വേനലിനെ ഉത്സാഹം കൊണ്ടു തോൽപിച്ച്, അവധി ആവോളം ആഘോഷിച്ച്, കഥകളുടെ കെട്ടഴിക്കാൻ വെമ്പുന്ന മനസ്സോടെ സ്കൂളിലേക്ക് തിരിച്ചെത്തുകയാണ് കുട്ടിക്കൂട്ടം. അവധിക്കാലത്തിന്റെ ആലസ്യം ബാക്കി വച്ച അനുസരണക്കേടും ചില്ലറ കുറുമ്പകളുമായി കുട്ടിക്കൂട്ടം സ്കൂളിലേക്കു മടങ്ങുമ്പോൾ അച്ഛനമ്മമാരുടെ ആധി, വിവിധ പ്രായത്തിലുള്ള മക്കളുടെ പ്രശ്നങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടും എന്നതാണ്. ബാല്യത്തിലും കൗമാരത്തിലുമുള്ള കുട്ടികളുടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നും ഫലപ്രദമായ പേരന്റിങ് രീതികളെക്കുറിച്ചും ഉദാഹരണ സഹിതം വിശദീകരിക്കുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി. സൈലേഷ്യ.
Read Also : പ്രണയപ്പക, ലഹരി, ലൈംഗിക ചൂഷണം: ചതിവലകളിൽ കുരുങ്ങരുത് കൗമാരം
കുറുമ്പുകൾ അതിരുവിടുമ്പോൾ കുട്ടികളോടു ദേഷ്യം തോന്നുന്നത് സ്വാഭാവികമാണെന്നും പക്ഷേ അനുസരണക്കേടിന് ശിക്ഷ കൊടുക്കുമ്പോൾ ശത്രുക്കളോടെന്ന പോലെ പെരുമാറരുത്, മക്കളാണെന്ന ബോധ്യത്തോടെ വേണം പേരന്റിങ്ങെന്നും സൈലേഷ്യ ഓർമിപ്പിക്കുന്നു.
∙ കുട്ടികളുെട അമിതദേഷ്യം, തർക്കുത്തരം തുടങ്ങിയവ പല മാതാപിതാക്കൾക്കും തലവേദനയാണ്. അങ്ങനെയുള്ള കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം?

ഉള്ളിൽ സങ്കടം ഉള്ളപ്പോഴാണ് അത് ദേഷ്യമായി പുറത്തേക്കു വരുന്നത്. ഉള്ളിൽ ദേഷ്യമാണെങ്കിൽ അത് പലപ്പോഴും കരച്ചിലായിട്ടാണ് പുറത്തേക്കു വരുന്നത്. ദേഷ്യം കാണുമ്പോൾ അതിനെ വെറും പെരുമാറ്റ പ്രശ്നമായി അവഗണിക്കാതെ, എന്തെങ്കിലും കാരണത്താൽ അവർ അസ്വസ്ഥരാണോ, ദുഃഖിതരാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. സാഡ് മൂഡ് എന്നത് പല തരം ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും വരാം. പല കുട്ടികളിലും പിസിഒഡിയുടെ പ്രശ്നങ്ങൾ കൊണ്ടോ ൈതറോയ്ഡ് ഹോർമോണിന്റെ പ്രശ്നങ്ങൾ കൊണ്ടോ വൈറ്റമിൻ ഡിയുടെ അളവു കുറയുമ്പോഴോ ഒക്കെ മൂഡ് വ്യതിയാനങ്ങൾ കാണാറുണ്ട്.
എല്ലാ പ്രശ്നങ്ങളും മാനസികവും പെരുമാറ്റപരവും ആണെന്ന ധാരണ വച്ചു പുലർത്തരുത്. ശരിയായ കാരണം കണ്ടെത്താൻ ശ്രമിക്കുക. തികച്ചും പെരുമാറ്റപരമായ അല്ലെങ്കിൽ സ്വഭാവദൂഷ്യത്തിനോട് ചേർന്നു നിൽക്കുന്ന ഒരു സംഗതി ആണ് കുട്ടികൾക്കുള്ളതെന്ന് മനസ്സിലായാൽ വ്യക്തമായ പരിണിത ഫലങ്ങൾ കുട്ടിക്ക് കൊടുക്കുക എന്നുള്ള പേരന്റിങ് ശൈലി സ്വീകരിക്കാം. മാതാപിതാക്കൾ കുട്ടികളുടെ കാര്യങ്ങൾ കൃത്യമായി നോക്കുന്നുണ്ട്, പക്ഷേ അവർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി െചയ്താലേ കിട്ടേണ്ട കാര്യങ്ങൾ കിട്ടുകയുള്ളൂ എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. ഇതൊരു പേരന്റിങ് റൂൾ പോലെ പാലിക്കുകയാണെങ്കിൽ ഒരുവിധപ്പെട്ട പെരുമാറ്റ പ്രശ്നങ്ങളെല്ലാം കുറയും.
ദേഷ്യം വല്ലാതെയുള്ള കുട്ടികളെ യോഗ, ശ്വസന വ്യായാമങ്ങൾ, കളരി, കുങ്ഫൂ തുടങ്ങിയവ പരിശീലിപ്പിക്കാം. മേലനങ്ങിയുള്ള ഗെയിമുകൾക്ക് അവരെ നിർബന്ധപൂർവം വിടണം. അവരിൽ കുമിഞ്ഞു കൂടിയിരിക്കുന്ന നെഗറ്റീവ് എനർജി പുറത്തേക്ക് കളയാനുള്ള അവസരം നൽകണം. കൃത്യസമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും പ്രേരിപ്പിക്കണം. ഇത്രയൊക്കെ ചെയ്തിട്ടും പ്രശ്നങ്ങൾ തുടരുന്നെങ്കിൽ ക്ലിനിക്കൽ പ്രശ്നങ്ങളുണ്ടോയെന്നറിയാൻ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടാം. ചിലപ്പോൾ പഠനപരമായ പ്രശ്നങ്ങൾ ഉണ്ടാകാം. അല്ലെങ്കിൽ വൈകാരികമായി അവരെ സ്വാധീനിച്ചിട്ടുള്ള, മാതാപിതാക്കളോട് തുറന്നു പറയാൻ സാധിക്കാത്ത പ്രശ്നങ്ങളുണ്ടാകാം. മറ്റു ചിലപ്പോൾ എന്തെങ്കിലും അസുഖങ്ങളുടെ തുടക്കമാകാം. ഇത്തരം പ്രശ്നങ്ങൾ സ്ക്രീനിങ്ങിലൂടെ മാനസികാരോഗ്യ വിദഗ്ധർക്ക് കണ്ടെത്താൻ സാധിക്കും. പക്ഷേ ആദ്യമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടാൽ കുട്ടിയെയും കൊണ്ട് മാനസികാരോഗ്യ വിദഗ്ധരുടെ അടുത്തേക്ക് ഓടേണ്ട കാര്യമില്ല. ചെയ്യാവുന്ന കാര്യങ്ങളൊക്കെ ചെയ്തതിനു ശേഷം ബുദ്ധിമുട്ടുകൾ വഷളാകുന്നില്ല എന്നു കാണുകയാണെങ്കിൽ കുട്ടികളുടെ പ്രശ്നങ്ങൾ മാതാപിതാക്കൾക്കു തന്നെ കൈകാര്യം െചയ്യാവുന്നതേയുള്ളൂ.
∙ പരിണിതഫലം കൊടുക്കണം എന്നു പറഞ്ഞല്ലോ അതുമായി ബന്ധപ്പെടുത്തി ഒരു സംശയം. ‘പുഴു’ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ചത് ടോക്സിക് ആയുള്ള അച്ഛൻ കഥാപാത്രത്തെയാണ്. അയാൾ ഒരു ഘട്ടത്തിൽ കുട്ടിക്ക് ആഹാരം നിഷേധിക്കുന്നുണ്ട്. അത് ഒരു നെഗറ്റീവ് പേരന്റിങ്ങ് രീതിയല്ലേ?
ഭക്ഷണം അടിസ്ഥാനപരമായ ആവശ്യം ആണ്. കുട്ടികൾ അനുസരണക്കേട് കാട്ടിയാൽ അടിസ്ഥാനപരമായ ആവശ്യങ്ങൾ അല്ല നിഷേധിക്കേണ്ടത്. വിനോദത്തിൽ കേന്ദ്രീകരിച്ചിട്ടുള്ള ചില കാര്യങ്ങൾ കുട്ടികൾക്കുണ്ടാകും. അതാണ് നമ്മൾ മാറ്റിവയ്ക്കേണ്ടത്. അടിസ്ഥാനപരമായ അവരുടെ എല്ലാ ആവശ്യങ്ങളും ചെയ്തു കൊടുത്ത് വിനോദാധിഷ്ഠിതമായ കാര്യങ്ങളാണ് പിൻവലിക്കേണ്ടത്. അടിക്കുകയോ ചീത്ത വാക്ക് ഉപയോഗിക്കുകയോ പ്രാഥമിക ആവശ്യങ്ങൾ തടഞ്ഞുവയ്ക്കുകയോ ചെയ്യുക എന്നല്ല ‘പരിണിതഫലം നൽകുക’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്ഷണം കൊടുക്കണം. പക്ഷേ സ്പെഷൽ ഫുഡ് കൊടുക്കണമെന്നില്ല. അപ്പോൾ നമ്മള്‍ ഒന്നും നിഷേധിക്കുന്നില്ലല്ലോ.
∙ കുട്ടികൾ അനുസരണക്കേട് കാണിച്ചാൽ ചില രക്ഷിതാക്കൾ രാത്രി വീടിനു പുറത്താക്കി കതകടച്ച് ഇരുട്ടിൽ നിർത്തും. അതൊക്കെ നെഗറ്റീവായിട്ടുള്ള കാര്യങ്ങളല്ലേ?
അതൊക്കെ ദ്രോഹപരമായ സമീപനമാണ്. കാരണം ഇരുട്ടിനെ കുട്ടിയുടെ മനസ്സ് എങ്ങനെയാണ് എടുക്കുന്നതെന്ന് നമുക്ക് അറിയാൻ പറ്റില്ല. ഒരു പക്ഷേ ഇരുട്ട് പേടിയുള്ള, ഹൊറർ മൂവീസ് ഒക്കെ കണ്ട് പേടിയുള്ള കുട്ടിയാണെങ്കിൽ, ആ കുട്ടിക്ക് അതൊരു വലിയ ട്രോമ ആയിരിക്കും. ഒന്നുകിൽ ആ അറ്റം അല്ലെങ്കിൽ ഈ അറ്റം എന്ന സമീപനമല്ല പേരന്റിങ്ങിൽ വേണ്ടത്. പരിണിത ഫലങ്ങൾ കൊടുക്കുന്നതിലും മര്യാദയും മിതത്വവും മനുഷ്യത്വപരവുമായിട്ടുള്ള സമീപനവുമാണ് കാണിക്കേണ്ടത്.
∙ മത്സരാധിഷ്ഠിത സമൂഹത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. അപ്പോൾ ആശയവിനിമയം, സർഗാത്മകത പോലുള്ള നമ്മുടെ കഴിവുകൾ വികസിപ്പിക്കാനായി എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കാൻ സാധിക്കും?
സർഗാത്മകതയൊക്കെ ഒരു പരിധി വരെ ജന്മാർജിതമായ കാര്യമാണ്. പക്ഷേ ആശയവിനിമയ ശേഷി മെച്ചപ്പെടുത്താൻ ഒരുപാട് മാർഗങ്ങളുണ്ട്. മനസ്സിലുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞും എഴുതിയും ഫലിപ്പിക്കാൻ കഴിയുന്നത് കരിയറിലും ജീവിതത്തിലും ഗുണം ചെയ്യും. അതിനിണങ്ങുന്ന സ്കിൽ ഡവലപ്മെന്റ് കോഴ്സ് പഠിച്ച് ആ കഴിവ് ആർജ്ജിക്കാം. ഒരു വേദിയിൽ നിന്ന് സംസാരിക്കാൻ പഠിക്കാൻ പബ്ലിക് സ്പീക്കിങ് സെഷനുകളിൽ പങ്കെടുക്കാം. ജന്മാർജിതമല്ലാത്ത ചില കഴിവുകൾ മേൽപറഞ്ഞ പരിശീലന പരിപാടികളിലൂടെ നേടിയെടുക്കാൻ കഴിയും.

പലപ്പോഴും തെറപ്പിയിലൊക്കെ സോഷ്യൽ സ്കിൽ ട്രെയിനിങ് എന്നു പറയുന്നൊരു മാർഗമുപയോഗിക്കാറുണ്ട്. മിക്കവാറും ഗ്രൂപ്പിലായിരിക്കും ചെയ്യിപ്പിക്കുന്നത്. പക്ഷേ ആദ്യം കുട്ടികളെ മാനസികമായി അതിന് തയാറെടുപ്പിക്കണം. നിൽപ്, നടപ്പ്, നോട്ടം, ആംഗ്യം, മുഖഭാവങ്ങൾ, ശബ്ദവ്യതിയാനം എന്നിവയെക്കുറിച്ചെല്ലാം പറഞ്ഞു കൊടുക്കാം.
പരിശീലനത്തിലൂടെ കൂടുതൽ മികച്ച വ്യക്തിത്വങ്ങളാക്കി അവരെ മാറ്റാൻ കഴിയും. പക്ഷേ പലരും പരിശീലനത്തിന് പോകുന്നത് നാണക്കേടായി കാണും. മറ്റു ചിലരുടെ മാതാപിതാക്കൾ ഇത്തരം പരിശീലന പരിപാടിയോട് വിമുഖത കാട്ടുന്നവരായിരിക്കും. അതു ശരിയായ പ്രവണതയല്ല.
∙ പഠനത്തിന്റെ കാര്യത്തിൽ മാതാപിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും സമ്മർദ്ദം ഉണ്ടാകും അതുകൂടാതെ കോച്ചിങ് സെന്ററുകളിലെ സമ്മർദ്ദം താങ്ങാനാവുന്നതിലും അപ്പുറത്തായിരിക്കും. ഈ സാഹചര്യത്തിൽ കുട്ടികളെ എങ്ങനെ ആത്മനിയന്ത്രണത്തോടെ വളർത്താൻ സാധിക്കും?
ഓരോ കുട്ടിക്കും ഓരോ തരം കഴിവാണുള്ളത്. അവരിൽ, കഠിനാധ്വാനം ചെയ്ത് ഉയരങ്ങളിലെത്തണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ടാകും. കുട്ടികളുടെ അഭിരുചിക്കോ താൽപര്യത്തിനോ ഇണങ്ങുന്ന രീതിയിലാവില്ല പലപ്പോഴും മുതിർന്നവർ അവരിൽ സമ്മർദ്ദം ചെലുത്തുന്നത്.
സ്വാഭാവികമായി നല്ല ഫലം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കുട്ടിക്കുമേൽ അനാവശ്യ സമ്മർദ്ദം ചെലുത്തുമ്പോൾ, കുട്ടിയുടെ ഉള്ളിലുള്ള കഴിവുകൾ അടക്കിവയ്ക്കേണ്ടി വരുകയും സമ്മർദ്ദത്തിനനുസരിച്ച് ജീവിക്കാൻ നിർബന്ധിതരാവുകയും ചെയ്യും. ഈ ഘട്ടത്തിൽ അവർ വല്ലാതെ മാനസികസമ്മർദ്ദം അനുഭവിക്കേണ്ടി വരും. അത് കുട്ടികളിലെ ഊർജത്തെയും പ്രേരണയെയും കെടുത്തിക്കളയും. പല പരിശീലന സ്ഥാപനങ്ങളും കുട്ടികളെ പഠിപ്പിക്കുന്നത് മൽസരപരീക്ഷകളിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ജീവിതം തീർന്നു എന്ന മട്ടിലാണ്. സംസാരത്തിൽ ഇത്തരം ഭീഷണികൾ കടന്നു വരുമ്പോൾ പരിശീലന സ്ഥാപനങ്ങളിലേക്ക് മിടുക്കരായി പോകുന്ന പല കുട്ടികളും തിരിച്ചു വരുന്നത് ആത്മവിശ്വാസം തകർന്നാണ്.
മൽസരപ്പരീക്ഷകളിൽ പ്രകടനം മോശമായാൽ താൻ ഒന്നുമല്ല എന്നു ചിന്തിച്ച് വിഷാദത്തിലേക്ക് ആണ്ടുപോകും.
ഉത്കണ്ഠയെയും വിഷാദത്തെയും അതിജീവിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്നവരും കുറവല്ല. ഇത്തരം സാഹചര്യങ്ങളിൽ കുറച്ചുകൂടി മനുഷ്യത്വപരമായി പെരുമാറാൻ മാതാപിതാക്കളും അധ്യാപകരും ശ്രമിക്കണം. ഒരാളെയും വൈകാരികമായി തകർക്കാൻ ശ്രമിക്കാതിരിക്കുക എന്ന മര്യാദ കാട്ടണം. കൗമാരക്കാരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. സമ്മർദങ്ങൾ അധികരിച്ചാൽ മോശം തീരുമാനങ്ങളിലേക്ക് അവരെത്താനുള്ള സാധ്യത മറ്റു പ്രായക്കാരേക്കാൾ കൂടുതലാണ്.
∙പല കുട്ടികളും കൗമാരത്തിൽ മോശം കൈയക്ഷരത്തിന്റെ പേരിലോ ആശയവിനിമയം വ്യക്തമല്ലാത്തതിന്റെ പേരിലോ പരിഹസിക്കപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള കരുത്ത് അവർക്കെങ്ങനെ നൽകാം?
മേൽപറഞ്ഞതൊന്നും ജീവിതവിജയത്തിന്റെ മാനദണ്ഡങ്ങളേ അല്ല. കൈയക്ഷരം നന്നാവാത്തതോ മനസ്സിലുള്ള ആശയം കൃത്യമായി പ്രകടിപ്പിക്കാൻ സാധിക്കാത്തതോ പ്രശ്നമേയല്ലെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാം. കാരണം പല മഹദ് വ്യക്തികളുടെയും കൈയക്ഷരം അത്ര നല്ലതല്ല. ഇതൊക്കെ സമൂഹം പൊതുവായി മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. പരീക്ഷകളൊക്കെ ഓറൽ എക്സാമുകളായും വൈവ എക്സാമുകളായും നടത്താറില്ലേ. അങ്ങനെ വരുമ്പോൾ നമ്മൾ എഴുതിയല്ലല്ലോ ആശയങ്ങൾ പ്രകടിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ഒരു കുട്ടിയുടെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അതിനനുയോജ്യമായ രീതിയിൽ, അതേസമയം പ്രകടനത്തെ ബാധിക്കാത്ത രീതിയിലുള്ള പല മാനദണ്ഡങ്ങളും പരീക്ഷകൾക്കൊക്കെ വയ്ക്കുന്നുണ്ട്. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് അത്തരം കാര്യങ്ങൾ ചെറിയ രീതിയിൽ മാത്രമേ തുടങ്ങിയിട്ടുള്ളൂ. അത്തരം കാര്യങ്ങൾ കൂടുതൽ വിപുലമായി നടപ്പിലാകുന്ന കാലത്ത് ഈ പറയുന്ന കളിയാക്കലുകൾ പലതും പ്രശ്നങ്ങൾ അല്ലാതായി മാറും.
ഒരാളെ കളിയാക്കുമ്പോൾ അയാൾ അതിൽനിന്ന്ു പ്രേരണ ഉൾക്കൊണ്ട് വാശിയോടെ ഉയർത്തെണീറ്റ് വരുമെന്നുള്ള ക്ലീഷേ പാഠം പലരും പഠിച്ചു വച്ചിട്ടുണ്ട്. പക്ഷേ അതിൽ വലിയ അപകടമുണ്ട്. നമ്മൾ ആരെയാണ് കളിയാക്കുന്നതെന്നനുസരിച്ചിരിക്കും അതിനോടുള്ള പ്രതികരണം. നമ്മൾ കളിയാക്കുന്ന വ്യക്തി ആകാംക്ഷാരോഗമുള്ള ആളോ അപകർഷതാബോധമുള്ളയാളോ ആണെങ്കിൽ ചിലപ്പോൾ അയാളുടെ മനസ്സ് തകരാൻ അത് മതി. മറ്റുള്ളവരോട് ദയാവായ്പോടെ പെരുമാറാനുള്ള അവസരമുള്ളപ്പോൾ പരമാവധി അങ്ങനെ ചെയ്യുക എന്നതാണ് കളിയാക്കലുകൾ ഒഴിവാക്കാനുള്ള പോംവഴി.
മറ്റുള്ളവരെ അപമാനിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതുവഴി നമ്മുടെ നിലവാരമാണ് അവിടെ കാണിക്കുന്നതെന്നും അത്തരം പ്രവൃത്തികൾ ചെയ്യുന്നത് നിലവാരത്തകർച്ചയായാണ് മറ്റുള്ളവർ കാണുന്നതെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുക്കാം. ഈ ആശയം വളരെ ചെറിയ പ്രായം തൊട്ടേ കുട്ടികളെ പരിശീലിപ്പിച്ചാലാണ് കൗമാരപ്രായത്തിൽ സൗഹൃദ വലയത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ സാധ്യതയുള്ള സ്ഥലത്ത് അവരങ്ങനെ പെരുമാറാതിരിക്കൂ.
ഉദാഹരണത്തിന്, ആരെങ്കിലും നമ്മുടെ കൺമുന്നിൽ വീണാൽ ആദ്യത്തെ പ്രതികരണം ചിരിയാണ്. ആർക്കെങ്കിലും എന്തെങ്കിലും അപകടം പറ്റിയാൽ, അല്ലെങ്കിൽ അവരുടെ കൈയിൽ നിന്നെന്തെങ്കിലും സാധനം താഴെ വീണാൽ, സാരമില്ല എന്നു പറഞ്ഞ് ആശ്വസിപ്പിക്കുന്ന രീതിയാണ് കുട്ടികൾ വീട്ടിൽ കാണുന്നതെങ്കിൽ അത്തരം പെരുമാറ്റങ്ങൾ അവർ ജീവിതത്തിൽ ഒരു ശീലമാക്കും. നേരെ മറിച്ച് ആദ്യമേ തന്നെ ചിരിക്കുകയും അവരുടെ കഴിവു കുറവിനെക്കുറിച്ചൊക്കെ പറയുകയും ചെയ്യുമ്പോൾ, ഇതാണ് ശരിയായ പ്രതികരണം എന്നു കുട്ടികൾ വിചാരിക്കുകയും ചെയ്യും. പേരന്റിങ്ങിലൂടെ നമുക്ക് ഒരുപാട് കാര്യങ്ങളും ആശയങ്ങളും കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കും. നമ്മളത് പരമാവധി പ്രയോജനപ്പെടുത്തണം.
∙ ക്യാംപസ് പ്ലേസ്മെന്റ്ിൽ, അധ്യാപകരുടെ കണ്ണിൽ മിടുക്കരെന്നു തോന്നിക്കുന്ന കുട്ടികൾ പരാജയപ്പെടുകയും ശരാശരിക്കാരെന്നു തോന്നിക്കുന്ന കുട്ടികൾ വിജയിക്കുകയും ചെയ്യാറുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?.
ഒരു പക്ഷേ പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികളെയായിരിക്കും അധ്യാപകർ മിടുക്കരെന്ന് കരുതുന്നത്. പുതിയ സാഹചര്യങ്ങളിൽ മികവോടെ സ്മാർട്ടായി പെരുമാറുന്നവരെയാവും കമ്പനികൾ തിരഞ്ഞെടുക്കുക. അറിയുന്ന കാര്യം വേണ്ട രീതിയിൽ പറയാനും അറിയാത്ത കാര്യം അറിയില്ലെന്ന് സമ്മതിക്കാനുമുള്ള മനഃസ്ഥിതിയൊക്കെ ഒരു പക്ഷേ പുതിയ കാലത്തിന്റെ മാനദണ്ഡങ്ങളായിരിക്കും. മൽസരാധിഷ്ഠിത ലോകത്ത് ഇത്തരം പ്ലേസ്മെന്റിനു വേണ്ടി വരുന്ന കമ്പനികൾക്ക് എന്താണ് വേണ്ടതെന്നുള്ളത് കൃത്യമായി മനസ്സിലാക്കുന്നവർക്ക് ക്യാംപസ് പ്ലേസ്മെന്റിൽ ഇടംപിടിക്കാം. ആ കമ്പനിയെപ്പറ്റി പഠിക്കുന്നതും അവരെടുക്കുന്ന ജീവനക്കാരുടെ രീതികൾ എന്തൊക്കെയാണ് എന്ന് അറിയാൻ ശ്രമിക്കുന്നതും പറ്റുമെങ്കിൽ അവിടെ വർക്ക് ചെയ്യുന്ന ആരോടെങ്കിലുമൊക്കെ സംസാരിച്ച് അവിടുത്തെ വർക്ക് കൾച്ചർ എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ്.
മാർക്കുണ്ട്, പക്ഷേ എനിക്ക് ക്യാംപസ് പ്ലേസ്മെന്റ് കിട്ടിയില്ല എന്നു കരുതുകയും പഠിച്ചിട്ടെന്തു കാര്യം, പഠിക്കാത്തവർക്ക് പ്ലേസ്മെന്റ് കിട്ടിയെന്നൊക്കെ ചിന്തിച്ച് നെഗറ്റീവ് ചിന്തകളെ മനസ്സിൽ വയ്ക്കരുത്. ചിലപ്പോൾ പ്രസ്തുത കമ്പനി നോക്കുന്നത് ഒരു ശരാശരി ആളെയായിരിക്കും. അവർക്ക് ട്രെയിൻ ചെയ്യാൻ വേണ്ടത് ഒരു ശരാശരിക്കാരനെയായിരിക്കും. ഈ പറഞ്ഞതിന്റെ അർഥം മാർക്ക് കൂടുതൽ വാങ്ങേണ്ട എന്നല്ല. പക്ഷേ അതിനൊപ്പം നമ്മുടെ വ്യക്തിത്വവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നാണ്.
∙കൗമാരക്കാരിലെ മാനസിക പ്രശ്നങ്ങൾ മറ്റു പ്രായക്കാരെ അപേക്ഷിച്ച് വ്യത്യാസമുള്ളതാണോ?

തീർച്ചയായും. കാരണം കൗമാരപ്രായക്കരെക്കുറിച്ച് പൊതുവെ പറയുന്നത് ‘കടിച്ചതുമില്ല പിടിച്ചതുമില്ല’ എന്ന പ്രായമെന്നാണ്. കാരണം അവർ എന്തിനെങ്കിലും വാശിപിടിക്കുമ്പോൾ ‘എന്താണ് കുട്ടികളെപ്പോലെ പെരുമാറുന്നത്’ എന്ന ചോദ്യമാകും അവർക്കു നേരെ ഉയരുക. മറിച്ച് എന്തെങ്കിലും ഗൗരവമുള്ള കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ ‘കുട്ടികൾ കുട്ടികളുടെ കാര്യങ്ങൾ നോക്കിയാൽ മതി, വല്യ ആളാവാൻ നോക്കണ്ട’ എന്ന മട്ടിൽ ശാസിക്കും. മിക്ക രക്ഷിതാക്കളും അറിഞ്ഞോ അറിയാതെയോ ഇത്തരത്തിൽ പ്രതികരിക്കാറുണ്ട്.
കുട്ടിപ്രായം കഴിയുകയും ചെയ്തു, എന്നാൽ മുതിർന്നവരൊട്ട് ആയിട്ടുമില്ല എന്ന രീതിയിലുള്ള ചാഞ്ചാട്ട പ്രകൃതം അവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുണ്ട്. കൗമാരം ഒരുപാട് സമ്മർദ്ദങ്ങളും സംശയങ്ങളുമൊക്കെയുള്ള പ്രായമാണ്. ഏറ്റവും കൂടുതൽ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്ന പ്രായം കൂടിയാണത്. അപ്പോൾ ജീവശാസ്ത്രപരമായും ഒരുപാട് മാറ്റങ്ങൾ അവരിലുണ്ടാകാറുണ്ട്. ‘ഞാൻ ആരാണ്’ എന്ന തിരിച്ചറിവ് രൂപപ്പെടുന്ന സമയമാണത്. ഇന്നത്തെ കാലഘട്ടത്തിൽ സ്വത്വം എന്നു പറയുമ്പോൾ വ്യക്തിത്വം എന്നതിനപ്പുറത്തേക്ക് ഒരാളുടെ ലിംഗം അല്ലെങ്കില്‍ അയാളുടെ സെക്ഷ്വൽ ഓറിയന്റേഷൻ തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇതിനോട് ചേർത്തു വായിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ കൗമാരപ്രായക്കാരുെട മാനസിക പ്രശ്നങ്ങൾ മറ്റു പ്രായക്കാരിലുള്ളതിനേക്കാളും വ്യത്യസ്തമാണ്.
∙ പൊതുവെ കൗമാരക്കാര്‍ അനുഭവിക്കുന്ന മാനസികപ്രശ്നങ്ങൾ എന്തൊക്കെയാണ്? അതിനുള്ള പരിഹാരമാർഗങ്ങൾ?
കൗമാരക്കാരുടെ ഏറ്റവും വലിയ പ്രശ്നം ‘ഞാൻ ആരാണ്’ എന്നുള്ളതാണ്. നമുക്ക് ഒരുപരിധിയിൽ കൂടുതൽ അവർ ആരാണെന്ന് പറഞ്ഞു കൊടുക്കാൻ പറ്റില്ല. പക്ഷേ ലക്ഷ്യത്തിലെത്താനുള്ള അവരുടെ യാത്രയിൽ വേണ്ട പിന്തുണ നൽകാം. എന്തുകാര്യം ചെയ്യാനും കൗമാരപ്രായത്തിലുള്ള കുട്ടികളെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്ന സ്വഭാവമുണ്ടെങ്കിൽ അതു നിർത്തുക. കാരണം ഒരു പക്ഷേ നമ്മളെക്കാൾ മികച്ച വ്യക്തികളായിരിക്കാം അവർ.
ഞാൻ നടക്കുന്ന വഴിയെ എന്റെ മക്കളും നടക്കണം എന്നുള്ള നിർബന്ധം മാറ്റി വച്ച്, അവർക്ക് ദിശ തെറ്റുന്നെന്നോ, അപകടത്തിലേക്കാണ് പോക്കെന്നോ മനസ്സിലായാൽ മാത്രം കൃത്യമായി മാർഗനിർദേശം നൽകാം. എന്തു പ്രശ്നമുണ്ടായാലും ഒപ്പം ഞാനുണ്ട് എന്നൊരുറപ്പു നൽകാൻ കഴിയണം. എന്തെങ്കിലും പ്രശ്നങ്ങൾ വന്നു പറയുമ്പോൾ അവരെ കുറ്റപ്പെടുത്തുന്നതു പോലെയോ അപമാനിക്കുന്നതു പോലെയോ സംസാരിച്ചാൽ കുട്ടികൾ പ്രശ്നത്തിൽപ്പെട്ടാലും തുറന്നു പറയില്ല. അതുകൊണ്ട് പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോൾ ‘‘നീ എന്തിന് ഇങ്ങനെ ചെയ്തു? നീ എന്തിനത് വാങ്ങി? നീ എന്തിന് അങ്ങോട്ട് പോയി? എന്നൊക്കെ ചോദിക്കുമ്പോൾ അവർ അനുഭവിക്കുന്നത് തിരസ്കരണമാണ്. അപ്പോൾ നമുക്കൊരിക്കലും കുട്ടികൾക്ക് ഒരുറപ്പ് നൽകാൻ സാധിക്കില്ല. നേരെ മറിച്ച് നമ്മൾ ക്ഷമയോടു കൂടി അവർക്ക് പറയാനുള്ളത് കേട്ടിരിക്കുകയും ‘എന്നിട്ട്?’ എന്നുള്ള ചോദ്യത്തിന് പ്രാധാന്യം കൊടുക്കുകയും കൂടുതല്‍ വിശദാംശങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്താൽ അവർ കാര്യങ്ങൾ തുറന്നു പറയാൻ തയാറാകും. ഞാൻ നന്മ െചയ്താൽ എന്റെ കൂടെ ഇവരുണ്ടാകും. ഞാൻ തിന്മ ചെയ്താൽ തിരുത്താനായിട്ട് ഇവരെനിക്കൊപ്പം നിൽക്കും എന്നുള്ള ആത്മവിശ്വാസം കുട്ടികൾക്ക് കൊടുക്കണം. അങ്ങനെയാണ് കൗമാരക്കാർക്ക് സ്വം അല്ലെങ്കിൽ വ്യക്തിത്വം രൂപപ്പെടുത്താൻ നമുക്കവരെ സഹായിക്കാൻ സാധിക്കുന്നത്.
Content Summary : How to deal with teen behaviour problems