ഇന്ത്യൻ ഫോറസ്റ്റ് സർവീസിലും വിദേശത്തും ബാങ്കിലും തൊഴിലവസരങ്ങൾ; കാട്ടിലും നാട്ടിലും ഒരുപോലെ ജോലി കിട്ടുന്ന കോഴ്സ് പഠിച്ചാലോ?

HIGHLIGHTS
  • 33 പേർക്കാണ് ഒരു വർഷം ഫോറസ്ട്രി കോഴ്സിന് അഡ്മിഷൻ ലഭിക്കുക.
  • പൂർവ വിദ്യാർഥികൾ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലും സംസ്ഥാന ഫോറസ്റ്റ് സർവീസിലും ജോലി ചെയ്യുന്നുണ്ട്.
SHARE

മനുഷ്യനെയും പ്രകൃതിയെയും വന്യമൃഗങ്ങളെയും ഒരുപോലെ സ്നേഹിക്കാനും പരിരക്ഷിക്കാനുമുള്ള മനസ്സും കായിക ശേഷിയും നിങ്ങൾക്കുണ്ടോ? ഓരോ ദിവസവും പുതിയ ജോലിയെന്ന ആർജ്ജവത്തോടെ കരിയറിനെ സ്നേഹിക്കാൻ കഴിയുമോ? എങ്കിൽ തീർച്ചയായും വനംവകുപ്പിലെ ജോലി നിങ്ങൾക്കിണങ്ങും. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വനംവകുപ്പ് കാത്തുവച്ച ജോലികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലേഖനത്തിന്റെ ആദ്യ ഭാഗത്തിൽ വായിച്ചു കാണുമല്ലോ. കാടുമായി ബന്ധപ്പെട്ട് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ജോലി ലഭിക്കാൻ ഏതു കോഴ്സാണ് പഠിക്കേണ്ടത് എന്ന ജിജ്ഞാസയുണ്ടാകും. അതിനു മറുപടി നൽകുകയാണ് തൃശൂർ വെള്ളാനിക്കര വനശാസ്ത്ര കോളജിലെ അധ്യാപകർ. ഫോറസ്ട്രി കോളജിലേക്കുള്ള പ്രവേശനമുൾപ്പടെയുള്ള നടപടി ക്രമങ്ങളെക്കുറിച്ചും കോളജിന്റെ ചരിത്രത്തെക്കുറിച്ചും ഫോറസ്ട്രി കോഴ്സിന്റെ ജോലി സാധ്യതകളെക്കുറിച്ചും അവർ പറയുന്നതു കേൾക്കാം.

Watch Also : കോളജ് ഓഫ് ഫോറസ്ട്രിയിലെ പൂർവ വിദ്യാർഥിയും പെരിയാർ ടൈഗർ റിസർവിലെ റേഞ്ച് ഫോറസ്റ്റ് ഓഫിസറുമായ ജ്യോതിഷ്.ജെ ഒഴാക്കൽ കരിയർ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

മനുഷ്യനാണെന്ന ഗർവ് മാറ്റി വച്ച്, മലയും പുഴയും കാടും മേടും കാട്ടുമൃഗങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്ന ബോധ്യത്തോടെ ജോലി ചെയ്യാനാഗ്രഹമുള്ളവർക്കുവേണ്ടി വാതിൽ തുറന്നിട്ട കോളജ് ഓഫ് ഫോറസ്ട്രിയുടെ കൂടുതൽ വിശേഷങ്ങളറിയാം. 

aneesh-k-s
അനീഷ് കെ.എസ്

പ്രവേശനം ലഭിക്കുക 33 വിദ്യാർഥികൾക്ക്

അനീഷ് കെ.എസ്. അക്കാദമിക് ഓഫിസർ, കോളജ് ഓഫ് ഫോസ്ട്രി, തൃശൂർ

കേരള എൻട്രൻസ് കമ്മിഷണർ പ്രസിദ്ധീകരിക്കുന്ന മെഡിക്കൽ റാങ്ക് ലിസ്റ്റിൽനിന്നു യോഗ്യരായ വിദ്യാർഥികൾക്കാണ് ബിഎസ്‌സി ഫോറസ്ട്രിക്ക് അഡ്മിഷൻ ലഭിക്കുക. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‌സ് സ്ട്രീമിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും എൻട്രൻസിൽ ഉയർന്ന മാർക്ക് നേടിയിട്ടുള്ളവർക്കും ഫോറസ്ട്രി കോഴ്സിന്റെ പ്രവേശനപ്പട്ടികയിൽ ഇടംപിടിക്കാം. ഒരു അധ്യയന വർഷം സംസ്ഥാന എൻട്രൻസ് കമ്മിഷണർ നടത്തുന്ന അലോട്ട്മെന്റിൽനിന്ന് 27 പേർക്കും ലക്ഷദ്വീപ് ക്വോട്ടയിൽ നിന്ന് ഒരാൾക്കും ഐസിആർ ക്വോട്ടയിൽനിന്ന് അഞ്ചു പേർക്കും അടക്കം ആകെ 33 പേർക്കാണ് ഒരു വർഷം ഫോറസ്ട്രി കോഴ്സിന് അഡ്മിഷൻ ലഭിക്കുക. ഇതിനു പുറമേ കേരള എൻട്രൻസ് കമ്മിഷണർ നിഷ്കർഷിച്ചിട്ടുള്ള ശാരീരിക ക്ഷമത കൂടി വിദ്യാർഥികൾക്ക് ഉണ്ടാവണം. 

dr-gopakumar
ഡോ.ഗോപകുമാർ. ചിത്രം : ജസ്റ്റിൻ ജോസ്

വിദേശ സർവകലാശാലകൾ മുതൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് വരെ നീളുന്ന പൂർവവിദ്യാർഥി സമ്പത്ത് 

ഡോ. ഗോപകുമാർ, ഡയറക്ടർ ഓഫ് എജ്യുക്കേഷൻ, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി

ഫോറസ്ട്രി കോളജും ഫോറസ്ട്രി കോഴ്സും കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ തുടങ്ങുന്നത് 1986ലാണ്. 2012 ലാണ് അതൊരു ഫാക്കൽറ്റിയായത്. കേരള കാർഷിക സർവകലാശാലയിൽ മൂന്ന് ഫാക്കൽറ്റികളാണുള്ളത്. 

1.അഗ്രിക്കൾച്ചർ.

2. അഗ്രിക്കൾച്ചർ എൻജിനീയറിങ് ആൻഡ് ടെക്നോളജി.

3.ഫോറസ്ട്രി.

കഴിഞ്ഞ 35 വർഷംകൊണ്ട് അഭൂതപൂർവമായ വളർച്ചയാണ് ഫോറസ്ട്രി കോളജിനും ഫോറസ്ട്രി എന്ന പ്രഫഷനുമുണ്ടായിട്ടുള്ളത്. അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഒരു വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയുൾപ്പടെ ധാരാളം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥർ ഫോറസ്ട്രി കോളജിൽനിന്നു വിജയിച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവീസിലും സംസ്ഥാന ഫോറസ്റ്റ് സർവീസിലും ജോലി ചെയ്യുന്നുണ്ട്. 

college-of-forestry
കോളജ് ഓഫ് ഫോറസ്ട്രിയിലെ പൂർവ വിദ്യാർഥികളും (മുകൾ നിരയിൽ) നിലവിൽ പഠിക്കുന്നവരും.

വളരെ വൈവിധ്യമുള്ള പൂർവ വിദ്യാർഥി സമ്പത്ത് തന്നെ ഫോറസ്ട്രി കോളജിനുണ്ട്. യൂണിവേഴ്സിറ്റിയിലെ അക്കാദമിക തലപ്പത്ത് ഉയർന്ന പദവികൾ വഹിക്കുന്നവർ, വിദേശ സർവകലാശാലകളിലെ പ്രഫസർമാർ, ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനിലെ ഫോറസ്ട്രി ഉദ്യോഗസ്ഥർ തുടങ്ങിയവരും ഫോറസ്ട്രി കോളജിലെ പൂർവ വിദ്യാർഥികളാണ്.

Watch Also : ലോകത്തെ ഏറ്റവും ഭാഗ്യവാന്മാർക്കു കിട്ടുന്ന ജോലി

മികച്ച ക്യാംപസ്, സ്റ്റേറ്റ് ഓഫ് ദ് ആർട്ട് ലബോറട്ടറീസ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ, മികച്ച പഠന സൗകര്യങ്ങൾ എന്നിവയൊക്കെ ഫോറസ്ട്രി കോളജ് ഫോറസ്ട്രി ബിരുദക്കാർക്കും മറ്റ് ഗവേഷണ വിദ്യാർഥികൾക്കും ഒരുക്കിയിട്ടുണ്ട്. മറ്റു സമാന സ്ഥാപനങ്ങളുമായും സർവകലാശാലകളുമായും ധാരണയുണ്ടാക്കി, പലതരത്തിലുള്ള ബാഹ്യസഹായ പദ്ധതികളിലൂടെയും ഗവേഷണ പദ്ധതികളിലൂടെയും ഒരുപാട് ഗവേഷണ ഫലങ്ങൾ വൈജ്ഞാനിക സമൂഹത്തിന് നൽകാൻ ഫോറസ്ട്രി കോളജിന് സാധിച്ചിട്ടുണ്ട്.

muhammed-iqbal
മുഹമ്മദ് ഇക്ബാൽ. ചിത്രം: ജസ്റ്റിൻ ജോസ്.

നാലു വർഷത്തേക്കുള്ള ഫോറസ്ട്രി കോഴ്സിലേക്കുള്ള അഡ്മിഷനിങ്ങനെയാണ്. മൊത്തം സീറ്റിന്റെ 20 ശതമാനം സീറ്റ് അഖിലേന്ത്യാ ക്വോട്ടയാണ്. അതിന് ഈ വർഷം മുതൽ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. ബാക്കിയുള്ള 80 ശതമാനം സീറ്റുകളും സംസ്ഥാന സീറ്റുകളാണ്. സ്റ്റേറ്റ് ക്വോട്ടയിലേക്ക് നീറ്റ് കീം വഴി അപേക്ഷ സമർപ്പിച്ച് നീറ്റ് എഴുതി അതിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലഭിക്കുന്നതിനനുസരിച്ചാണ് ഈ കോഴ്സിലേക്ക് അഡ്മിഷൻ കിട്ടുക. 

വനം വകുപ്പിലെ ഗസറ്റഡ് ഓഫിസർ പദവിയുള്ള തസ്തികയിലേക്ക് നേരിട്ടു നിയമനം 

മുഹമ്മദ് ഇക്ബാൽ, അസിസ്റ്റന്റ് പ്രഫസർ, കോളജ് ഓഫ് ഫോറസ്ട്രി

കാർഷിക സർവകലാശാലയ്ക്കു കീഴിലെ നാലു വർഷ ഫോറസ്ട്രി ഡിഗ്രി കരസ്ഥമാക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രധാനമായും സർക്കാർ വകുപ്പുകളിലും പൊതുമേഖല– സ്വകാര്യ സ്ഥാപനങ്ങളിലും വ്യത്യസ്ത ജോലി സാഹചര്യങ്ങളാണ് നിലവിലുള്ളത്. ഇതിൽ പ്രധാനമായും സംസ്ഥാന വനം വകുപ്പിലെ ഗസറ്റഡ് ഓഫിസർ തസ്തികയായ റേഞ്ച് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് ബിഎസ്‌സി ഫോറസ്ര്ടി ബിരുദധാരികൾക്ക് നേരിട്ടുള്ള നിയമനത്തിന്റെ മുപ്പത് ശതമാനം സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. വനംവകുപ്പിലെ വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് 2 എന്ന തസ്തികയിലേക്കും ബിഎസ്‌സി ഫോറസ്ര്ടി ബിരുദധാരികൾക്ക് അപേക്ഷിക്കാം. 

Watch Also : സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

സംസ്ഥാന വനവികസന കോർപറേഷനു കീഴിൽ മാനേജർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനവും ബിഎസ്‌സി ഫോറസ്ര്ടി ബിരുദധാരികൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രധാന പ്ലാന്റേഷൻ കമ്പനികളായ പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള, സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ, റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ തുടങ്ങിയ പൊതുമേഖല പ്ലാന്റേഷനുകളിൽ അസിസ്റ്റന്റ് മാനേജർ തസ്തികളിലേക്കും  ബിഎസ്‌സി ഫോറസ്ര്ടി ബിരുദധാരികളെ പരിഗണിക്കുന്നുണ്ട്. 

പ്രധാന സ്വകാര്യ പ്ലാന്റേഷൻ കമ്പനികളായ ടാറ്റ കോഫി, ടാറ്റയുടെ മറ്റു സ്ഥാപനങ്ങൾ, ഹാരിസൺ മലയാളം തുടങ്ങിയ സ്ഥാപനങ്ങളും ബിഎസ്‌സി ഫോറസ്ര്ടി ബിരുദധാരികൾക്കും ജോലി നൽകി വരുന്നു. ബാങ്കിങ് മേഖലയിലും ബിഎസ്‌സി ബിരുദധാരികൾക്ക്  ധാരാളം അവസരങ്ങളുണ്ട്. 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA