ADVERTISEMENT

വ്യാജ സർവകലാശാലകൾ ഇന്ത്യയിൽ മാത്രമല്ല, വിദേശത്തുമുണ്ട്. മാസ്റ്റേഴ്സ് പഠനത്തിനായാണ് കൂടുതൽ ഇന്ത്യൻ വിദ്യാർഥികളും വിദേശരാജ്യങ്ങളിലേക്കു പോകുന്നതെങ്കിലും ഇന്ന് വിദേശ ബിരുദപഠനത്തിനും പ്രിയമേറുകയാണ്.

 

വിദേശത്തെ സർവകലാശാലകൾ തിരഞ്ഞെടുക്കുമ്പോഴും വിദ്യാർഥികൾ ജാഗ്രത പുലർത്തണം. 2006ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് ‘അക്സപ്റ്റഡ്’. കോളജിൽ അഡ്മിഷൻ കിട്ടാത്ത ഒരു സംഘം അമേരിക്കൻ വിദ്യാർഥികൾ ചേർന്ന് സ്വന്തമായി വ്യാജസർവകലാശാല തുടങ്ങുന്നതും അതിലേക്കു വിദ്യാർഥികളെ ചേർക്കുന്നതുമാണു പ്രമേയം.

 

അമേരി‌ക്കയിലും വ്യാജ സർവകലാശാലയോ എന്നോർത്തു ഞെട്ടേണ്ട. യുഎസ്, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബുകളിലെല്ലാം വ്യാജന്മാരുടെ സാന്നിധ്യമുണ്ടെന്നാണു വിവരം. യുഎസിൽ ഫാമിങ്ടൻ വ്യാജ സർവകലാശാലാ വിവാദത്തിൽ ഇന്ത്യൻ വിദ്യാർഥികളും കുടുങ്ങിയത് ഈയിടെ വാർത്തയാകുകയും ചെയ്തു.

 

യുഎസിൽ തന്നെ മതിയായ അക്രഡിറ്റേഷൻ ഇല്ലാത്തതിനാൽ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് വെർജീനിയ എന്ന സർവകലാശാല പൂട്ടിയിരുന്നു. 2011ൽ ബ്രിട്ടനിൽ വിവിധ വ്യാജ സർവകലാശാലകൾ പൂട്ടിയിരുന്നു.

മതിയായ അന്വേഷണം നടത്താതെ സർവകലാശാലകൾ തിരഞ്ഞെടുക്കുന്നതാണ് വിദ്യാർഥികൾ ഇത്തരണം കെണികളിൽപ്പെടാൻ കാരണം.

 

ടോപ് യൂണിവേഴ്സിറ്റീസ് (www.topuniversities.com),സ്റ്റഡിപോർട്ടൽസ് (www.studyportals.com) തുടങ്ങിയ പ്രശസ്ത സൈറ്റുകളിൽ വിദേശത്തെ മുൻനിര, അംഗീകൃത സർവകലാശാലകളുടെ വിവരങ്ങൾ ലഭ്യമാണ്. അക്ര‍ഡിറ്റേഷൻ വിവരങ്ങൾ കൃത്യമായി നോക്കിയ ശേഷമേ സർവകലാശാല തിരഞ്ഞെടുക്കാവൂ. അംഗീകൃത സർവകലാ ശാലകളുടെയെല്ലാം ഇത്തരം വിവരങ്ങൾ, ഓഫിസ് അഡ്രസ്, ചിത്രങ്ങൾ എന്നിവ ഇന്റർനെറ്റിൽ അനായാസം ലഭ്യമാണ്. ഇവ കിട്ടാൻ പാടാണെങ്കിൽ സംശയിക്കണം; കൂടുതൽ അന്വേഷിക്കണം.

 

അവിശ്വസനീയമാംവിധം കുറഞ്ഞ ഫീസ്, പ്രത്യേക പ്രോഗ്രാമുകളെന്ന നാട്യത്തിൽ അക്രഡിറ്റേഷനില്ലാത്ത കോഴ്സുകൾ തുടങ്ങിയവ സംശയിക്കപ്പെടേണ്ട കാര്യങ്ങളാണ്. യുഎസിലെ കോളജുകളുടെ അക്രഡിറ്റേഷൻ വിവരങ്ങൾ അവരുടെ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ നോക്കാവുന്നതാണ് (www.ed.gov) ഏതു രാജ്യത്താ യാലും ഇന്ത്യൻ വിദ്യാർഥിസമൂഹം വളരെ ശക്തമാണ്. ഇവരുടെ കൂട്ടായ്മകൾ ഫെയ്സ്ബുക്, ലിങ്ക്ഡ്ഇൻ, തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവവുമാണ്. ഇത്തരം കൂട്ടായ്മകളിൽ അംഗമായ ശേഷം മറ്റ് അംഗങ്ങളോടു സംശയങ്ങൾ ചോദിക്കാം.

 

റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളും ഇതിനായി ഉപയോഗിക്കാം. നിങ്ങളുടെ സർവകലാശാലയുടെ പേര് ഉപയോഗിച്ച് ഫെയ്സ്ബുക്കിൽ സെർച് ചെയ്താൽ അവിടെ പഠിച്ച വിദ്യാർഥികളെ കണ്ടെത്താം. 

ഇവരോട് ഇക്കാര്യങ്ങൾ ചോദിച്ച് ഉറപ്പുവരുത്താം. സഹായത്തിന് യുജിസി വിദേശ സർവകലാശാലകളുടെ വിശ്വാസ്യതയും കോഴ്സുകളുടെ നിലവാരവും ഉറപ്പാക്കാൻ യുജിസിയുടെ സഹായ സംവിധാനമുണ്ട്.വെബ്സൈറ്റ്: www.aiu.ac.in

 

Content Summary : Things to consider while selecting a university abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com