കേരള മെഡിക്കൽ–അനുബന്ധ പ്രവേശനം: ഓപ്ഷനുകൾ സെപ്റ്റംബർ 11 വരെ നൽകാം
Mail This Article
കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ മെഡിക്കൽ അനുബന്ധ ബാച്‌ലർ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഓപ്ഷനുകൾ 11ന് ഉച്ചകഴിഞ്ഞ് 3 വരെ ഓൺലൈനായി നൽകാം. ആദ്യഘട്ട താൽക്കാലിക അലോട്മെന്റ് 13നും അന്തിമ അലോട്മെന്റ് 14നും പ്രസിദ്ധപ്പെടുത്തും. 16 മുതൽ 20നു വൈകിട്ടു 4 വരെ ഫീസ് അടച്ചു കോളജിൽ ചേരാം.
Read Also : നൽസറിൽ ഓൺലൈൻ നിയമപഠനം: അപേക്ഷ 10 വരെ...
നീറ്റ്–യുജി 2023 ദേശീയ റാങ്കിങ് ആധാരമാക്കി, കേരളത്തിൽ പ്രവേശനാർഹതയുള്ളവരുടെ സംസ്ഥാന മെഡിക്കൽ / ആയുർവേദ റാങ്ക്‌ലിസ്റ്റുകൾ വെവ്വേറെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് (www.cee.kerala.gov.in എന്ന സൈറ്റിലെ KEAM-2023–RANK LIST ലിങ്ക്).
ആദ്യ അലോട്മെന്റിലെ കോഴ്സുകൾ
1) മെഡിക്കൽ ബിരുദ കോഴ്സുകൾ: ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി (എംബിബിഎസ്, ബിഡിഎസ് 2 അലോട്മെന്റുകൾ നേരത്തേ കഴിഞ്ഞു) 2) മറ്റു ബിരുദകോഴ്സുകൾ: അഗ്രികൾചർ, ഫോറസ്‌ട്രി, ഫിഷറീസ്, വെറ്ററിനറി സയൻസ് & ആനിമൽ ഹസ്ബൻട്രി, കോ–ഓപ്പറേഷൻ & ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് & എൻവയൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി 3) ബിഫാം. (ഇതിന്റെ റാങ്ക്‌ലിസ്റ്റും സൈറ്റിലുണ്ട്. കേരള എൻജിനീയറിങ് എൻട്രൻസ് ഒന്നാം പേപ്പറിലെ സ്കോർ ആധാരമാക്കിയുള്ള റാങ്ക്) ഓരോ കോഴ്സും നടത്തുന്ന കോളജുകളുടെ പൂർണ ലിസ്റ്റ് വിജ്ഞാപനത്തിലുണ്ട്.
കോഴ്സുകളുടെയും ചേരാനാഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെയും കോഡുകൾ നോക്കിവയ്ക്കാം. ഉദാ: BA–ആയുർവേദം, AF–ഫിഷറീസ്, BP–ഫാർമസി, CB - കോ–ഓപ്പറേഷൻ & ബാങ്കിങ്; KTB – ഗവ. കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് കോട്ടയം, KTL– ആയുർവേദ കോളജ് കോട്ടയ്ക്കൽ, COA – കോളജ് ഓഫ് അഗ്രികൾചർ വെള്ളായണി. ഓപ്ഷൻ നൽകുംമുൻപ് പ്രോസ്പെക്ടസിലെ ഖണ്ഡിക 11 (പുറം 67–73) നന്നായി പഠിക്കുക. www.cee.kerala.gov.in എന്ന സൈറ്റിലെ KEAM 2023 – കാൻഡിഡേറ്റ് പോർട്ടൽ വഴി ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ്, സൈറ്റിൽ കാണുന്ന അക്സസ് കോഡ് എന്നിവ നൽകി, ക്രമേണ ഓപ്ഷൻ റജിസ്ട്രേഷൻ പേജിലെത്താം. അവിടെ നിങ്ങൾക്ക് അർഹതയുള്ള എല്ലാ ഓപ്ഷനുകളും കാണും. താൽപര്യമുള്ള ഓപ്ഷനുകൾ മുൻഗണനാക്രമമനുസരിച്ച് സൈറ്റിലെ നിർദേശങ്ങൾപ്രകാരം നൽകി സേവ് ചെയ്താൽ മതി. 11നു മൂന്നു മണി വരെ എത്രതവണ വേണമെങ്കിലും ഓപ്ഷനുകൾ തിരുത്തിനൽകാം.
ആകെ സ്ഥാപനങ്ങൾ
എ) സർക്കാർ: ആയുർവേദം 3, ഹോമിയോ 2, അഗ്രികൾചർ 4, ഫോറസ്ട്രി 1, കോ–ഓപ്പറേഷൻ & ബാങ്കിങ് 1, ക്ലൈമറ്റ് ചേഞ്ച് 1, ബയോടെക്നോളജി 1, വെറ്ററിനറി 2, ഫിഷറീസ് 2, ഫാർമസി 5 ബി) എയ്ഡഡ്: ആയുർവേദം 2, ഹോമിയോ 3 സി) സർക്കാർ സ്വാശ്രയം: ഫാർമസി 2 ഡി) സ്വകാര്യ സ്വാശ്രയം: ആയുർവേദം 11, സിദ്ധ 1, യുനാനി 1, ഫാർമസി 48
ആർക്കെല്ലാം ഓപ്ഷൻ നൽകാം ?
∙ ആയുർവേദ റാങ്ക്‌ലിസ്റ്റിലുള്ളവർക്ക് ആയുർവേദത്തിന് (സംസ്കൃതത്തിനുള്ള 8 മാർക്കുകൂടി പരിഗണിച്ചത്)
∙ മെഡിക്കൽ റാങ്ക്‌ലിസ്റ്റിലുള്ളവരിൽ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നിവയ്ക്ക് നീറ്റിൽ 50–ാം പെർസെന്റൈൽ സ്കോറെങ്കിലും ഉണ്ടെങ്കിലേ പ്രവേശനാർഹതയുള്ളൂ.
പട്ടിക, പിന്നാക്ക വിഭാഗക്കാർക്കു 40–ാം പെർസെന്റൈൽ മതി. ഭിന്നശേഷിക്കാർക്ക് 45–ാം പെർസെന്റൈലും.
∙ മെഡിക്കൽ റാങ്ക്‌ലിസ്റ്റിലുള്ള ഏവർക്കും ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നിവയൊഴികെ എല്ലാ കോഴ്സുകൾക്കും. (ഇവയിലെ അർഹതയ്ക്ക് നീറ്റിൽ 20 മാർക്ക് മതി. ഇത്രയും മാർക്കുള്ളവർ മാത്രമേ റാങ്ക്‌ലിസ്റ്റിലുള്ളൂ. പട്ടികവിഭാഗക്കാർക്ക് മിനിമം മാർക്ക് വ്യവസ്ഥയില്ല). സ്വാശ്രയകോളജുകളിലെ ആയുർവേദ, സിദ്ധ, യുനാനി കോഴ്സുകളിലെ 15% ഓൾ ഇന്ത്യാ ക്വോട്ടയിലേക്ക് സ്വദേശം നോക്കാതെ എൻട്രൻസ് കമ്മിഷണർ അലോട്മെന്റ് നടത്തും. ഏതു പ്രദേശത്തെ ഇന്ത്യക്കാർക്കും ഇതിന് അർഹതയുണ്ട്.
സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്വാശ്രയ കോളജുകൾ ഈ പ്രവേശനത്തിൽപെടും. പ്രസക്ത സീറ്റുകളിൽ കേരള പ്രഫഷനൽ കോളജുകൾക്കുള്ള സംവരണ തത്വം പാലിക്കും. സർക്കാർ, സ്വാശ്രയ കോളജുകളിലേക്ക് അലോട്മെന്റ് കിട്ടുന്നവർ അലോട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള തുക മുഴുവനും പ്രവേശനവേളയിൽ അതതു കോളജിൽ അടയ്ക്കണം. പട്ടിക, മറ്റർഹ (ഒഇസി) വിഭാഗക്കാർ, ഒഇസി–ആനുകൂല്യങ്ങൾക്ക് അർഹതയുള്ള സമുദായക്കാർ, മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ, ശ്രീചിത്ര /ജുവനൈൽ /നിർഭയ ഹോം നിവാസികൾ എന്നിവർ പ്രവേശനസമയത്തു ഫീസ് അടയ്ക്കേണ്ട.
ഓപ്ഷൻ റജിസ്ട്രേഷൻ ഫീയായി ഇവർ 500 രൂപയടച്ചാൽ മതി. മറ്റുള്ളവർ 5000 രൂപയടയ്ക്കണം. ഈ തുക പിന്നീടു വകവച്ചുകിട്ടും. സ്വാശ്രയ ആയുർവേദ, സിദ്ധ, യുനാനി, ഫാർമസി കോഴ്സുകളുടെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ 2022–23ലെ നിരക്കിൽ താൽക്കാലികമായി ഫീസടച്ചാൽ മതി. തുക അലോട്മെന്റ് മെമ്മോയിലുണ്ടാവും. ഫീസ് കൂട്ടുന്നപക്ഷം അധികത്തുക പിന്നീട് അടയ്ക്കാം. അലോട് െചയ്തുകിട്ടിയ കോളജിൽ 20നു വൈകിട്ടു നാലിനകം ചേർന്നില്ലെങ്കിൽ, അലോട്മെന്റ് റദ്ദാകും. കൂടാതെ, ഈ സ്ട്രീമിലെ അവസരം നഷ്ടപ്പെടുകയും ചെയ്യും. പക്ഷേ എംബിബിഎസ്, ബിഡിഎസ് അവസരം നിലനിൽക്കും. ചേരുമെന്ന് ഉറപ്പുള്ള കോളജ്–കോഴ്സ് കോംബിനേഷനുകളിലേക്കു മാത്രം ഓപ്ഷൻ നൽകുന്നതു നന്ന്. റാങ്ക്‌ലിസ്റ്റിൽ ഫലം തടഞ്ഞുവച്ചിട്ടുള്ളവർക്കും ഓപ്ഷൻ നൽകാം. 12നു രാവിലെ 11ന് അകം രേഖകൾ സമർപ്പിച്ച് പോരായ്മകൾ പരിഹരിച്ചാൽ അലോട്മെന്റിനു പരിഗണിക്കും.
ഓപ്ഷൻ തീരുമാനിക്കുമ്പോൾ
∙ സ്വന്തം റാങ്കും പ്രവേശനസാധ്യതയും മനസ്സിൽ വച്ച്, വിവിധ കോഴ്‌സുകളിൽനിന്നും സ്‌ഥാപനങ്ങളിൽനിന്നും ഏറ്റവും പറ്റിയവ മുൻഗണനാക്രമത്തിൽ ശ്രദ്ധയോടെ അടുക്കി ഓപ്ഷൻ നൽകുക. തീരുമാനത്തിൽ രക്ഷിതാക്കൾ പങ്കെടുക്കണം; ഫീസ് പ്രധാനഘടകമാണ്.
∙ ഉയർന്ന ഏതെങ്കിലും ഓപ്‌ഷൻ അനുവദിച്ചു കിട്ടിയാൽപിന്നെ അതിൽത്താണ ഓപ്‌ഷനിലേക്ക് ഒരിക്കലും മാറ്റം കിട്ടില്ല. ഓപ്ഷൻ–ലിസ്റ്റിൽ സ്വാശ്രയ കോളജ് ആദ്യമായിപ്പോയാൽ പിന്നെ അർഹതയുണ്ടെങ്കിലും ഫീസ് കുറവായ സർക്കാർ കോളജിൽ കിട്ടാതെ വരും. സീറ്റൊഴിവുണ്ടെങ്കിൽപോലും കിട്ടില്ല.
∙ പ്രവേശനസാധ്യതയുടെ ഏകദേശരൂപം കിട്ടാൻ കഴിഞ്ഞ വർഷത്തെ അലോട്മെന്റിലെ അവസാനറാങ്കുകൾ നോക്കാം. ഇവ അതേപടി ഇത്തവണ ആവർത്തിക്കില്ല. ഓരോ അലോട്മെന്റിലെയും കോഴ്സും കോളജും കാറ്റഗറിയും തിരിച്ചുള്ള അവസാനറാങ്കുകളറിയാൻ www.cee-kerala.org എന്ന സൈറ്റിലെ KEAM - 2022 – LAST RANK ലിങ്കുകൾ വഴി പോകാം വിശദവിവരങ്ങൾക്കും ഓപ്ഷൻ സമർപ്പണത്തിനും www.cee.kerala.gov.in എന്ന സൈറ്റ്. ഹെൽപ്‌ലൈൻ : 0471–2525300.
എംബിബിഎസ്, ബിഡിഎസ്
എംബിബിഎസ്, ബിഡിഎസ് മൂന്നാം റൗണ്ട് അലോട്മെന്റിനുള്ള ഓപ്ഷനുകളും 11ന് ഉച്ചകഴിഞ്ഞ് 3 വരെ നൽകാം. ഇതിനായി ഹോംപേജിലെത്തി കൺഫേം ബട്ടൺ ക്ലിക്ക് ചെയ്യണം. നിലവിലുള്ള ഓപ്ഷനുകളുടെ ക്രമം മാറ്റുകയോ, വേണ്ടാത്തവ നീക്കുകയോ, പുതുതായി അനുവദിച്ച കോഴ്സുകളിലേക്ക് ഓപ്ഷൻ നൽകുകയോ ആകാം. പാലക്കാട് കരുണ മെഡിക്കൽ കോളജിൽ 100 എംബിബിഎസ് സീറ്റുകൾ പുതുതായി അനുവദിച്ചിട്ടുണ്ട്. കൺഫേം ചെയ്യാത്തപക്ഷം നേരത്തേ കിട്ടിയ പ്രവേശനം നിലനിൽക്കും. ഫീസ് അടയ്ക്കുന്നതടക്കമുള്ള വിവരങ്ങൾ സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.
Read Also : മെഡിക്കൽ മുതൽ മറൈൻ വരെ; ബയോടെക്നോളജിക്ക് ശേഷം പഠിക്കാം മികവാർന്ന കോഴ്സുകൾ
കോളജിൽ ചേരുന്നതിന്റെയും മറ്റും തീയതിക്രമം അനുബന്ധകോഴ്സുകളുടേതു തന്നെ. ഓൾ ഇന്ത്യാ ക്വോട്ടയിൽ മൂന്നാം അലോട്മെന്റ് കിട്ടിയവരെ സംസ്ഥാനത്തെ മൂന്നാം അലോട്മെന്റിൽ പരിഗണിക്കരുതെന്ന് കേന്ദ്രനിർദേശം വന്നാൽ അവരെ ഇവിടെ ഒഴിവാക്കും.
Content Summary : Online Admission Process Opens for Medical Allied Bachelor Courses in Kerala