ADVERTISEMENT

എന്തുവന്നാലും സത്യം മാത്രം പറയണം എന്ന ഉപദേശത്തോടെ ഗുരു പ്രഭാഷണം അവസാനിപ്പിച്ചു. അപ്പോഴാണ് ഒരു മാൻ ഓടിക്കിതച്ച് എത്തിയത്. അത് ഒളിക്കാൻ സ്ഥലം ആവശ്യപ്പെട്ടു. ഗുരു തന്റെ മുറി കാണിച്ചുകൊടുത്തു. മാൻ അതിനുള്ളിൽ കയറി. തൊട്ടുപിന്നാലെ വേട്ടക്കാരനുമെത്തി. മാൻ അതുവഴി വന്നോ എന്ന ചോദ്യത്തിനു താൻ കണ്ടില്ലെന്ന് ഗുരു ഉത്തരം നൽകി. വേട്ടക്കാരൻ മടങ്ങി. ശിഷ്യർ ഗുരുവിനോടു ചോദിച്ചു: അങ്ങു പറഞ്ഞതിനു വിപരീതമാണല്ലോ ഇപ്പോൾ ചെയ്തത്? ഗുരു പറഞ്ഞു: സത്യംതന്നെയാണ് പറയേണ്ടത്; പക്ഷേ, ഒരു നിഷ്കളങ്കജീവിതം രക്ഷിക്കേണ്ട അവസരമെങ്കിൽ സാഹചര്യത്തിനനുസരിച്ചു പെരുമാറണം.

Read Also : ബലഹീനതകളുടെ പേരിൽ നിരന്തരം അപമാനിക്കപ്പെടുന്നവരെ ഉപദേശിക്കാറുണ്ടോ?

ഒരു നിയമവും അതിനാൽത്തന്നെ പൂർണമല്ല; ഒരു മൂല്യവും എപ്പോഴും ഒരുപോലെയുമല്ല. സന്ദർഭങ്ങൾക്കനുസരിച്ചുള്ള പുനർവായനകൾ ഇവിടെല്ലാം ആവശ്യമാണ്. കൊല്ലരുത്, മോഷ്ടിക്കരുത് എന്ന സാരോപദേശങ്ങളെല്ലാം അങ്ങനെതന്നെ നിലനിൽക്കണം. പക്ഷേ, ഇതിലേതെങ്കിലും സംഭവിച്ചാൽ കൂട്ടംചേർന്നുള്ള കുറ്റപ്പെടുത്തലിനു പകരം അത് എന്തുകൊണ്ട്, എങ്ങനെ സംഭവിച്ചു എന്നു തിരിച്ചറിയണം. ജന്മംകൊണ്ട് ദുഷ്ടരാകുന്ന ആരുമുണ്ടാകില്ല. ചെന്നെത്തിയ സ്ഥലങ്ങളും കണ്ടെത്തിയ ആളുകളും ശുദ്ധരുടെ രൂപാന്തരത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

 

എല്ലാം നിയമാനുസൃതമായി ചെയ്യാൻ നിയമബോധം മതി. നിസ്സഹായത നോക്കി പെരുമാറാൻ നീതിബോധവും മനുഷ്യത്വവും വേണം. ചട്ടങ്ങളിലൂടെ മാത്രം ഒരു സമൂഹം എങ്ങനെ ക്രിയാത്മകമായി ജീവിക്കും? തലച്ചോറും ഹൃദയവും ഒരുപോലെ പ്രവർത്തിക്കണം. തലമാത്രം വളരുന്നവരുടെ പെരുമാറ്റശൈലിയിൽ നിയമങ്ങൾ നടപ്പാക്കുന്നുണ്ടോ എന്നതു മാത്രമാകും പ്രസക്തം. ഹൃദയം മാത്രം വളർന്നാൽ അനുകമ്പയ്ക്കും ആനുകൂല്യത്തിനു മിടയിൽ ജീവിക്കേണ്ടി വരും. ചട്ടങ്ങളും മൂല്യങ്ങളുമെല്ലാം മനുഷ്യനുവേണ്ടിയാണ്. അവ പാലിക്കാൻ ആളുകളില്ലെങ്കിൽ അത്തരം ശാസനങ്ങൾക്കും നിലനിൽപില്ല. നിയമം നിലനിർത്താൻ ഇറങ്ങിപ്പുറപ്പെടുന്നവർക്ക് അവ പിന്തുടരുന്നവരുടെ ജീവൻ നിലനിർത്താനും ഉത്തരവാദിത്തമുണ്ട്. നിയമംകൊണ്ട് രക്ഷിക്കാനാകാത്തവരെ ഹൃദയംകൊണ്ട് രക്ഷിക്കണം.

 

Content Summary : Don't blame others; try to understand the situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com