ADVERTISEMENT

എൻജിനീയറിങ്ങിൽ എവർഗ്രീനായുള്ള മേഖലയ്ക്ക് മികച്ച ഉദാഹരണമാണു മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്. സവിശേഷമായ വസ്തുക്കൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ശാസ്ത്ര സാങ്കേതികമേഖല. മികവുറ്റ വസ്തുക്കൾ എല്ലാ എൻജിനീയറിങ് സ്ട്രീമുകളുടെയും ആവശ്യമാണ്. സൂര്യപ്രകാശത്തിൽ മങ്ങാത്ത പെയിന്റും ശക്തിയേറിയ കോൺക്രീറ്റും സിവിൽ എൻജിനീയറിങ്ങുകാർക്കു താൽപര്യമുള്ള സംഗതിയാണ്. സാധാരണ സ്റ്റീലിനേക്കാൾ കട്ടിയേറിയ സ്റ്റീൽ ലഭിച്ചാൽ മെക്കാനിക്കൽ എൻജിനീയർമാർക്ക് ഉപകാരപ്പെടും. പുതിയ തരം സെമികണ്ടക്ടറുകൾ, മികച്ച രീതിയിൽ വൈദ്യുതി കടത്തിവിടുന്ന ചാലകവസ്തുക്കൾ തുടങ്ങിയവ ഇലക്ട്രിക്കൽ ഇലക്ട്രോണിക്‌സ്, ഐടി മേഖലകളിലുള്ളവരെ സഹായിക്കും.

Read Also : ഓട്ടമൊബീൽ എൻജിനീയറിങ്ങ്: വണ്ടികളുടെ ലോകത്തേക്കുള്ള താക്കോൽ

ഭാവിയിൽ ശുദ്ധമായ ഊർജത്തിനു വളരെ വലിയ വില കൽപിക്കപ്പെടുന്നു. ഈ ലക്ഷ്യം സാധൂകരിക്കാൻ മികച്ച സോളർ പാനലുകൾ, വിൻഡ് ടർബൈനുകൾ, ബാറ്ററികൾ തുടങ്ങിയവ വേണം. ഇവ നിർമിക്കാനും മെറ്റീരിയൽ സയൻസിലെ ഗവേഷണം അത്യന്താപേക്ഷിതം. കോംപസിറ്റ് മെറ്റീരിയൽസ്, സിറാമിക്‌സ്, നാനോടെക്‌നോളജി, മെംസ് (മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റംസ്) തുടങ്ങിയ നൂതന മേഖലകൾ മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ് മേഖലയ്ക്കു വലിയ കുതിപ്പാണു നൽകിയിരിക്കുന്നത്.

 

മെറ്റീരിയൽ സയൻസിനു ലോകം നൽകുന്ന പ്രാധാന്യം മനസ്സിലാക്കാൻ ഈ മേഖലയിൽ പുറത്തിറങ്ങുന്ന റിസർച് പേപ്പറുകൾ പരിശോധിച്ചാൽ മതി. മറ്റേതു മേഖലയേക്കാൾ കൂടുതലാണ് ഈ രംഗത്തു പ്രസിദ്ധീകരിക്കുന്ന പ്രബന്ധങ്ങളുടെ എണ്ണം. ഇന്ത്യയിലും മെറ്റീരിയൽ സയൻസിന് വലിയ പ്രാമുഖ്യം നൽകുന്നുണ്ട്. പഴയകാലത്ത് ഒരു പുതിയ വസ്തു വികസിപ്പിച്ചാൽ അതിന്റെ വ്യാവസായികമായ മൂല്യം മനസ്സിലാക്കാനായി ഒട്ടേറെ പരിശോധനകൾ ആവശ്യമായിരുന്നു. സ്വാഭാവികമായും ചെലവുമേറും. എന്നാൽ ആധുനികകാലത്ത് നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിങ്, കംപ്യൂട്ടർ സിമുലേഷൻ, മെഷീൻ ലേണിങ് തുടങ്ങിയവയുടെ സഹായത്തോടെ ഒരു വസ്തുവിന്റെ പരിശോധന നടത്താൻ ചെലവ് വളരെ കുറവാണ്. ഇത്തരം സാങ്കേതികവിദ്യകൾ എല്ലാം അടങ്ങിയതാണ് ഇന്നത്തെ കാലത്തെ മെറ്റീരിയൽ സയൻസ് കോഴ്‌സുകൾ. 

 

ഫിസിക്‌സ്, കെമിസ്ട്രി, വിവിധ എൻജിനീയറിങ് ബ്രാഞ്ചുകൾ, നാനോ ടെക്‌നോളജി പോലുള്ള നവീന മേഖലകൾ എന്നിവയെല്ലാം അടങ്ങിയതാണ് മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്ങിന്റെ സിലബസ്. താൽപര്യമുള്ള വിഷയത്തിൽ ഇലക്ടീവുകൾ തിരഞ്ഞെടുക്കാനുള്ള അവസരം വിദ്യാർഥികൾക്കുണ്ടാകും. വസ്തുക്കളുടെ പഠനത്തിനായുള്ള വിവിധ ലാബുകളും പ്രായോഗിക രീതികളും കോഴ്‌സിലുണ്ടാകും. മെറ്റീരിയൽ സയൻസിന്റെ മാസ്റ്റേഴ്‌സ് കോഴ്‌സുകൾ ഐഐടികളും എൻഐടികളും ഉൾപ്പെടെ രാജ്യത്ത് ഒട്ടേറെ സ്ഥാപനങ്ങളിൽ ലഭ്യമാണ്. മെക്കാനിക്കൽ, കെമിക്കൽ ശാഖകളിൽ എൻജിനീയറിങ് ബിരുദമെടുത്തവരാണ് വിദ്യാർഥികളിലധികവും. ഇപ്പോൾ ബിരുദതല കോഴ്‌സെന്ന രീതിയിലേക്കും മെറ്റീരിയൽ സയൻസ് വളർന്നു തുടങ്ങിയിട്ടുണ്ട്. മദ്രാസ്, കാൻപുർ, ബോംബെ, ഖരഗ്പുർ, ഇൻഡോർ തുടങ്ങിയ ഐഐടികളും റൂർക്കല,സൂറത്കൽ തുടങ്ങിയ എൻഐടികളും ഒട്ടേറെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും കോഴ്‌സ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

 

ഗവേഷണം ഒട്ടേറെയുള്ള മേഖലയാണെങ്കിലും വ്യാവസായികമായ നിലയിലും മെറ്റീരിയൽ സയൻസിനു മൂല്യമുണ്ട്. ഗ്ലാസ്, പ്ലാസ്റ്റിക് നിർമാണ കമ്പനികൾ മുതൽ എയർക്രാഫ്റ്റ് കമ്പനികൾ വരെ ഈ മേഖലയിലുണ്ട്. എൻജിനീയറിങ്, സയന്റിസ്റ്റ്, സാങ്കേതിക ജോലികൾക്കപ്പുറം മാർക്കറ്റിങ്, സെയിൽസ്, മാനേജ്‌മെന്റ് മേഖലകളിലും മെറ്റീരിയൽ സയൻസ് ബിരുദധാരികൾക്ക് അവസരമുണ്ട്.ഗവേഷണത്തിലും അവസരമുണ്ട്. മിക്ക സർവകലാശാലകൾക്കും മെറ്റീരിയൽസ് സയൻസ് ഗവേഷണകേന്ദ്രങ്ങളുണ്ട്.വിദേശത്ത് ഗവേഷണ, തൊഴിലവസരങ്ങളും ഏറെ.

കേരളത്തിലെ പ്രമുഖ എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനമായ കോഴിക്കോട് എൻഐടിയിൽ മെറ്റീരിയൽ സയൻസ് എൻജിനീയറിങ് ബിടെക് കോഴ്‌സുണ്ട്. ഹെൽത്ത് കെയർ, പോളിമർ, ഊർജം, പരിസ്ഥിതി തുടങ്ങിയ മേഖലകളെ കണക്കിലെടുത്താണ് ഈ ബിടെക് കോഴ്‌സ്.താൽപര്യമുള്ള വ്യവസായങ്ങൾക്ക് അനുസരിച്ചുള്ള ഇലക്ടീവുകൾ തിരഞ്ഞെടുക്കാം. ബയോ ഇമേജിങ്, ടോക്‌സിക്കോളജി, പൗഡർ മെറ്റലർജി തുടങ്ങിയവ ഇവയിൽപ്പെടും.സ്‌കാനിങ് ഇലക്ട്രോൺ മൈക്രോസ്‌കോപ്, അറ്റോമിക് ഫോഴ്‌സ് മൈക്രോസ്‌കോപ് തുടങ്ങിയ സൗകര്യങ്ങളുള്ളതാണ് കോഴ്‌സ് നൽകുന്ന സ്‌കൂൾ ഓഫ് മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ് ഡിപ്പാർട്‌മെന്റ്.30 പേർക്കാണ് ഒരു വർഷത്തിൽ പ്രവേശനം.അഡ്മിഷൻ ജെഇഇ മെയിൻ വഴി തന്നെ.

 

Content Summary : Career in Materials Science and Engineering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com