ഇൻഷുറൻസ് ഉൾപ്പെടെയുള്ള സമ്പദ്‍രംഗങ്ങളിലെ ധനപരമായ റിസ്കുകൾ വിലയിരുത്തുന്ന ശാസ്ത്രമാണ് ആക്ച്വേറിയൽ സയൻസ്. ഇതിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റാ അനലിറ്റിക്സ്, ഫിനാൻസ് എന്നിവയിലെ തത്ത്വങ്ങൾ ധാരാളമായി ഉപയോഗിക്കും. അനിശ്ചിതമായ ഭാവിസംഭവങ്ങൾക്കുള്ള സംഭാവ്യത (പ്രോബബിലിറ്റി) ഗണിതതത്ത്വങ്ങളുപയോഗിച്ച് വിശകലനം ചെയ്ത്, അവ സമ്പദ്പ്രവർത്തനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് അനുമാനിക്കുന്നു. ലൈഫ് ഇൻഷുറൻസിലും പെൻഷൻ പദ്ധതികളിലും ഈ പ്രവർത്തനങ്ങൾക്കു നിർണായക സ്ഥാനമുണ്ട്.
Read Also : യുജിസി അനുമതിയില്ലാതെയും ഓൺലൈൻ കോഴ്സുകൾ; കേരളത്തിൽ എംജി സർവകലാശാല മാത്രം
ദേശീയതലത്തിൽ ആക്ച്വറി പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഔദ്യോഗിക സ്ഥാപനമായ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ’ നടത്തുന്ന ആക്ച്വേറിയൽ കോമൺ എൻട്രൻസ് ടെസ്റ്റ് (ACET) ഡിസംബർ 23ന് രാവിലെ 10 മുതൽ 3 മണിക്കൂർ നടത്തും. നവംബർ 23 ഉച്ചകഴിഞ്ഞ് 3 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. വെബ്: https://actuariesindia.org. ഇ–മെയിൽ: acet@actuariesindia.org.
പ്ലസ്ടു ജയിച്ചവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. റജിസ്ട്രേഷന്റെ നടപടിക്രമം വെബ്സൈറ്റിലുണ്ട്. കൊച്ചി, കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി ഉൾപ്പെടെ 16 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഡിസംബർ 2 മുതൽ ഹാൾ ടിക്കറ്റ് സൈറ്റിൽ നിന്ന് ലഭിക്കും. നിർദിഷ്ട രീതിയിലുള്ള സയന്റിഫിക് കാൽക്കുലേറ്റർ ടെസ്റ്റിനു ഉപയോഗിക്കാം. പരീക്ഷാഫലത്തിനു 3 വർഷ സാധുതയുണ്ട്. സാധാരണ 2 തവണ ടെസ്റ്റ് നടത്തും – ജൂണിലും ഡിസംബറിലും. റജിസ്ട്രേഷൻ ഫീ 3000 രൂപ ഓൺലൈനായി അടയ്ക്കണം.
ടെസ്റ്റ് ഘടന
കംപ്യൂട്ടർ ഉപയോഗിച്ചു 3 മണിക്കൂർ, 70 മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾ, 100 മാർക്ക്. തെറ്റിനു മാർക്കു കുറയ്ക്കില്ല.
∙45 ചോദ്യം – ഒരു മാർക്കു വീതം
∙ 20 ചോദ്യം – 2 മാർക്കു വീതം
∙ 5 ചോദ്യം – 3 മാർക്കു വീതം
മാർക്ക് വിഭജനമിങ്ങനെ: മാത്തമാറ്റിക്സ് (30 മാർക്ക്), സ്റ്റാറ്റിസ്റ്റിക്സ് (30), ഡേറ്റ ഇന്റർപ്രട്ടേഷൻ (15), ഇംഗ്ലിഷ് (15), യുക്തിചിന്ത (10).
പരിശീലനത്തിനു സഹായകമായി സിലബസും മുൻ പരീക്ഷച്ചോദ്യങ്ങളും ഉത്തരങ്ങളും സൈറ്റിലുണ്ട്.
ടെസ്റ്റ് ജയിച്ചതിനു ശേഷം
ACET ജയിച്ചവർക്കു വെബ്സൈറ്റിലൂടെ സ്റ്റുഡന്റ് മെംബർഷിപ്പിന് അപേക്ഷിക്കാം. ജയിച്ച് 3 വർഷത്തിനകം ഈ അപേക്ഷ സമർപ്പിക്കണം. നിർദിഷ്ടരേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. പ്രവേശന ഫീയും വാർഷിക മെംബർഷിപ് ഫീയും ചേർത്ത് 4000 രൂപയടയ്ക്കണം. ഇതു സംബന്ധിച്ച സംശയപരിഹാരത്തിന് ഫോൺ: 022-62433337; sandeep@actuariesindia.org. സ്റ്റുഡന്റ് മെംബർഷിപ് ലഭിച്ചുകഴിഞ്ഞ്, ആക്ച്വേറിയൽ പരീക്ഷകൾക്ക് അനുക്രമമായി റജിസ്റ്റർ ചെയ്ത് എഴുതാം.
ആക്ച്വേറിയൽ യോഗ്യതയ്ക്കുള്ള പരീക്ഷകൾ
ഫെലോഷിപ് ലഭിക്കുന്നതിന് 13 വിഷയങ്ങളിലെ പരീക്ഷകൾ ജയിക്കണം.
(എ) കോർ പ്രിൻസിപ്പിൾസ് 7 പേപ്പർ: Actuarial Statistics / Risk Modelling & Survival Analysis / Actuarial Mathematics / Financial Engineering & Loss Reserving / Business Finance / Business Economics / Business Management
(ബി) കോർ പ്രാക്ടിസസ് 3 പേപ്പർ: Actuarial Practice / Modelling Practice / Communications Practice
(സി) സ്പെഷലിസ്റ്റ് പ്രിൻസിപ്പിൾ സ്റ്റേജ് – എസ്പി 7 പേപ്പർ: Health and Care / Life Insurance / Pension and Other Benefits / Investment and Finance / Financial Derivatives / General Insurance Reserving and Capital Modelling / General Insurance – Pricing
(ഡി) സ്പെഷലിസ്റ്റ് പ്രിൻസിപ്പിൾ സ്റ്റേജ് –എസ്എ 5 പേപ്പർ: Health & Care / Life Insurance / General Insurance / Pension & Other Benefits / Investment and Finance
വളരെ ശ്രദ്ധയോടെ തയാറെടുക്കേണ്ട പരീക്ഷകളാണിവ.
സിബി 3: 10 ദിവസത്തെ ഓൺലൈൻ ബിസിനസ് ഗെയിമിൽ പങ്കെടുത്ത് 7 എക്സർസൈസ് പുർത്തിയാക്കുകയും, 2 മണിക്കൂറിനകം തീർക്കാവുന്ന 32 ചോദ്യങ്ങളുള്ള പരീക്ഷയിൽ മികവു പുലർത്തുകയും വേണം.
ACET കൂടാതെയും സ്റ്റുഡന്റ് മെംബർഷിപ്
ചില വിശേഷ യോഗ്യതയുള്ളവർക്ക് ടെസ്റ്റെഴുതാതെ നേരിട്ട് സ്റ്റുഡന്റ് മെംബർഷിപ് നേടാൻ അനുമതിയുണ്ട്.
ചാർട്ടേർഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് അക്കൗണ്ടന്റ്, 60% മാർക്കോടെ എംബിഎ ഫിനാൻസ്, ബിഎസ്‌സി ആക്ച്വേറിയൽ സയൻസ്, ഐഐടി ബിരുദധാരികൾ, ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിസ്റ്റാറ്റ് ഓണേഴ്സ് / എം മാത്‌സ് / എംഎസ്‌സി ക്വാളിറ്റി മാനേജ്മെന്റ് സയൻസ് തുടങ്ങിയവ. യോഗ്യതകളുടെ പൂർണ ലിസ്റ്റ് വെബ്സൈറ്റിൽ.
ജോലി എവിടെ?
ഇൻഷുറൻസുമായി ബന്ധപ്പെട്ട മേഖലകളിലാണ് മുഖ്യ സാധ്യതകൾ. ഇൻഷുറൻസ് ആക്ച്വേറിയൽ അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ്, റിസ്ക് അനലിസ്റ്റ്, ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ്, ആക്ച്വേറിയൽ കൺസൽട്ടന്റ്, ഇൻഷുറൻസ് അണ്ടർറൈറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യയുടെ ഫെലോഷിപ് മാസ്റ്റർ ബിരുദത്തിനു തുല്യമായി പിഎച്ച്ഡി അടക്കമുള്ള ഉപരിപഠനത്തിന് മതിയായ യോഗ്യതയായി അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകരിച്ചിട്ടുണ്ട്്.
Content Summary : How Actuarial Science Can Lead to a Successful Career in the Insurance Industry