ഗുരുവിന്റെ പ്രഭാഷണത്തിനുശേഷം യുവാവ് എല്ലാവർക്കും മധുരം വിതരണം ചെയ്തു. കാരണമന്വേഷിച്ചവരോട് അയാൾ പറഞ്ഞു: എനിക്കൊരു കുതിരയുണ്ടായിരുന്നു. അതിനെ ഇന്നലെ നഷ്ടപ്പെട്ടു. അവരിലൊരാൾ ചോദിച്ചു: അതു പ്രായം ചെന്ന, ഉപയോഗമില്ലാത്ത കുതിരയായിരിക്കും അല്ലേ? അയാൾ പറഞ്ഞു: അല്ല, അതെന്റെ ഏറ്റവും പ്രിയപ്പെട്ട കുതിരയായിരുന്നു.
പ്രിയപ്പെട്ടതിനെ നഷ്ടപ്പെട്ടതിന്റെ പേരിൽ മധുരം വിതരണം ചെയ്യുന്നതു മനസ്സിലാകാതിരുന്ന ആളുകൾ ഗുരുവിനോടു ചോദിച്ചു: അയാൾക്കു ഭ്രാന്താണല്ലേ? ഗുരു പറഞ്ഞു: അയാൾക്ക് ഒരു ഭ്രാന്തുമില്ല. ഏറ്റവും പ്രിയപ്പെട്ടതിനെ നഷ്ടപ്പെട്ടാലും ജീവിതം തുടരുമ്പോൾ സന്തോഷം നഷ്ടമാകാൻ പാടില്ല.
എല്ലാ നഷ്ടങ്ങളും താങ്ങാനാകുന്നതല്ല. ചിലതിനു നഷ്ടപരിഹാരവും മതിയാകില്ല. തിരിച്ചുപിടിക്കാവുന്നവയെ തിരിച്ചുപിടിച്ചും അല്ലാത്തവയെ അവഗണിച്ചും മുന്നോട്ടു നീങ്ങുക എന്നതു മാത്രമാണ് പരിഹാരം. നഷ്ടങ്ങൾ വേദനയുണ്ടാക്കുമെന്നതു സത്യം. പക്ഷേ, ആ നഷ്ടങ്ങളുടെ പേരിൽ തുടർനിമിഷങ്ങളെല്ലാം നഷ്ടപ്പെടുത്തുന്നതിലെന്തർഥം?.
അപ്രതീക്ഷിതമായി നഷ്ടങ്ങളുണ്ടാകുമ്പോൾ നിശ്ശബ്ദതയും നിരാശയും നിഷേധവും സഹയാത്രികരാകുന്നു. വ്യക്തികളോ വസ്തുക്കളോ നഷ്ടപ്പെട്ടാൽ ആളുകൾ പല രീതിയിൽ പ്രതികരിക്കും. ചിലർ ജീവിതത്തിൽനിന്നുതന്നെ പിൻവാങ്ങും, ചിലർ എല്ലാവരോടും പകയോടെ പെരുമാറും, കുറച്ചുപേർ പകരംവീട്ടാനും പകരം നേടാനുമിറങ്ങും, അപൂർവം ചിലർ പുതുവഴികൾ തേടും.
പരിഭവിക്കാനും നിലവിളിക്കാനും എല്ലാവർക്കും കാരണങ്ങളുണ്ടാകും. ദുഃഖകാരണമായ ആയിരം സന്ദർഭങ്ങൾക്കിട യിലും സന്തോഷജനകമായ ഒരവസരമെങ്കിലും ഇല്ലാത്ത ആരുമുണ്ടാകില്ല. സന്തോഷിക്കുന്നവരെല്ലാം സങ്കടപ്പെടാൻ ഒന്നുമില്ലാത്തവരല്ല. അധികനിരാശ ഒന്നിനും പരിഹാരമല്ലെന്നുള്ള തിരിച്ചറിവുള്ളവരാണ്. സന്തോഷം നിലനിർത്താൻ ചില മാനദണ്ഡങ്ങൾ പാലിക്കണം.
ഒന്ന്, അവസ്ഥകൾക്കും അവസരങ്ങൾക്കുമതീതമായി ആനന്ദിക്കണം. ജന്മദിനത്തിൽ മാത്രം സന്തോഷിക്കുന്നവർക്കു വർഷത്തിലൊന്നേ അതിനു കഴിയൂ. അംഗീകാരം കിട്ടുമ്പോൾ മാത്രം ആനന്ദിക്കുന്നവർക്ക് ആയുസ്സിൽ ഒന്നേ അതിനു സാധിച്ചെന്നു വരൂ. രണ്ട്, നിയന്ത്രണാതീതമായവയോട് താദാത്മ്യപ്പെടണം. അതതു നിമിഷത്തിന്റെ യാഥാർഥ്യങ്ങളിലൂടെ മാത്രം സഞ്ചരിച്ചാൽ ഓരോ നിമിഷവും സംതൃപ്തമാകും.
Content Summary : How to Cope With Loss