അമ്യൂസ്മെന്റ് പാർക്കിലേക്കുള്ള യാത്ര കൊതിച്ചു വന്ന കുഞ്ഞുങ്ങളെ പ്രകൃതിയിലെ കാഴ്ചകൾ കാണിച്ചു കൊടുത്ത് കാടിന്റെ കൂട്ടുകാരാക്കിയ കഥയാണ് സുധാചന്ദ്രൻ ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുന്നത്. അധ്യാപികയായി വിരമിച്ച ശേഷവും ആ വിനോദയാത്രയെക്കുറിച്ചുള്ള ഓർമകളുടെ പച്ചപ്പ് ഈ അധ്യാപികയുടെ ഉള്ളിലുണ്ട്. കുട്ടികൾക്ക് അവിസ്മരണീയമായ ഒരു ദിനം സമ്മാനിച്ച ആ യാത്രയുടെ ഓർകൾ സുധാചന്ദ്രൻ പങ്കുവയ്ക്കുന്നതിങ്ങനെ : -
‘‘കേരളത്തിന്റെ ജൈവാചാര്യൻ’’ എന്നറിയപ്പെടുന്ന ശ്രീ കെ വി ദയാലിന്റെ വീട്ടിലേയ്ക്കായിരുന്നു ഞങ്ങളുടെ പരിസ്ഥിതി ക്ലബ്ബിന്റെ യാത്ര. ‘ഒരേ ഭൂമി ഒരേ ജീവൻ’ എന്ന പരിസ്ഥിതി സംഘടനയുടെ തുടക്കക്കാരൻ ആയിരുന്ന അദ്ദേഹം താമസിക്കുന്നത് ആലപ്പുഴ ജില്ലയിലെ മുഹമ്മയിലാണ്.
കുട്ടികളുടെ സംഘത്തിന് അവിടെ എത്തിയപ്പോഴുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു, നഗരത്തിൽ ജീവിക്കുന്നവർക്ക് വ്യത്യസ്തമായ ഒരിടം. മുഹമ്മയിലെ മണൽപ്പരപ്പിൽ നിരന്തരപരിശ്രമത്തിലൂടെ നിർമ്മിച്ചെടുത്ത വനം. അറുപതു മീറ്റർ ഉയരത്തിൽ വരെ, മരങ്ങൾ നിറഞ്ഞ വനം.
‘‘പുറത്ത് ഇത്ര ചൂടുണ്ടായിട്ടും ഇവിടെ എന്തു തണുപ്പാ,ഇല്ലേ ടീച്ചർ?’’ ഗായത്രി ചോദിച്ചു,
‘‘അവൾ പ്രകൃതിയുടെ താളമറിഞ്ഞു ജീവിക്കുന്ന കുട്ടിയാണ്. അവൾക്കിതൊക്കെ തിരിച്ചറിയാൻ കഴിയും.’’ ഒപ്പമുണ്ടായിരുന്ന പ്രിൻസിപ്പൽ മോളിടീച്ചർ പറഞ്ഞു.
‘‘ എല്ലാകുട്ടികൾക്കും ഈ അവബോധമുണ്ടായിരുന്നെങ്കിൽ, അവർ പ്രകൃതിസംരക്ഷിക്കാൻ താത്പര്യം കാണിച്ചേനെ’’ അതു കേട്ടുകൊണ്ടുനിന്ന ഗീതടീച്ചർ പറഞ്ഞു.
പുല്ലുപോലും കിളിർക്കാത്ത പഞ്ചാരമണലിൽ കാടൊരുക്കി പ്രകൃതിപാഠങ്ങൾ പഠിപ്പിച്ച ആചാര്യന്റെ മണ്ണിൽ നിന്നുകൊണ്ട് ഇങ്ങനെ പറയുമ്പോൾ ഞങ്ങളുടെ യാത്രയുടെ ആത്യന്തികഫലം ഞങ്ങളുടെ കുട്ടികളുടെയുള്ളിൽ പ്രകൃതിസ്നേഹത്തിന്റെ വിത്തുനടീൽ ആയിരുന്നുവെന്ന് ഞങ്ങളറിഞ്ഞതേയില്ല.
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണത്തിലൂടെയാണ് ദയാൽ സാർ തന്റെ ഒന്നരയേക്കർ പുരയിടം വനഭൂമിയാക്കി മാറ്റിയത്.ഒരേക്കർ സ്വാഭാവികവനവും, അര ഏക്കർ ഭക്ഷണം വിളയുന്ന കാടും! അതെ അതൊരു കാടാണ്... വിവിധതരം ഭക്ഷ്യവിളകളുള്ള കാട്. വിദേശികളായ അവക്കാഡോ, ദൂരിയാൻ, മാംഗോസ്റ്റീൻ മുതൽ നാടൻ മത്തിപ്പുളിവരെ.. പണ്ട് സ്കൂളിൽ പോകുന്നവഴി പൊട്ടിച്ചു തിന്നുന്ന മൂക്കളപ്പഴം തുടങ്ങി... കാട്ടിലെ പഴങ്ങൾ കഴിക്കണോ ദയാൽ സാറിന്റെ കാട്ടിലുണ്ട്... ചേരുമരത്തിൻ ചോട്ടിലൂടെ നടന്നാൽ ചൊറിയും.. ആ ചൊറിച്ചിൽ മാറണമെങ്കിൽ തൊട്ടടുത്തു നിൽക്കുന്ന താന്നിയുടെ സഹായം വേണം... ഇങ്ങനെ കാടിനു പറയാൻ കഥകളേറേ...കുഞ്ഞുങ്ങളോട് കഥ പറയാനോ ദയാൽ സാറും. പാർക്കിൽ പോയാൽ മതിയെന്ന് വാശിപിടിച്ച കുട്ടികൾക്കായിരുന്നു ഏറെ കൗതുകം. ഇടയ്ക്കിടെ സാർ കൊടുക്കുന്ന ഫലങ്ങൾ കഴിച്ചുകൊണ്ടവർ സാറിനോടൊപ്പം കൂടി.
ഓരോ മരങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് സാർ പറഞ്ഞു, ‘‘കാടിനൊരു മാതൃകയുണ്ട്. ഏറ്റവും മുകളിൽ വളർന്നു നിൽക്കേണ്ടത് ഒരു വന്മരം തന്നെ. അതിന് താഴെ മറ്റൊന്ന്.ഏറ്റവും താഴെ ഒരു കുറ്റിച്ചെടി.അതായത് ഓരോ ചെടിക്കും ആഹാരം പാകം ചെയ്യാനുള്ള വെളിച്ചം സൂര്യൻ നേരിട്ട് പതിപ്പിക്കുകയാണ്.’’
വള്ളിച്ചെടികൾ കാടിന്റെ ഭാഗമാണല്ലോ. വള്ളിക്കുടിലിൽ ഊഞ്ഞാലാടാനെത്തുന്ന പക്ഷികൾ എത്രയെണ്ണം! കാട്ടിൽ എത്തിച്ചേരുന്ന പക്ഷികളിൽ മയിലുമുണ്ട്. ദയാൽ സാറിന്റെ കാട്ടിലെ പഞ്ചാരമണലിന്റെ നിറം കറുപ്പാണ്. കാരണം കാട്ടിലെ ഇലകളും ചില്ലകളും വീണ് ഫലഭൂയിഷ്ഠമാണ്. വർഷങ്ങളായി പറമ്പ് കിളയ്ക്കാറില്ല. മണ്ണിന്റെ തനതായ സ്വഭാവം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.വൈവിധ്യമാർന്ന ഇനത്തിലുള്ള മരങ്ങൾ, ചെടികൾ, പായലുകൾ, കുമിളുകൾ, ഒരു പ്രകൃതിദത്തവനത്തിൽ എന്തുണ്ടോ അതെല്ലാം ഇവിടെയുമുണ്ട്.
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച സാറിനും കുടുംബത്തിനും നന്ദിപറഞ്ഞു കൊണ്ട് വണ്ടിയിൽ കയറുമ്പോൾ ഓരോ കുഞ്ഞുങ്ങളുടെ മനസ്സിലും സ്വന്തം വീട്ടിൽ ഒരു കാട് എങ്ങനെ നിർമ്മിക്കുമെന്ന ചിന്തയായിരുന്നു. പിറ്റേന്ന് തന്നെ സ്കൂളിലും വഴിയോരത്തും വൃക്ഷതൈകൾ നടാൻ കുട്ടികൾ തയാറായതും ദയാൽസാറിന്റെ വീട്ടിലെ കാട് കണ്ട ആവേശത്തോടെയായിരുന്നു. പടിഞ്ഞാറൻ ചക്രവാളത്തിൽ തുള്ളിക്കളിക്കുന്ന ചെമ്മാനക്കൂട്ടം കുഞ്ഞുങ്ങളെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ ശ്രീബുദ്ധന്റെ വാക്കുകളാണ് ഓർമ്മ വന്നത് ‘കാണുന്ന മരങ്ങളും വള്ളികളും എന്റെ സഹോദരീസഹോദരന്മാരാണ്’’.
Content Summary : Career Column My School Diary - Sudha Chandran shares School Excursion memories
നിങ്ങൾ ഒരു അധ്യാപികയോ, അധ്യാപകനോ ആണോ?. അധ്യാപന സേവനത്തിന് ശേഷം വിരമിച്ചവരാണോ?. ഉള്ളു തൊട്ട, ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന കുഞ്ഞു മുഖങ്ങളെപ്പറ്റിയുള്ള ഓർമകൾ, അനുഭവങ്ങൾ മനോരമ ഓൺലൈൻ കരിയർ ചാനലിലൂടെ പങ്കുവയ്ക്കാം. തിരഞ്ഞെടുക്കുന്ന അനുഭവക്കുറിപ്പുകൾ മനോരമ ഓൺലൈൻ കരിയർ ചാനലിലെ ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും. രചനകളും ചിത്രങ്ങളും cutomersupport@mm.co.in എന്ന ഇ– മെയിലിലേക്ക് അയയ്ക്കാം.