ADVERTISEMENT

ബാല്യത്തിലും കൗമാരത്തിലുമൊക്കെ നേരാംവണ്ണം പഠിക്കാൻ പറ്റാത്തതിനെക്കുറിച്ച് പലരും മുതിരുമ്പോൾ സങ്കടം പറയാറുണ്ട്. എന്തു പഠിക്കണം, എങ്ങനെ പഠിക്കണം എന്നതിനെക്കുറിച്ച് വഴികാട്ടിത്തരാൻ മുതിർന്നവർ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ജീവിതം കുറച്ചു കൂടി മെച്ചപ്പെട്ടേനേമെന്ന് പതംപറയുന്നവരും കുറവല്ല. എന്നാൽ ഏതു പ്രതികൂല സാഹചര്യത്തിലും ഇച്ഛാശക്തി കൂട്ടിനുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്ന് പറയുകയാണ് അഭിഭാഷകനായ  ടി കെ സുധീർ നന്നമുക്ക്.

Read Also : പത്താംക്ലാസ് മാർക്ക് ലിസ്റ്റിൽ കണക്കിന് 7 മാർക്ക്

പ്രോത്സാഹനത്തേക്കാൾ നിരുത്സാഹപ്പെടുത്തലുകൾ കേട്ടുവളർന്ന ബാല്യവും കൗമാരവും കടന്ന് എന്നോ മനസ്സിൽ കയറിക്കൂടിയ ആഗ്രഹത്തിന്റെ കച്ചിത്തുരുമ്പ് പിടിച്ച് ജീവിതം കരുപ്പിടിപ്പിച്ച കഥ ‘മാർക്ക്മാറ്ററല്ലിഷ്ടാ’ എന്ന പംക്തിയിലൂടെ അഡ്വ. ടി കെ സുധീർ നന്നമുക്ക് പങ്കുവയ്ക്കുന്നതിങ്ങനെ :- 

 

1992 ൽ സംസ്ഥാനത്തു തന്നെ  എസ് എസ് എൽ സി വിജയശതമാനം കുറഞ്ഞ സമയത്താണ് 239 മാർക്കുമായി ഞാൻ പത്താം ക്ലാസ്സ് പാസാകുന്നത്‌. എന്റെ പ്രദേശത്തു വിരലിൽ എണ്ണാവുന്നവർ പോലും അന്ന്  എസ്എസ്എൽസി പാസായിട്ടില്ല. പത്തു കഴിഞ്ഞാൽ  18 വയസ്സ് തികയുന്നതു വരെ വല്ല മാവിന് കല്ലെറിഞ്ഞോ മറ്റോ സമയം കളയും. പിന്നെ നേരെ ഒരു വിസയും സംഘടിപ്പിച്ചു ഗൾഫിലേക്ക് പോകും. അതോടെ കഴിഞ്ഞു കഥ. അധ്യാപകർ ( തെക്കു നിന്നുള്ളവർ ) തന്നെ പറയും എന്തിനാ പഠിക്കുന്നെ 18 ആയാൽ ഗൾഫിൽ പോകാൻ ഉള്ളതല്ലേ എന്ന്.

 

adv-sudheers-mark-list

പഠിക്കണം, പാസ് ആകണം എറണാകുളം ഗവ. ലോ കോളേജിൽ എൽഎൽബിയ്ക്കു ചേരണം എന്നൊക്കെയുള്ള മോഹം ചെറിയ ക്ലാസ് മുതലുണ്ട്. എങ്ങനെയാണ് അങ്ങനെയൊരു മോഹം ഉള്ളിൽ കടന്ന് കൂടിയതെന്നറിയില്ല. എങ്ങനെ പഠിക്കണം, എന്തൊക്കെ പഠിക്കണം എന്നൊന്നും ഒരു ഐഡിയയുമില്ല. ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാൽ പത്ത് പാസായവർ വളരെ ചുരുക്കം. എന്തായാലും ഉറക്കമൊഴിഞ്ഞും വളരെ കഷ്ടപ്പെട്ട് കാണാപാഠം  പഠിച്ചും എങ്ങനെയൊക്കെയോ പാസ് ആയി. മൂക്കുതല ജിഎച്ച്എസിലെ ഒൻപതിൽ നിന്നും 10 സി ഡിവിഷനിലെ മോണിങ് ഷിഫ്റ്റിലേക്ക് വരാനെടുത്ത തീരുമാനവും നിർണായകമായി. പഠിപ്പിസ്റ്റുകളുടെ ഇടയിലേക്കാണ് വന്നു പെട്ടത്. 

 

ഈവനിങ് ഷിഫ്റ്റിലായിരുന്നപ്പോൾ സോഷ്യൽ സയൻസിൽ മാർക്ക് വാങ്ങിച്ചാൽ തന്നെ ക്ലാസ്സിലെ ടോപ് ആയിരിന്നു. പക്ഷേ മോണിങ് ഷിഫ്റ്റിൽ 50 ൽ 50 വാങ്ങാൻ തന്നെ 5, 8 പേർ ക്യൂവാണ്. അവരുടെ ഇടയിൽ ഞാൻ ഒന്നും അല്ലായിരുന്നു. ഹിന്ദി കുറച്ചെങ്കിലും ശരിയായത്  അവസാന മൂന്നു മാസത്തെ ശിവ ശങ്കരൻ സാറിന്റെ എംറ്റിസിയിൽ നിന്നാണ്. ലാസ്റ്റ് മൂന്നു മാസം ട്യൂഷനു പോയതു തന്നെ റിസൾട്ട് അറിയാൻ വേറെ മാർഗം ഇല്ല എന്ന അറിവിൽ ആണ്. ( പാരലൽ ടീം, വിജയികളുടെ പേരൊക്കെ വെച്ച് നോട്ടീസ് അടിക്കും) നാട്ടിലെ പ്രശസ്തമായ ട്യൂഷൻ സെന്ററിൽ അവസാന മൂന്നു മാസം ക്ലാസ്സിൽ ജോയിൻ ചെയ്യാൻ പോയപ്പോൾ അടുത്ത ഫെയിൽഡ് ബാച്ചിലേക്ക് എടുക്കാം എന്ന് പറഞ്ഞാണ് തിരികെ അയച്ചത്.

 

എന്തായാലും അന്നത്തെ ആ വിജയം ജീവിതത്തിലെ  വലിയ വഴിത്തിരിവ് തന്നെയായിരുന്നു. മറിച്ചായിരുന്നു റിസൾട്ട് എങ്കിൽ ആലോചിക്കാനേ കഴിയുന്നില്ല. അന്ന് കൂടെ ഉയർന്ന മാർക്ക് വാങ്ങി പാസായവർ റെഗുലർ ആയി ഫസ്റ്റ്, സെക്കന്റ് ഗ്രൂപ് എടുത്ത് പഠിച്ചവർക്കൊന്നും  ആദ്യത്തെ വിജയം നിലനിർത്താൻ കഴിഞ്ഞില്ല. ഞാൻ ഹ്യൂമാനിറ്റീസ് - തേർഡ് ഗ്രൂപ്പെടുത്ത് ഇക്കണോമിക്സിൽ എഴുപത് ശതമാനം മാർക്കോടെ ആ കടമ്പ കടന്നു ( ഇംഗ്ലീഷ് പാസ് ആയത് റീ വാല്യൂവേഷനിൽ ആണ്. ) അന്നു വീടിന്റെ കുറച്ചകലെയുള്ള ഒന്നു രണ്ടു പേർ ബിഎ ഇക്കണോമിക്‌സ് ആണ് പഠിച്ചിരുന്നത്. ബികോം പഠിച്ചാൽ (ബികോം പഠിക്കുന്നവരോട് അന്ന് പലർക്കും ബഹുമാനമുണ്ടായിരുന്നു.)

Read Also : അന്ന് 10–ാം ക്ലാസിൽ 282 മാർക്ക്, ഇന്ന് അഞ്ചു ഭാഷകൾ സംസാരിക്കുന്ന, ജോലിയിൽ മിടുക്കിയായ 

ജോലി സാധ്യത കൂടുതലുണ്ടെന്നറിഞ്ഞാണ്  പൊന്നാനി ഇ.എം.എസിൽ കിട്ടിയ ബിഎ സീറ്റ്  ഒഴിവാക്കി  പ്രൈവറ്റ് ആയി ബികോമിന് റജിസ്റ്റർ ചെയ്തത്. പ്രീഡിഗ്രിയ്ക്കു ഫോർത്ത് ഗ്രൂപ്പ്‌ അക്കൗണ്ടൻസി പേടിച്ചാണ് എടുക്കാതിരുന്നത്. എന്തിനാണ് പഠിക്കുന്നത് വല്ല ജോലിക്കും പൊയ്ക്കൂടേ പഠിച്ചിട്ട് എന്താകാൻ ആണ് എന്ന സ്ഥിരം പല്ലവി സദാ സമയവും പലരിൽ നിന്നും കേട്ടു കൊണ്ടേ ഇരുന്നു. (അപ്പോഴേക്കും സ്വന്തമായി ട്യൂഷൻ എടുത്തു പഠിക്കാനുള്ള വക കണ്ടെത്തി തുടങ്ങിയിരുന്നു.)

 

ആദ്യത്തെ ചാൻസിൽ തന്നെ ബികോം  പാസ്സ് ആകാൻ കഴിഞ്ഞു. അതും കോളേജിൽ രണ്ടാം സ്ഥാനത്തോടെ.  പി ജി അഡ്മിഷൻ സമയം കഴിഞ്ഞിട്ടും അതിനൊന്നും നിൽക്കാതെ നേരെ മെറിറ്റിൽ എറണാകുളം ഗവ. ലോ കോളേജിൽ അഡ്മിഷൻ കിട്ടുന്നത് വരെ കട്ട വെയ്റ്റിങ്. (ദൂരം കൂടുതലാണെങ്കിലും അടുത്തുള്ള തൃശൂർ ലോ കോളേജിൽ അപ്ലൈ ചെയ്തില്ല. പഠിക്കുകയാണെങ്കിൽ അത് എറണാകുളം ലോ കോളേജ്‌ എന്നത് എന്നോ തീരുമാനിച്ചതാണ്. എൽ എൽ ബി ആദ്യ ചാൻസിൽ തന്നെ നല്ല മാർക്കിൽ പാസ്സ് ആയി. 

 

പിന്നെ ജോലിയുടെയും കോഴ്‌സുകൾ ചെയ്യുന്നതിന്റെയും സുവർണ കാലം. ബികോം, എംകോം,എം ബി എ, എൽ എൽ ബി , സെറ്റ്, ബി എൽ ഐ എസ് സി, എൽ എൽ എം (ഡിസ്സെർറ്റേഷൻ സബ്മിഷൻ പെന്റിങ്) അങ്ങനെ കുറേ കോഴ്സുകൾ ചെയ്തു. ഇപ്പോൾ എംഎസ്‌സി സൈക്കോളജി ഫൈനൽ ഇയർ പഠിക്കുന്നു. അന്നത്തെ നിരുത്സാഹപ്പെടുത്തലുകളിൽ തളരാതെ മുന്നോട്ട് പോയതിന്റെ ഫലം അനുഭവിക്കാൻ കഴിയുന്നു. പഠിക്കാൻ ആഗ്രഹിച്ച സ്ഥാപനങ്ങളിൽ തന്നെ ലോ ലെക്ചറർ ആയി വർക്ക് ചെയ്യാൻ കഴിഞ്ഞു. പഠിപ്പിച്ച വിദ്യാർഥികളിൽ പലരും നല്ല രീതിയിലെത്തി കാണുന്നതിൽ അതിയായ സന്തോഷമുണ്ട്.

 

Content Summary : Career Column Mark Mattarallishta - Adv.Sudheer T.K Share his experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com