ADVERTISEMENT

ഗവേഷണാധിഷ്ഠിത ബിരുദാനന്തര ബിരുദ പഠനത്തിനല്ലാതെ എത്തുന്ന വിദേശവിദ്യാർഥികൾക്ക് ഇനി ആശ്രിതരെ കൊണ്ടുവരാനാകില്ലെന്ന നിർണായക തീരുമാനമെടുത്തിരിക്കുകയാണ് യുകെ. 9 മാസവും അതിൽക്കൂടുതൽ കാലവും ബിരുദാനന്തര പഠനത്തിനെത്തുന്ന വിദേശ വിദ്യാർഥികൾക്കു പങ്കാളികളെയും മക്കളെയും ഒപ്പം കൊണ്ടുവരാൻ ഇതുവരെ അനുമതിയുണ്ടായിരുന്നു. 2024 ജനുവരി മുതൽ ഇതു സാധ്യമല്ല.

Read Also : വിദേശ ബിരുദ പഠനം: സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആശ്രിത വീസ നിയന്ത്രിക്കുന്നത്. സ്റ്റുഡന്റ് വീസയിൽ എത്തിയാൽ പഠനം പൂർത്തിയാകാതെ ഇനി വർക്ക് വീസയിലേക്കു മാറാനാകില്ല. തൊഴിൽ തരപ്പെടുത്തുന്നതിനുള്ള പിൻവാതിലായി സ്റ്റുഡന്റ് വീസയെ ഉപയോഗിക്കുന്നതു തടയാനാണിത്

പഠന മികവുണ്ടോ? പേടി വേണ്ട

ഗുണമേന്മയുള്ള വിദ്യാഭ്യാസം ആഗ്രഹിക്കുന്ന, ഉയർന്ന അക്കാദമിക് യോഗ്യതയുള്ള വിദ്യാർഥികളെ നിയമം ബാധിക്കില്ല. അതേസമയം, അഭിരുചി നോക്കാതെ ഏതെങ്കിലുമൊരു കോഴ്സിൽ അഡ്മിഷൻ നേടി, പിന്നീടു വർക്ക് വീസയിലേക്കു മാറി യുകെയിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്നവർക്കു പുതിയ നിബന്ധന തിരിച്ചടിയാകും. മികച്ച നിലവാരമുള്ള വിദ്യാർഥികളാണു ബ്രിട്ടനിലെത്തുന്നതെന്ന് ഉറപ്പാക്കുക കൂടി പുതിയ നയത്തിനു പിന്നിലുണ്ട്.

മറ്റു രാജ്യങ്ങളിൽ എന്താണു സ്ഥിതി

കാനഡ

ഇന്ത്യയുടെ മൂന്നര ഇരട്ടി വലുപ്പമുള്ള രാജ്യത്തെ ജനസംഖ്യ കേരളത്തിലേതിനെക്കാൾ അൽപം മാത്രം കൂടുതൽ; 3.82 കോടി. ഇതിൽ ഭൂരിപക്ഷവും പ്രായമായവർ. കൂടുതൽ വർക്ഫോഴ്സ് ആവശ്യമായതിനാൽ യുകെയിലെ പോലുള്ള നിയന്ത്രണങ്ങളില്ല. ഡിപ്ലോമ തലത്തിലുള്ള പ്രോഗ്രാം മുതൽ ചെയ്യുന്നവർക്കു കുടിയേറ്റം സാധ്യമാണ്. പിആർ (പെർമനന്റ് റസിഡന്റ്സ്) ലഭിച്ചാൽ എളുപ്പത്തിൽ അമേരിക്കയിലേക്കു പോകാം. പഠനച്ചെലവു താരതമ്യേന കുറവാണ്. 3 വർഷം സ്റ്റേബാക്ക് (ജോലി കണ്ടെത്താനുള്ള സമയം) നൽകുന്നുണ്ട്.

ഓസ്ട്രേലിയ

ജനസംഖ്യ കുറവായതിനാൽ കൂടുതൽ വർക്ഫോഴ്സ് ആവശ്യമുണ്ട്. അതിനാൽ വിദ്യാർഥികളുടെ ആശ്രിത വീസയിൽ നിയന്ത്രണങ്ങളില്ല. അതേസമയം, ‘ജോബ് മൈഗ്രേഷൻ’ ഇപ്പോൾ കാര്യമായി അനുവദിക്കുന്നില്ല. മുൻപ് അനുവദിച്ചിരുന്നെങ്കിലും ഗുണമേന്മയുള്ള ആൾക്കാരെ ലഭിച്ചില്ല. ഭൂരിപക്ഷം ആളുകളും കൃത്രിമ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുമായി രാജ്യത്തെത്തി മറ്റു മേഖലകളിൽ ജോലി നേടി. 2 മുതൽ 6 വർഷം വരെ ഓസ്ട്രേലിയ സ്റ്റേബാക്ക് നൽകുന്നു. സർവകലാശാലാ പ്രവേശനത്തിനു സ്ക്രീനിങ് നിർബന്ധം. ഗുണമേന്മ ഉറപ്പാക്കാനാണിത്. പഠനച്ചെലവു താരതമ്യേന കൂടുതൽ. 

ന്യൂസീലൻഡ്

50 ലക്ഷം മാത്രം ജനസംഖ്യയുള്ള ചെറിയ രാജ്യം. ആശ്രിത വീസയ്ക്കു നിയന്ത്രണങ്ങളില്ല. പഠന, ജീവിതച്ചെലവ് ഏതാണ്ട് യുകെയിലെപ്പോലെ. 2–3 വർഷം സ്റ്റേബാക്ക്.

അയർലൻഡ്

2 വർഷം സ്റ്റേബാക്ക്. പഠനച്ചെലവും ജീവിതച്ചെലവും യുകെയിലേതിനു സമാനം.

യുഎസ്

ജീവിത, പഠനച്ചെലവു താരതമ്യേന കൂടുതൽ. സ്റ്റേബാക്ക് ഇല്ല. മികവുതെളിയിക്കുന്ന വിദ്യാർഥികൾക്കു ക്യാംപസ് പ്ലേസ്മെന്റ് വഴി ജോലി ലഭിക്കാൻ എളുപ്പം. പഠനം കഴിയുമ്പോഴേക്കും ജോലി കണ്ടെത്തി വർക് പെർമിറ്റ് എടുക്കണം

ജർമനി, നെതർലൻഡ്സ്, ഫ്രാൻസ്, സിംഗപ്പൂർ, സ്വീഡൻ

ഈ രാജ്യങ്ങൾ ഉയർന്ന നിലവാരത്തിലുള്ള ഉന്നത പഠനത്തിന് അവസരം ഒരുക്കുന്നുണ്ടെങ്കിലും കുടിയേറ്റ സാധ്യത കുറവാണ്. ജർമനി ഒന്നര–രണ്ടു വർഷം സ്റ്റേബാക്ക് നൽകുന്നുണ്ട്. ജർമൻ ഭാഷ അറിഞ്ഞിരിക്കണം. മികവു തെളിയിക്കുന്ന വിദ്യാർഥികൾക്ക് ഈ രാജ്യങ്ങളിലെല്ലാം ജോലി സാധ്യതയുണ്ട്. പഠനം കഴിഞ്ഞാൽ ജോലി കണ്ടെത്താൻ നെതർലൻഡ്സും ഒരു വർഷം നൽകുന്നു.

Content Summary : How New UK Visa Rules Will Affect Indian Immigrants?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com