ഗവേഷണത്തിൽ കരിയർ കണ്ടെത്താനാണോ താൽപര്യം?; മികച്ച അവസരങ്ങൾക്കായി എഴുതാം രണ്ട് ദേശീയ പരീക്ഷകൾ

HIGHLIGHTS
  • ബയോടെക്‌നോളജി ഉപരിപഠനത്തിനും ഗവേഷണത്തിനും ദേശീയപരീക്ഷകൾ.
  • അപേക്ഷ 31 വരെ; ടെസ്റ്റുകൾ ഏപ്രിൽ 23ന്.
research
Representative Image. Photo Credit : GBALLGIGGSPHOTO/istock
SHARE

നിരന്തരഗവേഷണത്തിൽ കരിയർ കണ്ടെത്താൻ താൽപര്യമുള്ളവർക്കു മികച്ച അവസരങ്ങളൊരുക്കുന്ന ആധുനികശാസ്‌ത്രശാഖയാണ് ബയോടെക്‌നോളജി. ഈ രംഗത്തേക്കു കടക്കാൻ GAT-B, BET എന്നിങ്ങനെ 2 ദേശീയപരീക്ഷകൾ നാഷനൽ ടെസ്റ്റിങ് ഏജൻസി (www.nta.ac.in) ഏപ്രിൽ 23നു നടത്തും. ഈമാസം 31ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ് : https://dbt.nta.ac.in. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ തിരുവനന്തപുരവും തൃശൂരും.

Read Also : കേരള എൻട്രൻസ് പരീക്ഷ, സംശയങ്ങൾക്കു മറുപടി

1) GAT-B (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ബയോടെക്നോളജി): കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ നടക്കുന്ന പിജി പ്രോഗ്രാമുകളിൽ പ്രവേശനം. ഇതിൽ എംഎസ്‌സി / എംടെക് ബയോടെക്നോളജി, എംഎസ്‌സി അഗ്രികൾചറൽ ബയോടെക്നോളജി, എംവിഎസ്‌സി ആനിമൽ ബയോടെക്നോളജി എന്നിവയും, ബന്ധപ്പെട്ട മേഖലകളിലെ പിജി പ്രോഗ്രാമുകളും ഉൾപ്പെടും. അർഹത നിർണയിക്കുക മാത്രമാണ് പരീക്ഷയുടെ ലക്ഷ്യം. പഠന പ്രോഗ്രാമിലേക്കുള്ള അപേക്ഷ സ്ഥാപനങ്ങൾ പ്രവേശനവിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്കു നൽകണം. ഓരോ സ്ഥാപനവും പ്രവേശനത്തിനു നിശ്ചയിച്ചിട്ടുള്ള മിനിമം യോഗ്യത വേണം.

ദേശീയതലത്തിൽ 63 സ്ഥാപനങ്ങൾ ഇതിലെ സ്കോർ സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ സ്ഥാപനങ്ങൾ:

∙ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (എംടെക് മറൈൻ ബയോടെക്നോളജി)

∙ കേരള കാർഷിക സർവകലാശാല (എംഎസ്‌സി അഗ്രി – പ്ലാന്റ് ബയോടെക്നോളജി)

∙ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (എംഎസ്‌സി ബയോടെക്നോളജി)

ബയോടെക് വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന എംഎസ്‌സി ബയോടെക്നോളജി / എംഎസ്‌സി അഗ്രികൾചറൽ ബയോടെക്നോളജി / എംടെക് / എംവിഎസ്‌സി പഠിക്കുന്നവർക്ക് യഥാക്രമം 5000 /7500 /12,000 /12,000 രൂപ പ്രതിമാസ സ്റ്റൈപൻഡുണ്ട്.

2) BET (ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ്): DBT-JRF ഫെലോഷിപ്പിനുള്ള പരീക്ഷ. ബയോടെക്നോളജി, ലൈഫ് സയൻസസ്, ബയോളജി എന്നിവയുമായി ബന്ധപ്പെട്ട ബിടെക്, എംബിബിഎസ്, എംഎസ്‌സി, എംടെക്, എംവിഎസ്‌സി, എംഫാം മുതലായ യോഗ്യതയുള്ളവരെ പരിഗണിക്കും. 60% മാർക്ക് വേണം; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55%. അപേക്ഷയ്ക്കുള്ള അവസാനദിവസം 28 വയസ്സു കവിയരുത്. അർഹതയുള്ള വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവുണ്ട്. ഡിബിടി സഹായമുള്ള പിജി ടീച്ചിങ് പ്രോഗ്രാം ഫൈനൽ സെമസ്റ്ററുകാരെയും പരിഗണിക്കും, ജെആർഎഫിന് അർഹത ലഭിക്കുന്നവർ പിഎച്ച്ഡിക്ക് ഗവേഷണസ്ഥാപനങ്ങളിൽ യഥാസമയം റജിസ്റ്റർ ചെയ്യണം.

കംപ്യൂട്ടർ ഉപയോഗിച്ച് 3 മണിക്കൂർ വീതം GAT-B രാവിലെ 9 മുതലും, BET ഉച്ച തിരിഞ്ഞ് 3 മുതലും നടത്തും. ഒരു പരീക്ഷയ്ക്കോ രണ്ടിനുമോ അപേക്ഷിക്കാം. ഓരോന്നിനും 1200 രൂപ ഫീസ്; രണ്ടും എഴുതാൻ 2400 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ നേർപകുതി അടച്ചാൽ മതി.

 ഹെൽപ് ഡെസ്ക്: 011- 4075 9000, dbt@nta.ac.in.

Content Summary : GAT-B/BET 2023 notification out

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS