ADVERTISEMENT

കേരളത്തിലെ ജനറൽ നഴ്‌സിങ് & മിഡ്‌വൈഫറി (ജിഎൻഎം) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 700 രൂപ സ്‌റ്റൈപൻഡോടെ 3 വർഷമാണു പഠനം. 6 മാസത്തെ  ഇന്റേൺഷിപ് കാലയളവിൽ മാസം 2000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഡിപ്ലോമ നേടിയശേഷം സർക്കാർ ആവശ്യപ്പെടുന്ന പക്ഷം നിർദിഷ്‌ടവേതനത്തോടെ സേവനം അനുഷ്‌ഠിക്കേണ്ടിവരും.

Read Also : എൻട്രൻസില്ല: 13 പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനം പ്ലസ്ടുമാർക്ക് അടിസ്ഥാനമാക്കി

∙ യോഗ്യത: ഫിസ്‌ക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവ ഐച്ഛികമായി പ്ലസ്‌ടു പരീക്ഷ 40% മാർക്കോടെ ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാർക്കു പാസ്മാർക്ക് മതി. ഈ വിഷയങ്ങൾ പഠിച്ചു ജയിച്ചവർ വേണ്ടത്രയില്ലെങ്കിൽ മറ്റു വിഷയക്കാരെയും പരിഗണിക്കും.

 

∙ സീറ്റ്: ആകെ 365 സീറ്റിൽ 20% ആൺകുട്ടികൾക്കാണ്. 14 ജില്ലകളിലും ഓരോ സ്‌കൂളും കൊല്ലം ആശ്രാമത്തു പട്ടികവിഭാഗക്കാർക്കു മാത്രമായി ഒരു സ്‌കൂളുമുണ്ട്. ആശ്രാമത്തേക്ക് സംസ്‌ഥാനത്ത് എവിടെയുമുള്ള പട്ടികവിഭാഗക്കാർക്കു നേരിട്ട് അപേക്ഷിക്കാം. 

 

മറ്റ് അപേക്ഷകർ സ്വന്തം ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാവൂ. എസ്‌എസ്‌എൽസി ബുക്കിൽ കാണുന്നതിൽനിന്നു വ്യത്യസ്‌തമായ ജില്ലയിലേക്ക് അപേക്ഷിക്കണമെങ്കിൽ അവിടെ അഞ്ചു വർഷമായി സ്‌ഥിരതാമസമാണെന്നതിനു വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

 

സീറ്റിൽ 60% മെറിറ്റിനും ശേഷിച്ച 40% സാമുദായിക സംവരണത്തിനുമായി വിഭജിച്ചിട്ടുമുണ്ട്. സ്‌പോർട്‌സ്, സൈനികരുടെ ആശ്രിതർ, പാരാമിലിറ്ററി ജീവനക്കാരുടെ ആശ്രിതർ, അനാഥാലയ അന്തേവാസികൾ, ഭിന്നശേഷിവിഭാഗക്കാർ മുതലായവർക്കു സംവരണം ചെയ്‌തിരിക്കുന്ന സീറ്റുകൾ മെറിറ്റ് ക്വോട്ടയിൽനിന്ന് എടുക്കും.

 

∙ അപേക്ഷ: സംസ്‌ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുടെ www.dhs.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നു പ്രോസ്പെക്ടസും അപേക്ഷാഫോമും ‍‍ഡൗൺലോഡ് ചെയ്യാം. നിർദേശങ്ങൾ പാലിച്ച് ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ട്രഷറി ചലാനും ചേർത്ത് സ്വന്തം ജില്ലയിലെ നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പലിന്റെ ഓഫിസിൽ ജൂലൈ 20 വൈകിട്ട് അഞ്ചിനകം എത്തിക്കണം. അപേക്ഷാഫീയായി 250 രൂപ 0210–80–800–88 എന്ന ശീർഷകത്തിൽ ട്രഷറിയിലടയ്‌ക്കാം; പട്ടികവിഭാഗക്കാരെങ്കിൽ 75 രൂപ. 

 

∙ മറ്റു വിവരങ്ങൾ: പ്രായം 2023 ‍ഡിസംബർ 31ന് 17-27; പട്ടിക / പിന്നാക്ക വിഭാഗക്കാർക്കു യഥാക്രമം 32 / 30. മികച്ച ആരോഗ്യം നിർബന്ധം. ഇടയ്‌ക്കു വച്ചു കോഴ്‌സ് വിട്ടുപോയാൽ സർക്കാർ നിശ്‌ചയിക്കുന്ന നഷ്‌ടപരിഹാരത്തുക നൽകണം. പെൺകുട്ടികൾക്ക് ഹോസ്‌റ്റലുണ്ട്. ക്ലാസ് ഒക്‌ടോബർ–നവംബർ സമയത്തു തുടങ്ങും. നഴ്സിങ് സ്കൂൾ ഫോൺ നമ്പറുകൾ പ്രോസ്പെക്ടസിലുണ്ട്. 

 

എഎൻഎം അപേക്ഷ ജൂലൈ 31 വരെ

 

തിരുവനന്തപുരം, തലയോലപ്പറമ്പ്, പെരിങ്ങോട്ടുകുറിശ്ശി (പാലക്കാട്), കാസർകോട് എന്നിവിടങ്ങളിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിങ് സെന്ററുകളിൽ 2–വർഷ ഓക്സിലിയറി നഴ്സിങ് & മിഡ്‌വൈഫറി കോഴ്സ് പ്രവേശനത്തിന് ജൂലൈ 31നു വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. 

 

ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്ടു ജയിച്ച പെൺകുട്ടികളായിരിക്കണം. ആകെ 130 സീറ്റ്. തിരുവനന്തപുരത്തു പട്ടികവിഭാഗക്കാർ മാത്രം. എല്ലാ കുട്ടികൾക്കും 500 രൂപ പ്രതിമാസ സ്റ്റൈപൻഡ് കിട്ടും. അപേക്ഷാഫോമും പൂർണവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും മേൽസൂചിപ്പിച്ച വെബ്സൈറ്റിലുണ്ട്.

 

Content Summary : Study General Nursing and Midwifery course in Kerala with stipend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com