ADVERTISEMENT

ഐഎഫ്‌എസ്, ഐഎഎസ്, ഐപിഎസ് അടക്കം 21 സർവീസുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയുടെ ആദ്യഘട്ടമായ പ്രിലിമിനറിയിൽ പങ്കെടുക്കേണ്ടവർ 21ന് വൈകിട്ട് 6 നകം https://upsconline.nic.in എന്ന സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. പ്രിലിമിനറി പരീക്ഷ മേയ് 28ന്. 1105 ഒഴിവുകളാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഇതിൽ 37 ഭിന്നശേഷിക്കാർക്ക്. അപേക്ഷിക്കാനുള്ള വിശദനിർദേശങ്ങൾ സൈറ്റിലുണ്ട്. മുഖ്യവിജ്ഞാപനമടക്കം വിശദവിവരങ്ങൾക്ക് https://upsc.gov.in എന്ന സൈറ്റിലെ Examination ലിങ്ക് നോക്കാം.

Read Also : സിവിൽ സർവീസസ് പരീക്ഷ: അപേക്ഷ 21 വരെ

അപേക്ഷാഫീ 100 രൂപ ഓൺലൈനായോ സ്റ്റേറ്റ് ബാങ്കിൽ പണമായോ അടയ്ക്കാം. പട്ടിക, ഭിന്നശേഷി, വനിതാ വിഭാഗക്കാർ ഈ ഫീ അടയ്ക്കേണ്ട, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയും പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങളിൽപെടും. ആദ്യമാദ്യം ചോദിക്കുന്നവർക്കു കേന്ദ്രം അനുവദിക്കുന്ന രീതിയാണ്. മെയിനിന് കേരളത്തിൽ തിരുവനന്തപുരം മാത്രമാണു കേന്ദ്രം.

 

∙ അപേക്ഷാ യോഗ്യത

 

ഏതെങ്കിലും വിഷയത്തിലെ സർവകലാശാലാബിരുദം അഥവാ തുല്യയോഗ്യത മതി. മിനിമം മാർക്ക് നിബന്ധനയില്ല. മെയിൻ പരീക്ഷയ്‌ക്ക് അപേക്ഷിക്കുമ്പോൾ യോഗ്യതാ പരീക്ഷ ജയിച്ച വിവരം അറിയിക്കാൻ കഴിയുന്ന ഫൈനൽ ഇയർ ബിരുദവിദ്യാർഥികളുടെ അപേക്ഷയും പരിഗണിക്കും. മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ നേരത്തു ഹാജരാക്കിയാൽ മതി. സാങ്കേതിക ബിരുദത്തിനു തുല്യമായ പ്രഫഷനൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം. 2023 ഓഗസ്‌റ്റ് ഒന്നിന് 21 – 32 വയസ്സ്. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 37, 35 വയസ്സു വരെയാകാം. നിർവചിക്കപ്പെട്ട ഭിന്നശേഷിക്കാർക്ക് 42 വരെയും. വിമുക്‌തഭടർക്കും ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതം ഇളവുണ്ട്.

 

6 തവണ വരെ സിവിൽ സർവീസസ് പരീക്ഷയ്‌ക്ക് ഇരിക്കാം. പ്രിലിമിനറിയിലെ ഒരു പേപ്പറിനെങ്കിലും ഇരിക്കുന്നത് ഇക്കാര്യത്തിൽ ചാൻസായി കണക്കാക്കും. പിന്നാക്ക വിഭാഗക്കാർക്കും ജനറൽ / സാമ്പത്തിക പിന്നാക്ക വിഭാഗത്തിലെ ഭിന്നശേഷിക്കാർക്കും 9 തവണവരെ എഴുതാം. പട്ടികവിഭാഗക്കാർക്ക് എത്ര തവണ വേണമെങ്കിലുമെഴുതാം ; പ്രായപരിധി കടക്കരുതെന്ന് മാത്രം. ഇത്രയൊന്നും പോകാതെ ആദ്യമേതന്നെ ജയിക്കാൻ ശ്രമിക്കുന്നത് അഭികാമ്യം.

 

∙ പ്രിലിമിനറി

 

സിവിൽ സർവീസസ് പരീക്ഷയ്‌ക്ക് 3 ഭാഗങ്ങളെന്നു പറയാം : പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ / പഴ്സനാലിറ്റി–ടെസ്റ്റ്. പ്രിലിമിനറി എന്നത് സ്‌ക്രീനിങ് ടെസ്‌റ്റോ എലിമിനേഷൻ റൗണ്ടോ ആണെന്നു കരുതാം. ഈ ഘട്ടത്തിൽ മികവു പുലർത്തിയാലേ മെയിൻ പരീക്ഷയെഴുതാൻ യോഗ്യത ലഭിക്കൂ. പക്ഷേ പ്രിലിമിനറിയിലെ മാർക്ക് അന്തിമറാങ്കിങ്ങിനു പരിഗണിക്കില്ല. അതിന് ആധാരമായെടുക്കുന്നത് മെയിനിലെയും ഇന്റർവ്യൂവിലെയും ചേർത്തുള്ള 2025 മാർക്കു മാത്രം.

പ്രിലിമിനറിയിൽ 2 മണിക്കൂർ നേരം വീതമുള്ള 2 നിർബന്ധ പേപ്പറുകൾ. ഒബ്ജക്ടീവ് മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾ മാത്രം. ഓരോന്നിനും 200 മാർക്ക്. തെറ്റിനു മാർക്കു കുറയ്‌ക്കുന്ന നെഗറ്റീവ് മാർക്കിങ് രീതിയുണ്ട്. ഐച്ഛികവിഷയമില്ലാത്തതിനാൽ ആർക്കും അവിഹിതമായ മുൻതൂക്കമോ അസൗകര്യമോ ഇല്ല. പ്രിലിമിനറി ഒന്നാം പേപ്പറിലെ 200 മാർക്ക് മാത്രം ആധാരമാക്കിയാവും മെയിനിലേക്കു കടക്കാനുള്ള റാങ്കിങ്. പ്രിലിമിനറിയിലെ രണ്ടാം പേപ്പർ ക്വാളിഫൈയിങ് പേപ്പറായിരിക്കും. ഇതിൽ 33% എങ്കിലും മാർക്ക് നേടണം.

 

∙ പ്രിലിമിനറി സിലബസ് രൂപരേഖ

 

ഒന്നാം പേപ്പർ: Current events, History of India & Indian national movement, Indian & World Geography, Indian Polity & governance – constitution, political system, Panchayati Raj, public policy, Rights issues, etc., Economic & social development – sustainable development, poverty, inclusion, demographics, social sector initiatives etc., Environmental ecology, bio-diversity & climate change (no subject specialization required), General science.

 

രണ്ടാം പേപ്പർ: Comprehension, Interpersonal skills including communication skills, Logical reasoning & analytical ability, Decision making & problem solving, General mental ability, Basic numeracy (numbers & their relations, orders of magnitude etc., Data interpretation (charts, graphs, tables, data sufficiency etc. – Class X level)

 

 ∙ മെയിൻ പരീക്ഷ

 

വിവരണരീതിയിൽ മൂന്നു മണിക്കൂർ വീതമുള്ള 9 പേപ്പറുകൾ

പേപ്പർ എ : മലയാളമടക്കം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ ഏതെങ്കിലുമൊരു ഇന്ത്യൻ ഭാഷ

പേപ്പർ ബി : ഇംഗ്ലിഷ്

ഈ ഭാഷാ പേപ്പറുകളിൽ യോഗ്യത തെളിയിക്കാൻ 25% മാർക്ക് മതി. ഈ മാർക്ക് റാങ്കിങ്ങിനു പരിഗണിക്കുകയില്ല.

തുടർന്ന് 250 മാർക്ക് വീതമുള്ള 7 പേപ്പറുകൾ

· പേപ്പർ ഒന്ന്, എസ്സേ

· പേപ്പർ രണ്ട്, ജനറൽ സ്‌റ്റഡീസ് ഒന്ന് (ഭാരതീയ പൈതൃകവും സംസ്‌കാരവും; ലോകചരിത്രവും ഭൂമിശാസ്‌ത്രവും)

· പേപ്പർ മൂന്ന്, ജനറൽ സ്‌റ്റഡീസ് രണ്ട് (ഗവർണൻസ്, ഭരണഘടന, സാമൂഹികനീതി, ഭരണക്രമം, രാഷ്‌ട്രാന്തരബന്ധങ്ങൾ)

· പേപ്പർ നാല്, ജനറൽ സ്‌റ്റഡീസ് മൂന്ന് (ടെക്‌നോളജി, സമ്പദ്‌വികസനം, ജൈവവൈവിധ്യം, പരിസ്‌ഥിതി, സെക്യൂരിറ്റി, അത്യാഹിത മാനേജ്‌മെന്റ് )

· പേപ്പർ അഞ്ച്, ജനറൽ സ്‌റ്റഡീസ് നാല് (ധർമശാസ്‌ത്രം, സത്യസന്ധത, അഭിരുചി)

· പേപ്പർ ആറ്, ഏഴ് – ഐച്ഛികവിഷയം ഒന്നും രണ്ടും പേപ്പറുകൾ (25 വിഷയങ്ങളും മലയാളമടക്കം 23 ഭാഷകളിലെ സാഹിത്യവും ഉള്ളതിൽനിന്ന് ഇഷ്ടമുള്ള ഒന്ന് തിരഞ്ഞെടുക്കാം.)

റാങ്കിങ്ങിന് എഴുത്തു പരീക്ഷയ്‌ക്ക് ആകെ – 250 x 7 = 1750 മാർക്ക്.

ഇന്റർവ്യൂ (പഴ്‌സനാലിറ്റി ടെസ്‌റ്റ് – 275 മാർക്ക.്

റാങ്കിങ്ങിനു മൊത്തം മാർക്ക് – 2025.

 

∙ തയാറെടുപ്പ്

 

എല്ലാ വിഷയങ്ങളുടെയും സിലബസ് വിജ്ഞാപനത്തിലുണ്ട്. കഴിഞ്ഞ വർഷത്തെ ചോദ്യങ്ങൾ യുപിഎസ്‌സി സൈറ്റിലുണ്ട്. മുൻപരീക്ഷകളിലെ ചോദ്യങ്ങളും വിദഗ്ധരുടെ നിർദേശങ്ങളും പഠനത്തിനു സഹായകമാകും. തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, ജീവിതമൂല്യങ്ങൾ, നല്ല പെരുമാറ്റരീതികൾ, തർക്കപരിഹാരശൈലികൾ, ഫലപ്രദമായ ആശയവിനിമയം, പ്രചോദകശീലങ്ങൾ, സാമൂഹികമനഃശാസ്‌ത്രം, മാനേജ്‌മെന്റിലെ അടിസ്‌ഥാനതത്വങ്ങൾ, പൊതുഭരണരീതികൾ, സാമ്പത്തികപ്രവർത്തനങ്ങൾ, നിയമസമാധാനം, ഐടിയുടെ അനുഗ്രഹങ്ങൾ, സുരക്ഷാവ്യവസ്‌ഥകൾ, രാഷ്‌ട്രാന്തരബന്ധങ്ങൾ എന്നിവയിൽ നിന്നു ചോദ്യങ്ങൾ വരാം. തീരുമാനങ്ങൾ കേവലം യാന്ത്രികമായല്ല, മൂല്യങ്ങൾക്കു കൂടി സ്‌ഥാനം നൽകിയാവണം. ചുരുക്കത്തിൽ, പുസ്‌തകപ്പുഴുക്കളെയല്ല, നന്മയുടെ വഴിയിലൂടെ യുക്‌തിയും ബുദ്ധിയും നല്ലവണ്ണം പ്രയോഗിക്കാൻ കഴിവുള്ള ഏറ്റവും മെച്ചമായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനുതകുന്ന സിലബസാണ് പരീക്ഷയ്‌ക്ക്. പ്രിലിമിനറിയിലെ മികവു നോക്കി ഒഴിവുകളടെ 12 / 13 മടങ്ങോളം പേരെ മെയിനിനു ക്ഷണിക്കും. ഇതിൽ നല്ല പ്രകടനം കാഴ്‌ച വയ്‌ക്കുന്നവരെയാണ് ഇന്റർവ്യൂവിനു പരിഗണിക്കുക. ഒഴിവുകളുടെ ഇരട്ടിയോളം പേർക്ക് ഇതിനു ക്ഷണം കിട്ടും. സംശയപരിഹാരത്തിനു ഫോൺ: 011 2338 5271.

 

∙  ഫോറസ്‌റ്റ് സർവീസിനും ഇതേ പ്രിലിമിനറി

 

ഇന്ത്യൻ ഫോറസ്‌റ്റ് സർവീസിനു ശ്രമിക്കുന്നവർക്കും സിവിൽ സർവീസസ് പ്രിലിമിനറിയുടെ അപേക്ഷ മതി. ഓൺലൈൻ അപേക്ഷയിൽ രണ്ടിലും താൽപര്യമുണ്ടോയെന്ന് സൂചിപ്പിക്കാം. പക്ഷേ ഫോറസ്റ്റ് സർവീസിന് വെറ്ററിനറി, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്‌സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, അഗ്രികൾചർ, ഫോറസ്ട്രി, എൻജിനീയറിങ് ഇവയൊന്നിലെ ബിരുദമോ തുല്യയോഗ്യതയോ വേണം. പ്രിലിമിനറിയിൽ മികവുള്ളവരെ ഫോറസ്‌റ്റ് സർവീസ് മെയിനിന് ഇരുത്തും. മെയിൻ പരീക്ഷയുടെ ഘടന upsc.gov.in എന്ന വെബ് സൈറ്റിലുണ്ട്.

 

∙ സിവിൽ സർവീസസ്  തയാറെടുപ്പിന്റെ മേന്മ

 

ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാമെന്നാണ് നിബന്ധനയെങ്കിലും ഒന്നാന്തരം പൊതുവിജ്‌ഞാനം, ഭാഷാനൈപുണി, അപഗ്രഥനശേഷി എന്നിവയുടെ പശ്‌ചാത്തലത്തോടെ ഒരു വർഷമെങ്കിലും ഏകാഗ്രതയോടെ ആസൂത്രിത തയാറെടുപ്പുണ്ടെങ്കിലേ ദേശീയതലത്തിൽ കൊടിയ കിടമത്സരമുള്ള ഈ പരീക്ഷയിൽ വിജയിക്കാൻ കഴിയൂ. ഇതിനു കഴിവും ക്ഷമയുമുള്ളവരാണ് വിജയിക്കുക.

Read Also : കേരളത്തെക്കുറിച്ചുള്ള ഈ ചോദ്യങ്ങൾക്ക് ഉത്തരമറിഞ്ഞില്ലെങ്കിൽ നാണക്കേടല്ലേ

ചിത്രത്തിന് മറ്റൊരു വശവുമുണ്ട്. പരീക്ഷയ്‌ക്കു ശ്രമിക്കുന്നവരിൽ നേരിയൊരു ശതമാനത്തിനു മാത്രമേ സിവിൽ സർവീസിൽ കയറാൻ കഴിയാറുള്ളൂവെന്നതു ശരി. അഥവാ അതിനു കഴിഞ്ഞില്ലെങ്കിലും ചിട്ടയോടെ നടത്തിയ തയാറെടുപ്പു കാരണം മറ്റ് ഏതു മത്സരത്തിലും വിജയിക്കാനുള്ള സാധ്യത ഏറെ വർധിക്കുമെന്നത് നിസ്സാരമല്ല. സിവിൽ സർവീസസ് തയാറെടുപ്പ് ഒരിക്കലും വ്യർഥമല്ല.

 

ഇന്റർവ്യൂ മോശമായാലും ജോലിക്കു ചാൻസ് 

 

പടിക്കൽ ചെല്ലുമ്പോൾ നിർഭാഗ്യവശാൽ കുടമുടഞ്ഞുപോകുന്ന ഉദ്യോഗാർഥികൾക്ക് ആശ്വാസമാകുന്ന വ്യവസ്ഥയുണ്ട്. സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറിയും മെയിനും കടന്ന് ഇന്റർവ്യൂവിലെത്തിയെങ്കിലും, അവിടെ വിജയിക്കാൻ കഴിയാത്തവർ എഴുത്തുപരീക്ഷയ്ക്കും ഇന്റർവ്യൂവിനും നേടിയ മാർക്കുകൾ വെബ്സൈറ്റിൽ പരസ്യപ്പെടുത്തും. പൊതുമേഖലയിലെയോ സ്വകാര്യമേഖലയിലെയോ തൊഴിൽദാതാക്കൾക്ക് ഇതുനോക്കി ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. 

 

അഞ്ചു ലക്ഷത്തിലേറെപ്പേർ ദേശീയതലത്തിൽ മത്സരിച്ച്, ഏറ്റവും മികച്ച രണ്ടായിരത്തോളം പേരിൽ പെടുന്നവർക്ക് നിശ്ചയമായും പല സാമർഥ്യങ്ങളുമുണ്ടല്ലോ. ഇങ്ങനെ മാർക്കുകൾ പ്രസിദ്ധപ്പെടുത്താൻ സമ്മതം നൽകുന്നവരുടെ വിവരങ്ങൾ മാത്രമേ പ്രസിദ്ധപ്പെടുത്തൂ. ആകെ ഒഴിവുകളുടെ രണ്ടു മടങ്ങോളം പേർക്കുമാത്രമാണ് ഇന്റർവ്യൂവിന് അവസരമെന്നും ഓർക്കാം.

 

Content Summary : To know all about UPSC Civil Service 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com