ADVERTISEMENT

ആശുപത്രികളുമായി ബന്ധപ്പെട്ടും അല്ലാതെയും ന്യൂറോ സൈക്കോളജിയിൽ ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്. തലച്ചോറും ശരീരത്തിന്റെ പ്രതികരണങ്ങളുമായുള്ള ബന്ധം പഠിക്കുന്ന ശാസ്ത്ര ശാഖയാണിത്. അപകടങ്ങളിലുൾപ്പെടെ തലച്ചോറിന് പരുക്ക് പറ്റുമ്പോഴും പെരുമാറ്റ വൈകല്യങ്ങളുണ്ടാകുമ്പോഴും വിവിധ സിദ്ധാന്തങ്ങളുടെ സഹായത്തോടെ ന്യൂറോ സൈക്കോളജിസ്റ്റ് കാരണവും പ്രതിവിധിയും കണ്ടെത്തുന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ശാസ്ത്രീയമായി പരിശോധിച്ചും മനസ്സിലാക്കിയും കൃത്യമായ പ്രതിവിധികൾ കണ്ടെത്തേണ്ടതുണ്ട്. തലച്ചോറുമായി ബന്ധപ്പെട്ടതായതിനാൽ ഒരു പിഴവും സംഭവിക്കാതെ വേണം ചികിത്സ. ചെറിയ ഒരു പിഴവ് പോലും രോഗിയുടെ ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾക്കു കാരണമാകും. എന്നാൽ കൃത്യമായ ചികിത്സ രോഗികളെ ജീവിതത്തിലേക്കു തിരിച്ചുവിളിക്കുകയും അവരുടെ ജീവിതത്തിന്റെ ഗുണനിലവാരം കൂട്ടുകയും ചെയ്യുന്നു. വെല്ലുവിളികൾ നിറഞ്ഞതും അതേ സമയം ഉ‍യർ‌ന്ന ചിന്താശേഷിയുള്ളവരെ സംതൃപ്തിപ്പെടുത്തു ന്നതുമാണ് ഈ പ്രഫഷൻ. 

Read More : റിസ്ക് ഭയന്ന് ജോലി മാറാൻ മടിക്കുന്നവരോട്

ചികിത്സയിലെ സങ്കീർണത 

 

വൈവിധ്യമാണ് ന്യൂറോ സൈക്കോളജിയുടെ ഏറ്റവും വലിയ സവിശേഷത. ചികിത്സ, ഗവേഷണം, അധ്യാപനം എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യാപരിക്കാൻ അവസരം നൽ‌കുന്നു. ന്യൂറോ സൈക്കോളജിയിലെ മിക്കവരും രോഗികളെ നേരിട്ടു കണ്ടു പരിശോധിച്ച് ചികിത്സ നിശ്ചയിക്കുമ്പോൾ, പരിശോധനയും പരീക്ഷണവും മാത്രമായി കരിയർ‌ മുന്നോട്ടു കൊണ്ടുപോകുന്നവരുമുണ്ട്. മനുഷ്യ മനസ്സിനെക്കുറിച്ചാണ് പ്രധാനമായും പഠനം. പലപ്പോഴും ലളിതമായിരിക്കില്ല ചികിത്സ. കാരണങ്ങൾ വേഗത്തിൽ കണ്ടെത്താനും ആയെന്നുവരില്ല.  സങ്കീർണമായിരിക്കും രോഗങ്ങൾ. പ്രതിവിധി നിശ്ചയിക്കുന്നതും ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ നീണ്ട പഠനത്തിനു ശേഷമായിരിക്കും. എല്ലാവരെയും ഒരേ തരത്തിലുള്ള ചികിത്സയ്ക്കല്ല വിധേയമാക്കുന്നത്.  കുട്ടികളെ മാത്രം ചികിത്സിക്കുന്നവരുണ്ട്. അതുപോലെ പ്രായപൂർത്തിയായവരുടെ പ്രശ്നങ്ങൾ മാത്രം ഗവേഷണത്തിനു വിധേയമാക്കുന്നവരുമുണ്ട്. 

 

നിരന്തര ഗവേഷണം 

 

ഡോക്ടർമാരാണെങ്കിലും ആശുപത്രിയിൽ മാത്രം ഒതുങ്ങിക്കൂടുന്നവരല്ല ന്യൂറോ സൈക്കോളജിസ്റ്റുകൾ. വിവിധ സർ‌വകലാശാലകളിലെ പരീക്ഷണശാലകളിൽ പ്രവർത്തിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ക്ലിനിക്കൽ പരിശീലനം ഉൾപ്പെടെയുള്ള മേഖലകളിലായിരിക്കും ഒരു വിഭാഗത്തിന്റെ പ്രവർത്തനം. കോളജുകളിലും സ്കൂളുകളിലും പോലും ഇവർക്ക് പ്രവർത്തിക്കാൻ അവസരങ്ങളും സാധ്യതകളുമുണ്ട്. നിരന്തര ഗവേഷണമാണ് വലിയൊരു പ്രത്യേകത. മറ്റൊരു ചികിത്സാ ശാഖയ്ക്കുമില്ലാത്തരീതിയിൽ കൃത്യമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നിഗമനങ്ങളിൽ എത്താൻ കഴിയൂ. പലപ്പോഴും ചികിത്സ സമയമെടുക്കുന്നതും ഏറെ നാളത്തെ അധ്വാനം ആവശ്യപ്പെടുന്നതുമായിരിക്കും. 

 

മനസ്സിന്റെ ഡോക്ടർ 

 

ഓർമക്കുറവ്, നിരാശ, വിഷാദം തുടങ്ങി മനസ്സിനെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന തിനാൽ രോഗികളുടെ നന്ദിയും കടപ്പാടും ഏറ്റവും കൂടുതൽ ലഭിക്കുന്നത് ന്യൂറോസൈക്കോളജിസ്റ്റുകൾക്കായിരിക്കും. ബ്രെയിൻ ട്യൂമർ, സെറിബ്രൽ പാൾസി, ഡൗൺ സിൻഡ്രോം, ഓട്ടിസം തുടങ്ങിയ ഒട്ടേറെ രോഗാവസ്ഥകളും കുട്ടിക്കാലത്തും കൗമാരത്തിലും കാണുന്ന സ്വഭാവത്തിലെ വ്യതിയാനങ്ങളും ചികിത്സിച്ചു ഭേദമാക്കേണ്ടിവരും. രോഗികളുടെ ജീവിതത്തെ ഇത് നേരിട്ടു ബാധിക്കുന്നതാണ്. പലതും കുടുംബങ്ങളെത്തന്നെ ബാധിക്കുന്നതാണ്. രോഗം മാറിയാലും ഇല്ലെങ്കിലും പലപ്പോഴും നിരന്തര പരിചരണവും ശ്രദ്ധയും ചികിത്സയും വേണ്ടിവന്നേക്കാം. 

 

മുന്നിലാണ്; പ്രതിഫലത്തിലും 

 

എണ്ണമറ്റ രോഗികളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം ഉണ്ടാക്കുന്നതിനാൽ ന്യൂറോ സൈക്കോളജിസ്റ്റുകൾക്ക് താരതമ്യേന മികച്ച പ്രതിഫലവും ലഭിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാധ്യതകളും അവസരങ്ങളും കൂടാനാണ് സാധ്യത. സാധാരണ സൈക്കോളജിസ്റ്റുകളേക്കാൾ അവസരം ന്യൂറോ സൈക്കോളജിസ്റ്റുകൾക്ക് ലഭിച്ചേക്കാം. ഗവേഷണ മേഖലയിലും ഒട്ടേറെ തൊഴിലവസരങ്ങൾ ഇവരെ കാത്തിരിക്കുന്നു. വെല്ലുവിളി ഏറ്റെടുക്കാനും മനസ്സിന്റെ സങ്കീർണമായ വഴികളിലൂടെ സഞ്ചരിക്കാനും തയാറുള്ളവർക്കു മാത്രം തിരഞ്ഞെടുക്കാവുന്ന പ്രഫഷനാണിത്. ആദരവും ബഹുമാനവും സ്നേഹവും ലഭിക്കുന്നതിനൊപ്പം സംതൃപ്തിയും കൂടുതൽ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. 

 

Content Summary : What Are the Benefits of Neuropsychology As a Career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com