സർക്കാർ ജീവനക്കാർ മുതൽ അധ്യാപകർ വരെ നീളുന്ന ശിഷ്യഗണം: ഈ പരിശീലകരും അവരുടെ ജിമ്മും ഹിറ്റാണിഷ്ടാ
Mail This Article
തൃക്കരിപ്പൂർ ∙ പുലർവേളയിൽ തന്നെ തങ്കയം ഗ്രാമത്തിലെ ’ബീ ഫിറ്റ്’ ഫിറ്റ്നസ് സ്റ്റുഡിയോ’യിൽ സ്ത്രീകളും പെൺകുട്ടികളും സജീവമാവും. വി.കെ.സിന്ധു സുരേഷ്, ബുഷറാബി ഷെരീഫ് എന്നീ രണ്ട് വനിതകൾ ചേർന്ന് 2 വർഷം മുൻപ് ആരംഭിച്ച ‘ബീ ഫിറ്റ്’ സ്ത്രീകളുടെ ആരോഗ്യവും ശാരീരിക ക്ഷമതയും ലക്ഷ്യം വക്കുന്നു.
ഗ്രാമത്തിലെ വനിതകളെ കരുത്തിലേക്കും കരുതലിലേക്കും കൈപിടിച്ചു നയിക്കുകയാണ് ഈ സ്ത്രീകൂട്ടായ്മ. ആരോഗ്യ പ്രശ്നങ്ങളെയും ഒരു പരിധിയോളം രോഗങ്ങളെയും അകറ്റി സ്ത്രീകൾക്ക് മാനസികോല്ലാസം ലഭിക്കുന്നതിന് സൂംബ ഡാൻസ്, യോഗ, തൈക്കോൻഡോ എന്നിവ ഉൾപ്പെടെ നല്ല തോതിൽ ഉപകരിക്കുമെന്ന് അനുഭവിച്ചറിഞ്ഞതിൽ നിന്നാണ് ബീ ഫിറ്റിന്റെ പിറവി.
ശരീര ഭാരവും വണ്ണവും കുറച്ചു കൊണ്ടുവരാൻ ഈ പരിശീലനത്തിലൂടെ സാധ്യമെന്നുള്ള തിരിച്ചറിവിൽ ബീ ഫിറ്റിനെ തേടിയെത്തിയവർ സ്ഥാപനത്തിന്റെ കരുത്തുമായി. പുലർച്ചെ 5.45ന് ബീ ഫിറ്റ് ഉണരും. സെക്കൻഡ് പോലും തെറ്റാതെ പരിശീലക ജിജിനയുടെ നേതൃത്വത്തിൽ 6ന് സൂംബ ഡാൻസ് തുടങ്ങും. സർക്കാർ ജീവനക്കാരും അധ്യാപികമാരും വീട്ടമ്മമാരും സൂംബയുടെ സംഗീതത്തിൽ കായിക കുതിപ്പ് തുടങ്ങും.
ഒരു മണിക്കൂർ നീളും. പിന്നീട് യോഗയുടെയും തൈക്കാൺഡോയുടെയും വരവായി. പാശ്ചാത്യ ഡാൻസ്, ക്ലാസിക്കൽ ഡാൻസ് എന്നിവയും ഇതിന്റെ ഭാഗം. സ്ത്രീകളെ എല്ലാ തലത്തിലും മികവിലേക്കു കൈപിടിക്കണമെന്ന ലക്ഷ്യമുണ്ട് ബീ ഫിറ്റിന്റെ പെൺകൂട്ടായ്മക്കെന്ന് സിന്ധു സുരേഷിന്റെ വിശദീകരണം. ചിത്ര രചനയിൽ പരിശീലനം നൽകുന്നതിനൊപ്പം പത്താം തരം വരെയുള്ള ട്യൂഷനും ഇവിടെ സജ്ജം.
ജിജിനക്കൊപ്പം സാം സഖറിയ, ഷൈമ, സിന്ധൂര, ഷീബ ഈയക്കാട്, ശ്രീഷ്ണ തുടങ്ങിയവർ ഇവിടുത്തെ വിവിധ മേഖലകളിലെ പരിശീലകർ. തങ്കയം എഎൽപി സ്കൂളിനു സമീപത്തെ കെട്ടിടത്തിന്റെ ഒന്നാം നില കായിക പഠനത്തിന്റെയും ശരീര പരിചരണത്തിന്റെയും കേന്ദ്രമെന്നതിനൊപ്പം നാടിന്റെ നന്മയാർന്ന പ്രവർത്തനങ്ങളിലേക്കുള്ള സൂചകം കൂടിയാണ്. ഫോൺ. 9656524262