ADVERTISEMENT

മഞ്ഞുകാലത്ത്  രാവിലെ പുഴയിൽ  കുളിക്കാൻ പോകുന്നവർ നേരിടാറുള്ള പ്രയാസമുണ്ട്. എങ്ങനെ തണുത്ത വെള്ളത്തിലേക്ക് ഇറങ്ങും? വെള്ളത്തിൽ തൊട്ടു നോക്കി, ഹൊ, എന്തൊരു തണുപ്പ്!’ എന്നു പറഞ്ഞ് അറച്ചറച്ചു നിൽക്കും. കുളിരുകാരണം താടി ചെറുതായി വിറച്ച് പല്ലു കൂട്ടിയടിച്ചെന്നുമിരിക്കും. ഒന്ന് ഇറങ്ങിക്കിട്ടിയാൽപ്പിന്നെ പ്രശ്നമൊന്നുമില്ല. നീന്തുകയോ തുടിക്കുകയോ ഒക്കെയാകാം.

 

പക്ഷേ മറ്റൊരു കൂട്ടരുണ്ട്. അവർക്കു പ്രശ്നമേയില്ല. ചുറുചുറുക്കുള്ള കുട്ടികൾ. അവർ തെല്ലുദൂരെനിന്ന് ഓടിയെത്തി ഒറ്റക്കുതിപ്പിനു വെള്ളത്തിലേക്കു ചാടിക്കളയും. അറച്ചുനിൽക്കേണ്ട കാര്യമേയില്ലാത്തവർ.

Read Also : കാണാതെ പഠിക്കണോ?

ഏതെങ്കിലും  കാര്യം തുടങ്ങിക്കിട്ടാൻ വിഷമിക്കുന്നവർക്കു സ്വീകരിക്കാവുന്ന മാതൃക ഒറ്റക്കുതിപ്പിനു ചാടുന്ന കുട്ടികളാണ്. അറച്ചറച്ചു നിൽക്കുന്ന സംശയാലുക്കളല്ല. ഇക്കാര്യം നിർദ്ദേശിക്കുന്ന ഇംഗ്ലിഷ് വാക്യമുണ്ട് : DO IT NOW.

 

ക്ലാസ്കയറ്റംകിട്ടി ഉയർന്ന ക്ലാസിലെത്തിയ കുട്ടിയുടെ സംശയം എന്നു പഠിത്തം തുടങ്ങണമെന്നാവാം. വലിയ പരീക്ഷയ്ക്കുള്ള‌തയാറെടുപ്പ് എന്നു തുടങ്ങണമെന്നു സംശയിച്ചുകഴിയുന്നവരുമുണ്ട്. ഇവിടെപ്പറയുന്ന നല്ല പഠനശീലങ്ങൾ മനസ്സിലാക്കുന്നവരും സംശയിച്ചേക്കാം, ഇതെല്ലാം എന്നു നടപ്പാക്കിത്തുടങ്ങണമെന്ന്. സംശയമേ വേണ്ട. ഉടൻ തുടങ്ങുക.

 

മോട്ടർസൈക്കിളും കാറും ഓടിക്കുന്നവർക്ക് ചിലപ്പോൾ എൻജിൻ സ്റ്റാർട്ടു ചെയ്തുകിട്ടാൻ വിഷമമുണ്ടാകാറുണ്ട്. പക്ഷേ അരെങ്കിലും വണ്ടി അൽപം തള്ളിക്കൊടുത്ത് എൻജിൻ സ്റ്റാർട്ടായിക്കഴിഞ്ഞാൽപ്പിന്നെ വണ്ടി ഉഷാറായി ഓടിക്കൊള്ളും. തുടങ്ങിക്കിട്ടാനുള്ള പ്രയാസത്തെ സൂചിപ്പിക്കാനാണ് നാം സ്റ്റാർട്ടിങ് ട്രബിൾ എന്നു പറയുന്നത്.  പഠിത്തത്തിന്റെ കാര്യത്തിലും പലർക്കും ഈ പ്രയാസമുണ്ട്.  

 

എന്തുകൊണ്ടാണ് പലരും തുടങ്ങാൻ സംശയിക്കുന്നത്? ശ്രമം പരാജയപ്പെടുമോയെന്ന ഭയം ഇതിനു കാരണമാകാം. ‘ഈ വിഷയം പഠിക്കുന്നതു വലിയ പ്രയാസമാണ്, എന്നെക്കൊണ്ട് അതു കഴിയില്ല’ എന്നു വിചാരിക്കുന്ന കുട്ടി തുടക്കം മനഃപൂർവം വച്ചുതാമസിപ്പിക്കും. ആ സാഹചര്യത്തിൽ കുട്ടിക്ക് പ്രോത്സാഹനം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ‘എത്രയോ കുട്ടികൾ ഈ വിഷയം പഠിച്ചു വിജയിച്ചിരിക്കുന്നു, നിനക്കും അത് നിഷ്പ്രയാസം കഴിയും’ എന്ന രീതിയിൽ പ്രോത്സാഹിപ്പിച്ച് പഠനം തുടങ്ങിക്കാം.

 

ഇത്തരത്തിൽ കുട്ടിക്ക് സംശയവും ഭയവും വരാൻ കാരണമുണ്ട്. ഈ വിഷയം കഠിനമാണ് എന്ന രീതിയിൽ സീനിയർ വിദ്യാർഥികളോ ചില അധ്യാപകർതന്നെയോ പറഞ്ഞു കേട്ടിരിക്കാം. അങ്ങനെ പേടിപ്പിച്ചേക്കാവുന്ന അഭിപ്രായം കുട്ടികളോടു പറയാതിരിക്കാൻ ബന്ധപ്പെട്ടവരെല്ലാം ശ്രദ്ധിക്കണം. അഥവാ അത്തരം അഭിപ്രായം കേൾക്കാനിടവന്നാൽ കുട്ടി അത് അവഗണിക്കുകയും വേണം. 

Read Also : പഠനത്തിലെ ഏകാഗ്രത

ഒരു വിഷയത്തിലെ ഏതെങ്കിലുമൊരു ഭാഗം മനസ്സിലാക്കാൻ പ്രയാസം അനുഭവപ്പെട്ട സീനിയർ വിദ്യാർഥി, ആ വിഷയം മുഴുവനും കടുകട്ടിയാണെന്ന് തെറ്റായി വിലയിരുത്തിയിരിക്കാം. അങ്ങനെയുള്ള വിലയിരുത്തൽ ശരിയല്ലെന്ന് കുട്ടികളെ  ബോധ്യപ്പെടുത്തുന്ന ചുമതല അധ്യാപകർക്കുണ്ട്. തെറ്റായ വിലയിരുത്തൽ സന്ദേശമായി കുട്ടികൾക്കിടയിൽ വ്യാപിക്കുന്നത് ഹാനികരമാണ്.

 

‘എന്തിന് ഞാൻ ന‌േരത്തേ പഠനം തുടങ്ങണം, അവസാനനിമിഷം പഠിച്ചുതുടങ്ങിയാലും എല്ലാം ഭംഗിയാക്കാനുള്ള ബുദ്ധിയും കഴിവും എനിക്കുണ്ട്’ എന്നു വിചാരിച്ച് തുടക്കം വൈകിപ്പിക്കുന്ന കുട്ടി വിഷമഘട്ടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. ആ സാഹസം വേണ്ട.

 

മാറ്റിവയ്ക്കുന്ന ശീലം പല നഷ്ടങ്ങൾക്കും വഴിവയ്ക്കും. ചില സാഹചര്യങ്ങളിലെങ്കിലും തുടങ്ങേണ്ടത് ഒരിക്കലും തുടങ്ങാതെ പോകാറുമുണ്ട്. If you go by the street of ‘by and by’, you will reach the village of ‘never’ എന്ന മൊഴിയിൽ ഏറെ സത്യമുണ്ട്. ‘നാളെ നാളെ, നീളെ നീളെ’ എന്നതും ഏതാണ്ട് ഇതേ ആശയം വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ഏറ്റവും പ്രശസ്തമായ മൊഴിയാണ് ‘Procrastination is the thief of time’ (മാറ്റിവയ്ക്കുന്ന ശീലം സമയം മോഷ്ടിച്ചുകളയും) എന്നത്.

 

സ്റ്റാർട്ടിങ് ട്രബിളിന് അടിമയാകാതെ, കിട്ടുന്ന ആദ്യത്തെ അവസരത്തിൽത്തന്നെ പഠനം തുടങ്ങുക.

 

 

Content Summary : Start Your Study Right Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com