ഡോക്ടർമാരെ ഉപദ്രവിക്കുന്നരെ മാതൃകാപരമായി ശിക്ഷിക്കണം : ഡോ.കൃഷ്ണശ്രീ

HIGHLIGHTS
  • ഡോക്ടർമാർക്ക് സമാധാനത്തോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാവണം.
  • വന്ദനയ്ക്കു സംഭവിച്ചത് നാളെ എനിക്കായിരിക്കാം സംഭവിക്കുന്നത്.
dr-vandana-das-dr-krishnasree
ഡോ.വന്ദനദാസ്, ഡോ. കൃഷ്ണശ്രീ
SHARE

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് തന്റെ ജോലി കൃത്യമായി ചെയ്യുന്നതിനിടയിലാണ് ഡോ.വന്ദനാ ദാസ് എന്ന ഹൗസ് സർജൻ ചികിൽസയ്ക്കെത്തിയ ആളിന്റെ കുത്തേറ്റു കൊല്ലപ്പെട്ടത്. ഏതു പാതിരാത്രിയിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്ന ഡോക്ടർമാരുടെ ജീവന് ഒരു വിലയുമില്ലേ എന്ന ചോദ്യമുന്നയിക്കുകയാണ് തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. കെ.എസ്.കൃഷ്ണശ്രീ. 

Read Also : ഡോക്ടർമാർ ദൈവങ്ങളല്ല, അക്രമണകാരികളെ കായികമായി നേരിടാൻ കഴിയണമെന്നില്ല

‘‘പരുക്കേറ്റ നിലയിൽ പുലർച്ചെ പൊലീസ് കൊണ്ടുവന്നയാളെ ചികിൽസിക്കുകയായിരുന്നു സീനിയർ ഡോക്ടറിനൊപ്പം ഡോ. വന്ദന. അക്രമി പ്രേരണയില്ലാതെ പെട്ടെന്നു പ്രകോപിതനാകുകയും കത്രികകൊണ്ട് അവിടെയുള്ളവരെ ആക്രമിക്കുകയും ഡോ. വന്ദനയെ നിലത്തുവീഴ്ത്തി പലപ്രാവശ്യം കുത്തി ആ പെൺകുട്ടിയുടെ ജീവനെടുക്കുകയും ചെയ്തു. തന്റെ ജോലി ആത്മാർഥമായി ചെയ്യുന്നതിനിടെ തൊഴിലിടത്തിൽ വച്ചാണ് ആ പെൺകുട്ടി കൊല്ലപ്പെട്ടത്.

ഒരു ഡോക്ടറുടെ കടമ രോഗിയെ ചികിൽസിക്കുകയെന്നതു തന്നെയാണ്. ചികിൽസിച്ചു ഭേദമാക്കുമ്പോൾ ചിലർ ഡോക്ടർമാരെ ദൈവ തുല്യരെന്നു വാഴ്ത്തുന്നു. എന്നാൽ കഴിവിന്റെ പരമാവധി ശ്രമിക്കുകയും നൈറ്റ് ഡ്യൂട്ടിയൊക്കെയെടുത്ത് രോഗിയെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടും രോഗി രക്ഷപ്പെടാതെ വരുമ്പോൾ ഡോക്ടർമാർ തെറ്റുകാരാകും. ഈ മനോഭാവം തീർച്ചയായും മാറണം.

വർഷങ്ങൾ നീണ്ട അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയുമൊടുവിലാണ് ഡോക്ടർ എന്ന പദവിയിലേക്കെത്തുന്നത്. എംബിബിഎസിനു ശേഷം ബിരുദാനന്തര ബിരുദം, സൂപ്പർ സ്പെഷാലിറ്റി അങ്ങനെ പല ഘട്ടങ്ങൾ പൂർത്തിയാക്കി, വർഷങ്ങൾ നീളുന്ന പഠനമെന്ന തപസ്യക്കൊടുവിലാണ് ഒരാൾ ഡോക്ടറായി സേവനമനുഷ്ഠിക്കാൻ ഇറങ്ങിത്തിരിക്കുന്നത്. കുടുംബം, പാഷൻ അങ്ങനെ പല കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ടും യൗവനം മുഴുവൻ പഠനത്തിനായി നീക്കിവച്ചുമാണ് പലരും ഡോക്ടർമാരാകുന്നത്. 

കഴിഞ്ഞ ദിവസം സംഭവിച്ചത് വളരെ വേദനയേറിയ ഒരു കാര്യമാണ്. വന്ദനയ്ക്കു സംഭവിച്ചത് നാളെ എനിക്കായിരിക്കാം സംഭവിക്കുന്നത്. പലതരം ആളുകളെ ചികിൽസിക്കുന്ന ഞങ്ങൾ ഡോക്ടർമാർക്ക് പൊതു സമൂഹത്തോടും സർക്കാരിനോടും അഭ്യർഥിക്കാനുള്ളതിതാണ്– ഈ നാട്ടിൽ സമാധാനത്തോടെ ചികിൽസ നടത്താനുള്ള സാഹചര്യം ഉണ്ടാകാനുള്ള പദ്ധതികൾ ആലോചിച്ച് നടപ്പിലാക്കണം, സുരക്ഷ ശക്തമാക്കണം, ഡോക്ടർമാരുടെ ജീവന് സംരക്ഷണം നൽകേണ്ട കാര്യങ്ങളെപ്പറ്റി ആലോചിക്കണം. 

ഡോക്ടർമാരും മനുഷ്യരാണ്. സ്വസ്ഥമായി ചികിൽസ നടത്തേണ്ട സാഹചര്യം ഇല്ലെങ്കിൽ പുറംരാജ്യങ്ങളിലേക്കു പോകാൻ ഡോക്ടർമാർ നിർബന്ധിതരാകും. അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കാതെ, നാട്ടിൽത്തന്നെ സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യങ്ങളൊരുക്കി ആരോഗ്യമേഖലയെ വിപുലീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. സാക്ഷരതയിലും ആരോഗ്യ സംരക്ഷണത്തിലും ഏറ്റവും മുൻപിലാണെന്ന് അഭിമാനിക്കുമ്പോഴും, ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചറിയാനും ശ്രമിക്കണം. ഡോക്ടർമാർക്ക് ശരിയായി ചികിൽസിക്കാനുള്ള സംവിധാനങ്ങൾ പല സർക്കാർ ആശുപത്രികളിലുമില്ല. ശസ്ത്രക്രിയ, ഇസിജി പോലുള്ളവ ചെയ്യാനുള്ള സൗകര്യങ്ങളൊന്നും മിക്കയിടത്തുമില്ല. ആരോഗ്യമേഖലയെ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം. 

Read Also : ഡോ. വന്ദനയുടെ കൊലപാതകം: വേണ്ടത് ചർച്ചകളല്ല, നിയമങ്ങൾ

ഡോക്ടർമാർക്ക് സമാധാനത്തോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാവണം. നൂറും ഇരുനൂറും രോഗികളെ വളരെച്ചുരുങ്ങിയ സമയത്തിനുള്ളിൽ നോക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ടോക്കൺ സിസ്റ്റം നടപ്പാക്കുമ്പോൾത്തന്നെ നിശ്ചിത എണ്ണം ടോക്കൺ മാത്രം കൊടുക്കുക. അങ്ങനെ ചെയ്താൽ സമാധാനത്തോടെ രോഗികളെ ചികിൽസിക്കാനുള്ള സാവകാശം ലഭിക്കും. അപ്പോൾ ഡോക്ടർമാരുടെ ജോലിഭാരം ലഘൂകരിക്കാം. ആശുപത്രി തകർക്കുകയും ഡോക്ടർമാരെ ഉപദ്രവിക്കുകയും അതിക്രമങ്ങൾ കാട്ടുകയും ചെയ്യുന്നരെ മാതൃകാപരമായി ശിക്ഷിക്കണം. എങ്കിൽ മാത്രമേ ഇത്തരം ദുരന്തങ്ങൾ ആവർത്തികാതിരിക്കൂ.

Content Summary : Dr Vandana Murder: We need strict implementation of rules say Dr. Krishnasree

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS