സംസ്ഥാന സ്കോളർഷിപ്: 11എണ്ണം ഏകീകരിച്ച് രണ്ടാക്കി; ഫലത്തിൽ ഒന്നുമില്ല
Mail This Article
കണ്ണൂർ ∙ 11 സ്കോളർഷിപ്പുകൾ ഏകീകരിച്ച് സംസ്ഥാന കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രഖ്യാപിച്ച സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്, എൻകറേജ് ടാലന്റ് സ്കോളർഷിപ് എന്നിവയുടെ നടപടികൾ പൂർത്തിയാകാത്തത് വിദ്യാർഥികൾക്കു കുരുക്കാകുന്നു.ഈ 2 സ്കോളർഷിപ്പുകളിലേക്ക് ഇത്തവണയും അപേക്ഷ ക്ഷണിച്ചിട്ടില്ല. ഏകീകരണ പ്രഖ്യാപനം വന്നതുമൂലം, പഴയ 11 സ്കോളർഷിപ്പുകളിലേക്കു 2 വർഷമായി പുതിയ അപേക്ഷകൾ സ്വീകരിക്കുന്നുമില്ല. പുതുക്കാനുള്ള അവസരം മാത്രമേയുള്ളൂ.
Read Also : ഐഎൻഐ–സിഇടി: റജിസ്ട്രേഷൻ 5 വരെ
സ്കൂൾ ടീച്ചേഴ്സ് ചിൽഡ്രൻ സ്കോളർഷിപ്, സൈനികരുടെ ആശ്രിതർക്കുള്ള സ്കോളർഷിപ്, ഐഎഎസ് പരിശീലന സ്കോളർഷിപ് (എസ്‌സി – എസ്ടി), മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് സ്കോളർഷിപ്, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്, മുസ്‌ലിം – നാടാർ ഗേൾസ് സ്കോളർഷിപ്, സംസ്കൃതം സ്കോളർഷിപ്, ഹിന്ദി സ്കോളർഷിപ്, സുവർണജൂബിലി സ്കോളർഷിപ് എന്നിവ ഏകീകരിച്ചാണ് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ് പ്രഖ്യാപിച്ചത്. എൻകറേജ് ടാലന്റ് ഇൻ ലിറ്ററേച്ചർ, എൻകറേജ് ടാലന്റ് ഇൻ മ്യൂസിക് ആർട്സ് ആൻഡ് പെർഫോമിങ് ആർട്സ് എന്നിവയ്ക്കു പകരമാണ് എൻകറേജ് ടാലന്റ് സ്കോളർഷിപ്.
ചെറിയ തുക, നൽകുന്നതിലെ കാലതാമസം എന്നിവ മൂലം ഇതിൽ ചില സ്കോളർഷിപ്പുകളിലേക്കു വർഷങ്ങളായി അപേക്ഷകരില്ല. കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് നൽകുന്ന മറ്റു സ്കോളർഷിപ്പുകളിലും അപേക്ഷകരുടെ കൊഴിഞ്ഞുപോക്കു വ്യാപകമാണ്. സുവർണജൂബിലി സ്കോളർഷിപ് 22 ലക്ഷം രൂപയും ഹിന്ദി സ്കോളർഷിപ് 12 ലക്ഷത്തിലധികവും കുടിശികയാണ്.
സ്കോളർഷിപ്പുകളും തുകയും
മുസ്‌ലിം – നാടാർ ഗേൾസ്: 125 രൂപ (വർഷം)
സ്കൂൾ ടീച്ചേഴ്സ് ചിൽഡ്രൻ: 50 രൂപ (മാസം)
സ്റ്റേറ്റ് മെറിറ്റ്: ഡിഗ്രി 1250 രൂപ, പിജി 1500 രൂപ (വർഷം)
സംസ്കൃതം സ്കോളർഷിപ്: 2000 രൂപ (വർഷം)
ഹിന്ദി സ്കോളർഷിപ്: ഡിഗ്രി 5000 രൂപ, പിജി 10,000 രൂപ (വർഷം)
Content Summary : Consolidated State Scholarships Causing Problems for Students, Applications Not Invited