ADVERTISEMENT

ധാരാളം സമ്പത്തുണ്ടെങ്കിലും അയാൾക്കു മനസ്സമാധാനമില്ല. ചോദിക്കുന്നതെന്തും നൽകുന്ന ഒരു സന്യാസിയുണ്ടെന്നു കേട്ട് അയാൾ അവിടെയെത്തി. കാര്യമറിഞ്ഞപ്പോൾ, തന്നോടൊപ്പം താമസിക്കാൻ സന്യാസി അയാളെ ക്ഷണിച്ചു. ആദ്യദിനം ധനികനെ പകൽ മുഴുവൻ വെയിലിൽ ഇരുത്തിയശേഷം സന്യാസി തന്റെ കുടിലിനുള്ളിലിരുന്നു. ദേഷ്യംവന്നെങ്കിലും അയാൾ പ്രതികരിച്ചില്ല. രണ്ടാം ദിവസം അയാൾക്ക് ഒന്നും നൽകാതെ സന്യാസി അയാളുടെ മുന്നിലിരുന്നു വയറുനിറയെ ഭക്ഷിച്ചു. കുപിതനായി പോകാനിറങ്ങിയ അയാൾ പറഞ്ഞു. എനിക്ക് ഇവിടെനിന്ന് ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല, എന്നെ താങ്കൾ കഷ്ടപ്പെടുത്തുകയും ചെയ്തു. സന്യാസി പറഞ്ഞു. ഞാൻ തന്നെങ്കിലും നീ ഒന്നും എടുക്കാത്തത് എന്റെ കുഴപ്പമല്ല. നിന്നെ വെയിലിൽ നിർത്തിയപ്പോഴും പട്ടിണിക്കിട്ടപ്പോഴും ഞാൻ ഒരു കാര്യം പറയാൻ ശ്രമിച്ചു. എന്റെ തണലോ ഭക്ഷണമോ നിനക്ക് ഉപകരിക്കില്ല. നിന്റെ സമ്പത്ത് നീ ഉണ്ടാക്കിയതാണ്. നിന്റെ സമാധാനവും നീ തന്നെ കണ്ടെത്തണം. 

 

സന്തോഷം കൊടുക്കുന്ന വിപണനശാലകളില്ല. സമാധാനം വിൽക്കുന്ന സൂപ്പർമാർക്കറ്റുകളുമില്ല. വസ്തുവകകൾ മാത്രമാണ് അളന്നുതൂക്കി ലഭിക്കുന്നത്. വൈകാരികാനുഭൂതികൾ ഉറവിടങ്ങളും ഉദ്ദിഷ്ടസ്ഥാനങ്ങളുമില്ലാതെ ഉണ്ടാകുന്നതാണ്. സമ്പത്തും സൗകര്യങ്ങളും സ്വന്തമാക്കിയതുപോലെ ശാന്തിയും മനഃസുഖവും കൈവശമാക്കാം എന്നുകരുതുന്നതാണ് സമ്പാദ്യശീലത്തിലെ അടിസ്ഥാന തെറ്റ്. 

 

പുറത്തുനിന്ന് ലഭിക്കുന്ന പ്രതിഫലങ്ങളുമുണ്ട്, അകമെനിന്നു സ്വയം രൂപപ്പെടുന്ന പ്രതിഫലങ്ങളുമുണ്ട്. ലാഭവും നഷ്ടവും പുറമെ നിന്നു ലഭിക്കും. സന്തോഷവും സങ്കടവും ഉള്ളിൽ നിന്നു പുറപ്പെടുന്നതാണ്. സന്തോഷത്തി നുവേണ്ടിയുള്ള കർമങ്ങളും സന്തോഷപൂർവമുള്ള കർമങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നവരുടെ പ്രവൃത്തികൾ മാത്രമേ ആസ്വാദ്യകരമാകൂ. 

 

വിയർത്തൊഴുകുന്നവനാണു കുളിർകാറ്റ് അനുഭവവേദ്യമാകുന്നത്. ശീതീകരിച്ച മുറിയിലിരിക്കുന്നവന് കാറ്റ് ഒരനുഭൂതിയേയല്ല. വെയിലുകൊണ്ടവനാണ് തണലിന്റെ ആശ്വാസം മനസ്സിലാവുക. ചെയ്യുമ്പോൾ മാത്രമല്ല ചെയ്തതിനുശേഷവും സന്തോഷം നിലനിർത്തുന്ന കാര്യങ്ങൾ മാത്രമേ സമാധാനം നൽകൂ.

 

Content Summary : How to Find Inner Peace and Happiness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com