കുട്ടികളുടെ ചെറുതും വലുതുമായ തെറ്റുകൾക്ക് കാര്യമായ ശിക്ഷ നൽകാൻ മാതാപിതാക്കളും അധ്യാപകരും മൽസരിക്കാറുണ്ട്. പക്ഷേ ആ ശിക്ഷയിൽ നിന്ന് അവരെന്തു പഠിച്ചുവെന്നു ശ്രദ്ധിക്കാൻ പലരും മിനക്കെടാറില്ല. എന്നാൽ പ്രീഡിഗ്രി കാലത്തു ചെയ്ത തെറ്റു തിരുത്താനായി പ്രഥമാധ്യാപകൻ നൽകിയ അവസരത്തെ നല്ല രീതിയിൽ പ്രയോജനപ്പെടുത്തി പിൽക്കാലത്ത് നല്ലൊരു കരിയർ രൂപപ്പെടുത്തിയ കഥയാണ് ‘മാർക്ക് മാറ്ററല്ലിഷ്ടാ’ എന്ന പംക്തിയിലൂടെ ജോസ് തോമസ് എന്ന പ്രവാസി പങ്കുവയ്ക്കുന്നത്.
ഞാൻ പത്താം ക്ലാസ് പാസ്സായത് 1982 ലായിരുന്നു. 210 മാർക്കായിരുന്നു എസ്എസ്എൽസി പരീക്ഷയ്ക്ക് ലഭിച്ചത്. ചിലപ്പോൾ ഓൾ പ്രമോഷന്റെ ഭാഗമായി ജയിച്ചതാകാനും സാധ്യതയുണ്ട്. പല റെഗുലർ കോളേജിലും അഡ്മിഷൻ കിട്ടാതെ വന്നപ്പോൾ നാട്ടിലെ ഒരു പാരലൽ കോളേജിൽ ഫോർത്ത് ഗ്രൂപ്പിന് അഡ്മിഷൻ കിട്ടി. പഠിത്തത്തിൽ അത്ര കേമനല്ലാത്ത എന്നെ പ്രധാനാധ്യാപകനും മറ്റ് അധ്യാപകരും സംശയത്തോടെയാണ് നോക്കിയിരുന്നത്. ഞാൻ അവിടെ തോറ്റാൽ കോളേജിന്റെ പ്രശസ്തിക്ക് മങ്ങലേൽക്കുമല്ലോ എന്നോർത്ത് ഇംഗ്ലീഷ് ക്ലാസ് ടെസ്റ്റിന് കോപ്പിയടിച്ചു. പ്രധാനാധ്യാപകൻ അത് കൈയോടെ പിടിച്ചു. ഇത് ആവർത്തിക്കാതിരിക്കാനും എന്നെയും കൂട്ടുകാരേയും പ്രോത്സാഹിപ്പിക്കുവാനായി പ്രധാനാധ്യാപകൻ ഒരു വിളംബരം നടത്തി. പ്രീഡിഗ്രിക്ക് കൂടുതൽ മാർക്ക് വാങ്ങിക്കുന്ന കുട്ടിക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്നായിരുന്നു അത് . എന്തോ അതെനിക്ക് വലിയ പ്രചോദനമായി തോന്നി.
ഇടത്തരം കർഷകകുടുംബത്തിലെ വൃദ്ധരായ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വീട്ടിലെ ഇളയ കുട്ടിയായ ഞാനായിരുന്നു ഒരാശ്രയം. എന്നെ പഠിപ്പിക്കുവാനോ പ്രോത്സാഹിപ്പിക്കുവാനോ ഉള്ള സമയമോ അറിവോ അവർക്കുണ്ടായിരുന്നില്ല. എന്തായാലും വീട്ടിലെ പണികളിൽ സഹായിച്ച് എന്റെ പഠിത്തം ഒരുവിധം മുൻപോട്ടു കൊണ്ടുപോയി. എന്റെ പ്രീഡിഗ്രി പരീക്ഷാഫലം വന്നപ്പോൾ വലിയൊരു വിജയം എന്നെ കാത്തിരിപ്പുണ്ടായിരുന്നു. കുറവിലങ്ങാട്ടെ റെഗുലർ കോളേജ് ഉൾപ്പെടെയുള്ള കോളേജുകളിൽ ഫോർത്ത് ഗ്രൂപ്പിന് ആകെ ഒരു ഫസ്റ്റ് ക്ലാസ് ആണുണ്ടായിരുന്നത്. അതെനിക്കായിരുന്നു. ആ വർഷത്തെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്കുള്ള ക്യാഷ് അവാർഡ് കിട്ടി. അതെന്റെ ജീവിത വിജയത്തിന്റെ ആദ്യ പടി ആയിരിക്കുമെന്ന് എനിക്കു പോലും അറിയില്ലായിരുന്നു.
നാട്ടിലെ പ്രശസ്തമായ ദേവമാതാ കോളേജിൽ (കുറവിലങ്ങാട് ദേവമാതാ കോളേജ്) ബികോമിന് മെറിറ്റിൽ ഒന്നാമതായി അഡ്മിഷൻ കിട്ടി. അവിടെയും ഉയർന്ന മാർക്ക് കിട്ടി പാസ്സായി. അതിനുശേഷം അതേ കോളേജിൽ എംകോമിനു ചേർന്നു. അതിന്റെ റിസൾട്ട് വന്നപ്പോൾ ആ കോളേജിലെ ഏറ്റവും കൂടുതൽ മാർക്ക് എനിക്കായിരുന്നു. അങ്ങനെ ആ കോളേജിന്റെ അഭിമാനമായി മാറി.

എംകോമിനു ശേഷം ഞാൻ എറണാകുളത്ത് ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സിനു ചേർന്നു. സാമ്പത്തിക ബുദ്ധിമുട്ടും യാത്രാക്ലേശവും മൂലം ഞാൻ എന്റെ പഠിത്തം (Article ship) കോട്ടത്തേക്കു മാറ്റി. Article ship കംപ്ലീറ്റ് ചെയ്തു. എന്നിരുന്നാലും ഞാൻ C.A യുടെ ഒരു പരീക്ഷ പോലും എഴുതിയിട്ടില്ലായിരുന്നു. ഈ പഠിത്തത്തിനിടയിൽ ചെറിയ ഹോട്ടൽ ബിസിനസ്സ് തുടങ്ങി. ബിസിനസ്സിൽ പരിചയക്കുറവും സാമ്പത്തിക ബുദ്ധിമുട്ടും കാരണം എത്രയും വേഗം പൂട്ടേണ്ടി വന്നു. അങ്ങനെ പഠിത്തത്തിൽ ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല.
പിന്നീട് ഒരു വിവാഹമൊക്കെ കഴിഞ്ഞ് 1999 ൽ കുവൈറ്റിൽ ജോലിക്കായി വന്നു. ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി കിട്ടി. അങ്ങനെ തട്ടീം മുട്ടീം ജീവിതം കുറേക്കാലങ്ങള്‍ മുൻപോട്ടു പോയി. കുറേ വർഷങ്ങൾക്കു ശേഷം പരീക്ഷ എഴുതണമെന്ന ഒരാഗ്രഹമുണ്ടായി തുടങ്ങി. നീണ്ട 20 വർഷങ്ങൾക്കു ശേഷം (2009 ൽ) കോട്ടയം സിഎംഎസ് കോളേജിൽ C.A inter - ന് പരീക്ഷ എഴുതി. അതിൽ പരീക്ഷ എഴുതിയ പ്രായം കൂടിയ വ്യക്തി ഞാനായിരിക്കാം. റിസൾട്ട് വന്നപ്പോൾ ആ സെന്ററിൽ നിന്നും C.A inter വിജയിച്ച ഏക വ്യക്തി ഞാനായിരുന്നു. മൊത്തം 250– ൽ പരം വിദ്യാർഥികളുണ്ടായിരുന്നു. ഇനിയും ഫൈനൽ പേപ്പേഴ്സ് എഴുതണം. പറ്റുമെങ്കിൽ അതും കംപ്ലീറ്റ് ചെയ്യാൻ ആഗ്രഹമുണ്ട്. ഞാനിപ്പോൾ കുവൈറ്റിലെ ഒരു പ്രമുഖ കമ്പനിയിൽ അക്കൗണ്ട്സ് ഇൻചാർജ് ആയി ജോലി ചെയ്യുന്നു. കുടുംബസമേതമായി ഇവിടെ തന്നെ. മൂത്ത മകൾ മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ട് നാട്ടിലാണ്.
Content Summary : Career - Column - Markmattarallishta - Jose Thomas Share his career experience