ADVERTISEMENT

വ്യക്തമായ കരിയർ പ്ലാൻ ആണ് ഏതു വ്യക്തിയുടെയും വിജയത്തിന്റെ അടിസ്ഥാനം. അഭിരുചികളുമായി ഒത്തുപോകുന്നതും സാമ്പത്തികമായും സാമൂഹികമായും വളരാൻ അവസരം ഒരുക്കുന്നതുമായ കരിയറാണെങ്കിൽ ജീവിതത്തിൽ സംതൃപ്തി ഉറപ്പാണ്. എന്നാൽ ഇങ്ങനെയൊരു കരിയർ തുടക്കത്തിൽ തന്നെ കണ്ടെത്തുക എന്നതാണ് പ്രധാനം. പലപ്പോഴും മറ്റു പല ജോലികളും ചെയ്തും പരാജയപ്പെട്ടും നിരാശയും അസംതൃപ്തിയും അനുഭവിച്ചതിനും ശേഷമായിരിക്കും പലർക്കും കാത്തിരുന്ന കരിയറിൽ എത്തിച്ചേരാൻ കഴിയുന്നത്. മുന്നോട്ടുവച്ച കാലുകൾ പിന്നോട്ടെടുക്കേണ്ടിവരും. സമയവും അധ്വാനവും വെറുതെയാകും. വൈകി മാത്രം കരിയർ രൂപപ്പെടുത്തു മ്പോഴുണ്ടാകുന്ന ഒട്ടേറെ ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. ഇതിനെല്ലാം പരിഹാരമാണ് വിദ്യാഭ്യാസം കഴിഞ്ഞ ഉടൻ കണ്ടെത്തുന്ന ഏറ്റവും അനുയോജ്യമായ കരിയർ. 

Read Also : ജോലിയിൽ ഉയരാം 4 കാര്യങ്ങളെ അതിജീവിച്ച്

1. മികച്ച കരിയർ തിരഞ്ഞെടുക്കാൻ

 

താഴേത്തട്ടിൽ നിന്നും മുകളിലേക്കുള്ള ക്രമാനുഗതമായ വളർച്ചയാണ് ഏതൊരു കരിയറിനെയും സവിശേഷമാക്കു ന്നത്. ഉദ്യോഗസ്ഥ ശ്രേണിയിലെ ഏറ്റവും താഴെത്തട്ടിൽ തുടങ്ങി മാനേജ്മെന്റ് കേഡറിൽ എത്തിപ്പെടാൻ കഴിഞ്ഞാൽ തീർച്ചയായും സംതൃപ്തിക്ക് അവകാശമുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനു ശേഷം മാത്രം തിരഞ്ഞെടുക്കേണ്ട ഒന്നല്ല കരിയർ. സ്കൂൾ കാലത്തേ ആലോചന തുടങ്ങണം. വ്യക്തവും കൃത്യവുമായ ആസൂത്രണമാണ് മികച്ച കരിയറിലേക്കു നയിക്കുന്നത്. സ്കൂൾ കാലത്തേ തുടങ്ങുന്ന കരിയർ ചിന്തകൾക്ക് വ്യക്തമായ രൂപം ലഭിക്കുന്നത് കോളജ് കാലത്തായിരിക്കും. പ്രഫഷനൽ ബിരുദം കൂടി നേടുന്നതോടെ എവിടെ എങ്ങനെ കരിയർ രൂപപ്പെടുത്തണം എന്നതിനെക്കുറിച്ച് വ്യക്തമായ ആശയം ലഭിച്ചിരിക്കും. പിന്നീട് അതു നടപ്പാക്കുക എന്നതുമാത്രമായിരിക്കും ലക്ഷ്യം. 

 

2. പരിമിതികൾ കുറവ്, അവസരങ്ങൾ ഒട്ടേറെ 

 

ചെറുപ്പമായിരിക്കുമ്പോൾ അവസരങ്ങൾ ഒട്ടേറെ ലഭിക്കും. കുടുംബത്തിന്റെ ഉത്തരവാദിത്വവും ഈ ഘട്ടത്തിൽ അലട്ടുകയില്ല. വെല്ലുവിളിയുയർത്തുന്ന ജോലി പോലും ഏറ്റെടുത്ത് വിജയിപ്പിക്കാൻ അനായാസം കഴിയും. സ്വന്തം സംസ്ഥാനത്തു നിന്നു മാറി മറ്റൊരിടത്തോ, രാജ്യത്തോ പോലും സഞ്ചരിക്കാനും ജോലിയുമായി സെറ്റിൽ ചെയ്യാനും ഈ അവസരം നല്ലതാണ്. വിദ്യാർഥിയായിരിക്കുമ്പോൾ ആകാശം മാത്രമായിരിക്കും അതിര്. വിദ്യാഭ്യാസം കഴിഞ്ഞ ഉടനെയും ഇതുതന്നെയായിരിക്കും സാഹചര്യം. ഈ ഘട്ടത്തിൽ തന്നെ കരിയർ പ്ലാൻ രൂപപ്പെടുത്താനായാൽ പിൽക്കാലജീവിതത്തിൽ അതു വലിയൊരു നേട്ടം തന്നെയാണ്. 

 

3. പഠിക്കാനും പരിശീലിക്കാനും അവസരങ്ങൾ 

 

എത്രയും നേരത്തേ കരിയറിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങാമോ അത്രയും നല്ലത്. വ്യക്തികളുടെ കഴിവുകൾ തേച്ചുമിനുക്കാനും ഇതാണ് മികച്ച അവസരം. പ്രായം കൂടുന്തോറും ഉത്തരവാദിത്വവും കൂടും. ഇത് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിഘാതമാണ്. പ്രായം കൂടുതലുള്ളവരെക്കാൾ, ചെറുപ്പക്കാരെ ജോലിക്കെടുക്കാനും അവരെ പരിശീലിപ്പിക്കാനുമായിരിക്കും സ്ഥാപനങ്ങൾക്കും താൽപര്യം. ഇത്തരമാളുകൾ സ്ഥാപനത്തിൽ ദീർഘകാലം സേവനമനുഷ്ഠിക്കുമെന്ന ഗുണവുമുണ്ട്. പരിശീലനം ലഭിച്ച ശേഷം ജീവനക്കാരൻ ഉടൻ വിട്ടുപോയാൽ അതു സ്ഥാപനത്തിനുതന്നെയാണ് ദോഷം ചെയ്യുക. 

 

ഇഷ്ടജോലിക്ക് വേണ്ട യോഗ്യതകൾ നേരത്തെ തന്നെ അറിഞ്ഞിരുന്നാൽ അതിനുവേണ്ടിയുള്ള തയാറെടുപ്പും നേരത്തേ തുടങ്ങാം. ഏതു കരിയറിൽ ഫോക്കസ് ചെയ്യണമെന്നതിലെ അനിശ്ചിതത്വം മാറ്റുകയാണ് ആദ്യം വേണ്ടത്. ഇഷ്ടകരിയർ കണ്ടുപിടിച്ച് അതിൽ ഫോക്കസ് ചെയ്യുക. ലക്ഷ്യം നിറവേറാതെ പിൻമാറില്ലെന്ന് ഉറപ്പിക്കുക. കഴിവുകൾ ആർജിക്കാൻ കഠിനമായി പരിശ്രമിക്കുക. ഇത്രയുമായാൽ വിജയം കൂടെനിൽക്കും. 

 

4. സംശയങ്ങൾ ദൂരീകരിക്കുക

 

ഏതു സ്ഥാപനത്തിലെയും സീനിയർ ഉദ്യോഗസ്ഥർ ജോലിയെക്കുറിച്ചും കരിയറിനെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ പങ്കുവയ്ക്കാൻ മടിയില്ലാത്തവരായിരിക്കും. ഇത്തരമാളുകളുമായുള്ള നിരന്തര സമ്പർക്കവും സംശയ ദൂരീകരണവും സ്വന്തമായി കരിയർ രൂപ്പപെടുത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്. തുടക്കക്കാരെ മികച്ച കരിയർ വഴികളിലേക്കു നയിക്കുന്നതിൽ അവർ ഉത്സുകരുമായിരിക്കും. ഇവരെ പൂർണമായി പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും. നേരിട്ടുള്ള അനുഭവങ്ങളും ഉപദേശങ്ങളുമായതിനാൽ അവ അവിശ്വസിക്കേണ്ട കാര്യവുമില്ല. 

 

5. പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കുക

 

വിജയിച്ച എല്ലാവരും പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ചവരായിരിക്കും. കരിയറിന്റെ തുടക്കത്തിൽ വരുത്തുന്ന തെറ്റുകൾ ആരെയും ദോഷകരമായി ബാധിക്കുകയില്ല. തെറ്റു വരുമോ എന്ന പേടി കൊണ്ട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിക്കേണ്ടതുമില്ല. ജോലിയുടെ ഉന്നതങ്ങളിലെത്തുമ്പോഴേക്കും തുടക്കത്തിൽ വരുത്തിയ തെറ്റുകൾ ആരും ഓർത്തിരിക്കില്ല. പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ ധീരമായും ആവേശകരമായും ജോലി ചെയ്യാനാവുന്നു എന്നതാണ് തുടക്കത്തിലേ കരിയർ കണ്ടെത്തുമ്പോഴുള്ള ഏറ്റവും വലിയ ആനുകൂല്യം. തെറ്റു വരുത്തുമ്പോൾ അനുഭവ പരിചയവും കൂടും. ഓരോ തെറ്റും ഇനിയൊരിക്കലും തെറ്റ് വരുത്താതിരിക്കുന്നതിനുള്ള പാഠങ്ങളുമാണ്. 

 

മികച്ച കരിയർ നേരത്തേ രൂപപ്പെടുത്തിയാൽ അതിന്റെ പ്രയോജനം വ്യക്തികൾക്കു തന്നെയാണ്. അതിനാൽ, മികച്ച അവസരം വരാൻ വേണ്ടി കാത്തിരിക്കുന്നതിനു പകരം, നേരത്തേതന്നെ കരിയർ പ്ലാൻ ചെയ്ത് ഉയർച്ചയിലേക്കുള്ള ഏണിപ്പടികൾ കയറുക. ഇത്തരത്തിലുള്ളവരെ വിജയം കാത്തിരിക്കുന്നു. 

 

Content Summary : 5 Benefits of Early Career Planning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com