ADVERTISEMENT

മാർക്ക് സുക്കർബർഗ് കേരളത്തിലാണ് ജനിച്ചിരുന്നതെങ്കിലോ ? കേരളം വിടാനുള്ള വഴിയൊത്തില്ലെങ്കിൽ മിക്കവാറും ടെക്നോപാർക്കിലെ ഏതെങ്കിലും ഐടി കമ്പനിയിൽ ജോലി ചെയ്യുമായിരുന്നു ! ഐടി മേഖലയിൽ ഒതുങ്ങിനിൽക്കുന്ന തമാശയാണെങ്കിലും ഇതിൽ കാര്യമുണ്ടെന്നു കരുതുന്നവരുണ്ട്.

സ്വന്തം ആശയങ്ങൾക്കും സംരംഭങ്ങൾക്കും പിന്നാലെ പോകാതെ ജോലിയിൽ അഭയം തേടുന്നവരാണ് സംസ്ഥാനത്തു കൂടുതൽ. പലരും സ്റ്റാർട്ടപ് സാധ്യതകൾ തേടാറുമില്ല. ഈ സ്ഥിതി മാറണ്ടേ ? അതിനാണ് കേരള സ്റ്റാർട്ടപ് മിഷനും ജിടെക് മ്യൂലേണും ചേർന്ന് ടോപ് 100 കോഡേഴ്സ് എന്ന മത്സരത്തിനു കളമൊരുക്കുന്നത്.

മത്സരം ഇങ്ങനെ

രാജ്യത്തെ ഏറ്റവും മികച്ച കോഡേഴ്സിനെ കണ്ടെത്തുന്നതാണ് മത്സരം. ഇതിലൂടെ കോഡിങ് വിദഗ്ധരുടെ ടാലന്റ് പൂൾ സൃഷ്ടിക്കുകയാണു ലക്ഷ്യം. ടെക് വെല്ലുവിളികൾക്ക് കൃത്യമായ പരിഹാരം കണ്ടുപിടിക്കാനാവുന്നില്ലെന്ന പ്രശ്നം ഇവരിലൂടെ നികത്താമെന്നു കേരള സ്റ്റാർട്ടപ് മിഷൻ പറയുന്നു. കമ്പനികളിൽ ടെക് കോ–ഫൗണ്ടേഴ്സായി ഇവരെ പരിഗണിക്കാൻ സ്റ്റാർട്ടപ്പുകളും തയാറാണ്. 

ആദ്യം ചെറിയ ടാസ്ക്,പിന്നെ വലിയ ടാസ്ക്

മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം. ഈമാസം 31ന് അകം www.top100coders.com എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് അവിടെ ലഭിക്കുന്ന ടാസ്ക്കുകൾ പൂർത്തിയാക്കുകയാണ് ആദ്യ ഘട്ടം. 20,000 പേരെ ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നു. നവംബർ 1 മുതൽ 10 വരെ നടക്കുന്ന രണ്ടാം ഘട്ടത്തിലേക്ക് ഇവരിൽനിന്ന് 250 പേരെ തിരഞ്ഞെടുക്കും. പ്രശ്ന പരിഹാരത്തിന്റെ രണ്ടാം ലെവൽ ടാസ്ക്കുകളാകും ഇവർക്കു ലഭിക്കുക. തുടർന്നു തിരഞ്ഞെടുക്കപ്പെടുന്ന 150 പേർ അവസാന ഘട്ടമായി നവംബർ 16–18 വരെ കോവളത്തു നേരിട്ടെത്തി മത്സരിക്കണം. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾ നിലവിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ഉൾപ്പെടെ ഇവർക്ക് ഈ ഘട്ടത്തിൽ പരിഹരിക്കേണ്ടതായി വരും. വിദഗ്ധ പാനൽ ഇവരിൽനിന്നു 100 പേരെ വിജയികളായി പ്രഖ്യാപിക്കും. 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ടോപ് 100 കോഡേഴ്സ് 2023 എന്ന ബാഡ്ജും ലഭിക്കും.

ആർക്കൊക്കെ മത്സരിക്കാം 

കോഡിങ്ങിനെപ്പറ്റി അറിയാവുന്ന ആർക്കും മത്സരിക്കാം; സ്കൂൾ–കോളജ് വിദ്യാർഥികൾ, പ്രഫഷനലുകൾ, വിരമിച്ചവർ തുടങ്ങി രാജ്യത്ത് എവിടെയുള്ളവർക്കും. ആദ്യ രണ്ടുഘട്ടങ്ങൾ പബ്ലിക് ഓൺലൈൻ പ്ലാറ്റ്ഫോമിലാണ്. കോഡിങ്ങുമായി ബന്ധപ്പെട്ട് ഒരാൾ പങ്കുവയ്ക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും കാണാം. വിദ്യാർഥികൾക്ക് അങ്ങനെ സ്വന്തം ധാരണകൾ മെച്ചപ്പെടുത്താം.

Content Summary:

Unleashing Kerala's Hidden Coding Talent: Join the Top 100 Coders Competition Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com