ADVERTISEMENT

കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാനിർണയ പരീക്ഷയ്ക്ക് (SET: സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഇന്നു മുതൽ ഏപ്രിൽ 25ന് വൈകിട്ട് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 14 ജില്ലാ കേന്ദ്രങ്ങളിലും ജൂലൈയിൽ ടെസ്റ്റ് നടത്തും.

Read Also : കെ–ടെറ്റ് എഴുതേണ്ടതിങ്ങനെ

സർക്കാരിലെ സ്വയംഭരണ സ്ഥാപനമായ ‘ലാൽ ബഹാദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് & ടെക്നോളജി’യാണു പരീക്ഷ നടത്തുന്നത്. LBS Centre for Science & Technology, Nandavanam, Thiruvananthapuram 695033; ഫോൺ: 0471 2560311; lbscentre@gmail.com വെബ്: www.lbscentre.kerala.gov.in. അപേക്ഷാഫീ 1000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 500 രൂപ. ഇത് ഓൺലൈനായി അടയ്ക്കണം.

 

∙ ടെസ്റ്റിന്റെ ഘടന

 

രണ്ടു പേപ്പറുണ്ട്. ഒന്നാം പേപ്പർ എല്ലാവരും എഴുതണം; ഇതിൽ പൊതുവിജ്ഞാനവും അധ്യാപന അഭിരുചിയും. രണ്ടാം പേപ്പറിലാകട്ടെ പോസ്റ്റ് ഗ്രാജ്വേറ്റ് നിലവാരത്തിൽ ബന്ധപ്പെട്ട വിഷയം. ഇത്തരം 31 വിഷയങ്ങളിൽനിന്ന് അർഹതയുള്ളതു തിരഞ്ഞെടുക്കാം. 

 

ഈ ലിസ്റ്റിൽപെടാത്ത വിഷയത്തിൽ യോഗ്യത നേടിയവർ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽനിന്ന‌് അർഹത, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഓരോ പേപ്പറിലും 120 മിനിറ്റിൽ 120 ഒബ്ജക്ടീവ് ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും 4 ഉത്തരങ്ങളുള്ളതിൽ ഏറ്റവും ശരിയായതു തിരഞ്ഞെടുക്കണം. ഇതിന് ഓരോ മാർക്ക്. മാത്‌സിനും സ്റ്റാറ്റിസ്‌റ്റിക്‌സിനും മാത്രം ഒന്നര മാർക്കുള്ള 80 ചോദ്യങ്ങൾ വീതം. തെറ്റുത്തരത്തിനു മാർക്ക് കുറയ്ക്കില്ല. സിലബസ് വെബ്സൈറ്റിലുണ്ട്. സംവരണമില്ലാത്തവർ കൂടുതൽ മാർക്ക് നേടണം. അപേക്ഷകന്റെ വിഭാഗമനുസരിച്ച് മിനിമം മാർക്ക് താഴെക്കാണുന്ന ക്രമത്തിലുണ്ടെങ്കിൽ മാത്രമേ അധ്യാപകയോഗ്യത ലഭിക്കൂ.

 

ജനറൽ: ഓരോ പേപ്പറിനും 40%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 48%.

പിന്നാക്കം: ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 45%.

പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾ: ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 40%.

 

∙ ആർക്കെല്ലാം എഴുതാം?

 

ബന്ധപ്പെട്ട വിഷയത്തിൽ 50% എങ്കിലും മാർക്കോടെ മാസ്റ്റർ ബിരുദവും ഏതെങ്കിലും വിഷയത്തിലെ ബിഎഡും മതി. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയ്ക്കു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലെ എംഎസ്‌സി–എഡ് 50% മാർക്കോടെ ജയിച്ചവർക്കും അപേക്ഷിക്കാം. 50% എങ്കിലും മാർക്കോടെ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിലെ സെക്കൻഡ് ക്ലാസ് എംഎയും ബിഎ‍‍ഡും ഉള്ളവർക്കും അപേക്ഷിക്കാം.

 

ആന്ത്രപ്പോളജി, കൊമേഴ്സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോം സയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യൽ വർക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയക്കാർക്കു സെറ്റ് എഴുതാൻ ബിഎഡ് വേണമെന്നില്ല. 

 

അറബിക്, ഹിന്ദി, ഉറുദു എന്നീ വിഷയങ്ങളിൽ DLEd/LTTC യോഗ്യതയുള്ളവർക്കും ബിഎഡ് നിർബന്ധമല്ല. 50% മാർക്കോടെ ബയോടെക്നോളജി എംഎസ്‌സിയും നാച്വറൽ സയൻസ് ബിഎ‍ഡുമുള്ളവർക്കും സെറ്റ് എഴുതാം.

കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്പോണ്ടൻസ് / ഓപ്പൺ ബിരുദങ്ങൾ പരിഗണിക്കില്ല. 

 

പിജി യോഗ്യത നേടിയിട്ട് ഇപ്പോൾ ഫൈനൽ ബിഎഡ് പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും, ബിഎഡ് നേടിയിട്ട് ഇപ്പോൾ ഫൈനൽ പിജി പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. സെറ്റ് ഫലം വന്ന് ഒരു വർഷത്തിനകം യോഗ്യത പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ആർക്കും ഉയർന്ന പ്രായപരിധിയില്ല. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്കിളവുണ്ട്. അപേക്ഷാസമർപ്പണത്തിന്റെ നടപടികളടക്കമുള്ള വിവരങ്ങൾക്ക്: https://lbsedp.lbscentre.in/setjul23

 

Content Summary : SET Exam 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com