ചില വിഷയങ്ങളെ കുട്ടികൾ വെറുക്കുന്നത് ആ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരോടുള്ള ഇഷ്ടക്കേടുകൂടി കൊണ്ടാണെന്ന് വിദ്യാഭ്യാസ വിദഗ്ധരും സൈക്കോളജിസ്റ്റുകളുമൊക്കെ പറയാറുണ്ട്. അത് ഒരു പരിധി വരെ ശരിയാണെന്ന് തെളിയിക്കുന്ന ഒരുപാടനുഭവങ്ങളിലൂടെ നമ്മളിൽ ചിലരെങ്കിലും കടന്നു പോയിട്ടുണ്ടാകും. ഇഷ്ടക്കേട് കണക്കിനോടാണെങ്കിൽ പത്താംക്ലാസോടെ കണക്ക് പഠിപ്പ് നിർത്തി മാനവിക വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന ഒരുപാട് കുട്ടികളുണ്ട്. അത്തരം കുട്ടികളിൽ നിന്ന് വേറിട്ടൊരു തീരുമാനമെടുത്ത അനുഭവമാണ് ‘ഗുരുസ്മൃതി’ എന്ന പംക്തിയിലൂടെ ബിന്ദു ഫെലിക്സ് പങ്കുവയ്ക്കുന്നത്. സ്കൂൾ കാലത്ത് വളരെയധികം ഭയപ്പെട്ടിരുന്ന ഗണിത ശാസ്ത്ര അധ്യാപികയെക്കുറിച്ചുള്ള ഓർമകളും ജീവിതത്തിലെ മറ്റ് ഗണിതശാസ്ത്ര അധ്യാപകരുടെ നന്മനിറഞ്ഞ പെരുമാറ്റത്തിലൂടെ കണക്കിനോട് ഇഷ്ടം കൂടി ഗണിതശാസ്ത്ര ബിരുദധാരിയായ അനുഭവവും ബിന്ദു ഫെലിക്സ് പങ്കുവയ്ക്കുന്നതിങ്ങനെ :-
ചെറിയ ക്ലാസുകളിലായിരിക്കുമ്പോൾ ഗണിതശാസ്ത്രം എനിക്ക് കീറാമുട്ടിയായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്നെ ഗണിതം പഠിപ്പിച്ചിരുന്ന ശാന്തകുമാരി ടീച്ചറെ ഞാൻ വളരെയധികം ഭയപ്പെട്ടിരുന്നു. ഒരു ദിവസം ജ്യോമെട്രി ക്ലാസിൽ എന്തോ വരച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. എന്തോ ചോദിക്കാന്‍ വേണ്ടി അടുത്തിരിക്കുന്ന കുട്ടിയുടെ അടുത്തേക്ക് ഞാൻ തിരിഞ്ഞതും ശാന്ത ടീച്ചർ കയ്യിലുണ്ടായിരുന്ന മരസ്കെയിൽ വച്ച് എന്നെ അടിച്ചതും ഒരുമിച്ചായിരുന്നു. ഉറക്കെ നിലവിളിച്ചില്ലെങ്കിലും എന്റെ കുഞ്ഞ് മനസ്സ് വല്ലാതെ വേദനിച്ചു. ശാന്തടീച്ചറെ എനിക്ക് വല്ലാത്ത ഭയമായിരുന്നു.
എന്നാല്‍ 9–ാം ക്ലാസിലെ ജയന്തി ടീച്ചർ 10–ാം ക്ലാസിൽ ഞാൻ ട്യൂഷന് പോയിരുന്ന എന്റെ തന്നെ സ്കൂളിലെ ഹെഡ്മാസ്റ്റർ രാജപ്പൻ മാസ്റ്റർ, പ്രീഡിഗ്രിക്കു ട്യൂഷൻ പഠിപ്പിച്ച മുരളിസർ ഇവരെല്ലാം ചേർന്ന് എന്റെ ഗണിതത്തോടുള്ള ഭയം മാറ്റി. ഈ അധ്യാപകരുടെ അനുഗ്രഹം കൊണ്ടാകാം ഒരു പക്ഷേ ഗണിത ശാസ്ത്രത്തിൽ ബിരുദത്തിനു ചേരാൻ ഞാൻ തീരുമാനിച്ചത്.
കഴിഞ്ഞ 30 വർഷമായി ട്യൂഷൻ എടുക്കുന്ന എനിക്ക് ഗണിതത്തിന്റെ മുന്നിൽ പകച്ച് നിൽക്കുന്ന കുട്ടികളെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുമ്പോൾ കിട്ടുന്ന ആനന്ദം ഒന്നു വേറെ തന്നെയാണ്. എന്നിരുന്നാലും ശാന്തകുമാരി ടീച്ചർ ക്ലാസിൽ കാണിച്ചിരുന്ന വേർതിരിവ് ഒരിക്കലും മറക്കാനാവില്ല. ടീച്ചർ എന്റെ ക്ലാസിൽ നന്നായി പഠിക്കുന്ന കുട്ടിയുടെ പേപ്പർ പരിശോധിക്കുന്ന സമയത്ത് അവളെ അരികിൽ വിളിച്ച് നിർത്തിയ ശേഷം ഓരോ ഉത്തരത്തെക്കുറിച്ചും ചർച്ച ചെയ്ത് മാർക്ക് ഇട്ടു കൊടുക്കുന്നത് യാദൃച്ഛികമായി ഞാൻ കാണാനിടയായി. ടീച്ചറുടെ അത്തരമൊരു പ്രവൃത്തി കണ്ടുപിടിച്ചതിനാലാവണം ഒരു പക്ഷേ അകാരണമായി ടീച്ചർ എന്നെ അടിച്ചത്. എന്തായാലും ആ അടി എന്നെയൊരു ഗണിത ശാസ്ത്ര ബിരുദധാരിയാക്കി.
Content Summary : How One Teacher's Cruelty Ignited a Lifelong Passion for Math in a Former Student
പ്രിയ വായനക്കാരേ, അധ്യാപകരെക്കുറിച്ചുള്ള ഉള്ളു തൊടുന്ന അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. ഓർമക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.