ADVERTISEMENT

വൻകിട കമ്പനിയിൽ മികച്ച ശമ്പളവുമായി ഉയർന്ന പദവികൾ ലക്ഷ്യം വച്ചുള്ള യാത്ര മാത്രമായിരിക്കില്ല എല്ലാവരുടെ യും ജീവിത സ്വപ്നം. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടണമെന്നും സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ആൾക്കാ ർക്ക് സന്തോഷവും നീതിയും ലഭിക്കണമെന്നും അഗ്രഹിക്കുന്നവരുണ്ടാകും. ജീവിക്കാൻ ജോലി വേണമെന്നതുറപ്പാ ണെങ്കിലും സാമൂഹിക പ്രശ്നങ്ങളിൽ കൂടി ക്രിയാത്മകമായി ഇടപെടണം എന്നായിരിക്കും ഇത്തരക്കാരുടെ ആഗ്രഹം.

Read Also : പ്ലസ്ടുവിനു ശേഷം 5ജി കരിയറായി തെരഞ്ഞെടുത്താലോ?

ഇവർക്ക് ഏറെ ആകർഷകമായ മേഖലയാണ് സന്നദ്ധ സംഘടനകളിലെ ജോലി. വൻകിട കമ്പനികളുടെ നേതൃത്വത്തിലും സ്വതന്ത്രമായും പ്രവർത്തിക്കുന്ന ഒട്ടേറെ സന്നദ്ധ സംഘടനകളുണ്ട്. ഏതു തരത്തിലുള്ള കഴിവും താൽപര്യവുമാണോ ഉള്ളത് അതനുസരിച്ച് അതാതു മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളിൽ അംഗമായി പ്രവർത്തിക്കാവുന്നതാണ്. 

സമൂഹത്തിലെ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരാൻ വേണ്ടി ശ്രമിക്കുന്ന കൂട്ടായ്മകളുണ്ട്. സാമ്പത്തിക രംഗത്തെ അസമത്വത്തെക്കുറിച്ചു പഠിച്ച് അന്തരം കുറയ്ക്കാനും ഇല്ലാതാക്കാനും ഫലപ്രദമായ മാർഗങ്ങൾ തേടുന്നവരുണ്ട്. മദ്യം, ലഹരി മരുന്ന് എന്നിവയുടെ ദുരുപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവർ എന്നിങ്ങനെ സമൂഹത്തിലെ പല വിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടായിരിക്കും സംഘടനകൾ പ്രവർത്തിക്കുന്നത്. ഓരോരുത്തരുടെയും ആശയ ലോകവും താൽപര്യങ്ങളും അഭിരുചിയും അനുസരിച്ച് ഇഷ്ടപ്പെട്ട സംഘടന തിരഞ്ഞെടുക്കുകയും ആ മേഖലയിൽ സംതൃപ്തിയോടെ പ്രവർത്തിക്കുകയും ചെയ്യാം. ‌

കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി

കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഓഫിസർ എന്നൊരു തസ്തിക തന്നെയുണ്ട്. കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതികളുമായി ബന്ധപ്പെട്ടായിരിക്കും ഈ ഓഫിസർ പ്രവർത്തിക്കുക. സർക്കാരിതര സന്നദ്ധ സംഘടനകളിലും ഓഫിസർ തസ്തികയുണ്ട്. തൊഴിലാളികളുടെ സമൂഹിക ജീവിതം മെച്ചപ്പെടുത്തുക എന്നതായിരിക്കും പ്രധാന ലക്ഷ്യം. തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുക, സന്തോഷകരമായ കുട‌ുംബാംന്തരീക്ഷം ഉറപ്പുവരുത്തുക, ജോലി ചെയ്യാൻ അനുകൂലമായ ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ. ഇന്റർഫെയ്ത്ത് സെന്റർ ഓൺ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി എന്ന സംഘടന മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട മേഖലയിലാണു പ്രവർത്തിക്കുന്നത്. എത്തിക്സ്, പരിസ്ഥിതി പഠനം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച് പഠിച്ചാൽ ഇന്റർഫെയ്‌ത്ത് സെന്റർ പോലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യാവുന്നതാണ്. ഗവേഷണ പ്രവർത്തനങ്ങൾ, നഷ്ട–ലാഭ സാധ്യതകൾ വിലയിരുത്തുക, ‌ടീം അംഗങ്ങളുമായുള്ള കൂടിക്കാഴ്ചകൾ എന്നിങ്ങനെയായിരിക്കും ദൈനംദിന പ്രവർത്തനങ്ങൾ. 

സാമൂഹിക സേവനം 

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ ഈ മേഖലയാണ് പഠനത്തിനും ജോലിക്കുമായി തിരഞ്ഞെടുക്കേണ്ടത്. ഓരോ വ്യക്തിയുടെയും സാഹചര്യവും താൽപര്യവും വിലയിരുത്തി ഇഷ്ട‌മേഖല തിരഞ്ഞെടുക്കാം. സോഷ്യൽ വർക്കിൽ ബിരുദമാണ് യോഗ്യതയായി വേണ്ടത്. വ്യക്തികളുടെ വൈകാരിക പ്രശ്നങ്ങളെക്കുറിച്ചു പഠിക്കുന്നതിനാൽ ക്ലിനിക്കൽ സോഷ്യൽ വർക്കർമാർക്കും സാധ്യതകളുണ്ട്. എന്നാൽ ക്ലിനിക്കൽ സോഷ്യൽ വർക്കർമാർക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യതയായി വേണ്ടത്. ബിരുദത്തിനു ശേഷം ആരോഗ്യ രംഗം, സ്കൂൾ വിദ്യാഭ്യാസം, കുട്ടികളുമായി ബന്ധപ്പെട്ട കുടുംബ പ്രശ്നങ്ങൾ എന്നിങ്ങനെ ഏതെങ്കിലും ഒരു മേഖല പ്രത്യേകമായി പഠിക്കാവുന്നതാണ്. 

റെഗുലേഷൻ കംപ്ലെയൻസ് 

സ്ഥാപനങ്ങളുടെ ഉപഭോക്തൃ സേവന വിഭാഗത്തിലും ജോലി സാധ്യതകളുണ്ട്. ചില സ്ഥാപനങ്ങളിലെങ്കിലും അനാരോഗ്യ സാഹചര്യങ്ങളിൽ പലർക്കും ജോലി ചെയ്യേണ്ടിവരാം. ഇത്തരത്തിൽ ജോലി ചെയ്യുന്ന തൊഴിലാളിക ളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം തേടാവുന്നതാണ്. ഉൽപന്നങ്ങൾ കൃത്യമായാണ് ലേബൽ ചെയ്യുന്നത്, നിയമം പാലിച്ചാണ് വിൽപന നടത്തുന്നത് തുടങ്ങിയ കാര്യങ്ങളിലും കൃത്യത ഉറപ്പുവരുത്തണം. ബിരുദം തന്നെയാണ് അടിസ്ഥാന യോഗ്യത. കൂടുതൽ മെച്ചപ്പെട്ട അവസരങ്ങളാണു ലക്ഷ്യമെങ്കിൽ ഉന്നത പഠനത്തിനു ശേഷം ലക്ഷ്യത്തിനനുസരിച്ചു പ്രവർത്തിക്കാവുന്നതാണ്. 

സാമൂഹിക സംരംഭങ്ങൾ 

സംരഭങ്ങൾ തുടങ്ങാനുള്ള മാനസികാവസ്ഥയുള്ള വ്യക്തിയാണെങ്കിൽ അതിനും ഈ രംഗത്ത് അവസരങ്ങളുണ്ട‌്. സാമൂഹിക മാറ്റം എന്ന ലക്ഷ്യവുമായി ലാഭം നോക്കിയും ലാഭേഛയില്ലാതെയും പ്രവർത്തിക്കുന്ന സംഘടനകളുണ്ട്. ലാഭത്തിന്റെ ഒരു ഭാഗം സന്നദ്ധ, സേവന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. കുട്ടികൾ, രോഗബാധിതരായവർ, പകർച്ചവ്യാധി–പ്രകൃതി ക്ഷോഭങ്ങളിൽ ഇരകളായവർ എന്നിവർക്ക് കാലാകാലങ്ങളിൽ സഹായം എത്തിക്കാനും പല സ്ഥാപനങ്ങളും ശ്രദ്ധിക്കുന്നു. ക്രിയാത്മക മനസ്സിന്റെ ഉടമകളായിരിക്കുക എന്നതാണ് പ്രധാനം. വ്യക്തമായ ആശയങ്ങളും അവ നടപ്പാക്കാനുള്ള മനസ്സുമുണ്ടെങ്കിൽ ഈ രംഗത്ത് തിളക്കമാർന്ന കരിയർ രൂപപ്പെടുത്താം. 

Content Summary : What is the nature and scope of social entrepreneurship?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com