സ്നേഹിക്കാനും ബഹുമാനിക്കാനും കാരണം തേടുന്നവരോട്; തകർന്നു പോയവരെ ഒപ്പം കൂട്ടാം കാരണം അന്വേഷിക്കാതെ...

Mail This Article
വിവാഹം കഴിഞ്ഞ് അധികനാളാകുംമുൻപേ അവൾക്കു ത്വക്‌രോഗം ബാധിച്ചു. ഭർത്താവ് തന്നെ വെറുക്കുമോ എന്നു ഭയന്നാണ് അവൾ കഴിയുന്നത്. അതിനിടെ, അപകടത്തിൽ ഭർത്താവിന്റെ കാഴ്ച നഷ്ടപ്പെട്ടു. മാസങ്ങൾക്കകം ഭാര്യയുടെ രോഗം ഗുരുതരമായെങ്കിലും അന്ധനായ ഭർത്താവിന് അതു തിരിച്ചറിയാനായില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യ മരിച്ചു. നിരാശനായി അയാൾ ഗ്രാമം വിടാനൊരുങ്ങിയപ്പോൾ അയൽവാസി ചോദിച്ചു: അന്ധനായ താങ്കൾ മറ്റൊരു സ്ഥലത്തുപോയി എങ്ങനെ ഒറ്റയ്ക്കു താമസിക്കും ? അയാൾ പറഞ്ഞു: ഞാൻ അന്ധനല്ല, ത്വക്‌രോഗം ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഭാര്യ എന്നിൽനിന്ന് ഒഴിഞ്ഞുമാറുന്നതു കണ്ടപ്പോൾ ഞാൻ അന്ധനെപ്പോലെ പെരുമാറിയതാണ്.
Read Also : റെസ്യുമെ തയാറാക്കുമ്പോൾ ശ്രദ്ധിക്കാം ഈ 5 കാര്യങ്ങൾ
ആത്മവിശ്വാസം സംരക്ഷിക്കുന്ന ആളാണ് യഥാർഥ രക്ഷാകർത്താവ്. സ്വയം രൂപപ്പെടുത്തുന്ന അഭിമാനപ്രശ്ന ങ്ങളിലൂടെയാണ് ഓരോരുത്തരുടെയും യാത്ര. സ്വന്തം ദുർബലസ്ഥാനങ്ങളിൽ ഒരിളക്കം തട്ടിയാൽ പലരും തകർന്നുവീഴും. അതു സൗന്ദര്യമാകാം, സ്ഥാനമാകാം, സമ്പത്താകാം. എല്ലാം ആനുപാതിക അളവിലുള്ളപ്പോൾ എല്ലാവരുമുണ്ടാകും. എന്തെങ്കിലുമൊന്ന് ഇല്ലാതാകുമ്പോൾ അതു നോക്കിനിന്നവരിൽ പലരും അപ്രത്യക്ഷരാകും.
സ്നേഹിക്കാനും ബഹുമാനിക്കാനുമുള്ള എല്ലാ കാരണങ്ങളും അവസാനിക്കുമ്പോഴും ഒരാൾ കൂടെയുണ്ടാകുക എന്നതു ഭാഗ്യമാണ്. ഒരു കാരണവും കണ്ടെത്താൻ കഴിയാത്തപ്പോഴും സ്നേഹിക്കാൻ സ്നേഹമുള്ളവർക്കു മാത്രമേ കഴിയൂ. ഒരാളെ എപ്പോഴാണ് സ്നേഹിക്കേണ്ടത്. അവർ ആ സ്നേഹം ഒട്ടും അർഹിക്കാത്തപ്പോൾ. സ്നേഹം നഷ്ടപ്പെടുമെന്ന ഭീതി അയാൾക്കുണ്ടാകുമ്പോൾ. ഒരാളെ എങ്ങനെയാണ് സ്നേഹിക്കേണ്ടത്. അയാളുടെ മുൻഗണനകളെയും ദൗർബല്യങ്ങളെയും മനസ്സിലാക്കി. സ്വയം മതിപ്പു നഷ്ടപ്പെട്ടയാൾ തന്നെപ്പോലും സ്നേഹിക്കില്ല. അവരെ ആത്മസ്നേഹത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ഏകവഴി അവർക്കൊപ്പം അവർ ഇഷ്ടപ്പെടുന്ന വിധം ആയിരിക്കുക എന്നതു മാത്രമാണ്.
ഓരോ ബന്ധവും സ്വയം പാകപ്പെടുത്തലാണ്, രൂപാന്തരമാണ്. ഒരേ രീതിയിൽ നിലനിൽക്കുന്ന രണ്ടാമതൊരു ബന്ധം ഉണ്ടാകില്ല. എല്ലാറ്റിന്റെയും ചേരുവകളും സമവാക്യങ്ങളും വ്യത്യസ്തമാണ്. ഓരോ ബന്ധത്തിനും അനുയോജ്യമായവിധം മനോഭാവത്തെയും പ്രവൃത്തിയെയും ക്രമപ്പെടുത്തുക എന്നതാണ് സ്നേഹിക്കുന്നവരുടെ ഉത്തരവാദിത്തം.
Content : Why is compassion important in a relationship?