ADVERTISEMENT

ഹ്യൂമൻ റിസോഴ്‌സ് (എച്ച് ആർ ) രംഗത്ത് ഒട്ടേറെ തൊഴിൽ അവസരങ്ങളുണ്ട്. അവ കൂടിക്കൊണ്ടിരിക്കുകയാണു താനും. ഇന്ത്യയിലെയും വിദേശത്തെയും കൂടുതൽ കമ്പനികൾ നിയമനം, പരിശീലനം തുടങ്ങിയവയ്‌ക്കെല്ലാം മറ്റു സ്ഥാപനങ്ങൾക്കു കരാർ കൊടുക്കുന്ന പ്രവണത കൂടുന്നതനുസരിച്ച് ഈ രംഗത്തെ തൊഴിൽ സാധ്യതയും കൂടും. പുതുതായി എത്തുന്ന വ്യക്തികളെ മനസ്സിലാക്കാനുള്ള കഴിവ്, അവർ ജോലിക്ക് അനുയോജ്യരാണോ എന്ന തീരുമാനം, ആവശ്യമുള്ള കമ്പനിക്കുവേണ്ടി ജീവനക്കാരെ രൂപപ്പെടുത്തിയെടുക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഹ്യൂമൻ റിസോഴ്‌സ് രംഗത്തു പ്രവർത്തിക്കുന്നവരാണു ചെയ്യുന്നത്. കൺസൾട്ടന്റുമാർ മുതൽ പല പല പദവികളിലും സാഹചര്യങ്ങളിലും ജോലി ചെയ്യുന്ന ഒട്ടേറെപ്പേർ ഒരുമിക്കുമ്പോഴാണ് എച്ച് ആർ യൂണിറ്റ് രൂപീകൃതമാകുന്നത്. ഇവരാണ് മിക്ക കമ്പനികളുടെയും മാനവ വിഭവ ശേഷിയുടെ കരുത്ത് തീരുമാനിക്കുന്നതും. ഹ്യൂമൻ റിസോഴ്‌സ് ദുർബലമായാൽ കമ്പനികളുടെ പ്രവർത്തനത്തെയും ബാധിക്കും. അതുകൊണ്ടുതന്നെ സുപ്രധാനമായ പങ്കാണ് എച്ച് ആർ എന്ന ഹ്യൂമൻ റിസോഴ്‌സ് നിർവഹിക്കുന്നത്.

Read Also : ഈ ആറു കഴിവുകളുണ്ടോ?; ജോലി അന്വേഷിച്ച് അലയണ്ട


∙ കൺസൾട്ടിങ് സ്‌കിൽ

പുതിയ ആളുകളെ കണ്ടെത്തി, ജോലിക്കു വേണ്ടി അനുയോജ്യരാക്കി മാറ്റുക എന്ന സങ്കീർണവും ഉത്തരവാദിത്തമേറിയതുമായ ജോലിയാണ് എച്ച് ആർ കൺസൾട്ടന്റു മാർ ചെയ്യുന്നത്. അറിവിനൊപ്പം പ്രായോഗിക പരിജ്ഞാനം കൂടുന്നതനുസരിച്ച് ഈ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ശമ്പളവും കൂടും. ഓരോ സ്ഥാനപത്തിലും പരിശീനത്തിനുവേണ്ടി പ്രത്യേകമായ പദ്ധതികളും സോഫ്റ്റ് വെയർ ടെക്‌നോളജി പോലും കാണും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിയമനത്തിന്റെ എല്ലാ വശങ്ങളും ഉത്തരവാദിത്തത്തോടെ നിറവേറ്റാൻ കഴിയുമെങ്കിൽ തീർച്ചയായയും കൺസൾട്ടന്റ് എന്ന പദവിയിൽ പേര് സമ്പാദിക്കാൻ കഴിയും.

 

∙ ഹ്യൂമൻ ക്യാപിറ്റൽ മാനേജ്‌മെന്റ്

പുതുതായി ജോലിക്കു ചേരുന്നതോടെ  വ്യക്തിയെക്കുറിച്ചുള്ള എച്ച് ആർ വിഭാഗത്തിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. പരിശീലനം തുടർ പ്രക്രിയയാണ്. മാറിവരുന്ന പ്രവണതകൾക്കനുസരിച്ച്, കാലത്തിനും രീതികൾക്കുമനുസരിച്ച് മാറ്റങ്ങളോടെ പരിശീലനം തുടരേണ്ടതുണ്ട്. ജീവനക്കാരുടെ സേവന ആനുകൂല്യങ്ങളാണ് മറ്റൊരു പ്രധാന മേഖല. സേവനങ്ങൾ മെച്ചപ്പെട്ടതായാൽ മാത്രമേ ഉയർന്ന തോതിലുള്ള സംതൃപ്തി ജീവനക്കാർക്കു ലഭിക്കൂ. എല്ലാ ജീവനക്കാരും സംതൃപ്തരാണെന്നും അവരുടെ കഴിവിന്റെ പരമാവധി ജോലി ചെയ്യുന്നുണ്ടെന്നും എച്ച് ആർ വിഭാഗം ഉറപ്പാക്കുന്നു. മികച്ച സേവന ആനുകൂല്യങ്ങളും നൽകുന്നു. ഇതോടെ മെച്ചപ്പെട്ട അന്തരീക്ഷത്തിൽ തൊഴിലാളികൾക്കു ജോലി ചെയ്യാൻ കഴിയും. കമ്പനിയുടെ റിസൾട്ടും മെച്ചപ്പെട്ടിരിക്കും.

 

∙ നിയമനം

എച്ച് ആർ കൺസൾട്ടിങ്ങിന്റെ ഏറ്റവും പ്രധാന പ്രവർത്തന മേഖല നിയമനമാണ്. പുതിയ പദവിയിലേക്ക് ജീവനക്കാരനെ വേണമെന്നും എന്തൊക്കെ യോഗ്യതകളാണു വേണ്ടതെന്നും എച്ച് ആർ വിഭാഗം കൺസൾട്ടന്റിനെ അറിയിക്കുന്നു. പദവിയുടെ പേര്, എന്തൊക്കെ ജോലികളാണ് ചെയ്യുന്നത്, എന്തൊക്കെയാണ് പ്രതീക്ഷകൾ തുടങ്ങിയ വിവരങ്ങളും നൽകുന്നു. കൺസൾട്ടന്റിന്  വിദ്യാഭ്യാസ നേട്ടങ്ങളും തൊഴിൽ പരിചയമുണ്ടെങ്കിലും അതും രേഖപ്പെടുത്തിയ ഉദ്യോഗാർഥിയുടെ ബയോഡേറ്റ ലഭിക്കുന്നു. പരസ്യങ്ങളിലൂടെ, സമൂഹ മാധ്യമ പ്രചാരണങ്ങളിലൂടെ ഒക്കെ കൺസൾട്ടന്റ് ഏറ്റവും മികച്ച ഉദ്യോഗാർഥികളെ കണ്ടെത്തി മുഖാമുഖം നടത്തി ഉദ്ദേശിക്കുന്ന ജോലിക്ക് ഉപയോഗിക്കാനാവുമോ എന്ന് ഉറപ്പു വരുത്തുന്നു. വർഷങ്ങളുടെ അനുഭവ പരിചയം കൊണ്ട് ആദ്യത്തെ അഭിമുഖത്തിലൂടെ തന്നെ കൺസൾട്ടന്റ് തനിക്കു വേണ്ട ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നു. കമ്പനിക്ക് നേരിട്ട് ഉദ്യോഗാർഥികളെ കാണുകയോ അവരുമായി അഭിമുഖം നടത്തുകയോ ചെയ്യണമെങ്കിൽ അതിനുള്ള അവസരം എച്ച് ആർ വിഭാഗം വഴി ഒരുക്കിക്കൊടുക്കുന്നതും കൺസൾട്ടന്റാണ്. മറ്റൊരു പദവിയിലേക്ക് പുതിയ ഉദ്യോഗാർഥികളെ വേണ്ടപ്പോൾ എച്ച് ആർ വിഭാഗത്തിന്റെ നിർദേശ പ്രകാരം കൺസൾട്ടന്റ് വീണ്ടും ജോലികൾ ആവർത്തിക്കുന്നു.

 

∙ ഇൻഫർമേഷൻ സിസ്റ്റം

 

തങ്ങൾ നിയമിച്ച ഉദ്യോഗാർഥികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഏതു സമയത്തും കൺസൾട്ടന്റിന്റെയും എച്ച് ആർ വിഭാഗത്തിന്റെയും കംപ്യൂട്ടറിൽ ഉണ്ടാകും. ഇതനുസരിച്ചുള്ള സോഫ്റ്റ് വെയർ ആദ്യം തന്നെ വികസിപ്പിച്ചിട്ടുണ്ടാകും. കുറ്റമറ്റ ഇൻഫർമേഷൻ സിസ്റ്റമാണ് കൺസൾട്ടന്റിന്റെ കരുത്ത്. എച്ച് ആർ വിഭാഗത്തിന്റെയും. ശമ്പളം, ഹാജർ, അനുകൂല്യങ്ങൾ, ആവശ്യങ്ങൾ തുടങ്ങി ജീവനക്കാരനുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിവരങ്ങളും ഈ സിസ്റ്റത്തിലുണ്ടായിരിക്കും. ജീവനക്കാരനെ നിയമിക്കേണ്ടിവരുമ്പോഴും പിരിച്ചുവിടേണ്ടിവന്നാൽ അപ്പോഴും ഈ സിസ്റ്റം അടിസ്ഥാന വിവരങ്ങൾ നൽകുന്നു. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങിയവയിലും വ്യക്തമായ മാനദണ്ഡങ്ങളും അസംതൃപ്തിക്ക് ഇടയാക്കാത്ത നടപടികളും എച്ച് ആർ വിഭാഗത്തിന് ഉറപ്പു വരുത്തേണ്ടതുണ്ട്.

 

Content Summary : Careers in HR Consulting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com