ADVERTISEMENT

യാത്രയ്ക്കിടയിൽ ഒരു ഭിക്ഷു നദിയിൽനിന്നു വെള്ളവും കുടിച്ച് തൊട്ടടുത്തുകണ്ട കല്ലിൽ തലവച്ചു കിടന്നു. വെള്ളം കോരാൻ വന്നവരിലൊരാൾ ഭിക്ഷുവിന്റെ കിടപ്പുകണ്ട് പറഞ്ഞു: ഭിക്ഷുക്കൾ എല്ലാം ഉപേക്ഷിച്ചവരാണെന്നാണ് ഭാവിക്കുന്നതെങ്കിലും തലയണ ഉപേക്ഷിക്കാൻ കഴിയുന്നില്ല. അതിനു പകരം കല്ലായാലും മതി. ഇതുകേട്ട ഭിക്ഷു ഉടനെ കല്ലെടുത്തു നദിയിലെറിഞ്ഞു. ഇതുകണ്ട രണ്ടാമത്തെയാൾ പറഞ്ഞു: ഭിക്ഷുവാണെങ്കിലും എത്ര പെട്ടെന്നാണ് പ്രകോപിതനാകുന്നത്? ഇനിയെന്തു ചെയ്യും എന്നു വിഷമിച്ചിരുന്ന ഭിക്ഷുവിനോടു മൂന്നാമത്തെ ആൾ ചോദിച്ചു: എന്തൊക്കെ ഉപേക്ഷിച്ചാലും സ്വന്തം മാനസികാവസ്ഥ മാറ്റാൻ കഴിയുന്നില്ലെങ്കിൽ എന്തു പ്രയോജനം? 

Read Also : അകലുന്നവരോടെല്ലാം ശത്രുത പുലർത്തന്നവരോട്

 

അർഥരഹിത ജൽപനം ആളുകളുടെ പൊതുസ്വഭാവമാണ്. പ്രത്യേകിച്ച്, അപരന്റെ സ്വകാര്യകാര്യങ്ങളെക്കുറിച്ച്. സംശയത്തിന്റെ ആനുകൂല്യംപോലും നൽകാതെ അപരനെക്കുറിച്ചുള്ള അപഖ്യാതിയിൽ രമിച്ച് മനസ്സുഖം കണ്ടെത്തുന്നതു മാനസിക വൈകല്യമാണ്. മുകളിലേക്കു നോക്കിയാൽ അഹങ്കാരിയെന്നും കീഴോട്ടു നോക്കിയാൽ അന്തർമുഖനെന്നും ചുറ്റും നോക്കിയാൽ അലഞ്ഞുതിരിയുന്നവനെന്നും കണ്ണടച്ചിരുന്നാൽ ഉറക്കംതൂങ്ങിയെന്നും അവർ മുദ്രകുത്തും. അത്തരക്കാരുടെ വിടുവാക്കുകൾക്കു വിലകൊടുത്താൽ തന്റേതായതൊന്നും ചെയ്യാൻ കഴിയാതെ വിടവാങ്ങേണ്ടി വരും. പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും. ചെയ്യുന്നവർ ചെയ്തുകൊണ്ടേയിരിക്കണം. 

 

പ്രവർത്തനനിരതർക്ക് പരദൂഷണം പാടിനടക്കാൻ സമയമില്ല. അന്യരുടെ കർമങ്ങളെ നിരീക്ഷിക്കുമ്പോഴും തങ്ങൾക്കെന്തെങ്കിലും അതിൽനിന്നു പഠിക്കാനുണ്ടോ എന്നതിൽ മാത്രമായിരിക്കും അവരുടെ ശ്രദ്ധ. ലോകത്തിന്റെ വിലയിരുത്തലല്ല, സ്വയം വിലയിരുത്തലാണ് പ്രധാനം. ആൾക്കൂട്ടത്തിന്റെ വിധിയെഴുത്തുകൾ വിശ്വസിച്ചു തുടങ്ങിയാൽ ചില അപകടങ്ങളുണ്ട്. അപകർഷതാബോധത്തിലേക്കു സ്വയം ചവിട്ടിത്താഴ്ത്തും, ആളുകളെ പ്രീതിപ്പെടുത്തുന്ന പ്രവൃത്തികളിൽ മാത്രം ഏർപ്പെടും, അവനവന്റെ അഭിരുചികൾ ആർക്കുമുപകാരപ്പെടാതെ തുരുമ്പെടുക്കും. ലക്ഷ്യകേന്ദ്രീകൃതമാകില്ല ഒരു കർമവും. 

 

മറ്റുള്ളവരുടെ മൂളിപ്പാട്ടുകൾക്കനുസരിച്ച് സ്വന്തം ഉള്ളിലെ സംഗീതം ക്രമീകരിക്കുന്നവർ തങ്ങൾക്കിഷ്ടമുള്ള ഒരു ഗാനം പോലും ആലപിക്കില്ല. എല്ലാവരെയും വിശ്വാസത്തിലെടുത്ത് ഒരു കർമവും പൂർത്തീകരിക്കാനാകില്ല. അനുകൂലവും പ്രതികൂലവുമായ കാര്യങ്ങൾ ചുറ്റിലും സംഭവിച്ചുകൊണ്ടിരിക്കും. പതറാതെ തുടങ്ങുക എന്നതു മാത്രമാണ് പരിഹാരം.

 

Content Summary : How do you deal with people who gossip? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com