ADVERTISEMENT

ഒരു കമ്പനിയിൽ ജീവനക്കാരെ ഏറ്റവുമടുത്ത് അറിയുന്നവർ ആരായിരിക്കും? സംശയിക്കേണ്ട, ഹ്യൂമൻ റിസോഴ്സ് (എച്ച്ആർ) വിഭാഗത്തിലെ ജീവനക്കാർ തന്നെ. സ്ഥാപനത്തിന്റെ ആവശ്യമനുസരിച്ച് ഓരോ ജോലിക്കും അനുയോജ്യരെ കണ്ടെത്തുന്നത് മുതൽ ഓരോ വർഷവും പെർഫോമൻസ് റിവ്യൂ വരെ നീളുന്ന ജോലികൾ ചെയ്യേണ്ടി വരുന്ന എച്ച്ആർ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് എന്തെല്ലാം കഥകളാവും പറയനുണ്ടാവുക. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് എവിടി മക്‌‌കോർമിക് ഇൻ‌ഗ്രേഡിയന്റ്സ് ഹ്യൂമൻ റിസോഴ്സ് വൈസ് പ്രസിഡന്റ് കെ. കെ. രാമചന്ദ്രൻ.

 

വർഷങ്ങൾക്കു മുമ്പ് ഞാൻ ഒരു സ്ഥാപനത്തിൽ എച്ച്ആർ മാനേജർ ആയി ജോലി നോക്കുന്ന സമയം. ഏതു സ്ഥാപനത്തിലെ എച്ച്ആർ ഡിപ്പാർട്മെന്റിനും ഏറ്റവും ബുദ്ധിമുട്ടുള്ളത് വർഷം തോറും ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കുന്ന പെർഫോമൻസ് റിവ്യൂ ആണ്. ജീവനക്കാർക്ക്  ജോലിമികവ് അടിസ്ഥാനപ്പെടുത്തി പ്രമോഷനും ശമ്പള വർധനയും ബോണസും നൽകുക എന്നത് രണ്ടു മാസമെങ്കിലും നീണ്ടു നിൽക്കുന്ന  പ്രക്രിയയാണ്. പ്രമോഷൻ പ്രഖ്യാപിക്കുന്ന സമയവും റിവിഷൻ ലെറ്റർ ലഭിക്കുന്ന സമയവും സന്തോഷവും സങ്കടവും ആഹ്ലാദവും നിരാശയും ഒക്കെ പ്രതിഫലിക്കുന്ന ചർച്ചകളുടെ കാലമാണ്. പ്രതീക്ഷിച്ച പ്രമോഷനും ശമ്പളവർധനയും  ലഭിക്കാത്തവരുടെ നിരാശയും ദുഃഖവും അതു ലഭിച്ചവരെക്കാൾ പ്രകടമായി കാണാം. പലപ്പോഴും അവരുടെ കോപത്തിന്  ഇരയാകുന്നത് എച്ച്ആർ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ ഈ സമയം എച്ച്ആർ ജീവനക്കാർക്ക് വളരെയധികം മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടി വരും.

 

ഒരിക്കൽ പെർഫോമെൻസ് റിവ്യൂ കഴിഞ്ഞു മറ്റൊരു ജോലിത്തിരക്കിൽ മുഴുകിയിരിക്കുന്ന സമയത്താണ് മുറിയുടെ ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്. ഒപ്പം ഡോറിനിടയിലൂടെ ഒരു തലയും അകത്തേക്ക് വന്നു. ‘സർ തിരക്കിലാണോ?’ എൻജിനീയറിങ് വിഭാഗത്തിലെ രാധാകൃഷ്ണനാണ്. രാധാകൃഷ്ണൻ കമ്പനിയിൽ ഏകദേശം അഞ്ചു വർഷത്തോളമായി ‘എക്സിക്യൂട്ടീവ്’ ഗ്രേഡിൽ ജോലി നോക്കുന്നു. ഇത്തവണ തരക്കേടില്ലാത്ത ശമ്പള വർധനയും കിട്ടിയിട്ടുണ്ട്. എന്തിനാണാവോ ഇയാളുടെ പുറപ്പാട് എന്നു ചിന്തിക്കുമ്പോൾ രാധാകൃഷ്ണന്റെ സൗമ്യമായ ശബ്ദം കേട്ടു: ‘‘സാറിനോട് നന്ദി പറയാൻ വന്നതാണ്. എന്റെ റിവിഷൻ ലെറ്റർ കിട്ടി. നല്ല ഇൻക്രിമെന്റ് ഉണ്ട്. സാറിന്റെയൊക്കെ സഹായത്തിനും സപ്പോർട്ടിനും നന്ദി.’’

 

ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു – ‘‘രാധാകൃഷ്ണൻ, നിങ്ങൾ ഇത് നേടിയത് നിങ്ങളുടെ കഴിവും അധ്വാനവും കൊണ്ടാണ്. അതിനു മറ്റാർക്കും നന്ദി പറയേണ്ട. നന്നായി പെർഫോം ചെയ്യുന്നവരെ നമ്മുടെ സിസ്റ്റം കൃത്യമായി കണ്ടെത്തും എന്നതിന്റെ  തെളിവാണ് ഇത്’’. രാധാകൃഷ്ണൻ നന്ദി പറഞ്ഞു പുറത്തു പോയി.

 

രണ്ടു ദിവസം കഴിഞ്ഞു രാധാകൃഷ്ണൻ വീണ്ടും എന്റെ ക്യാബിനിൽ വന്നു. പഴയതു പോലെ സൗമ്യനായ വ്യക്തിയായിരുന്നില്ല അപ്പോൾ അയാൾ. ദേഷ്യത്തോടെ എന്റെ മുഖത്ത് നോക്കി അയാൾ ചോദിച്ചു – ‘‘എന്ത് സിസ്റ്റം ആണ് സർ ഇവിടെ? പണിയെടുക്കുന്നവന് ഒരു വിലയും ഇല്ല. എന്തെങ്കിലും നക്കാപ്പിച്ച ഇൻക്രിമെൻറ് തന്നാൽ എല്ലാവരും സഹിക്കും എന്നാണോ നിങ്ങൾ കരുതിയത്.’’

 

എനിക്കൊന്നും മനസ്സിലായില്ല. കഴിഞ്ഞ ദിവസം എന്നോട് നന്ദി പറഞ്ഞയാൾ ഇന്ന് എന്നെ കുറ്റപ്പെടുത്തുന്നു എന്നത് എന്നെ തികച്ചും അദ്ഭുതപ്പെടുത്തി. 

 

‘‘രാധാകൃഷ്ണൻ, നിങ്ങളല്ലേ കഴിഞ്ഞ ദിവസം എന്നോട് നന്ദി പറഞ്ഞു പോയത്?’’ – ഞാൻ ചോദിച്ചു. 

 

‘‘അത് എനിക്കപ്പോൾ കാര്യങ്ങൾ എല്ലാം അറിയില്ലായിരുന്നു. എന്റെ കൂടെ ജോലി ചെയ്യുന്ന രാജീവിന് നിങ്ങൾ എനിക്ക് നൽകിയതിനെക്കാൾ രണ്ടായിരം രൂപ അധികം ഇൻക്രിമെന്റ് കൊടുത്തില്ലേ ? എനിക്ക് ‘Very Good Rating’. അയാൾക്ക് ’Excellent Rating’. ഇവിടെ ഇങ്ങനെയൊക്കെയേ നടക്കുകയുള്ളൂ എന്ന് എനിക്കറിയാം. പണിയെടുക്കുന്നവന് ഒരു വിലയും ഇല്ല..’’

 

work-experience-series-k-k-ramachandran-memoir-author-image
കെ. കെ. രാമചന്ദ്രൻ

രാജീവ് ആ വർഷം വലിയ ഒരു പ്രോജക്റ്റ് കംപ്ലീറ്റ് ചെയ്യുന്നതിൽ സുപ്രധാന പങ്കു വഹിച്ച ആളാണ് എന്നും രാജീവിന് രാധാകൃഷ്ണനെക്കാൾ 6 വർഷം സീനിയോറിറ്റി ഉണ്ട് എന്നതും ഓർമപ്പെടുത്താൻ ഞാൻ ശ്രമിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ രാധാകൃഷ്ണൻ തയാറായില്ല. ദേഷ്യപ്പെട്ടുകൊണ്ടു മുറിയിൽനിന്ന് ഇറങ്ങിപ്പോയി. 

 

അര മണിക്കൂറിനു ശേഷം രാജീവ് എന്റെ മുറിയിൽ വന്നു. രാധാകൃഷ്ണൻ എന്നോട് ദേഷ്യപ്പെട്ട വിവരം എങ്ങനെയോ അറിഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ വന്നതാണെന്ന നിഗമനം പൂർണമായും തെറ്റി എന്ന് അടുത്ത നിമിഷം ബോധ്യപ്പെട്ടു.

 

‘‘ഞാൻ എത്ര കാലമായി ഇവിടെ ജോലി  ചെയ്യുന്നു എന്ന് സാറിനു അറിയാമല്ലോ...’’ കോപം കലർന്ന ശബ്ദത്തിൽ രാജീവ് എന്നോട് ചോദിച്ചു . ‘‘ഈ വർഷം രാപകലില്ലാതെ പണിയെടുത്തിട്ടാണ് ഞാൻ ആ പ്രോജക്റ്റ് തീർത്തത് എന്നും സാറിനറിയാമല്ലോ?’’  

 

‘‘അതിൽ ആർക്കാണ് സംശയം രാജീവ്?’’  – ഞാൻ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. 

 

‘‘എന്നിട്ടാണോ രാധാകൃഷ്ണനു കൊടുത്തതിനെക്കാൾ വെറും രണ്ടായിരം രൂപ മാത്രം എനിക്ക് ഇൻക്രിമെന്റ് തന്നത്.’’

 

അടുത്തവാചകം എന്നെ ഞെട്ടിച്ചു കളഞ്ഞു – ‘‘അല്ല, ഇവിടെ ഇങ്ങനെയൊക്കെയേ നടക്കുകയുള്ളൂ എന്ന് എനിക്കറിയാം. പണിയെടുക്കുന്നവന് ഒരു വിലയും ഇല്ല...’’

രാധാകൃഷ്ണൻ പറഞ്ഞ അതേ വാചകം.

 

ഇന്ന് രാധാകൃഷ്ണനും രാജീവും പ്രസിദ്ധമായ രണ്ടു കമ്പനികളിൽ സീനിയർ പൊസിഷനുകളിൽ ജോലി ചെയ്യുന്നു. അവർ ഈ കാര്യം ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. (വ്യക്തികളുടെ സ്വകാര്യത മാനിച്ചു യഥാർഥ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല). പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ സംഭവം എന്റെ മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. കാരണം ഈ സംഭവം എനിക്ക് വലിയ ഒരു ജീവിത പാഠമാണ് നൽകിയത് – ഓരോ വ്യക്തിയുടെയും സന്തോഷം ജീവിതത്തിൽ അവർക്ക് എന്ത് ലഭിച്ചു എന്നതിലല്ല, മറ്റുള്ളവർക്കുള്ളതിനേക്കാൾ എത്ര കൂടുതൽ  ലഭിച്ചു എന്നതിലാണ്.

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

 

Content Summary : Career Work Experience Series - K. K. Ramachandran Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com