ADVERTISEMENT

ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഇന്റർനാഷനൽ ഡിജിറ്റൽ ഫൊറൻസിക് ചാലഞ്ചിൽ 30 ലക്ഷം വാൻ (കൊറിയൻ കറൻസി– ഏകദേശം 1.89 ലക്ഷം രൂപ) ആയിരുന്നു ഒന്നാം സമ്മാനം. സൈബർ സെക്യൂരിറ്റി രംഗത്തെ മികവിനുള്ള ‘ആ സമ്മാനം നമുക്കിരിക്കട്ടെ’ എന്നു തീരുമാനിച്ചു അമൃത വിശ്വവിദ്യാപീഠത്തിൽ നിന്നുള്ള ‘ടീം ബയോസ്’. കൊല്ലം അമൃതപുരി ക്യാംപസിലെ കംപ്യൂട്ടർ സയൻസ് മൂന്നാംവർഷ വിദ്യാർഥികളായ നിതിൻ ചേന്തൂർ പ്രഭു, സഭ്യരാജ് മേത്ത, രണ്ടാം വർഷ വിദ്യാർഥികളായ കെ.യദുകൃഷ്ണ, ജോഹിത് ലാൽ എന്നിവരുടെ നേട്ടം ശരിക്കും ‘ഇന്റർനാഷനൽ’. ഡിജിറ്റൽ ഫൊറൻസിക്‌സ്, സൈബർ സെക്യൂരിറ്റി രംഗങ്ങളിൽ വിദ്യാർഥികളുടെ അവഗാഹം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സോളിലെ കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ആൻഡ് ക്രിപ്‌റ്റോളജിയാണ് ചാലഞ്ച് നടത്തിയത്.

ബയോസിന്റെ വിജയകഥ
അമൃതയിലെ സൈബർ സെക്യൂരിറ്റി വിഭാഗം പ്രഫസറായ വിപിൻ പവിത്രന്റെ നേതൃത്വത്തിൽ ‘ബയോസ്’ എന്ന ടീമിന്റെ പിറവി ഒന്നര പതിറ്റാണ്ടു മുൻപായിരുന്നു. 2007ൽ ക്യാപ്ചർ ദ് ഫ്ലാഗ് (സിടിഎഫ്) എന്ന സൈബർ സെക്യൂരിറ്റി മത്സരത്തിൽ പങ്കെടുത്തായിരുന്നു തുടക്കം. തുടർന്ന് എല്ലാ വർഷവും വിവിധ മത്സരങ്ങളിൽ അമൃതയുടെ വിദ്യാർഥികൾ ‘ബയോസ്’ എന്ന ബ്രാൻഡിങ്ങിൽ പങ്കെടുത്തു. 2010 മുതൽ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ സഹായിക്കാനായി ‘അമൃത ഇൻ സിടിഎഫ്’ എന്ന മത്സരം സംഘടിപ്പിച്ചു തുടങ്ങി. ഇതുവഴി ഒട്ടേറെ വിദ്യാർഥികൾ സൈബർ സെക്യൂരിറ്റി മേഖലയിലേക്കു വന്നു. സ്‌കൂൾ വിദ്യാർഥികൾക്കായും മത്സരങ്ങളുണ്ട്. തുടക്കത്തിൽ 5 വിദ്യാർഥികൾ മാത്രമുണ്ടായിരുന്ന ക്ലബ്ബിൽ ഇന്ന് 120 വിദ്യാർഥികളുണ്ട്. വിദ്യാർഥികളെ ആദ്യ വർഷം തന്നെ അഭിമുഖം നടത്തി ടീമിലെടുക്കുന്നതാണ് ‘ബയോസി’ന്റെ രീതി. ഇന്ന് വൈവിധ്യമാർന്ന പല ഉപ ടീമുകൾ ബയോസിന്റെ കീഴിലുണ്ട്. പെൺകുട്ടികൾ മാത്രമുള്ള ടീം ശക്തിയും ഇക്കൂട്ടത്തിൽപെട്ടതാണ്.  10 വർഷമായി ഇന്ത്യയിലെ ഏറ്റവും മികച്ച സൈബർ സെക്യൂരിറ്റി ടീമാണ് ബയോസ്. 2021ലെ ഇവർ ഡിജിറ്റൽ ഫൊറൻസിക് ചാലഞ്ചിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.

vipin-pavithran
വിപിൻ പവിത്രൻ.

ചെറുതല്ല ഈ ചാലഞ്ച്
സോളിലെ ഡിജിറ്റൽ ഫൊറൻസിക് ചാലഞ്ചിലെ പങ്കാളിത്തം സൈബർ സെക്യൂരിറ്റി രംഗത്ത് വിദ്യാർഥികളുടെ ജോലിസാധ്യത കൂട്ടും. ചാലഞ്ചിലൂടെ ശ്രദ്ധിക്കപ്പെട്ട് ഗൂഗിളിലും ഫെയ്‌സ്ബുക്കിലും എത്തിയവരുണ്ട്. യുഎസിലെ കാർണഗി മെലൻ, അരിസോന സ്‌റ്റേറ്റ് സർവകലാശാല തുടങ്ങിയിടങ്ങളിൽ പിഎച്ച്ഡി ചെയ്യുന്നവരുമുണ്ട്. ലിങ്ക്ഡ്ഇൻ വഴിയും മറ്റും അന്വേഷിച്ചുകണ്ടെത്തി തൊഴിലവസരം അറിയിക്കുന്നവരുമുണ്ടെന്നു വിപിൻ പവിത്രൻ പറയുന്നു.

Content Summary:

Amrita Vishwavidyapeeth's 'Team Bios' Clinches 30 Lakh KRW at Seoul's Prestigious Digital Forensic Challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com