‘ഈ വല്ലിയിൽ നിന്നു ചെമ്മേ– പൂക്കൾ പോവുന്നിതാ പറന്നമ്മേ!’ ശൈശവത്തിന്റെ നൈർമല്യവും അറിവിന്റെ കുറവും ഒത്തുചേർന്ന വരി. വള്ളിയിലുള്ള പൂക്കളെപ്പറ്റി കുഞ്ഞിനറിയാം. വള്ളിയിൽനിന്നു പറന്നുയരുന്ന ചിത്രശലഭങ്ങളെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. അതുകൊണ്ട് പറന്നു പൊങ്ങുന്ന ശലഭങ്ങളെല്ലാം പൂക്കൾ തന്നെയെന്ന് കുഞ്ഞു വിചാരിക്കുന്നു. അക്കാര്യം അദ്ഭുതത്തോടെ അമ്മയോടു പറയുകയും ചെയ്യുന്നു. കുമാരനാശാന്റെ ‘പുഷ്പവാടി’യെന്ന സമാഹാരത്തിലെ ‘കുട്ടിയും തള്ളയും’ എന്ന പ്രസിദ്ധമായ കുട്ടിക്കവിതയുെട ആദ്യവരിയാണിത്. നമ്മിലെല്ലാമുണ്ട് ഈ കുട്ടി. നമ്മുടെ കൈവശമുള്ള പരിമിതമായ അറിവു വച്ച് ലോകത്തിലുള്ള എല്ലാറ്റിനെയും വിലയിരുത്തുക, നിഗമനങ്ങളിലെത്തുക, അതിനപ്പുറം എന്തെങ്കിലും പറയുന്നവരെ എതിർക്കുക എന്നിവയെല്ലാം സാധാരണം. അമ്മ കുഞ്ഞിനെ തിരുത്തുന്നു. പറക്കുന്നതു പൂക്കളല്ല, പൂമ്പാറ്റകളാണ്. പൂമ്പാറ്റകളോടൊപ്പം പറക്കാൻ കഴിയാത്തതിനെപ്പറ്റി കുഞ്ഞു പരാതി പറയുന്നു. കുഞ്ഞിനെ അമ്മ സമാധാനിപ്പിക്കുന്നതിലുമുണ്ട് രസം. നിനക്കു പിച്ച നടക്കാൻ കഴിയുന്നില്ലേ? ഈ പിച്ചകത്തിനോ? നിൽക്കുന്ന നില മാത്രം. തെല്ലുപോലും ചലിക്കാനുള്ള കഴിവ് ചെടിക്കില്ല.. പിന്നെ നീയെന്തിനിങ്ങനെ പരാതിപ്പെടണം?
HIGHLIGHTS
- മനുഷ്യന്റെ അറിവ് എത്രയോ പരിമിതമാണ്
- വിജ്ഞാനത്തിന്റെ വിപരീതം അജ്ഞതയല്ല, അറിയാത്തയാളിന്റെ അറിയാമെന്ന ഭാവമാണ്