ADVERTISEMENT

കുറുക്കന്റെ ദേഹം മുഴുവൻ ചെള്ള് നിറഞ്ഞു. കുടഞ്ഞുനീക്കാൻ ശ്രമിച്ചെങ്കിലും അവ പെരുകി. ഒരു ദിവസം നദിയിൽ വെള്ളം കുടിക്കാനെത്തിയ കുറുക്കൻ വെള്ളത്തിൽ മുൻകാലുകൾ കുത്തി. നനഞ്ഞ ഭാഗത്തെ ചെള്ളുകളെല്ലാം താഴേക്കു വീഴുന്നതു കുറുക്കൻ ശ്രദ്ധിച്ചു. ഉടൻ വലിയ കമ്പും കടിച്ചുപിടിച്ച് അവൻ വെള്ളത്തിലേക്കിറങ്ങി. കാല് വെള്ളത്തിൽ മുങ്ങിയപ്പോൾ ചെള്ളുകൾ വയറിന്റെ ഭാഗത്തേക്കു കയറി. കുറുക്കൻ കൂടുതൽ മുങ്ങി. ചെള്ളുകൾ കഴുത്തിലേക്കും തലയിലേക്കും കയറി. കുറുക്കൻ ദീർഘശ്വാസമെടുത്തു പിന്നെയും മുങ്ങി. രക്ഷയില്ലാതെ ചെള്ളുകൾ കമ്പിലേക്കു കയറി. കുറുക്കൻ ആ കമ്പ് നദിയിലുപേക്ഷിച്ച് തിരിച്ചുനടന്നു.

Read Also : ആ ധാരണ അപകടകരമാണ്

ഉള്ള് കാർന്ന് ഉയിരെടുക്കാൻ ശേഷിയുള്ളവയെ ഉടലോടെ എടുത്തുകളയണം. അകറ്റാൻ ശ്രമിച്ചാലും അകമ്പടി സേവിക്കാൻ തയാറാകുന്ന ആളുകളുണ്ട്. നിഗൂഢ താൽപര്യങ്ങളാണ് അവരുടെ ലക്ഷ്യം. സൗഹൃദത്തിന്റെയും സമ്പർക്കസുഖത്തിന്റെയും മേൽക്കുപ്പായമണിഞ്ഞ് അവർ അടുത്തുകൂടും. പൂർണനശീകരണത്തിന് ഒരുമ്പെടാത്തവരൊന്നും ശത്രുക്കളായി പ്രത്യക്ഷപ്പെടില്ല. അവർക്കു വാത്സല്യത്തിന്റെയും അനുകമ്പയുടെയും സഹായമനസ്കതയുടെയും ഊഷ്മളതയുണ്ടാകും. ആത്മബന്ധമോ അടിമത്തമോ രൂപപ്പെട്ടില്ലെങ്കിൽ പെട്ടെന്നു കുടഞ്ഞെറിയും എന്നറിയുന്നതുകൊണ്ട് മനസ്സിലും ദിനചര്യകളിലും കയറിക്കൂടുക എന്നതാകും അവരുടെ പ്രാഥമിക ചുവട്. 

 

കടിച്ചുതൂങ്ങി നിൽക്കുന്നവയെ കരുതലോടെ മാത്രമേ കളയാവൂ. വലിച്ചുപറിക്കാൻ ശ്രമിച്ചാൽ അവയുടെ ദംഷ്ട്രകളേറ്റ് ദേഹം മുറിയുകയേയുള്ളൂ. ഏതു സുഖാനുഭവത്തിലാണോ അവർ അഭിരമിക്കുന്നത് ആ അനുഭവത്തിന്റെ വിരുദ്ധാനുഭവം നൽകുക എന്നതാണ് അത്തരക്കാരെ ഒഴിവാക്കാനുള്ള എളുപ്പവഴി. സ്വയം ഒഴിയാൻ നിർബന്ധിത രാകുന്ന അസഹ്യസാഹചര്യങ്ങളിൽ മാത്രമേ അവർ പൂർണമായും ഒഴിഞ്ഞുപോകൂ. പുതിയ ബന്ധങ്ങളിലും സൗഹൃദങ്ങളിലുമേർപ്പെടുമ്പോൾ ആ സമ്പർക്കത്തിന്റെ ഫലത്തെക്കുറിച്ച് കൃത്യമായ ഇടവേളകളിൽ  പരിശോധന നടത്തുന്നത് നല്ലതാണ്. 

 

സ്വന്തം ശരീരത്തെയും ആത്മാവിനെയും നശിപ്പിക്കുന്ന എന്തെങ്കിലും കണ്ടെത്തിയാൽ അത്തരം ബന്ധങ്ങൾക്ക് പൂർണവിരാമമിടണം. അപകടകരമെന്നു സംശയിക്കുന്നവയെ ആദ്യഘട്ടത്തിൽത്തന്നെ ഉപേക്ഷിക്കണം. എത്രമാത്രം വേരുകൾ ആഴ്ന്നിറങ്ങുന്നുവോ അത്രമാത്രം വേദനാജനകമായിരിക്കും വേർപിരിയലും.

 

Content Summary : How to handle danger friends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com