ADVERTISEMENT

എൻജിനീയറിങ്ങിലെ ഏറ്റവും വ്യത്യസ്ത ട്രേഡുകളിലൊന്നാണ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്. മറ്റ് എൻജിനീയറിങ് വിഭാഗങ്ങളിൽ കോർ പഠനമാണു പ്രധാനം. എന്നാൽ എൻജിനീയറിങ്ങും മാനേജ്‌മെന്റും ചേർന്നുള്ള സങ്കരമാണ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്. എങ്ങനെ ഒരു വ്യവസായം കൂടുതൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിപ്പിക്കാമെന്നും കൂടുതൽ ലാഭം ഉണ്ടാക്കാമെന്നും പഠിപ്പിക്കുന്നു.

 

ഒരു വിമാനത്താവളം ശ്രദ്ധിക്കൂ. ധാരാളം വിമാനങ്ങൾ വന്നിറങ്ങുന്നു, പറന്നുയരുന്നു. ഇവ കൃത്യമായി ഷെഡ്യൂൾ ചെയ്യുന്നതിൽ ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിനു പങ്കുണ്ട്. കൃത്യമായ ഷെഡ്യൂളിങ്ങിലൂടെ യാത്ര കൂടുതൽ സുഗമമാക്കാം, വിമാനത്താവളത്തിന്റെ വരുമാനവും വർധിപ്പിക്കാം.

 

സാധാരണ എൻജിനീയറിങ് ട്രേഡുകളിലേതു പോലെ അടിസ്ഥാന ശാസ്ത്ര വിഷയങ്ങൾ അധികം പഠിക്കാനില്ല. ഓപ്പറേഷൻസ് റിസർച്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് തുടങ്ങിയവ പഠിക്കാനുണ്ട്. മാനേജ്മെന്റ് ഗണിതശാസ്ത്രം ഏറെ പ്രധാനം. ഷെഡ്യൂളിങ് സോഫ്‌റ്റ്‌വെ‌യറുകളാണു പ്രധാനം. ലിങ്കോ, അരീന തുടങ്ങിയവ ഉദാഹരണം. 

 

ഇൻഡസ്ട്രിയൽ എൻജിനീയറിങ് കോഴ്സുകൾ പലതും ഇപ്പോൾ പൂർണമായും സോഫ്റ്റ്‌വെയർ അധിഷ്ഠിതമാണ്.

ഒട്ടേറെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഇൻഡസ്ട്രിയൽ എൻജിനീയർമാരുടെ തസ്തികയുണ്ട്. പ്രധാനമായും ഉൽപാദന വ്യവസായങ്ങളിലാണു ജോലി. മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ ആ മേഖലയിലും ഉയരാൻ ഇൻഡസ്ട്രിയൽ എൻജിനീയറിങ് പഠനം ഉപകരിക്കും.

 

പല കോളജുകളിലും ഇൻഡസ്ട്രിയൽ എൻജിനീയറിങ് പുതുതായി കരിക്കുലത്തിന്റെ ഭാഗമാക്കുന്നുണ്ട്. അതിനാൽ അധ്യാപനരംഗത്തും ഏറെ അവസരങ്ങളുണ്ടാകും. എർഗനോമിസ്റ്റ്, പ്ലാന്റ് എൻജിനീയർ, പ്രോസസ് എൻജിനീയർ, ക്വാളിറ്റി എൻജിനീയർ, മാനുഫാക്ചറിങ് എൻജിനീയർ, ഇൻഡസ്ട്രിയൽ മാനേജർ തുടങ്ങി ധാരാളം തസ്തികകൾ തിരഞ്ഞെടുക്കാം. ആദ്യകാലത്തു ശമ്പളം കുറവാണെങ്കിൽത്തന്നെയും പ്രവൃത്തിപരിചയം ഈ മേഖലയിൽ ഏറ്റവും വിലപിടിപ്പുള്ളതാണ്. ഇന്ത്യയിലെ പ്രവൃത്തിപരിചയം വിദേശത്തും മെച്ചപ്പെട്ട അവസരങ്ങൾക്കു വഴിയൊരുക്കും.

 

ഈ മേഖല ചില അടിസ്ഥാന ശേഷികൾ ആവശ്യപ്പെടുന്നുണ്ട്.

അതിലൊന്ന് വ്യാവസായിക ജ്ഞാനമാണ്. ഒരു വ്യവസായത്തിൽ എന്തൊക്കെ തരം യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്, ജീവനക്കാർ എത്ര തുടങ്ങിയ വിവരങ്ങളെല്ലാം അറിഞ്ഞിരിക്കണം. രണ്ടാമതായി ആശയവിനിമയശേഷി വേണം മാനേജ്‌മെന്റ് മേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ മികച്ച ആശയവിനിമയം ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്.

 

ഒരു വ്യവസായം മുന്നോട്ടുപോകുന്നതിൽ ഒട്ടേറെ ഘടകങ്ങൾക്കു പങ്കുണ്ട്. ഇവയെല്ലാം പരിഗണിക്കാനും മെച്ചമേറിയവയ്ക്ക് ഊന്നൽ നൽകാനുമുള്ള മനോഭാവവും മൂന്നാമതായി സമഗ്ര കാഴ്ചപ്പാടും നിർബന്ധമാണ്. വ്യവസായത്തിൽ മികച്ച പ്രവർത്തനഫലവും ലാഭവും വേണം. ഇതു നേടാനുള്ള മനോഭാവവും സമയക്രമം പാലിക്കാനുള്ള കഴിവും വളരെ പ്രധാനം.

 

∙എങ്ങനെ പഠിക്കാം ?

 

മിക്ക സ്ഥാപനങ്ങളിലും മെക്കാനിക്കൽ എൻജിനീയറിങ്ങിന്റെ ഭാഗമായാണ് ഇൻഡസ്ട്രിയൽ എൻജിനീയറിങ് വരുന്നത്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക ഡിപ്പാർട്മെന്റുകളിലേക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറുന്നുണ്ട്. ഐഐടിയുടെ ഖരഗ്പുർ, ഡൽഹി, മുംബൈ, മദ്രാസ്, റൂർക്കി ക്യാംപസുകളിൽ ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട ബിരുദ കോഴ്സുകളുണ്ട്. ജെഇഇ അഡ്വാൻസ്ഡ് വഴിയാണു പ്രവേശനം. കേരളത്തിലെ ഏറ്റവും മികവേറിയ എൻജിനീയറിങ് സ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരം സിഇടിയിലും ബിടെക് കോഴ്സ് നൽകുന്നുണ്ട്.

 

രാജ്യത്തെ പ്രമുഖ ഐഐടികളുൾപ്പെടെ സ്ഥാപനങ്ങളിൽ ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ എംടെക് കോഴ്സുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ് ഇതര വിഭാഗങ്ങളിൽപ്പെട്ടവർക്കും ഈ കോഴ്സ് തിരഞ്ഞെടുക്കാം. സ്ഥാപനങ്ങളുടെ നയം, കോഴ്സിന്റെ സ്വഭാവം എന്നിവ അനുസരിച്ച് യോഗ്യതയിൽ മാറ്റങ്ങളുണ്ട്. രസകരമായ പാഠ്യപദ്ധതി, കേവല പഠനത്തിനു മുകളിൽ ബുദ്ധിക്കും അപഗ്രഥനത്തിനും നൽകുന്ന ഊന്നൽ തുടങ്ങിയവയാണ് ഈ കോഴ്സിന്റെ സവിശേഷതകൾ. 

 

ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ ഏറ്റവും ശ്രദ്ധേയ സ്ഥാപനങ്ങളിൽ ഒന്നാണു മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ് (നിറ്റി). പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളാണുള്ളത്. ‘ഗേറ്റ്’ സ്കോർ പരിഗണിച്ചാണ് അഡ്മിഷൻ. ഇന്ത്യയിൽ ഉൽപാദന രംഗത്തുള്ള മിക്ക പ്രമുഖ കമ്പനികളും ഇവിടെ പ്ലേസ്മെന്റിനായി എത്താറുണ്ട്. ശമ്പള പാക്കേജ് സ്വപ്നതുല്യം. കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ എംടെക് കോഴ്സുകൾ നടത്തുന്നുണ്ട്. ഗേറ്റ് വഴിയാണു പ്രവേശനം. തിരുവനന്തപുരം സിഇടി, പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയിടങ്ങളിലും എംടെക് കോഴ്സുകളുണ്ട്.

 

Content Summary : Career in Industrial Engineering: Courses and Scope 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT