നന്മ ചെയ്തിട്ടും ജീവിതത്തിൽ രക്ഷപെട്ടില്ലെന്ന് തോന്നാറുണ്ടോ?; സത്കർമത്തിന് ഉടനടി പ്രതിഫലം പ്രതീക്ഷിക്കരുത്
Mail This Article
അസ്തമിക്കാറായപ്പോൾ സൂര്യനു വിഷമം തോന്നി. ആളുകൾ അന്ധകാരത്തിലാകുമല്ലോ. സൂര്യൻ ചോദിച്ചു: ആർക്കെങ്കിലും പ്രകാശം നൽകാൻ കഴിയുമോ. നക്ഷത്രങ്ങൾ പറഞ്ഞു: ഞങ്ങൾ വെളിച്ചം നൽകാം. പക്ഷേ, അൽപം കഴിഞ്ഞപ്പോഴേക്കും കാർമേഘങ്ങൾ അവയെ മറച്ചു. നക്ഷത്രങ്ങൾ ചോദിച്ചു: ഇനി മറ്റാരെങ്കിലും പ്രകാശം നൽകുമോ? ചന്ദ്രൻ പറഞ്ഞു: ഞാൻ തയാറാണ്. മേഘത്തിനു മുൻപിൽ ചന്ദ്രനും പിടിച്ചുനിൽക്കാനായില്ല. നിസ്സഹായതയോടെ ചന്ദ്രനും ചോദിച്ചു: വേറെ ആർക്കെങ്കിലും തെളിയാൻ കഴിയുമോ? മിന്നാമിനുങ്ങ് പറഞ്ഞു: ചെറിയ വെട്ടമാണെങ്കിലും ഞാൻ തെളിഞ്ഞുകൊള്ളാം. അവൾ തെളിഞ്ഞുതുടങ്ങിയപ്പോഴേക്കും ഒരായിരം മിന്നാമിനുങ്ങുകൾ ഒപ്പം ചേർന്നു.
നന്മ ഒരു തുടർപ്രക്രിയയാണ്. ആരെങ്കിലുമൊക്കെ ഏറ്റെടുത്ത് ഓരോ സൽക്കർമവും ഒരിക്കലും അവസാനിക്കാതെ നിലനിൽക്കും. എല്ലാവരും അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ ആരൊക്കെയോ പ്രതിഫലേച്ഛയൊന്നുമില്ലാതെ ചെയ്തതാണ്. ചെയ്യുന്ന നന്മപ്രവൃത്തികൾക്ക് ഉടനടി പ്രതിഫലം പ്രതീക്ഷിക്കരുത്. കൃത്യമായ അളവിലും തൂക്കത്തിലും യഥാസമയത്തുതന്നെ മറുപടി വേണമെന്ന വാശി നന്മയുടെ ഒഴുക്ക് തടയും. ആർക്ക് ഉപകാരം ചെയ്തോ അവർത്തന്നെ തിരിച്ചും ഉപകാരപ്പെടണമെന്നും നിർബന്ധം പിടിക്കരുത്.
അപരിചിതരിലൂടെ ലഭിക്കുന്ന സുകൃതങ്ങൾക്കും അപരിചിതർക്കു ചെയ്യുന്ന സുകൃതങ്ങൾക്കും കടപ്പാടിന്റെ ബന്ധനങ്ങളില്ല. ഒരിക്കലും മടങ്ങിവരാത്ത വഴികളിലൂടെ ആ യാത്ര പ്രതിബന്ധമില്ലാതെ നീങ്ങും. തിന്ന ഫലത്തിന്റെ വിത്തെറിഞ്ഞു പോകുന്ന കുരുവികൾക്കു തിരിച്ചുകിട്ടുന്നതിനെക്കുറിച്ച് ഒരു ചിന്തയുമില്ല. എല്ലാവരിലും നന്മ കണ്ടെത്തണം. എല്ലാം തികഞ്ഞ ആരുമുണ്ടാകില്ല. ഒന്നിനും ഉപകരിക്കാത്തവരായും ആരുമില്ല.
സ്വയം സന്ദേഹമില്ലാത്തവർക്കു മാത്രമേ പുണ്യകർമങ്ങളിലേർപ്പെടാനാകൂ. എന്തെങ്കിലും ചെയ്യാൻ ആരെയെങ്കിലും പോലെയാകണമെന്നില്ല. സ്വന്തം ശേഷിയും മികവും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയാൽ മതി. എത്രചെറിയ പുണ്യമാണെങ്കിലും ആരെങ്കിലും ചെയ്തു തുടങ്ങിയാൽ സമാനമനസ്കരെല്ലാം ഒരുമിക്കും. ചുറ്റിലും നന്മകൾ സംഭവിച്ചുകൊണ്ടിരുന്നാൽ എല്ലാവരിലും പ്രത്യാശയുണ്ടാകും, ആരും ഒറ്റപ്പെടില്ല, തകർന്നാലും തിരിച്ചുവരാമെന്ന ആത്മവിശ്വാസമുണ്ടാകും. ഓരോ നന്മ ജനിക്കുമ്പോഴും മറ്റെവിടെയോ ഒരു തിന്മ മരിക്കുന്നുണ്ട്.