ബലഹീനതകളെ അതിജീവിക്കാൻ കഴിയുന്നില്ലേ?; ദൗർബല്യങ്ങളെ പൊരുതിത്തോൽപ്പിക്കാൻ പഠിക്കാം
![overcome-weakness Representative image. Photo Crdit : gradyreese/iStock](https://img-mm.manoramaonline.com/content/dam/mm/mo/education/career-guru/images/2023/12/6/overcome-weakness.jpg?w=1120&h=583)
Mail This Article
വൈകുന്നേരം വരെ അലഞ്ഞിട്ടും ജോലിയൊന്നും കിട്ടാതെ നടന്ന യുവാവ് ഒരു ശബ്ദം കേട്ടു: ഇവിടെ കൂലിക്കാർ ആരെങ്കിലുമുണ്ടോ? തിരിഞ്ഞു നോക്കിയപ്പോൾ ഒരു വയോധികൻ: മൂന്നു ചാക്കുകളുണ്ട്. രണ്ടെണ്ണം ഞാനെടുക്കാം. ഒന്നെടുത്ത് സഹായിക്കണം. നൂറു രൂപ തരാം. യുവാവ് സമ്മതിച്ചു. നടക്കുന്നതിനിടെ വയോധികൻ ചോദിച്ചു: നിങ്ങൾ ആ ചാക്കിലുള്ള നാണയങ്ങളുമായി ഓടുമോ? യുവാവ് നിഷേധിച്ചു. നദീതീരത്തെത്തിയപ്പോൾ വയോധികൻ പറഞ്ഞു: എനിക്കു നദി കടക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഈ വെള്ളിനാണയത്തിന്റെ ചാക്കുംകൂടി നീ ചുമക്കണം. കൂടുതൽ കൂലി നൽകാം. രണ്ടു ചാക്കുമായി അയാൾ നടന്നപ്പോഴും വയോധികൻ പഴയ ചോദ്യം ആവർത്തിച്ചു. ഒന്നും പ്രതികരിക്കാതെ യുവാവ് നടന്നു. മലയടിവാരത്ത് എത്തിയപ്പോൾ മൂന്നാം ചാക്കും ഏൽപിച്ചു വയോധികൻ പറഞ്ഞു: ഇതിൽ സ്വർണനാണയങ്ങളാണ്. ഈ ചുമട് എനിക്കെടുക്കാൻ കഴിയില്ല. യുവാവ് മൂന്നു ചാക്കുകളുമായി അയാളെ കബളിപ്പിച്ച് ഓടി. വീട്ടിലെത്തി ചാക്ക് തുറന്നുനോക്കിയപ്പോൾ അതിൽ മണ്ണുകൊണ്ടുണ്ടാക്കിയ നാണയ രൂപങ്ങൾ മാത്രം. കൂടെ ഒരു കുറിപ്പും. രാജ്യത്തു സത്യസന്ധനായ ധനകാര്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമമായിരുന്നു ഇത്. താങ്കൾ പരാജയപ്പെട്ടിരിക്കുന്നു.
അന്തസ്സ് എന്നും നിലനിർത്തണം, നിലവാരം എപ്പോഴും കാത്തുസൂക്ഷിക്കണം. പരീക്ഷണങ്ങൾ എപ്പോൾ പ്രത്യക്ഷപ്പെടുമെന്ന് അറിയില്ല. പ്രദർശനവേദികളിലോ പൊതുസദസ്സുകളിലോ മാത്രം ആദർശവും ഗുണനിലവാരവും പ്രകടിപ്പിക്കുന്നവർ അനുയോജ്യമായ സമയത്ത് ശരിയായ സ്വഭാവം പുറത്തെടുക്കും. പുറംമോടികളെല്ലാം പ്രതികൂല കാലാവസ്ഥയിൽ അലിഞ്ഞില്ലാതാകും. അകക്കാമ്പുണ്ടെങ്കിൽ അഭംഗിയുണ്ടായാലും അടിപതറി വീഴില്ല. ഒരാൾ അതിജീവിച്ച പ്രലോഭനങ്ങളെ അളന്നെടുത്തുവേണം അയാളുടെ സ്വഭാവവൈശിഷ്ട്യവും മനക്കരുത്തും വിലയിരുത്താൻ.
അതിസാഹസിക കർമങ്ങൾ ചെയ്യുന്നതിനെക്കാൾ മനശ്ശക്തിയും ആത്മവിശ്വാസവും വേണം ചെറിയ പ്രലോഭനങ്ങളെപ്പോലും അതിജീവിക്കാൻ. എല്ലാവരും ഏതെങ്കിലുമൊക്കെ ബലഹീനതകൾക്കു വശംവദരാണ്. ദൗർബല്യങ്ങൾ കണ്ടെത്തി അവയോടു പൊരുതി നിൽക്കുന്നവർ മാത്രമേ എക്കാലവും ഒരേ പ്രതിഛായ നിലനിർത്തൂ.