കരിയറിൽ ഉയർച്ച വേണമെങ്കിൽ മികച്ച പ്ലാനിങ്ങ് വേണം. ഭാവിയെക്കുറിച്ചുള്ള വ്യക്തമായ പദ്ധതിയില്ലാതെ ഉയർച്ച സാധ്യമല്ല. അവസരങ്ങൾ വരുന്നതനുസരിച്ച് സ്വാഭാവികമായ വളർച്ചയും ഉണ്ടാകുമെന്നതു കാലാഹരണപ്പെട്ട ചിന്താഗതിയാണ്. അടുത്ത അഞ്ചോ പത്തോ വർഷത്തെ വളർച്ച മാത്രമല്ല ഭാവിക്കുവേണ്ടിയുള്ള ആസൂത്രണം. ഓരോ വർഷവും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മുൻകൂർ പദ്ധതി വേണം. ജോലി ചെയ്യുന്ന സ്ഥാനപത്തിലെ മേധാവിയുമായി ഇക്കാര്യത്തിൽ തുറന്നു ചർച്ച ചെയ്യാൻ മടിക്കരുത്. ലഭിക്കാവുന്ന അവസരങ്ങൾ, വെല്ലുവിളികൾ, വളർച്ചാ സാധ്യത എന്നിവയെല്ലാം ചർച്ച ചെയ്തു തീരുമാനത്തിലെത്തുകയാണു വേണ്ടത്.
Read Also : മികച്ച ശമ്പളമുണ്ട്, പക്ഷേ ഈ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ കുറവ്; കാരണം
കൂടിക്കാഴ്ച നിശ്ചയിക്കുക
കരിയറിനെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ചർച്ച സമയമെടുക്കുന്ന പ്രക്രിയയാണ്. വ്യക്തമായ ഫോക്കസ് വേണം. ആവശ്യത്തിനു സമയവും ആവശ്യമാണ്. മേധാവി ക്യാബിനിൽ നിന്നു പുറത്തേക്കിറങ്ങുമ്പോഴോ, മറ്റൊരു മീറ്റിങ്ങിലായിരിക്കുമ്പോഴോ, ഫോൺ സംഭാഷണത്തിനിടയിലോ ഇതു സാധ്യമാകണമെന്നില്ല. ഗൗരവമുള്ള ചർച്ചയാണ് ആഗ്രഹിക്കുന്നതെങ്കിൽ രണ്ടു പേർക്കും കൂടി അനുയോജ്യമായ ദിവസവും സമയവും നേരത്തേ നിശ്ചയിക്കുകയാണു വേണ്ടത്. 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നീളുന്ന കൂടിക്കാഴ്ചയായിരിക്കും നല്ലത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കരിയറിലെ ഉയർച്ചയെക്കുറിച്ചാണു സംസാരിക്കാൻ ആഗ്രഹിക്കുന്നതെന്ന കാര്യം നേരത്തേ തന്നെ അറിയിച്ചിരിക്കണം.
പെർഫോമൻസ് റിവ്യൂ അഥവാ ജോലിയിലെ പ്രകടനത്തെക്കുറിച്ചുള്ള വ്യക്തമായ വിലയിരുത്തൽ നടത്തുന്ന സ്ഥാപനമാണെങ്കിൽ അതിൽനിന്ന് ചർച്ച തുടങ്ങുന്നതാണു നല്ലത്. എങ്ങനെയാണ് ജോലി ചെയ്തതെന്നും എന്തൊക്കെ നേട്ടങ്ങളാണുള്ളതെന്നും ഭാവിക്കു വേണ്ടി തയാറാകേണ്ടത് എങ്ങനെയാണെന്നും വ്യക്തമായ ധാരണയുണ്ടെങ്കിൽ ചർച്ച എളുപ്പമാകും. പെർഫോമൻസ് റിവ്യൂവിന്റെ അടിസ്ഥാനത്തിൽ മേധാവിക്ക് വ്യക്തമായ ധാരണയില്ലെങ്കിൽ പ്രാഥമിക ചർച്ചയ്ക്കു ശേഷം മറ്റൊരു ദിവസത്തേക്ക് വിശദമായ കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിക്കാനും മടിക്കരുത്.
നേരത്തേതന്നെ തയാറായിരിക്കുക
ഭാവിയെക്കുറിച്ചും സ്ഥാപനത്തിലെ അവസരങ്ങളെക്കുറിച്ചുമുള്ള ചർച്ച അനായാസമായിരിക്കണമെന്നില്ല. അതിനാൽ നിലവിൽ എന്തൊക്കെ ജോലിയാണ് ചെയ്യുന്നതെന്നും കൂടുതലായി എന്തു ചെയ്യാൻ കഴിയുമെന്നും ധാരണയുണ്ടായി രിക്കണം. ഇപ്പോഴുള്ളതിനേക്കാൾ കൂടുതലായി ജോലി ചെയ്യാനുള്ള വിദ്യാഭ്യാസപരമോ അക്കാദമിക്കോ ആയ യോഗ്യതയുണ്ടെങ്കിൽ അക്കാര്യം പറായാനും മടിക്കരുത്. സമാന സ്ഥാപനങ്ങളിലെ ജോലി സാഹചര്യത്തെക്കുറിച്ചും അവിടെ ജോലി ചെയ്യുന്നവർക്കു ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും വേതനത്തെക്കുറിച്ചുമെല്ലാം ധാരണ വേണം.
പുതുതായി ഏതു പദവിയാണ് താൽപര്യമെന്നു പറയാനും മടിക്കരുത്. മാനേജുമെന്റുമായി നേരിട്ടിടപെടുന്ന ജോലിയോ കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയോ ആണെങ്കിൽ അക്കാര്യവും ചർച്ച ചെയ്യണം. ഓരോ കാലത്തെയും തൊഴിൽ സാഹചര്യം വ്യത്യസ്തമായിരിക്കും. മാറുന്ന സാഹചര്യത്തിനനുസരിച്ചായിരിക്കണം ചർച്ച. മാന്ദ്യ കാലത്ത് വലിയ തോതിലുള്ള ശമ്പള വർധന പ്രതീക്ഷിച്ചിട്ടു കാര്യമില്ല. എന്നാൽ ശുഭപ്രതീക്ഷയുടെ സാഹചര്യത്തിൽ ശമ്പളം കൂട്ടിച്ചോദിക്കാനും മടിക്കരുത്. ഓരോ ജോലിക്കും നിലവിൽ എന്തൊക്കെ യോഗ്യതകളാണ് പരിഗണിക്കുന്നത്, മറ്റു സ്ഥാപനങ്ങൾ എത്രമാത്രം ശമ്പളം കൊടുക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ധാരണ വേണം. പ്രമോഷൻ ലഭിക്കണമെങ്കിൽ കൂടുതലായി ഏതെങ്കിലും യോഗ്യത നേടണമെങ്കിൽ അക്കാര്യവും ചർച്ച ചെയ്തു തീരുമാനത്തിലെത്തണം.
ഉത്തരം പറയാൻ നിർബന്ധിതനാക്കുക
കൃത്യമായ ചോദ്യങ്ങളുണ്ടെങ്കിൽ മാത്രമേ സ്ഥാപന മേധാവിയിൽ നിന്ന് വ്യക്തമായ ഉത്തരങ്ങൾ പ്രതീക്ഷിക്കാനാവൂ.
അടുത്ത അഞ്ചു വർഷത്തിൽ എന്തു വളർച്ചയാണ് സ്ഥാപനം പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് തൊഴിലാഴികൾക്ക് എന്തൊക്കെ നേട്ടങ്ങൾ പ്രതീക്ഷിക്കാം ? നിലവിലെ വിഭാഗത്തിൽ തുടരുന്നതാണോ അതോ മറ്റേതെങ്കിലും വിഭാഗത്തിലേക്കു മാറി ഭാഗ്യം പരീക്ഷിക്കുന്നതാണോ നല്ലത് ? ദീർഘവീക്ഷണത്തോടെ ഭാവിയെക്കുറിച്ചു നിർദേശം തരാൻ ഏതെങ്കിലുമൊരു വ്യക്തിയെ മാതൃകയാക്കേണ്ടതുണ്ടോ ? കരിയറിൽ ഉയർച്ചയ്ക്കു വേണ്ടി പുതുതായി എന്തു യോഗ്യതയാണു നേടേണ്ടത് ? ഈ ചോദ്യങ്ങളോ ഇവയിൽ ഉരുത്തിരിയുന്ന മറ്റു ചോദ്യങ്ങളോ തയാറാക്കി വേണം മേധാവിയെ നേരിടാൻ. മനസ്സിൽ തയാറാക്കുന്ന പദ്ധതിക്കു പുറമേ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടെ പേപ്പറിൽ എഴുതി കയ്യിൽ കരുതുന്നത് നല്ലതാണ്. അതു ബുദ്ധിമുട്ടായി തോന്നുന്നവർക്ക് നേരത്തേ തന്നെ ഇക്കാര്യങ്ങളെല്ലാം മേധാവിക്ക് മെയിലിൽ അയച്ചുകൊടുക്കുന്ന മാർഗവും പരീക്ഷിക്കാവുന്നതാണ്.
വേണ്ടത് വ്യക്തമായ ലക്ഷ്യങ്ങൾ
ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അവ്യക്തമായ കാഴ്ചപ്പാടുകളുമായി ഒരിക്കലും ചർച്ച വിജയകരമായി പൂർത്തിയാക്കാൻ കഴിയില്ല. ലക്ഷ്യങ്ങൾ മേധാവിയെ രേഖാമൂലമോ അല്ലാതെയോ അറിയിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാകട്ടെ ചർച്ച. തൊഴിലാളികളെ നിയന്ത്രിക്കുകയും അവരെക്കൊണ്ട് ജോലിയെടുപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ജോലിയാണു വേണ്ടതെങ്കിൽ അക്കാര്യവും പറയാൻ മടിക്കരുത്. മേധാവിക്ക് നിങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ എന്താണെന്നകാര്യത്തിലും ധാരണയുണ്ടായിരിക്കണം. ചോദ്യങ്ങൾ ചോദിക്കുന്നതിനും ആഗ്രഹങ്ങൾ പറയുന്നതിനും ഒപ്പം നിർദേശങ്ങൾ കേൾക്കാനും അവ പ്രാവർത്തികമാക്കാനും മടിക്കരുത്.
പ്രതീക്ഷകൾക്ക് യാഥാർഥ്യവുമായി പൊരുത്തം വേണം
ചില സ്ഥാപനങ്ങൾക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ വളർച്ചാ സാധ്യത കാണില്ല. ഉൽപന്നങ്ങൾ വിറ്റുപോകാതിരിക്കുക, പ്രതീക്ഷിച്ച വളർച്ച ഉണ്ടാകാതിരിക്കുക, ലാഭത്തേക്കാൾ നഷ്ടം കൂടുക എന്നിങ്ങനെ പ്രതികൂല ഘടകങ്ങളുള്ളപ്പോൾ അവ കണക്കിലെടുക്കാതെ ലക്ഷ്യം തീരുമാനിക്കരുത്. ഭാവിയെക്കുറിച്ച് മാനേജർക്ക് വ്യക്തമായ പദ്ധതി പറയാനില്ലെങ്കിൽ എച്ച്ആർ ടീമിന്റെ സഹായം തേടുക. അവരുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്ത് അടുത്തൊരു കൂടിക്കാഴ്ച നിശ്ചയിച്ച് ഇരുകൂട്ടർക്കും അനുയോജ്യമായ ഒത്തുതീർപ്പിലെത്തുക.
കൂടിക്കാഴ്ചയ്ക്ക് ഫോളോ അപ് വേണം
മേധാവിയുമായി നടത്തുന്ന കൂടിക്കാഴ്ച ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ലെന്ന ഓർമ വേണം. തുടക്കം മാത്രമാണ് ചർച്ച. കൂടിക്കാഴ്ചയ്ക്ക് ആഴ്ചകളോ മാസങ്ങൾക്കോ ശേഷം കരിയറിൽ വന്ന മാറ്റം വിലയിരുത്തുക.
ആറു മാസത്തിനു ശേഷം വീണ്ടുമൊരു വിലയിരുത്തൽ കൂടി നടത്തുക. കൂടിക്കാഴ്ചയിൽ തീരുമാനമായ കാര്യങ്ങളിൽ നടപ്പാക്കിലാക്കിയവയും പൂർത്തിയാക്കാനുള്ളവയും കണ്ടുപിടിക്കുക. പുതുതായി നേടിയ യോഗ്യതയ്ക്കനുസരിച്ച് ഉത്തരവാദിത്തം ലഭിച്ചോ എന്നു പരിശോധിക്കുക. വിജയകരമായി പൂർത്തിയാക്കിയ പ്രോജക്ടിനെക്കുറിച്ചു ശ്രദ്ധയിൽപ്പെടുത്തുക. തുടരെ നടത്തുന്ന ഫോളോ അപ് അഥവാ വിലയിരുത്തലാണ് വിജയത്തിന്റെ അടിസ്ഥാനമെന്നു മറക്കാതിരിക്കുക
Content Summary : How to Ask for a Promotion