തരം, തീവ്രത തുടങ്ങിയ കാര്യങ്ങളൊക്കെ ഈ പരിശോധനയിൽ മനസ്സിലാക്കാൻ സാധിക്കും. പരിശോധനയിലെ വസ്തുതകളും അവർ പറഞ്ഞ കാര്യങ്ങളും തമ്മിലുള്ള പൊരുത്തമൊക്കെ ഈ ഘട്ടത്തിൽ മനസ്സിലാക്കും. ഒപ്പം വന്ന ആളുകൾക്ക് പറയാനുള്ള കാര്യങ്ങളും രോഗനിർണയത്തിൽ വളരെ നിർണായകമാണ്. ഇത്രയും കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ചികിൽസാ നിർണയം നടത്തുന്നത്. ചില ആളുകൾക്ക് ഔഷധ ചികിൽസ വേണ്ടി വരും. മറ്റു ചിലർക്ക് തെറപ്പികൾ മതിയാകും. കൃത്യമായ രോഗനിർണയത്തിനു ശേഷമാണ് ഉചിതമായ ചികിൽസാവിധികൾ നിർദേശിക്കുന്നത്.

 

∙ ഈ ജോലിയിലെ വെല്ലുവിളികൾ എന്തൊക്കെയാണ്?

 

സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ചുറ്റുമുള്ളവരുടെ പ്രേരണ കൊണ്ടു മാത്രം ചികിൽസ തേടിയെത്തുന്നവരുണ്ട്. ചികിൽസയ്ക്കായെത്തുന്നയാളുടെ താൽപര്യം, സന്നദ്ധത, സഹകരണം ഇവയൊക്കെയുണ്ടെങ്കിലേ അവർ അനുഭവിക്കുന്ന അവസ്ഥയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാക്കാൻ സാധിക്കൂ. അതുപോലെ തന്നെ മറ്റൊരു കാര്യമുള്ളത് ചികിൽസയ്ക്കെത്തുന്നയാൾക്ക് സന്നദ്ധതയുണ്ടെങ്കിലും ചുറ്റുമുള്ളവർക്ക് ചികിൽസയോടു താൽപര്യം കാണില്ല എന്നുള്ളതാണ്. തനിയെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ, മുതിർന്നവരോടു സംസാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ എന്നൊക്കെയുള്ള തെറ്റിദ്ധാരണ വച്ചു പുലർത്തുന്നവരുമുണ്ട്. ഈ മനോഭാവവുമായി വരുന്നവർ തീർച്ചയായും വെല്ലുവിളികൾ ഉയർത്താറുണ്ട്. 

 

ഒരിക്കൽ മാനസിക പ്രശ്നങ്ങൾ വന്നിട്ടുണ്ടെങ്കിൽ അവർക്ക് വീണ്ടും വരാനുള്ള സാധ്യതയുടെ കാരണം തേടി ലോകമെമ്പാടും ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. അതിൽ ഒരു പഠനത്തിൽ എക്സ്പ്രസ്ഡ് ഇമോഷൻസിനെക്കുറിച്ച് പറയുന്നുണ്ട്. അതിൽ മൂന്നു കാര്യങ്ങളാണ് രോഗം ആവർത്തിച്ചു വരാനുള്ള കാരണങ്ങളായി പറയുന്നത്. 

 

1. വിമർശനാത്മകമായ കമന്റുകൾ

കുറ്റപ്പെടുത്തൽ ഒരു വീട്ടിൽ സ്ഥിരമായി ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും രോഗം വീണ്ടെടുക്കാനുള്ള സാധ്യതയേറെയാണ്.

 

2. ഓവർ ഇൻവോൾവ്മെന്റ് 

ഒരു പഴ്സനൽ സ്പേസും കൊടുക്കാതെ ശ്വാസം മുട്ടിക്കുന്ന വിധത്തിൽ എല്ലാക്കാര്യത്തിലും ഇടപെടുന്നവരാണ് ചുറ്റുമുള്ളതെങ്കിലും രോഗം വീണ്ടെടുക്കാം. 

 

3. ഹോസ്റ്റലിറ്റി

മർദ്ദന മുറകൾ, അടി, മോശം വാക്കുകൾ ഉപയോഗിച്ചുള്ള പെരുമാറ്റം, ശാരീരിക ഉപദ്രവങ്ങൾ  എന്നിവ ചെയ്യുന്ന ഒരാൾ വീട്ടിലുണ്ടെങ്കിൽ ചികിൽസ വേണ്ടവിധം പ്രയോജനപ്പെടില്ല. ചികിൽസ തേടിയെത്തുന്ന ആളുകൾക്ക് ഉചിതമായ ചികിൽസ നൽകിയാലും അവർ തിരികെപ്പോകുന്ന സാഹചര്യം നല്ലതല്ലെങ്കിൽ ചികിൽസ കൊണ്ട് ഫലമില്ലാതാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വ്യക്തിനിഷ്ഠമായ കാര്യങ്ങളും കുടുംബപശ്ചാത്തലവും കൃത്യമായി മനസ്സിലാക്കിയെങ്കിൽ മാത്രമേ പൂർണമായ ഗുണഫലം ഉണ്ടാക്കിക്കൊടുക്കാൻ സാധിക്കൂ എന്നതാണ് ഈ ജോലിയിലെ ഏറ്റവും വലിയ വെല്ലുവിളി.

 

∙ മാനസിക പ്രശ്നങ്ങൾ വന്നാൽ ഒരിക്കലും ഭേദമാവില്ലേ?

 

ഇന്റർനാഷനൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസിൽ പല അസുഖങ്ങളെപ്പറ്റിയും പറയുന്നുണ്ട്. അതിൽ ഒരു നൂറ് അസുഖങ്ങളെടുത്താൽ നാലോ അഞ്ചോ അസുഖങ്ങൾ മാത്രമേ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ട വിധത്തിൽ ഗുരുതരമായുള്ളൂ. മറ്റെല്ലാം തന്നെ പൂർണമായും ചികിൽസിച്ച് ഭേദപ്പെടുത്താവുന്നതാണ്. 

 

∙ മാനസികാരോഗ്യ വിദഗ്ധർക്കും മൂഡ് സ്വിങ്സ് വരാറുണ്ടോ?

 

വസ്തുതാപരമായി കാര്യങ്ങളെ സമീപിക്കാനും വൈകാരികാവസ്ഥകളെ വേറിട്ടു കാണാനും സാധിക്കുന്ന പരിശീലനത്തിലൂടെ കടന്നു പോയ ശേഷമാണ് ഒരാൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആകുന്നത്. യാഥാർഥ്യബോധത്തോടെയുള്ള സമീപനം ഇക്കാര്യത്തിൽ അത്യാവശ്യമാണ്. എംഫിൽ ക്ലിനിക്കൽ സൈക്കോളജിയുടെ പരിശീലനകാലത്തു തന്നെ വികാരങ്ങളാൽ ഭരിക്കപ്പെടാതിരിക്കാനുള്ള ഗ്രൂമിങ് നൽകാറുണ്ട്.  ഹോർമോൺ വ്യതിയാനങ്ങൾ, വ്യക്തിത്വത്തിന്റെ പ്രശ്നങ്ങൾ, ജീവിത സാഹചര്യങ്ങളിലെ ബുദ്ധിമുട്ടുകൾ പോലെയുള്ള കാരണങ്ങൾ കൊണ്ട് മാനസികരോഗ വിദഗ്ധർക്കും പല ബുദ്ധിമുട്ടുകളും വന്നേക്കാം. ആർക്കും എപ്പോൾ വേണമെങ്കിലും മാനസിക പ്രശ്നങ്ങൾ വരാം.

 

∙ ക്ലിനിക്കൽ സൈക്കോളജി എന്ന കരിയറിന്റെ സാധ്യത

 

വളരെ സാധ്യതയുള്ള കരിയറാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റേത്. മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളെ ചികിൽസിക്കാനുള്ള പ്രഫഷനലുകളുടെ അഭാവം സമൂഹം നേരിടുന്ന കാലഘട്ടത്തിൽ, വളരെ വളർച്ചാ സാധ്യത ഈ ജോലിക്കുണ്ട്. സേവനത്തിൽ അധിഷ്ഠിതമായ ഒരു ജോലിയാണിത്. വ്യക്തിനിഷ്ഠമായ സഹായമാണ് ക്ലയന്റ്‌സിന് നൽകേണ്ടത്. ഒരിക്കലും രണ്ടു പേർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒരുപോലെയാവില്ല. ഓരോ കേസും വ്യക്തമായി പഠിച്ച് അനുയോജ്യമായ ചികിൽസാവിധികൾ നിർദേശിക്കുന്നതിന് ഏറെ ശ്രമം ആവശ്യമാണ്. ക്ലിനിക്കൽ സൈക്കോളജി പഠിച്ചതിനു ശേഷം ക്ലിനീഷ്യൻ ആവാതെ മറ്റു മേഖലകളിലേക്കും പോകാനുള്ള അവസരം ഈ ജോലി പ്രദാനം ചെയ്യുന്നുണ്ട്.  ഭാവിയിൽ വളരെ  വളർച്ചാ സാധ്യതയുള്ള ഒരു ജോലിയാണ് ഫൊറൻസിക് സൈക്കോളജി. കേസന്വേഷണത്തിന്റെ ഭാഗമായി നിയമപാലകരെ സഹായിക്കാനും  ബിഹേവിയറൽ പ്രൊഫൈലിങ് ചെയ്യാനുമൊക്കെ ഫൊറൻസിക് സൈക്കോളജിയുടെ ഭാഗമാകുന്ന ആളുകളുണ്ട്. 

 

അതുപോലെ തന്നെ വളരെ സാധ്യതയുള്ള ഒരു ജോലിയാണ് സ്പോർട്‍സ് സൈക്കോളജിസ്റ്റിന്റേത്. സ്പോർട്സ് ടീമിനെ മോട്ടിവേറ്റ് ചെയ്യുക, സഹായിക്കുക, പോരാട്ടവീര്യം നിലനിർത്താനുള്ള പ്രേരണ അവർക്കു കൊടുക്കുക എന്ന ജോലിയായിരിക്കും അവിടെ അവരെ കാത്തിരിക്കുക. പല കോർപറേറ്റ് സ്ഥാപനങ്ങളിലും ജീവനക്കാരുടെ കാര്യക്ഷമത നിലനിർത്താനുള്ള പരിശീലനം നൽകാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടാറുണ്ട്. അതും തുറന്നു വയ്ക്കുന്നത് മികച്ചൊരു തൊഴിൽ സാധ്യതയാണ്. എങ്കിലും ക്ലിനിക്കൽ സൈക്കോളജി പഠിച്ച ശേഷം ക്ലിനിഷ്യനെന്ന നിലയിൽ പ്രവർത്തിക്കുന്നവരാണ് അധികവും.

 

Content Summary : Dr. Zaileshia Discusses Clinical Psychology scope and career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com